സിനിമയിലെ ആഖ്യാതാവ്

             സിനിമയിലെ ആഖ്യാതാവ്
                                               - എൻ എസ്സ് 

സിനിമയുടെ ദാർശനിക അവലോകനവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയർന്ന് വരുന്ന ചോദ്യമാണ്, "ആഖ്യാതാവ് എന്ന ആശയം സിനിമയിൽ വിഭാവനം ചെയ്യാൻ കഴിയുമോ" എന്നത്. സാഹിത്യലോകത്ത് നിന്നുള്ള തുടർച്ച എന്ന നിലയിലാണ് ഈ ചോദ്യം സിനിമയിലും ഉയർത്തപ്പെട്ടത്. ആഖ്യാനം പ്രേക്ഷകരിൽ എത്തുന്നതിനായി ഒരു ആശയ വിനിമയ മാതൃക ആവശ്യമാണ് എന്ന സാഹിത്യലോകത്തെ ചർച്ചകളാണ് കഥപറച്ചിലിൽ ആഖ്യാതാവിന്റെ ഉൽപത്തിക്ക് കാരണമായത്.
നരേറ്റീവ് സിനിമകളിൽ ഒതുങ്ങി നിന്ന് കൊണ്ട് സിനിമാ-ആഖ്യാതാവ് എന്ന ആശയത്തെ കുറിച്ചുള്ള ഒരു വിശകലനമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ആഖ്യാതാവ്(Narrator/Sender)====➡️കഥാരൂപം(Narrative)=====➡️പ്രേക്ഷകൻ(spectator/receiver).
ഈ അടിസ്ഥാന മാതൃകയാണ് സാഹിത്യലോകത്ത് കഥയിലെ കാല്പനിക ലോകം പ്രേക്ഷകനിൽ എത്തിക്കാൻ സഹായിക്കുന്നത്.
സാങ്കൽപ്പിക ലോകത്തിലേക്ക് പ്രേക്ഷകനെ എത്തിക്കാൻ ഒരു ആഖ്യാതാവ് വേണമെന്നുള്ള സാഹിത്യ ലോകത്തെ ഈ ദാർശനിക വശമാണ്, സിനിമയിലും ഇതിന്റെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചകൾക്ക് ഹേതുവായത്. ഫ്രഞ്ച് സാഹിത്യ നിരൂപകനായ ജറാർഡ്‌ ജെനെറ്റ്(Gerrard Genette)യുടെ കൃതിയായ "Narrative Discourse: An Essay in Method" ആണ് ഇത്തരത്തിൽ ഒരു പ്രയാണത്തിന് സിനിമാ നിരൂപകർക്ക് ഒരു മാർഗ്ഗദർശിയായി മാറിയത്. കഥയിലെ ഉള്ളടക്കത്തെയും(content) ഭാവാഷികാരത്തെയും(expression/discourse) വേർതിരിച്ചു കാണുന്നതിന് ഉപരി ആഖ്യാന കര്‍തൃത്വം (narrative agency) എന്ന മൂന്നാമത്തെ വശം കൂടി അദ്ദേഹം പരിചയപ്പെടുത്തുകയുണ്ടായി. എന്നാൽ ഈയൊരു ആശയത്തെ സിനിമയിലേക്ക് സന്നിവേശിപ്പിക്കുന്നതിനോട് ജെനെറ്റ് വിയോജിച്ചിരുന്നു. സിനിമയെ ഒരിക്കലും ഭാഷാടിസ്ഥാനത്തിൽ അവലോകനം ചെയ്യാൻ സാധ്യമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
സിനിമയിൽ ആഖ്യാതാവിന്റെ സ്ഥാനത്തെ കുറിച്ച് സിനിമാസിദ്ധാന്തങ്ങളിലൂടെ ആദ്യമായി മുന്നോട്ട് വച്ചത് ക്രിസ്ത്യൻ മെട്സ് (Christian Metz) ആണ്. 1966ൽ "Film Language: A semiotics of Cinema" എന്ന പുസ്തകത്തിൽ സിനിമയെ അദ്ദേഹം ഒരു "sign system" ആയി കാണുകയും, സിനിമ പ്രേക്ഷകനോട് സംവദിക്കുന്നതിന് ഒരു ആഖ്യാന കർതൃത്വം(Narrating agency) ആവശ്യമാണ് എന്ന് പരാമർശിക്കുകയും ഉണ്ടായി. ഈ ആഖ്യാന കർതൃത്വത്തെ "grande syntamatique/grand imagier" എന്ന് നാമകരണം ചെയ്തു. അങ്ങനെ ആഖ്യാതാവിന്റെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയും അതിനെ തുടർന്ന് അക്കാദമിഷ്യൻസിന്റെ ഇടയിൽ രണ്ട് പ്രധാന ചേരികൾ രൂപപ്പെടുകയുണ്ടായി. ചാറ്റ്മാൻ, കാസെറ്റി തുടങ്ങിയ നിരൂപകർ, കഥപ്പറച്ചിലിന് ആഖ്യാതാവിന്റെ ആവശ്യകത ഉണ്ടെന്ന് വാദിച്ചപ്പോൾ, ബോർവെൽ, ബർണിഗൻ തുടങ്ങിയവർ ഇങ്ങനെയൊരു കർതൃത്വം തള്ളികളയുകയാണ് ചെയ്‍തത്. സിനിമയുടെ ദൃശ്യ സ്വഭാവത്തെ കൂടി പരിഗണിച്ച് ജെനെറ്റിന്റെ ഭാഷാടിസ്ഥാനത്തിലുള്ള സിദ്ധാന്തങ്ങൾക്ക് ഭേദഗതികൾ വരുത്തികൊണ്ടാണ് ചാറ്റ്മാൻ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. സിനിമാഖ്യാനങ്ങളെ പൊതുവിലുള്ള സംജ്ഞാശാസ്‌ത്രത്തിന്റെ(semiotics) രൂപരേഖയ്ക്കുള്ളിൽ നിന്ന് വിശദീകരിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്. ഇതിനായി "implied author","cinematic narrator" എന്നീ രണ്ട് ആശയങ്ങൾക്ക് കൂടി അദ്ദേഹം രൂപം നൽകുകയും ചെയ്തു.
ഇതിന് വിപരീതമായി ഡേവിഡ് ബോഡ്വെൽ (David Bordwell) തന്റെ "Narration in film" എന്ന പുസ്തകത്തിൽ, ഭാഷാടിസ്ഥാനത്തിലുള്ള മാതൃകകൾ നിരാകരിച്ചു കൊണ്ട് ആഖ്യാനം എന്ന പ്രക്രിയയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. "സിനിമാഖ്യാതാവ്" എന്ന ആശയത്തിന് പകരം ആഖ്യാനക്രമീകരണത്തിന്റെ ഭാഗമായി രൂപപ്പെടുന്ന "സൂചനകളാണ്"(a set of cues) കഥയെ മുന്നോട്ടു നയിക്കുന്നതെന്ന അനുമാനത്തിലാണ് ബോഡ്വെൽ എത്തിച്ചേർന്നത്. ചരിത്രപരമായി നിൽക്കുന്ന വ്യത്യസ്തമായ ആഖ്യാന ഘടനകളിലൂടെ മാത്രമേ, സിനിമാറ്റോഗ്രാഫിക് വിവരണങ്ങൾ മനസ്സിലാക്കാൻ കഴിയൂ എന്ന വാദത്തിന്റെ പിന്നിലാണ് ബോഡ്വെൽ, ബർണിഗൻ തുടങ്ങിയ നിരൂപകർ അണിനിരന്നത്.
 ഇതിൽ നിന്ന് വ്യത്യസ്തമായി, ഫ്രാമ്പ്റ്റൻ (Frampton) എന്ന നിരൂപകൻ മുന്നോട്ട് വച്ച ബദൽ സംവിധാനമാണ് "Filmind"എന്ന "transsubjective"(neither subjective nor objective) ആശയം. അതായത് ആഖ്യാതാവ് എന്ന ആശയത്തിന് പകരമായി അദ്ദേഹം "filmind" എന്ന ആശയം രൂപപ്പെടുത്തി. നമ്മൾ സിനിമയിൽ അനുഭവിക്കുന്ന ദൃശ്യ-ശബ്ദങ്ങളുടെ സൈദ്ധാന്തിക സ്രഷ്‌ടാവ്‌ (Theoretical originator) ആയിട്ടാണ് "filmind"നെ കാണുന്നത്. എന്നാൽ ഈ സൃഷ്ടാവിന് സാഹിത്യ ലോകത്ത് സാധാരണയായി ചാർത്തി കൊടുക്കുന്ന മാനവിക ലേബലുകൾ (anthromorphic labels) ഇല്ല എന്നതാണ് വസ്തുത. ഇത് കൊണ്ട് തന്നെ ചാറ്റ്‌മാന്റെയും ബോഡ്വെല്ലിന്റെയും സിദ്ധാന്തങ്ങളുടെ പഴുതുകൾ അടച്ചു കൊണ്ട് ആവിർഭാവം ചെയ്ത സിദ്ധാന്തമായി ഫ്രാമ്പറ്റന്റെ "filmind"നെ കരുതാം.
മേൽപ്പറഞ്ഞ വാദപ്രതിവാദങ്ങളെല്ലാം "അന്തർലീനമായ ആഖ്യാതാവിന്റെ "(Implicit Narrator) സ്ഥാനത്തെ കുറിച്ചുള്ളതാണ്. "സ്പഷ്ടമായ ആഖ്യാതാവിനെ" (Explicit Narrator) പരിചയപ്പെടുത്തുന്ന കഥപറച്ചിലുകൾ സിനിമാലോകത്ത് സുലഭമാണ്. ഇതിനെ "overriding consciousness" എന്നാണ് ബോഡ്വെൽ (Bordwell) തന്റെ പുസ്തകത്തിൽ രേഖപെടുത്തിരിക്കുന്നത്. ഇത് സാഹിത്യ ലോകത്ത് നിന്ന് തുടങ്ങി, അവിടെ നിന്ന് നാടകത്തിലും പിന്നീട് സിനിമയിലും എത്തിച്ചേർന്ന ഒരു പരമ്പരാഗത കഥപറച്ചിൽ ഉപകരണമാണ്. "Explicit Narrator"നെ നമുക്ക് മൂന്നായി തരംതിരിക്കാം:
1. കഥാപാത്ര ആഖ്യാതാവ് (Character narrator)
2. വോയിസ് ഓവർ ആഖ്യാതാവ് (voice over narrator)
3. ദൃശ്യ ആഖ്യാതാവ് (Visual narrator)

1. കഥാപാത്ര ആഖ്യാതാവ് (Character Narrator): സാഹിത്യ ലോകത്ത് നിന്ന് ഉരുത്തിരിഞ്ഞു വന്ന ഈ ആഖ്യാന രീതിയിൽ, സിനിമയിലെ കഥാപാത്രങ്ങൾ പ്രേക്ഷകന് കഥാരൂപം പകർന്നു നല്കുകയാണ് ചെയ്യുന്നത്. "Homo diegetic"എന്നാണ് ഇത്തരത്തിലുള്ള ആഖ്യാതാവിനെ ജറാർഡ്‌ ജെനെറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം കഥാപാത്ര ആഖ്യാതാക്കളെ പ്രധാനമായി നാലായി തരംതിരിക്കാം.
● "First person narrator": സിനിമയിലെ കേന്ദ്രകഥാപാത്രം നമുക്ക് കഥ പറഞ്ഞു തരുന്ന രീതിയാണിത്. ഇവിടെ മുഖ്യകഥാപാത്രം പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുകയാണ്. "The Shawshank redemption", "Good fellas", "Lord of war", "I, Tonya" തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണങ്ങളാണ്. മലയാളത്തിലേക്ക് വരികയാണെങ്കിൽ അടൂരിന്റെ "അനന്തരം" ഇതിനൊരു മികച്ച ഉദാഹരണമാണ്. ഇത്തരത്തിൽ "first person narrator" ന്റെ വ്യത്യസ്തമായൊരു പരീക്ഷണം തന്റെ പുതിയ സിനിമയായ "Everything is cinema"യിൽ ഡോൺ പാലത്തറ ചെയ്യുന്നുണ്ട്‌. (പരീക്ഷണാർത്ഥത്തിൽ ചെയ്യുന്ന ഈ ലോക്ക്ഡൗൺ സിനിമ മലയാളപ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും, ഈ വർഷം റീലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.)

● "Second person narrator": സിനിമയിൽ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് തന്റെ അനുഭവമോ കഥയോ പങ്ക് വയ്ക്കുന്നത് വഴി ആഖ്യാനം പ്രേക്ഷകനിൽ എത്തിച്ചേരുന്ന രീതിയാണ് "second person narrator" സ്വീകരിച്ചിരിക്കുന്നത്. ഇവ അന്വേഷണ സിനിമകളിൽ ഫ്ലാഷ്ബാക്കിനായി വളരെ സുലഭമായി ഉപയോഗപ്പെടുത്തി പോരുന്നുണ്ട്. "Titanic", "Life of pie" , "Slumdog millionaire" തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണങ്ങളായി പറയാം.
● "Third person narrator": അപ്രധാനമായ ഒരു കഥാപാത്രം സിനിമയുടെ കഥപറച്ചിൽ നിർവഹിക്കുന്നു. ഇതിന് മികച്ച ഉദാഹരണമാണ് കോഹൻ സഹോദരങ്ങളുടെ "The Big Labowski" എന്ന സിനിമ. ഈ സിനിമയിലെ "cowboy narrator" കഥയിൽ കാര്യമായ സ്വാധീനം ചെലുത്താതെ, ക്ളൈമാക്സിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ്.

● "Unreliable narrator": ഇത്തരം കഥാപാത്ര ആഖ്യാതാവിനെ, സാങ്കല്പിക ലോകത്തെ യാഥാർഥ്യങ്ങൾ പൂർണമായും മനസിലാക്കുന്നതിനായി പ്രേക്ഷകന് ആശ്രയിക്കാൻ കഴിയില്ല. തെറ്റായ/തെറ്റിദ്ധരിപ്പിക്കുന്ന കഥാരൂപം പ്രേക്ഷകനിൽ എത്തിക്കുവാനാണ് "unreliable narrator" ശ്രമിക്കുന്നത്. ഇത് ചിലപ്പോൾ കഥാപാത്രം കള്ളം പറയുന്നത് ആയിരിക്കാം, അല്ലെങ്കിൽ അവരുടെ മാനസിക അവസ്ഥയുടെയോ രോഗാവസ്ഥയുടെയോ ഫലമായിട്ട് ആയിരിക്കാം. ഇതിനെ "lying flashback" എന്നും വിശേഷിപ്പിക്കുന്നുണ്ട്. ആദ്യമായി "Stage fright"(1950) എന്ന ഹിച്ചകോക് സിനിമയിലാണ് ഇത്തരത്തിൽ "lying flashback" ഉപയോഗപ്പെടുത്തിയത്. അതേ വർഷം ഇറങ്ങിയ കുറസോവയുടെ "Rashomon" എന്ന സിനിമയിൽ ആറു "unreliable" ആഖ്യാതാക്കളെ ഉൾപ്പെടുത്തി അവതരിപ്പിക്കുകയുണ്ടായി. ഇതു പിന്നീട് "Rashomon effect" എന്ന് അറിയപ്പെട്ടു. ഡേവിഡ് ഫിഞ്ചറിന്റെ "ഫയ്റ്റ്‌ ക്ലബ്ബ്"ൽ നോർട്ടൻ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രം, തന്റെ മതിഭ്രമം തീവ്രമായി പ്രേക്ഷകനിൽ എത്തിക്കാൻ കഴിഞ്ഞത് "unreliable narration"ലൂടെയാണ്. അതുപോലെ തന്നെ "Shutter island", "The Machinist", "Memento" തുടങ്ങിയ സിനിമകളിൽ ഇത് ഭംഗിയായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. മലയാളത്തിൽ കെ.ജി. ജോർജ്ജിന്റെ "യവനിക" എന്ന സിനിമയിൽ "unreliable narrator"നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

2. വോയ്സ് ഓവർ ആഖ്യാതാവ്:
സിനിമയിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന മറ്റൊരു രീതിയാണ് ഒരു സര്‍വ്വജ്ഞനായ ആഖ്യാതാവ് വഴി കഥാരൂപം പ്രേക്ഷകനിൽ എത്തുന്നത്. കെ.ജി. ജോർജിന്റെ "ലേഖയുടെ മരണം: ഒരു ഫ്ലാഷ് ബാക്ക്" എന്ന സിനിമ ഇതിന് ഉദാഹരണമാണ്. ചരിത്ര സിനിമകളിൽ ഒരു ആമുഖം എന്ന രീതിയിൽ ഇവ കൂടുതലായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. മലയാള സിനിമയിൽ സൂപ്പർ ടെക്സ്റ്റ്(super text/intertitle)കളിൽ ഉൾകൊള്ളിക്കാൻ കഴിയാത്ത ആമുഖ വിവരങ്ങൾ പ്രേക്ഷകനിൽ എത്തിക്കുന്നതിനായി ഇത്തരമൊരു ആഖ്യാതാവിനെ മിക്ക സിനിമകളിലും കൊണ്ട് വരാറുണ്ട്‌. സിനിമയിൽ ദാർശനിക സ്പർശത്തിന് വേണ്ടിയും ഇത്തരം ആഖ്യാതാക്കളെ ഉപയോഗപ്പെടുത്താറുണ്ട്.

3. ദൃശ്യ ആഖ്യാതാവ് (Visual narrator/camera eye narrator):
സിനിമയുടെ കഥാരൂപം മൂന്നാമതൊരാളിന്റെ വീക്ഷണ കോണിലൂടെ ചിത്രീകരിക്കുമ്പോഴാണ് ഒരു വിഷ്വൽ നരേറ്ററിന്റെ സാമീപ്യം പ്രേക്ഷകന് അനുഭവപ്പെടുക. ക്യാമറയുടെ സ്ഥാനവും ഫ്രെയിമിന്റെ തിരഞ്ഞെടുപ്പുമാണ് ഇതിന്റെ പ്രഭാവത്തെ നിശ്ചയിക്കുന്നത്. ഇതിനെ "camera eye narration" എന്നാണ് അക്കാദമിഷ്യൻ ശ്ലോമിത്(Shlomith) വിശേഷിപ്പിച്ചത്. ട്രാക്കിംഗ് ഷോട്ടുകളുടെ തുടരെയുള്ള ഉപയോഗം പലപ്പോഴും ഇത്തരമൊരു ആഖ്യാതാവിന്റെ സാന്നിധ്യം പ്രേക്ഷകനിൽ സൃഷ്ടിക്കുന്നു. അത് പോലെ തന്നെ ഈ അടുത്ത് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ "1917", "The body remembers" പോലുള്ള സിംഗിൾ ഷോട്ട് പ്രതീതി ജനിപ്പിക്കുന്ന സിനിമകളിലും ഇത്തരമൊരു ആഖ്യാതാവ് ഉള്ളതായി അനുഭവപ്പെടും. മലയാളത്തിൽ ഡോൺ പാലത്തറയുടെ "ശവം" എന്ന സിനിമയിൽ, ഇത്തരത്തിൽ ഒരു വിഷ്വൽ നരേറ്ററിനെ ഫലപ്രദമായി പ്രയോജനപ്പെടുത്തിരിക്കുന്നത് കാണാം.
ഫൗണ്ട് ഫുട്ടേജ് സിനിമകളിൽ വ്യാപകമായി വോയ്സ് ഓവർ നരേറ്ററിനൊപ്പം വിഷ്വൽ നരേറ്റർ വഴിയും ആഖ്യാനം പ്രേക്ഷകരിലേക്ക് പകർന്ന് നൽകുന്നുണ്ട്. വോയ്സ് ഓവർ നരേറ്ററും വിഷ്വൽ നരേറ്ററും ജെനെറ്റിന്റെ സിദ്ധാന്തപ്രകാരം "heterodiegetic narrators" ആണ്. അതായത് സാങ്കൽപിക ലോകത്തെ കുറിച്ച് കഥയ്ക്ക് പുറത്ത് നിന്ന് വീക്ഷിക്കുന്ന ആഖ്യാതാക്കൾ. ഹെമിങ്‌വേ, ഗ്രില്ലെറ്റ് തുടങ്ങിയ എഴുത്തുകാർ തങ്ങളുടെ നോവലുകളിൽ പിന്തുടർന്ന "witness style narration"ന് സമാനമാണ് ഈ ആഖ്യാനം എന്ന് പറയാം, സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഓഫ്-സ്‌ക്രീൻ സാമീപ്യം(off-screen presence).
നിങ്ങൾ ശ്രദ്ധിച്ചിട്ടുള്ള ഇത്തരം ആഖ്യാതാക്കളെ ഉപയോഗിച്ചിട്ടുള്ള സിനിമകൾ ഏതൊക്കെയാണ്?

Comments

Popular posts from this blog

TROPHIC CASCADE

BANARAS

Shade