നൂറു സിംഹാസനങ്ങൾ
'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ,
കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തൊരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ '
- കുമാരനാശാൻ
'കഴുത്ത് ഞെരുകി മുറിയും പോലെ, വിയർപ്പിൻ തുള്ളികൾ ഒന്നൊന്നായി വീണു കൊണ്ടിരുന്നു, ഇടയ്ക്കിടെ ശ്വാസം മുട്ടുന്ന പോലെ.'
കേവലം ഒരു മണിക്കൂർ കൊണ്ട് ഫോണിന്റെ സ്ക്രീനിലൂടെ ഞാൻ വായിച്ചു തീർത്ത നോവലിന്റെ ഓർമ്മകൾ, എന്നെ അക്ഷരാർത്ഥത്തിൽ കാർന്നു തിന്നുകയായിരുന്നു.
അയിതാചാരണത്തിന്റെ പേരിൽ കേരളത്തിലെ തെക്കൻ ജില്ലകളിലും, തമിഴ്നാട്ടിലുമുള്ള ' നായാടികൾ ' എന്ന വിഭാഗം അനുഭവിച്ച കൊടിയ പീഡനങ്ങളുടെയും യാതനകളുടെയും കഥയാണ് ജയമോഹന്റെ ' നൂറു സിംഹസനങ്ങൾ '
ഇത് വെറുമൊരു കഥയല്ല, മറിച്ച്, 'ധർമപാലൻ' എന്ന ഐ. എ. എസുകാരന്റെ ജീവിതം തന്നെയാണ്.
നോവലിന്റെ ഓരോ ഏടുകളിലൂടെയും, താളുകളിലൂടെയും കടന്ന് പോകുമ്പോൾ, ധർമപാലൻ അനുഭവിക്കുന്ന ആത്മസംഘർഷർഷങ്ങൾ ഓരോന്നും നമ്മുടെ കൂടി സംഘർഷമായി അനുഭവപ്പെടും . പലയിടങ്ങളിലും നാം തന്നെ ധർമപാലൻ ആയി മാറും.
കീഴ്ജാതിക്കാരനായി ജനിച്ച ഒരാൾ, പിന്നീട് വിദ്യാഭ്യാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും സമ്പത്തിലോ പദവിയിലോ നുറ് സിംഹാസനങ്ങൾ തീർത്താലും, തന്റെ ശരീരത്തിന്റെ മേൽ ആരോപിക്കപ്പെടുന്ന ജാതിയെന്ന പിശാചിനെ മായ്ച്ചു കളയാൻ സമൂഹം ഒരിക്കലും അനുവദിക്കില്ലെന്നും, ജാതി അത്രമേൽ മനുഷ്യ മനസ്സുകളിൽ അടിയുറച്ചു പോയിരിക്കുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന തിരിച്ചറിവിലേക്കാണ് ഓരോ വായനക്കാരും എത്തിച്ചേരുക.
രാജ്യത്തെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നായ ഐ. എ. എസുകാരനായി ഇരിക്കുമ്പോഴും, ധർമപാലന്റെ മുഖത്ത് നിഴലിക്കുന്ന ഭീതി ഹൃദയഭേദകമായി ജയമോഹൻ വരച്ചിട്ടിരിക്കുകയാണ്.
രോഹിത് വെമുല , dr പായൽ,കെവിൻ. ഇങ്ങനെ ജാതിയുടെ രക്തസാക്ഷികൾ ഓരോന്നും എന്റെ അടുക്കൽ വരുന്ന പോലെ.
അവരെ കൊന്നത് ഈ സമൂഹമല്ലേ?
ജാതി എന്ന വാക്ക് പോലും കേൾക്കാതെയാണ് ഞാൻ വളർന്നതെങ്കിലും, ഞാനും ഈ സമൂഹത്തിന്റെ ഭാഗമല്ലേ?
അപ്പോൾ അവരുടെ മരണത്തിന് ഞാനും ഉത്തരവാദിയല്ലേ?
ചിന്തകളാൽ എന്റെ ശിരസ്സ് പിളരുകയായിരുന്നു.
'നൂറു സിംഹസനങ്ങൾ ' കീഴ്ജാതിക്കാരന്റെ ദുരവസ്ഥയുടെ കഥ മാത്രമല്ല, പരിഷകൃതരെന്നും, പുരോഗമനരെന്നും സ്വയം വാദിക്കുന്ന ഇന്നത്തെ സമൂഹത്തിന് നേരെയുള്ള മൂർച്ചയേറിയ ചോദ്യവും കൂടിയാണ്.
എത്ര ഉയർന്ന പദവിയിൽ എത്തിയാലും ജാതിയുടെ പേരിലുള്ള അപകർഷ ബോധം വേട്ടയാടുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നുവെങ്കിൽ എന്ത് പുരോഗമനമാണ് നാം കൈവരിച്ചിട്ടുള്ളത്?
സംവരണങ്ങൾ ഓരോന്നും പ്രത്യക്ഷത്തിൽ നല്ലതായി തോന്നുമെങ്കിലും അവ ഓരോന്നും നാം ആരും തുല്യരല്ല, അവർണ്ണൻ എന്നും അവർണ്ണൻ തന്നെയാണ് എന്ന ഓർമപ്പെടുത്തലാണ്.
ഇതൊരു ആമുഖം മാത്രമാണ്. കഥ ഞാൻ ഇവിടെ പ്രതിപാതിക്കുന്നില്ല.എന്തെന്നാൽ,ഈ നോവലിലൂടെ കടന്ന് പോകുമ്പോൾ വായനക്കാരൻ അനുഭവിക്കുന്ന ആത്മസംഘർഷളുണ്ട്, അത് നാം ഓരോരുത്തരും അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
മനസ്സിന്റെ ആഴങ്ങളെ സ്പർശിച്ച്, സമൂഹത്തിന്റെ ധർമചിന്തകളെ ഇളക്കി മറിച്ച് മനസ്സിനെ തൊട്ടുണർത്തിയ ഒരു നോവൽ.
-Rana Fathima
Good write up! Keep it up😊
ReplyDelete