സമയത്തിൽ നഗ്നമായി പതുക്കെ

*സമയത്തിൽ നഗ്നമായി പതുക്കെ*

'പുരാതന നാണയം പോലെ
നീ എന്റെ സ്നേഹം കണ്ടെടുക്കും
പഴയ നേരത്തിന്റെ മുദ്രകണ്ട്
വിലയില്ലാത്ത കാലത്തും
അതു കരുതി വെക്കും '
പരിഗണന പെറുക്കുന്നവന്റെ
കണ്ണുവെട്ടിച്ചാണ് മൂന്നാമത്തെ അപ്ഡേഷൻ
സ്റ്റാറ്റസ് വാളിൽ നിന്നും
പുറത്തു ചാടിയത്.
വളരെ സാവധാനം തന്നെ 
അതിന് കടന്നു കളയുവാൻ മാത്രം
അവ തുലഞ്ഞു പോയിരുന്നു.
ഇരുട്ട് മൂക്കുമ്പോൾ
തുലഞ്ഞ കണ്ണുകളുടെ പകൽ പിറക്കുന്നു.

ഇരുടുദയം,10 pm

എൽ.ഇ.ഡി. മുഴയുടെ
മണി മറിഞ്ഞ കണ്ണുകൾ
വിളറിയ താരാട്ടിന്റെ പുതപ്പ്
മടക്കി വച്ച മുറി.
കമുകിൻ തണ്ടിലെ വെള്ളപ്പാണ്ടുകൾ
വിടർന്ന അതിന്റെ മൂലകൾ.
കഴിഞ്ഞ അനേകം നിമിഷങ്ങളേയും
അടുത്ത അനേകം നിമിഷങ്ങളേയും പോലെ
ചലിക്കാത്ത വാച്ചു കെട്ടിയ
ഒരുടൽ തന്റെ ആദ്യത്തെ അപ്‌ഡേഷൻ
ഒഴുക്കിവിടുകയായിരുന്നു:
'പ്രയോഗിക്കാൻ കഴിയാത്ത 
ആയുധം പോലെ
അധികപറ്റായ വാക്കാണ്
സ്നേഹം.' .
ഇമോജികളുടെ പെരുങ്കായം
അളന്നു മുറിക്കുന്നതിൽ 
പക്ഷേ, ഇയാൾ പരാജയപ്പെടുന്നു.

ഇരുടുച്ച,1am

മുന വളഞ്ഞ മുള്ളുകളിൽ നിന്ന്
വേരുകൾ തഴയ്ക്കുന്നു.
ഓർമ്മകളുടെ ദഹിക്കാത്ത ചോറിൽ നിന്നും
അല്പ സമയത്തിനകം
അവ നീരൂറ്റിത്തെളിഞ്ഞു വരും.
കടൽ തിരയൊച്ചയുടെ കപ്പലാകുന്നു
കാട് മരയൊച്ചയുടെ കടൽ.
'നിനക്ക് ഞാൻ പഴകുന്നു
എനിക്ക് നീയും.
നമുക്കിടയിൽ ഓർമ്മകളുടെ
വീഞ്ഞു കായൽ
വീര്യമേറി ചുവക്കുന്നു.'
രണ്ടാമത്തെ അപ്ഡേഷനോടൊപ്പം
കവിളിൽ സർപ്പഗന്ധിയരച്ചുതേച്ച
മണവുമായൊരുണക്കത്തുള്ളൻ കയറി വന്നു
പിന്നാലെയൊരു പല്ലി.
മരണത്തിന്റെ മണം 
ഇയാളെങ്ങനെ പകർത്തി അയക്കും!

ഇരുട്ടിന്റെ നട്ടുച്ച, 3 am

നരകവാനത്തിന്റെ സുഷിരങ്ങളിൽ നിന്ന്
കടന്നലുകൾ  
വാതിൽപ്പഴുതു നീന്തിക്കടക്കുന്നു.
ഓരോ കുത്തിലും
ഒരു സെക്കന്റ് സൂചിയനക്കം!
അനക്കങ്ങളുടെ ജീവിതമേ ,
ഇയാൾ കടന്നൽപ്പാളയമെറിഞ്ഞു പൊളിക്കുന്നു.
നെറുകയിൽ , മുലകളിൽ,
തുടകളിൽ, പാദങ്ങളിൽ
തറയ്ക്കുന്ന കടച്ചിലേറ്റ്
സൂചികൾ പായുമ്പോൾ
മൂന്നാമത്തെ അപ്ഡേഷൻ
മതിലുചാടി മറഞ്ഞു നിന്ന്
തിരിഞ്ഞു നോക്കുന്ന പൂച്ച .

പകൽ ,6 am

ഒരു കപ്പലും സഞ്ചരിക്കാത്ത
നിരോധിത സമുദ്രത്തിൽ
നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്നു
കടൽക്കുതിരകളോട്
കുരുവികൾ കുറുങ്ങുന്നു.
ഒടുക്കത്തെ അപ്ഡേഷൻ കണ്ടെടുത്തത്
പോസ്റ്റു ചെയ്യപ്പെടാത്ത നിലയിലായിരുന്നു:
'ഓൺലൈൻ എന്നു കണ്ടാൽ
ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കരുത്.
ഉടലിന്റെ പെൻസിൽ പൂക്കുന്ന
മരിച്ച വാക്കാണത്.'

-Athul Poothadi

Comments

Popular posts from this blog

BANARAS

"THE BELL TOLLS FOR THEE"

CHILDREN OF HEAVEN