LP ജീവിതം

| LP ജീവിതം |



ആ കാലത്ത് എന്നോടൊപ്പം
എന്റെ ക്ലാസ്സിൽ ഒരു പെണ്ണ് ഉണ്ടായിരുന്നു..

നല്ല നീളമുള്ള.. 
ഇരുണ്ട നിറമുള്ള.. 
ഒരല്പം മെല്ലിഞ്ഞ..  
തലയിൽ നിറയെ എണ്ണതേച്ചു പിടിപ്പിച്ച.. എപ്പോഴോ കിട്ടുന്ന ഇടവേളകളിലെല്ലാം 
ഒരു മൂലയ്ക്ക് കിടന്നുറങ്ങുന്നൊരു പെണ്ണ്. 

എല്ലായ്പ്പോഴും 
അവളിങ്ങനെ കൈപ്പുറത്തു 
മുഖം ചേർത്ത് ഉറക്കത്തിൽ 
പാതിയടഞ്ഞ കണ്ണുകളുമായി 
വായൊരല്പം തുറന്ന് ഇടയ്ക്ക് 
ഒരു വശത്തുകൂടെ വെള്ളം ഒലിച്ചിറങ്ങിയുറങ്ങുന്നൊരു പെണ്ണ്...

കൂട്ടുകാരൊക്കെ കളികളിൽ
ഏർപ്പെടുമ്പോഴും കളിക്കാൻ കൂടാത്ത
അധികം സംസാരിക്കാത്ത പെണ്ണ്... 

കഞ്ഞി മേടിക്കാൻ നിരനിരയായി
നിൽക്കുമ്പോൾ അവസാനം 
നിക്കുന്നൊരു പെണ്ണ്...

സ്കൂളിന്റെ പിറകിലായി 
ചുമരിന്മേൽ ചങ്ങാതിമാർ 
കളർ ചോക്കുകൊണ്ടു വരച്ച 
ഇമ്പമേറുന്ന ചിത്രങ്ങൾ കാണാൻ
വരാത്തൊരു പെണ്ണ്... 

സ്കൂളിന്റെ വരാന്തയിൽ
ആരോ കൊണ്ട് വെച്ച 
സൈക്കിളിന്റെ സീറ്റിൽ 
ഇടയ്ക്കൊക്കെ വെറുതെ 
കൈവിരലുകൾ കൊണ്ട് 
തലോടുന്നൊരു പെണ്ണ്...

കളി കഴിഞ്ഞ് വിയർപ്പാലെ  
താഴത്തെ കഞ്ഞിപ്പുരയുടെ 
പിന്നാമ്പുറത്തു നിന്ന് 
ചന്ദ്രിയേച്ചി അറിയാതെ 
ചെറുപയർ കറി വെച്ച , 
കഴുകാൻ വെച്ച ചെമ്പിൽ   
കൈയിട്ട് ചെമ്പിന്റെ
വക്കുകളിലെ മധുരം നുണയുമ്പോൾ 
ഒന്നും മിണ്ടാതെ പെട്ടന്ന് 
മാറി കളയുന്നൊരു പെണ്ണ്...

ഇടയ്ക്ക് കോട്ടു വാ ഇടുമ്പോൾ 
മനം പിരട്ടുന്ന ഒരു ഗന്ധം 
വരുന്നൊരു പെണ്ണ്...

കടിച്ചൊക്കിയ യൂണിഫോമിന്റെ 
കോളറയും ,  
അവിടിവിടെയായി കീറിയ തട്ടവും
ചേർത്തുതയ്ച്ചു വെച്ചൊരു പെണ്ണ്...

പ്രാർത്ഥനയ്ക്ക് മുന്നിലെ നീണ്ട
മണിയടിയിൽ ഏറ്റവും അവസാനം 
ഓടി കിതച്ചു വരുന്നൊരു പെണ്ണ്...

ഇന്ദിര ടീച്ചറും , വത്സല ടീച്ചറും 
എഴുന്നേറ്റു നിന്നു വായിക്കാൻ 
പറയുമ്പോൾ കൂട്ടിവായിക്കാനറിയാതെ
ഇടയ്ക്ക് ടീച്ചറിനെയും പുസ്തകത്തിലേക്കും
മാറി മാറി നോക്കുന്നൊരു പെണ്ണ്... 

മ്മ്ഹ്..
ആരൊക്കെയോ ചേർന്ന് വിളിച്ചു...
" മണ്ടത്തി.. ഉറക്കംതൂങ്ങി "

കുലുങ്ങിചിരിച്ചോരുടെ 
കൂട്ടത്തിൽ ഞാനും വിളിച്ചു...
" ഉറക്കംതൂങ്ങി... മണ്ടത്തി.. "

ഉറക്കംതൂങ്ങി..... 

എന്നാർത്തു വിളിക്കുന്ന 
കലപില കൂട്ടങ്ങളിൽ നിന്നും 
ഒന്നും മിണ്ടാതെ വീങ്ങി വീർത്ത കണ്ണുമായ് ,
കാലിലെ വട്ട ചൊറിയുടെ പൊറ്റ മാന്തി ,
അവളങ്ങനെ ഒരു നനുത്ത ചിരിയോടെ
നടന്നു നീങ്ങും 

ഒരിക്കൽ ക്ലാസ്സിൽ 
ആരുമില്ലാത്ത ഒരു ഉച്ചസമയത് 
നീണ്ട ബെഞ്ചിന്റെ മേലിൽ 
വായ മലർക്കെ പൊളിച്ച്.. 
നീളത്തിൽ ശ്വാസമെടുത്തു അവൾ. കിടന്നുറങ്ങിയപ്പോഴാണ് 
ശബ്ദമുണ്ടാക്കാതെ 
ഞാൻ അവിടേക്കു ചെന്നത്...

ഉയർന്ന ശ്വാസത്തിന്റെ 
ആർത്തനാദം എന്റെ 
ചെവികളിൽ കഠാരപോലെ തറച്ചു.
ഒരിക്കലും തോന്നാത്ത ഒരു ദേഷ്യമോ
അറപ്പോ എന്നോട് അനുവാദം 
ചോദിക്കാതെ ഉള്ളിലുണ്ടായി... 

നിന്ന നിൽപ്പിൽ ഞാൻ 
ചുറ്റുമൊന്നു പരതി 
കയ്യിൽ ഒന്നും
കിട്ടാത്തതിന്റെ നിരാശ കലിയായി മാറി..... 

പെട്ടന്ന് ഞാൻ എന്റെ
സ്ലേറ്റ് എടുത്ത് ചട്ട കൊണ്ട് 
ബെഞ്ചിന്മേൽ ആവുന്നത്ര 
ഉച്ചത്തിൽ അടിച്ചു...
ഇരു കാലുകളും തറയിൽ 
ശക്തിയോടെ നിർത്തിക്കൊണ്ട് 
ദേഷ്യത്തോടെ അവള്ടെ പക്കൽ നിന്നു 

ആ ഒരൊറ്റ നിൽക്കലിലും 
ബെഞ്ചിന്മേൽ സ്ലെറ്റ് കൊണ്ട് 
അടിച്ചപ്പോൾ അവളുടെ 
ഇടത് ചെവിയുടെ പിന്നിൽ 
വല്ലാതെ വേദനിച്ചു. 
ചെവി പൊത്തി 
എന്നേ തന്നെ തുറിച്ചു നോക്കി 

"മണ്ടത്തീ.. 
ഉറക്കംതൂങ്ങീ.., 
ഈ ഭൂമി കുലുങ്ങിയാലും 
അറിയില്ല മണ്ടത്തി." 
ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു... 

ചെവി പൊത്തി ശബ്ദമടക്കി
എന്റെ നേരെ നിവർന്നു 
നിൽക്കാനാവാതെ അവൾ 
അരികിലേക്ക് വന്നു 
എന്നിട്ട് മെല്ലെ പറഞ്ഞു..

" ഒന്നുറങ്ങട്ടഡാ...... "

അവൾടെ വായിലെ വാസന
സഹിക്കവയ്യാതെ പിന്നേം ഞാൻ പറഞ്ഞു.. 'ഉറക്കംതൂങ്ങി... മണ്ടത്തി..'

അവൾ പെട്ടെന്നെന്റെ 
കോളറിൽ മുറുക്കെ പിടിച്ചു 
ഭിത്തിയോട് ചേർത്തമർത്തി....
ഉറക്കം മുറിഞ്ഞതിന്റെ കലിയിലോ 
ഒരു നാലാം ക്ലാസ്‌കാരിയുടെ
അപകർഷതാബോധത്തെ 
ചോദ്യം ചെയ്തതുകൊണ്ടോ 
അവൾ നിന്ന നില്പിൽ 
പിടിച്ചു നിൽക്കാൻ കഴിയാത്ത 
ഒരു തരം വിഭ്രാന്തിയേ പോൽ ആടിയുലഞ്ഞു.

അവൾടെ 
ചൂണ്ടുവിരലും തള്ള വിരലും
ചേർത്ത് പിടിച്ചമർത്തലിൽ 
കഴുത്തു നോവുന്നുണ്ട്.. 
ഷർട്ടിന്റെ കുടുക്ക് പൊട്ടുന്നുണ്ട്..
ചുണ്ട് പൊളിച്ച് എന്റെ കണ്ണ് തള്ളുന്നുണ്ട്..
അതുവരെയും തോന്നാത്ത ഒരു ഭയം
എന്നിലുണ്ടായി അത് മനഃപൂർവം മറച്ചുപിടിച്ചു ഞാൻ അവളോട്‌ ചോദിച്ചു....

' എന്താടീ....... "

എന്റെ കണ്ണുകളിലേക്കു നോക്കി..
എനിക്കുമാത്രം കേൾക്കാൻ 
പാകത്തിന് വല്ലാത്തൊരു 
മൂർച്ചയോടെ അവൾ പറഞ്ഞു..... 

"ഇന്നലേം അയാള് കുടിച്ചിട്ട്  
വന്നൊണ്ട് ഒരുപോള ഉറങ്ങിട്ടില്ല.....
മട്ടല് വെട്ടി അടിക്കാൻ തുനിഞ്ഞപ്പോ..
ന്നേം അനിയനേയും വാരിയെടുത്തു 
ഓടിയ ഉമ്മായ്ക്ക് പൈപ്പിൻ ചോട്ടിൽ
ഇന്നലേം കാവൽ നിന്നത് ഞാനാ.....
അയാളെ പേടിക്കാണ്ട് ഉറങ്ങാൻ 
പറ്റുന്നത് ഇവിടെ മാത്രാണ്...."

ഞാൻ നോവോടെ ചോദിച്ചു... 

" ആര് "

കണ്ണുനീര് 
ഇടതുകൈകൊണ്ട് തുടച്ച് കൊണ്ട്
സുദീർഘമായ ഒരു അസ്വസ്ഥയോടെ 
അവൾ പറഞ്ഞു... 

"ന്റെ ഉപ്പ.. "

തിരിച്ചറിവിൽ... 
തികഞ്ഞ ബോധ്യത്തിൽ..
കുറ്റബോധത്തോടെ ഞാൻ പറഞ്ഞു.. 

' ഉറങ്ങിക്കോ പെണ്ണേ.... "

- Suchin

Comments

Post a Comment

Popular posts from this blog

TROPHIC CASCADE

BANARAS

Shade