'മഹത്തായ ഭാരതീയ അടുക്കള'
അടുക്കളയിൽ വേവുന്നത്
ജിയോബേബി രചനയുംസംവിധാനവും നിർവ്വഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പിതൃമേധാവിത്വവ്യവസ്ഥനിലനിൽ
ക്കുന്ന സമൂഹത്തിൽ സ്ത്രീയുടെ ജീവിതം എത്ര ദയനീയമാണെന്ന് അടയാളപ്പെടുത്തുന്ന സിനിമയാണ്. പരമ്പരാഗത വിശ്വാസങ്ങൾ അതേപടി പിൻതുടരുന്ന ഒരു നായർ തറവാട്ടിലെ ഏക മകന്റെ ഭാര്യയായെത്തുന്ന പെൺകുട്ടി അകപ്പെട്ടു പോയ ജീവിതഘട്ടങ്ങളാണ് സിനിമയുടെ പ്രമേയം. അടുക്കളയാണ് സിനിമയുടെ പ്രധാന കേന്ദ്രം. ഒറ്റനോട്ടത്തിൽ ആധുനിക ഉപകരണങ്ങളെല്ലാം ഉള്ള അടുക്ക ളയാണത്. സ്നേഹമുള്ള അച്ഛനമ്മമാരും ഭർത്താവുമുണ്ട്. അദ്ദേഹം അദ്ധ്യാപകനും കുടുംബത്തെക്കുറിച്ച് ക്ലാസിൽ പഠിപ്പിക്കുന്ന ആളുമാണ്.പൊതു വെ ഭദ്ര മെ ന്ന് തോന്നുന്ന ഈ കുടുംബത്തിൽ സ്ത്രീയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ആഗ്രഹത്തിനും അഭിപ്രായത്തിനും ഒട്ടും വില കല്പിക്കുന്നില്ല എന്നതാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം.
ഇന്ത്യൻ സാഹചര്യത്തിൽ അടുക്കളയും സ്ത്രീ ജീവിതവും പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അടുക്കളയിൽ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് സ്ത്രീയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് കാലങ്ങളായി നിലനിലക്കുന്ന വിശ്വാസമാണ്. വിദ്യാഭ്യാസ മോ പദവിയോ ഒന്നും അതിന് തടസ്സമാകുന്നില്ല. വീട്ടുജോലിയുടെ ഭാരം അവരുടെ ജീവിതത്തിന്റെ സൗന്ദര്യം നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പുരുഷന്മാർക്ക് അത് വലിയ പ്രയോജനവും അവസരവും നൽകുന്നു. സിനിമയിലെ അച്ഛൻ പത്രം വായിച്ചിരിക്കുന്നതും അമ്മ അടുക്കളയിൽ ഓടിനടന്ന് പണിയെടുക്കുന്നതും ആവർത്തിച്ച് കാണിക്കുന്നുണ്ട്. ട്രൂത്ത് ബ്രഷും ചെരിപ്പുo എടുത്ത് കൊടുക്കുന്ന അമ്മ മിക്കവാറും ഒരു വീട്ടുപകരണ പോലെയാണ് പ്രവർത്തിക്കുന്നത്.
അച്ഛന്റെ തനിയാവർത്തനം മകനിലൂടെ തുടരുന്നു .ഒരു കലാകാരിയായിട്ടും ഒന്നും ചെയ്യാനവസരം കിട്ടാതെ അടുക്കളയിൽ സ്വയം ബലി കഴിക്കേണ്ടി വരുന്ന നവ വധുവിന്റെ പ്രതികരണമാണ് സിനിമയെ പുതുമയുള്ള അനുഭവമാക്കുന്നത്.സ്ത്രീയെ അടുക്കളയിൽ ഒതുക്കി ഇരുത്തുന്ന സാമൂഹ്യ പ്രശ്നം മാത്രമല്ലിത്. ശീലം കൊണ്ട് സ്ത്രീകൾ വളർത്തിയെടുക്കുന്ന പുതുതലമുറയുടെ ചിന്തയുടേയും പ്രശ്നമാണ്. താൻ അടിമ ജീവിതമാണ് ജീവിക്കുന്നതെന്ന തിരിച്ചറിവ് പോലും പല സ്ത്രീകൾക്കും ഉണ്ടാകുന്നില്ല.
ശബരിമലയിൽ സ്ത്രീ പ്ര വേശനം അനുവദിച്ച കോടതി വിധിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ആർത്തവ അശുദ്ധി പാലിക്കേണ്ടി വരുന്ന ദുരവസ്ഥയും സിനിമ നന്നായി കൈകാര്യം ചെയ്യുന്നു. ലൈംഗിക ഉപകരണമെന്ന നിലയിൽ കുടുംബത്തിനകത്ത് സഹനത്തിന്റെ അവസാന പ ടി യും ചവിട്ടിക്കയറുന്ന സ്ത്രീയെ ചിത്രീകരിച്ചു കൊണ്ട് കുടുംബമെന്ന വ്യവസ്ഥയുടെ ജീർണ്ണതയെത്തന്നെ സംവിധായകൻ പ്രദർശിപ്പിക്കുന്നു.
അടുക്കളയിലെ എച്ചിൽ പാത്രങ്ങളും അഴുക്ക് വെള്ളം നിറഞ്ഞ സിങ്കും അതിലെ ദുർഗന്ധവും സ്ത്രീ ജീവിതത്തെ ബിംബവത്ക്കരിക്കുന്നു. അത് കപട ബോധത്തിന് നേരെ വീശി ഒഴിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന ഈ സിനിമ സമൂഹത്തിനുള്ള ഒരു ശുദ്ധീകരണ പ്രക്രിയയാണ്.
ദയ .പി .എസ്
👍
ReplyDeleteNice 👏👏
ReplyDelete👏👏👏
ReplyDelete