അച്ഛനിലൂടെ തറവാട്ടോർമകൾ

| അച്ഛനിലൂടെ തറവാട്ടോർമകൾ |



'ഹാ കുക്കൂ.. 
ചെണ്ടപ്പുറത്ത് കോലു വീഴുന്നേടത്തോളം
നീയുണ്ടാവും എന്നൊരു ചൊല്ല് 
എന്നേ സംബന്ധിച്ചിടത്തോളം 
അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു 
അഞ്ചാം ക്ലാസ്സിൽ ന്ന് പഠിപ്പ്
നിർത്തേണ്ടിവന്നതും നമ്മളെ
ഇടവലക്കാർക്കൊക്കെ കവുങ്ങുമ്മൽ
കയറീട്ടും ഞാൻ അന്ന് പൈസ സമ്പാദിച്ചു.. 
നിന്റെ ആപ്പനേ പഠിപ്പിക്കാനും അച്ചാച്ചന്
വയ്യാത്ത ഒരവസ്ഥ വന്നപ്പോഴൊക്കെ 
ഞാൻ ആയിരുന്നു ഉണ്ടായുള്ളൂ...  

ചെക്കാ.. 
ഞാൻ ഈ പറഞ്ഞതൊക്കെ 
നിനക്ക് വേണ്ടിയാണ്.. 
നിന്നേ ഞാൻ ഇപ്പോപ്പം 
കുറേ ആയി ശ്രദ്ധിക്കുന്ന് 
എപ്പോ നോക്കിയാലും ചായിന്റെ 
ഒരു ഫോണും കൊണ്ട് കുത്തിരിത്തം.
പടിക്കുന്നതാണെങ്കിൽ 
ഞാൻ ഇത് പറയൂല്ലെനു... 
ഇതതല്ലാലോ പല നാട്ടിലെ തിറെം 
കണ്ട് ഇരിക്കല്ലന്നെ.. 
എപ്പോ നോക്കിയാലും 
അമ്മ നിന്നോട് ഇതും 
പറഞ്ഞല്ലേ വഴക്കിടാറ്.. 
ന്നിട്ടോ പോത്ത് തിരിയും പോലെ 
നേരെ ഫോണിൽ തന്നെ.. 

ഞ്ഞ് അറിയുവോ 
അന്ന് എനിക്കും ഉണ്ടെനു 
നിന്നേ പോലെ തെയ്യപ്പിരാന്ത്.. 
മകരമാസം തൊട്ട് ഇടവപ്പാതിവരെ 
നീണ്ടു നിൽക്കുന്ന
ക്ഷേത്രോത്സവങ്ങൾക്കൊപ്പം 
ആർപ്പുവിളികളുമായി 
എന്റെ സാന്നിധ്യം നമ്മളെ നാട്ടിലെ 
എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നു 
കളി ചിരിയോടെയും ഭക്തിയോടെയും
ആർത്തുല്ലസിക്കാൻ 
മ്മളെ ഇടവലത്തെ ബാബുവും , പ്രകാശനും
എന്നോടൊപ്പം വരാറുണ്ടായിരുന്നു.. 

മകരത്തിലെ നെല്ല് മൂർച്ച 
കഴിയുന്നതോടെ കൃഷിക്കാരന്റെ
പത്തായവും തൊഴിലാളികളുടെ 
മനസ്സും നിറയുന്ന വേളയിലാണ്  
നമ്മളെ നാട്ടിലെ ഉത്സവത്തിന്
കൊടിയേറുന്നത് ഉത്സവകാലം പിറക്കുന്നത് !

ഓർക്കാട്ടേരി ക്ഷേത്രത്തിലെ താലപ്പൊലിയും 
അതോടനുബന്ധിച്ച മൂരിച്ചന്തയും കഴിയുന്ന 
മകരം പതിനേഴാം തീയ്യതി ആയാൽ 
മ്മളെ കൂമുള്ളി തിറയുത്സവത്തിനു 
കൃത്യം ഒരു മാസം മാത്രം !

പിന്നീടങ്ങോട്ട് മുന്നൊരുക്കത്തത്തിന്റെ 
ഇരിക്കപ്പൊറുതിയില്ലാത്ത ദിവസങ്ങളാണ്
പറമ്പിലെ കാടും ചെടിയും കൊതിനീക്കണം.. 
മുറ്റത്തെ പുല്ല് പറിച്ച് അടിച്ച്
വൃത്തിയാക്കണം..  
അമ്പലപ്പറമ്പിലേക്കുള്ള പ്രധാന വഴികളും 
പുൽപ്പടർപ്പും കുറ്റിച്ചെടികളും വെട്ടിമാറ്റണം.. 
നാഗ സ്ഥാനവും , ഗുളികൻ , ചാമുണ്ഡി , 
തറകളും കഴുകിത്തുടക്കണം.. 
കൂടാതെ 
അമ്പലവും വീടും വെള്ള വലിക്കാനും 
മരപ്പണിയുടെ കാര്യങ്ങൾ ഒക്കെ കേമമായി 
നടത്തി തരാൻ അതാതു സമുദായക്കാരെ 
പറഞ്ഞേൽപ്പിക്കണം.. 
കൽവിളക്കുകൾ തുടച്ചു വൃത്തിയാക്കണം 
നിലവിളക്കും തൂക്കുവിളക്കും 
കിണ്ടിയും കിണ്ണവും ഉമികൂട്ടി ഉരച്ചുരച്ച്
സ്വർണനിറമാക്കിയെടുക്കണം 
ഈയൊരു മാസം തറവാട്ടിലെ
വാല്യേക്കാർക്കും പെണ്ണുങ്ങൾക്കും 
പിടിപ്പത് പണിയായിരിക്കും.
നമ്മളെ അച്ചാച്ചന്റെയൊക്കെ നേതൃത്വത്തിൽ 
മക്കളും മരുമക്കളും എടോലക്കാരും 
അവരവരുടെ പണികൾ നല്ലോണം
വേണ്ടതൊക്കെ നിർവ്വഹിക്കുന്നു.. 
അതേപോലെ കഴകക്കാരും ,
നാടുവാഴികളും , ചന്ത്രോത്ത് , 
തച്ചോളി , പൊതുവാടത്തിൽ , 
ചെറുവാട്ട് കുടുംബക്കാരും 
എല്ലാ വീട്ടുകാരും മൽസ്യമൊക്കെ
ഒഴിവാക്കിക്കൊണ്ട് പ്രാർത്ഥനയുടെയും 
വ്രതശുദ്ധിയുടെയും നാളുകളായിരിക്കും.. 

അന്നൊക്കെ തിറയുടെ മുന്നോടിയായി 
ചന്ത ( താൽക്കാലികമായ ഭക്ഷണശാല )
നടത്താനുള്ള അവകാശം ലേലം
ചെയ്യുകയാണ് പതിവ് 
ഉത്സവ ദിവസങ്ങളിൽ നാനാ ദേശങ്ങളിൽ
നിന്നും വന്നു ചേരുന്നവർക്ക് ദാഹവും ,
വിശപ്പും അകറ്റാൻ ചന്ത കൂടിയേ തീരൂ 
പുട്ട് കടലക്കറി , ദോശ ചട്നി , 
കപ്പ പുഴുങ്ങിയത് , വെറ്റിലടക്ക , ബീഡി 
ഇവയൊക്കെയായിരുന്നു പ്രധാന 
വിൽപ്പന വസ്തുക്കൾ.

ഇനിക്ക് അറിയുവോ.. 
അന്നൊക്കെ ചന്ത ലേലത്തിനായിരുന്നു 
എടുത്തിരുന്നു ഇപ്പൊ കാണുന്ന ടെന്റ്
കെട്ടിയിട്ടുള്ളത് പോലെ ഒന്നുമല്ല 
അസ്സൽ ചായക്കടപോലെ തോന്നിക്കാവുന്ന 
നല്ലൊരെണ്ണം മ്മളെ അമ്പലത്തിന്റെ
കണ്ടതിൽ ഉണ്ടാക്കിവെക്കും 
അതൊക്കെ അന്ന് വലിയ 
ഗമ തന്നെയായിരുന്നു 
ലാഭമുണ്ടാക്കുക എന്നതിനേക്കാൾ ഉപരി 
സ്വന്തം പ്രതാപം നാട്ടാരെ അറിയിക്കുക
എന്നതായിരുന്നു ലക്ഷ്യം. 
ഇതിനു വേണ്ടി അടിപിടി കൂടിയവരും
ഉണ്ടായിരുന്നു 

ഇതിനേക്കാൾ ഉപരി ഓരോ ദേശത്തിലെയും
ചട്ടമ്പിമാരുടെ വരവ് വേറെ തന്നെ
കാഴ്ചയാണ് ജന മനസ്സുകളിൽ ഇവർക്ക്
വീര പുരുഷന്മാരുടെ പരിവേഷമായിരുന്നു 
ഉത്സവപ്പറമ്പത്ത് ചട്ടി വെക്കുക എന്നത് മേല്പറഞ്ഞവരുടെ അധികാരവും
അവകാശവുമായിരുന്നു 

ഡാ കറിവെക്കുന്ന ചട്ടിയല്ല ട്ടോ.. 
ചെറിയ കൊട്ടിയേക്കാൾ വലിപ്പമുള്ള
ആനകൊമ്പ് കൊണ്ടുണ്ടാക്കിയ ഒരുണ്ട.
അത് തളികയിലിട്ട് വട്ടം കറക്കും 
കറക്കം നിൽക്കുന്ന ഉണ്ടയുടെ
മുകൾഭാഗത്തെ നമ്പർ മുൻകൂട്ടി പറഞ്ഞ്
പണം വെച്ചവർക്ക് ഇരട്ടിത്തുക കിട്ടും.. 
മറ്റു നമ്പറിൽ വെച്ചവർക്ക് നഷ്ട്ടമാണുണ്ടാവുക 
ശർക്കരയിൽ ഈച്ച പൊതിയുംപോലെ
ചട്ടിക്കളിയിൽ തല്പരരായി ആളുകൾ
നിലയുറപ്പിച്ചിരിക്കും കളിയോടൊപ്പം തർക്കവും ബഹളവും 
വാക്കേറ്റവും കൂടപ്പിറപ്പാണ്. 
ആ ഒരു സന്ദർഭത്തിലാണ് 
ചന്ത വലിക്കാൻ അവസരം പാർത്ത്
നടക്കുന്നവർ തർക്കത്തിലിടപെട്ട്
കയ്യാങ്കളിയിൽ എത്തിച്ചിരിക്കും.. 
സംഘമായി തല്ലുന്നതിനിടെ 
ചന്തയിലേക്ക് ഓടിക്കയറുന്നു 
സാധന സാമഗ്രികൾ വലിച്ചെറിയുന്നു
അന്നത്തെ പെട്രോമാസ്ക് എടുത്ത്
തറയിലടിച്ച് പൊട്ടിക്കുന്നു മേശയും ബെഞ്ചും
പുറത്തേക്കെറിയുന്നു 
പിന്നീട് അടിയുടെ കൂട്ടപ്പൊരിച്ചിൽ.. 
വെല്ലുവിളികളും തെറിവിളികളും 
ഒക്കെയായി ആ ഒരന്തരീക്ഷം
മുഖരിതമാവും. 
സമാധാനിപ്പിക്കാൻ പോകുന്നവർക്കും
ഒന്നോ രണ്ടോ കിട്ടിയെന്നിരിക്കും 
ഇതെല്ലാം കണ്ട് ജനങ്ങൾ ഭയന്നുകൊണ്ട് 
പല ദിക്കിലേക്കും ചിന്നിച്ചിതറി ഓടും..
ചന്തയെടുത്തവരും , ചന്ത വലിക്കുന്നവരും 
അവരവരുടെ കർമ്മം നിർവഹിച്ചു എന്ന
പൂർണ നിർവൃതിയോടെ സ്ഥലം വിടും. 
പായൽ നീക്കിയ കുളം പോലെ ചിതറി
ഓടിയവർ വീണ്ടും വന്ന് വെള്ളാട്ടങ്ങൾ 
കണ്ട് സായൂജ്യമടയുന്നു. 
അടിയേറ്റ് ശരീരമാകെ ചതഞ്ഞവർക്കും ,
മൂക്ക് പൊട്ടി ചോര വന്നോർക്കും 
യാതൊരു വിധ പരാതിയുമില്ല 
സ്ഥലത്തെ പാർട്ടി നേതാവിനോട്‌ ആക്ഷേപം
പറയുകയില്ല പോലീസിനെപ്പറ്റിയോ ,
സ്റ്റേഷനെപ്പറ്റിയോ മനസ്സിൽപോലും
വിചാരിക്കുന്നില്ല പോലീസുകാർ
ഇങ്ങനെയൊരു സംഭവം നടന്നതായി
ഭാവിക്കപോലുമില്ല. 
അടി കലശൽ അമ്പലപ്പറമ്പുകളിലെ
അംഗീകൃത പരിപാടിയായി സമൂഹം
അംഗീകരിച്ച പോലെയായിരുന്നു 
അടികൊണ്ടവനെയും , കൊള്ളിച്ചവനെയും 
ജനം ഒരുതരം ആദരവോടെ കണ്ടിരുന്ന
കാലമായിരുന്നു അത് !
ഇതിനൊക്കെ പുറമെയുള്ള 
തമാശ എന്നാൽ 
പിറ്റേന്ന് രാവിലെ ഇവരെ നേരിൽ കണ്ടാൽ
ജനം തന്നെ പറയുമായിരുന്നു
എന്തൊരാടിയായിരുന്നു ഇന്നലെ എന്ന്,. 

ഡാ.. 
ഞാൻ അമ്പലത്തിൽ കയറാൻ തുടങ്ങിയിട്ട് 
( തന്ത്രിയായിട്ട് ) 
ഇരുപത് വർഷത്തിന് മുകളിൽ ആയി.. 
കല്യാണത്തിന് മുന്നേയാണ് കയറിയത്  
അച്ചാച്ചന്റെ അനിയൻ ആയിരുന്നു
മുൻപൊക്കെ കലശം വെച്ചതും 
എല്ലാ കർമ്മങ്ങളും ചെയ്തിരുന്നത് 
ബ്രഹ്മശ്രീ കാട്ടുമാടം തിരുമേനിയായിയുന്നു 
അന്ന് എന്നേ പുണ്യാഹം ചെയ്തത് 
ആ ഒരു നന്മയും എന്റെ പൊന്നു 
കൂമുള്ളി ശാസ്തപ്പനുമാണ് 
എന്നേ എല്ലാ ദുഃഖത്തിൽ 
നിന്നും കരകയറ്റിയത്‌.. 
മോനേ അച്ഛൻ അന്ന് തെങ്ങിൽ നിന്നും വീണ്
കിടത്തിയിട്ട് ജീവിതത്തിൽ കരകയറ്റിയത്‌
എന്റെ കൂമുള്ളി നിന്തിരുവടിയും
കോട്ടപ്പുറത്തെ വിഷ്ണുമൂർത്തിയും
നാഗാമാതാവിന്റെ ഒറ്റ കാരുണ്യത്തിലാണ്
എല്ലാവരും അന്നൊക്കെ പറഞ്ഞ് 
നടന്നതും മോൻ കേട്ടിട്ടുണ്ടാവില്ല 
'ഓൻ അവിടെ കുമ്പിടുന്നത് കൊണ്ടാണ് 
ഇതുവരെ എത്തിച്ചത് എന്നൊക്കെ... 
ചികിൽസിച്ച ഡോക്ടർ ഉം പറഞ്ഞിരുന്നില്ലേ 
ആരോ ഒരാൾ രക്ഷിച്ചതാണ് എന്നൊക്കെ.. 
ശരിയാ എല്ലാം ന്റെ കൂമുള്ളി ഈശ്വരന്റെ 
തുണയാണ്.. 
ല്ലാരേം എനിക്ക് വീണ്ടും കാണാനായില്ല ഡാ.... 
അച്ഛാ... '
ഹും മ്മ് ആ ന്നുല്ലഡാ 
അച്ഛൻ എല്ലാം പറഞ്ഞു പോയതാണ്. ' '

"അല്ലച്ഛാ... 
ങ്ങള് പണ്ടത്തെ 
വെള്ളാട്ട ദിവസോക്കെ പറയ്.. 

ഹാ കുംഭം പതിനേഴ് രാത്രീല് 
ഇളം കോലം ണ്ടാവും 
പൊന്നു ശാസ്തപ്പനും ചാമുണ്ഡി ദേവനും
അരങ്ങിലെത്തും 
കാത്തിരിപ്പിനൊടുവിൽ വന്ന 
ആ മൂന്ന് ദിവസത്തിന്റെ ആരംഭനാൽ !
18 നു ആണ് വെള്ളാട്ടങ്ങളുടെ തുടക്കം. 
തിറ പ്രമാണിച്ച് മിക്ക വീടുകളിലും
സ്വന്തക്കാരും ബന്ധുക്കളും ചങ്ങാതിമാരും
വിരുന്നുകാരായി എത്തിയിരിക്കും.. 
ഭക്ഷണത്തിന് ക്ഷാമമായിരുന്നുവെങ്കിലും 
പരസ്പര സ്നേഹത്തിനു
പഞ്ഞമുണ്ടായിരുന്നില്ല. 
വിരുന്നുകാരും വീട്ടുകാരുമുൾപ്പെടെ 
എല്ലാരും സന്ധ്യ മയങ്ങിയാൽ
ആളിക്കത്തുന്ന
ചൂട്ടുമായി ഇരുട്ടിനെ കീറിമുറിച്ച്
വയല്വരമ്പിലൂടെയും.. റോഡിലൂടെയും.. 
ശരം വിട്ടപോലെ 
കൂമുള്ളിയിലേക്ക് പ്രവഹിക്കും... 
ആ കാലത്തൊക്കെ 
ഇളനീർ വരവ് ഉണ്ടായിരുന്നു 
ചെണ്ടമേളത്തിന്റെ അകമ്പടിയിൽ 
ഏതാണ്ട് പത്തു നൂറാളുകൾ
ഘോഷാരവങ്ങളോടെ 
ഇളനീർ കാവുകളുമായി 
കൂമുള്ളി മുറ്റത്തെത്തുമ്പോഴേക്കും 
പരിസരം ജനനിബിഢമായിരിക്കും. 
അതിനും പുറമെ നമ്മളെ നാട്ടുകാരുടെ
കൊൽക്കളിയും ഉണ്ടായിരുന്നു. 
കോൽക്കളി അന്നത്തെ 
ആകർഷകമായ ഒരിനമായിരുന്നു 

മുന്നൂറ്റാന്മാരുടെയും മലയരുടെയും
അണിയറയിൽ മുഖത്തെഴുത്തും 
ഉടുത്തു കെട്ടും തകൃതിയായി നടക്കുമ്പോൾ
ഇന്നത്തെ പോലെ കുട്ട്യോൾ 
ഒന്നും ഒളിഞ്ഞ് നോക്കുന്ന കാഴ്ചകൾ 
നന്നേ കുറവായിരുന്നു 
ഒരു പക്ഷെ ആ മക്കളിൽ
ഭയഭക്തിയായിരിക്കാം.. 
ഇന്നത്തെ പോലെത്തന്നെ 
തറകളായ തറകളിൽ മുഴുവൻ 
ശിരോ അലങ്കാരങ്ങൾ 
ചാർത്തിയിരുന്നു.. 
ക്ഷേത്രത്തിനകത്തും പുറത്തും 
നിറദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.
ചെണ്ടയും ഇലത്താളവും കുഴലും ഒക്കെയായി കണ്ണൻ പണിക്കരും
മൊകേരിലെ ചാത്തുപ്പണിക്കരും
അകമ്പടിയോടെ തിരു സന്നിധിയിലേക്ക്
വൃത്തത്തിൽ വന്നു നിൽക്കുന്ന കാഴ്ച
ഇപ്പോഴും കണ്ണിന് ഇമ്പം തരുന്നുണ്ട് !

'പിന്നൊണ്ടല്ലോ.. 
എല്ലാ തെയ്യങ്ങളും ജനകീയരാണെങ്കിലും 
ജനങ്ങളിൽ നിന്നും ഒരൽപ്പം അകലം
പാലിക്കാറുണ്ട്. 
എന്നാൽ 
" കുട്ടിച്ചാത്തൻ " 
തികച്ചും ജനകീയനാണ് !!
കുഞ്ഞു മക്കൾ ചാത്തൻ തിറയുടെ 
നടയാട്ട വേളയിൽ കൂവാൻ നിൽക്കുന്ന
കാഴ്ച അന്നും ഇന്നും ഇനി വരുന്ന
വർഷങ്ങളിലും രസകരമായ 
കാഴ്ചകളിൽ ഒന്ന് തന്നെയായിരിക്കും !'

അച്ഛാ... 
എനിക്ക് മീത്ത് കൊടുക്കുന്ന 
സമയൊക്കെ വരുമ്പോ നെഞ്ചിൽ നിന്നും 
ഒരാളൽ ആണ് ഇപ്പോഴും...... 
ചാത്തൻ മധുവിന് വേണ്ടി 
അച്ഛന്റെ പുറകെ ഓടുമ്പോഴും 
ചെണ്ടയുടെ ധ്രുത താളം 
മുറുകി വരുമ്പോഴും ഇപ്പോഴും 
മനസ്സിനൊരു പിടപിടപ്പാണ്... 
മധു ശാസ്തപ്പന് കിട്ടിയതിനു ശേഷം
അച്ഛന്റെ നെറ്റിമേൽ കൈ വെക്കുമ്പോൾ 
ആ പിടച്ചിലൊക്കെ കാണുമ്പോ
വല്ലാത്തൊരു പേടിയാണ് 
ഞാനടക്കം അച്ഛനെ എടുത്ത് 
മന്തിരിമേൽ കിടത്തുമ്പോഴും 
അപ്പോഴുള്ള ആ ഒരു അനുഭവവും 
എന്നും ഉള്ളിൽ തന്നെ അണയാതെ
എപ്പോഴും ഉണ്ടാകും. '

ഡാ ഡാ ചെക്കാ ഞ്ഞ് ന്ത്‌ന്നാ പറയുന്നേ
പേടിക്കുമെന്നൊക്കെ പറയുന്നേ.. ?? 
നമ്മളെ കൂമുള്ളി ഭഗവാനാണ് 
ആ ദേവനറിയാം തന്റെ കോമരത്തെ !
തന്റെ വലം കരത്തെ !!
പേടിക്കണ്ട ട്ടോ ഇനി.. 

ഒരർത്ഥത്തിൽ 
എന്റെ അനുഭവത്തിൽ
ചാത്തന് മീത്ത് കൊടുക്കുന്ന ചടങ്ങ്
വരുമ്പോൾ നീ ഈ പറഞ്ഞത് പോലെ
കുട്ടികളുടെ മുഖത്ത് ഭയം 
തോന്നാറുള്ളതായി അനുഭവപ്പെടാറുണ്ട്.. 
ഞാൻ വായും തലയും 
ചുവന്ന പട്ട് കൊണ്ട് മൂടിക്കെട്ടി , 
ഭംഗിയുള്ള കൊച്ചു കിണ്ടിയിൽ
മധുവുമെടുത്ത് കുട്ടിച്ചാത്തന്റെ 
മുൻപിലുള്ള പീഠത്തിൽ വെക്കാനോങ്ങി 
വട്ടം ചുറ്റുമ്പോൾ മധുവിന് വേണ്ടി
കൈനീട്ടുന്ന ചാത്തന് 
അത് കൊടുക്കാതെ ഒഴിഞ്ഞ് മാറുമ്പോൾ 
ചാത്തന് ദേഷ്യം കൊണ്ട് ജ്വലിക്കുമ്പോൾ 
എന്നേ തിരക്കി ആളുകൾക്കിടയിൽ നിന്നും
അട്ടഹസിച്ചും മൂർച്ചയേറിയ ധ്വനിയുള്ള
സ്വരത്തോടെയും 
കൂകി കേൾപ്പിക്കാൻ 
വലിയവരോ ചെറിയവരോ എന്നില്ലാതെ 
പല ആൾക്കൂട്ടങ്ങൾക്കിടയിലും 
ചെന്ന് നോക്കി ആവേശത്തോടെ 
എന്റെ പൊന്നു ശാസ്തപ്പൻ 
ഓടി എന്നിലേക്ക് എത്തുമ്പോ 
എന്റെ മനസ്സ് ധന്യമാവുകയാണ് 
ചെയ്യുന്നത് കുക്കൂ........ 
എന്നാൽ കാണികൾക്കും
കുഞ്ഞോമനകൾക്കും 
ആ ഒരു കാഴ്ച ചാത്തൻ 
എന്നേ എന്തേലും ചെയ്യുമോ 
എന്ന ഭയവും ആശങ്കയുമാണ് ഉണ്ടാക്കുക. 
''കുക്കുവേ.. 
എന്റെ ഏറ്റോം വലിയ ഭാഗ്യവും 
ചന്തു മുന്നൂറ്റാന്റെ ശാസ്തപ്പനു
വലം കൈയായി തുടക്കമിട്ടതാണ്.. 
ഒക്കെ കഴിഞ്ഞ് പീഠത്തിന്മേൽ 
ഇരുന്ന് കൊണ്ട് 
"കൊമരെ.. ന്റെ കോമാരേ... 
എന്ന വിളികേട്ട് ഓടി ചെന്ന് 
ആ നെഞ്ചിൽ ചായുമ്പോഴാണ് ഞാനും
എന്റെ മൂർത്തിയും ഒന്നായി മാറുന്നത് !
ആ വിളിയോളം വരില്ല എനിക്കൊന്നും. 

നാഗാരാധനയുടെയും മാതൃപൂജയുടെയും
പ്രതീകമായി രംഗത്തു വരുന്ന 
തെയ്യങ്ങളുടെ വേഷത്തിലും 
ഭാവത്തിലും തോറ്റങ്ങളിലും 
നൃത്തത്തിലും വൈവിധ്യങ്ങൾ ഏറെയുണ്ട്.. 
കൊടി തോരങ്ങളാലും 
തെച്ചിപൂക്കളാലും 
കുരുത്തോല ചമയങ്ങളാലും 
രൂപഭംഗി ചാർത്തിയ 
ചാമുണ്ഡിയുടെ വെള്ളാട്ടതിറയും 
നമ്മുടെ ക്ഷേത്രത്തിന്റെതായ 
ചൈതന്യം തന്നെയാണ്.. 
ചെണ്ട തലത്തിനൊത്തുള്ള ചടുലവും 
മനോഹരമായ നൃത്തചുവടുകളോടെ 
ചാമുണ്ഡിത്തിറ നിറഞ്ഞാടുമ്പോൾ
ജനമനസ്സുകളിൽ ഭക്തിയുടെ 
തിരമാല ആർത്തിരമ്പി നിൽക്കും !
കനൽകൂമ്പാരത്തിനു മുകളിൽ കിടന്ന് 
തീക്കനൽ വാരി വിതറുന്ന ചാമുണ്ഡിയുടെ
അഗ്നി പ്രവേശവും കടത്തനാടൻ 
മണ്ണിൽ കൂമുള്ളി അമ്പലത്തിൽ
ചേർത്തപ്പെട്ടതായ മഹത്തായ 
ഭക്തിരസ പ്രാധാന്യമായ രംഗം തന്നെയാണ് !
ആടയാഭരണങ്ങളാൽ തിളങ്ങി 
മനസ്സ് കീഴടക്കുന്ന നാഗാഭഗവതിയും 
തെങ്ങോളം ഉയരമുള്ള കുരുത്തോല 
മുടിവെച്ച് അമ്പലം ചുറ്റി കൂകി വിളിക്കുന്ന
സാക്ഷാൽ ഗുളികൻ നിന്തിരുവടിയും 
നമ്മളെ തന്നെയായുള്ള
സവിശേഷതകളാണ് ! 
നമ്മുടെ തറവാട്ടിനെയും 
ഗ്രാമത്തിനെയും 
അനുഗ്രഹിക്കാനെത്തുന്ന 
കാരണവരും ഭക്തരിൽ 
ഉധ്വേകമുണർത്തുന്ന തെയ്യങ്ങളാണ്. 

അച്ഛാ... 
അപ്പൊ ഇവിടം നൃത്തവും , സംഗീതവും , 
വാദ്യവും , ചിത്രവും , ശില്പവും ഒന്നിച്ച്
മേളിക്കുകയാണ് ചെയ്യുന്നത് !
കൂമുള്ളിയിലെ 
ശാസ്തപ്പൻ , ഭൈരവൻ , ഗുളികൻ , 
നാഗഭഗവതി , കോട്ടപ്പുറം വിഷ്ണുമൂർത്തി , 
ശാക്തേയ ഭഗവതി 
ഇവയ്ക്കും പുറമെ ബാക്കിയുള്ള തെയ്യങ്ങളും നമ്മുടെ സമൂഹത്തിന്റെ
മകുടോദാഹരങ്ങളാണ് !

അതെ കുക്കൂ ശരിതന്നെ. 
അന്ന് നമ്മുടെ നാടിനെ മുഴുവനായി 
ആശിർവദിച്ചവർ ഇവരൊക്കെയായിരുന്നു
'മുന്നൂറ്റാൻ ചന്തുവിന്റെ കുട്ടിച്ചാത്തൻ , 
രാമർ പണിക്കരുടെ ഗുളികൻ ദൈവം , 
ചാത്തുപ്പണിക്കരുടെ ചാമുണ്ഡി ദൈവം , 
കൂടാതെ പുരുഷുവിന്റെ നാഗാഭഗവതി ദൈവവും.. 

ശരിയാണല്ലോ ഡാ 
നിനക്കും ഇവരുടെ മക്കളേ
ഇവിടുന്ന് കൂടെ കിട്ടിയില്ലേ !
പേരെടുത്ത് പറയാതിരിക്കുക... 
ല്ലാരും നമ്മളെ തറവാട്ടിൽ മറ്റു
ക്ഷേത്രത്തിലെ ക്ഷീണത്താൽ 
കുഴഞ്ഞാടി വരുന്നവരാണ്.. 
ഒരിക്കലും മുൻപ് നടന്ന വഴി മറക്കാതെ 
അവരോട് നല്ല സൗഹൃദം പുലർത്തി
തറവാട്ടിലേക്ക് ക്ഷണിക്കുകാ.. 
കൂമുള്ളി മുറ്റത്തേക്ക് ചെണ്ടയും തുകിലും 
ഒക്കെയായി വരുന്ന അവർക്ക് 
അന്നവും വേണ്ട സാദനൊക്കെ 
എത്തിച്ചു കൊടുക്കുക 
തിരികെ വല്ലതും കിട്ടും 
എന്ന് പ്രതീക്ഷിച്ചു കൊണ്ട് 
കർമ്മങ്ങൾ ചെയ്യാതിരിക്കുക.. 
തിരികെ കിട്ടുന്ന അവരുടെ നേരിയ ഇളം
പുഞ്ചിരി മാത്രേ നമുക്ക് വേണ്ടൂ.. 
സർവ്വേശ്വവരനോട് നന്ദി പറയട്ടെ !!!

ന്റെ മിത്രങ്ങളെ.. 
ഏവർക്കും തൊഴുകയ്യാലെ 
ഒന്നിച്ചു പ്രാർത്ഥിക്കാം...
കൂമുള്ളി ദേവോ ഭവഃ  

എന്ന് സ്നേഹത്തോടെ 

Suchin

| ശ്രീ കൂമുള്ളി ക്ഷേത്രം ഓർക്കാട്ടേരി |

Comments

Popular posts from this blog

LOVE,DEVOTION AND ENDURANCE: LIVES WHICH DERIVED THEIR LIFEBLOOD FROM KABIR

EUTIERRIA

Shade