എന്റെ നിഴൽ

| എന്റെ നിഴൽ |




ധനു മാസത്തെ ആദ്യത്തെ വെള്ളിയാഴ്ച 
ഡിസംബർ പകുതി വാരത്തോട് കൂടി 
ഒരു ദേശത്തിന്റെ കൺകണ്ട ദൈവം 
വിണ്ണിൽ നിന്നും മണ്ണിലേക്ക് 
തന്റെ ഭക്തരിൽ അരുൾ 
ചെയ്തീടുവാൻ പുറപ്പാടാകുന്ന 
പുണ്യ നാളുകൾ ആണ്..  
കല്ലേരി ദേശം മാത്രമല്ലാതെ 
ചേർന്നുള്ള നാലു ദിക്കുകളിലെയും 
വൻ ജനാവലിതന്നെ ഒത്തുചേരുന്ന
കരഘോഷ മുഹൂർത്തം !

പൊതുവെ ചങ്ങായിമാരോട് 
പോയി മടങ്ങാറാണ് പതിവ് 
കഴിഞ്ഞ വർഷം വീട്ടുകാരോടൊപ്പം 
പോകാം എന്നു കരുതി 

വില്ല്യാപ്പള്ളിയിൽ നിന്നും അമ്പലത്തിലേക്കുള്ള ബസിൽ കയറി 
സന്തോഷം വിൽക്കുന്ന ഇടം 
എന്ന് കരുതിയാണ് എല്ലാവരും 
ബസിറങ്ങി ആ തിരക്കിലേക്ക് 
ഓടി കയറിയത്.. 
വരണ്ട മനസ്സിൽ നിന്നും 
ഒരു കിണർ വീണ്ടും വെള്ളം
കിനിയുന്നുണ്ടായിരുന്നു.. 

ഉത്സവപ്പറമ്പായിരുന്നു.. 
ഞാൻ ആരാധിക്കുന്ന 
പൊന്നുമായ ശാസ്തപ്പന്റെ തിരുസന്നിധി !
ഒരു ദേവന്റെ ചൈതന്യം 
വിളിച്ചറിയിക്കുന്ന ഒരു ആഘോഷം. 
ദേവിയോ ദേവനോ ആയിക്കൊള്ളട്ടെ 
സർവ്വർക്കും സന്തോഷം മാത്രം മതി. 
കണ്ണിൽ നിന്നും വറ്റി പോയ ഒരു
പുഞ്ചിരിയുടെ വേര് മാത്രമാണ് 
ഞാൻ എല്ലായ്പോഴും അന്വേഷിച്ചിരുന്നത്.. 

പല വർണങ്ങളിൽ ഉള്ള 
വസ്ത്രങ്ങൾ ധരിച്ച വിവിധയിനം ആളുകൾ..
കലങ്ങിയ കണ്ണുള്ളവർ.. 
തുമ്പ പോലെ തെളിഞ്ഞ കണ്ണുള്ളവർ..
കട്ടിയുള്ള പുരികമുള്ളവർ..
നേർത്ത പുരികമുള്ളവർ.. 
മെലിഞ്ഞ ചുണ്ടുള്ളവർ..
തടിച്ചു നനഞ്ഞ ചുണ്ടുള്ളവർ..
എണ്ണമയമുള്ള മുഖമുള്ളവർ..
വരണ്ട മുഖമുള്ളവർ..
ആരും ആരും തമ്മിൽ 
ഒന്നിലും ഒരു സാമ്യവും ഉണ്ടായിരുന്നില്ല എങ്കിലും ഞാൻ എന്റെ മുഖത്ത് കയ്യോടിച്ചു..
ന്റെ കണ്ണുകളും തൊലിയും 
ഇവരിൽനിന്നും വിഭിന്നമാണോ ? 
അതെ !
എനിക്കും ആരുടേയും ഒരു ഛായയും ഇല്ല.
ഞാൻ വീണ്ടും വീണ്ടും പരതി
പക്ഷെ ഒന്നുണ്ട്
എല്ലാവരുടെ മുഖത്തും പുഞ്ചിരിയുണ്ട്..
അവരൊന്നും ആൾകൂട്ടത്തിൽ തനിച്ചുമല്ല..
അവർക്കൊപ്പം ഒത്തിരി പേരുണ്ട്.. 
തോളിൽ കൈ ചേർത്ത് കൂട്ടുകാരും
അമ്മയും അച്ഛനും ഭാര്യയും 
അങ്ങനെ അവകാശം പങ്ക്‌ വച്ച 
ഒത്തിരി പേർ.. 
അവരൊക്കെ 
കാഴ്ചകൾ കണ്ടും മറ്റും ചിരിക്കുന്നുണ്ട്..

ഒരുഭാഗത്ത് നിന്ന് 
അനൗൺസ്മെൻഡും കേൾക്കാം
ഉത്സവത്തോട് അനുബന്ധിച്ച 
പൂക്കലശം വരവിന് സമയമായി 
അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും 
പൊന്മേരി , ചെരിപ്പൊയിൽ , 
കല്ലേരി , വില്ല്യാപ്പള്ളി ഭാഗങ്ങളിൽ 
നിന്നും കണ്ണിനു പ്രഭയേകാൻ 
ശിങ്കാരിമേളത്തിന്റെ അകമ്പടിയാലേ 
താലപ്പൊലിയേന്തി പൈതങ്ങളും 
നൃത്ത വിസ്മയം തീർത്തുകൊണ്ട് 
അന്യ നാട്ടിലെ വിവിധ ഇനങ്ങളും ചേർന്ന്  
അവരൊക്കെ സന്നിധി ലക്ഷ്യം വെച്ച് 
ആർപ്പു വിളിയോടെ നടന്ന്‌ വരികയാണ് 
ഇപ്രാവശ്യം ആന ഉണ്ടായായിരുന്നു.. 
എല്ലാ ജനങ്ങളും എന്റെ അരികിലൂടെ ആവേശത്തോടെ നടന്നു നീങ്ങി. 
ജനക്കൂട്ടം അത്ഭുതത്തോടെ പുഞ്ചിരിച്ചുകൊണ്ട് ആനയേ 
വിരൽചൂണ്ടി നോക്കുന്നുണ്ടായിരുന്നു.. 
ഞാനും നോക്കി. 
എന്റെ മുഖത്ത് മാത്രം 
അത്ഭുതം ഉണ്ടായിരുന്നില്ല.
അങ്ങനെ ഒന്ന് അത് മുൻപെപ്പോഴോ
എന്നിൽ മരിച്ചു പോയിരുന്നു !

ഞാൻ തിരക്കിനുള്ളിൽ വെറുതെ നിന്നു.
അമ്മയും അച്ഛനും അമ്പലത്തിന്റെ 
ഉള്ളിലേക്ക് നടന്നു കയറി 
ഓരോ പടികൾ കയറുന്നതും 
താഴെ നിന്നും ഞാൻ നോക്കി നിന്നു 

എങ്ങിനെയാണ് സന്തോഷം ലഭിക്കുക ? പൂരപ്പറമ്പിൽ നിറഞ്ഞു തിങ്ങിയ ജനങ്ങൾ
വെറുതെ ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു..
അവരിൽ ചിലർ ഐസ്ക്രീമുകകും 
കളർ മിഠായികളും തിന്നുന്നുണ്ടായിരുന്നു..
മതിൽ കെട്ടിയ ക്ഷേത്രക്കുളത്തിൽ
മത്സ്യത്തെ കാണുന്നവർ ഉണ്ടായിരുന്നു.. കയ്യിലെ പൊരിയോ മലരോ 
മറ്റോ മത്സ്യങ്ങൾക്ക് അവർ 
എറിഞ്ഞു കൊടുത്തിരുന്നു.. 
കുട്ടികൾ അച്ഛനമ്മമാരുടെ 
വിരലിൽ തൂങ്ങി മധുരപലഹാര
കച്ചവടക്കാർക്ക് മുൻപിൽ 
വിരൽ ചൂണ്ടി ചിണുങ്ങി നിന്നു.. 
പിന്നെ മറ്റു ചിലർ വെറുതെ 
കളിക്കോപ്പുകൾ പരിശോധിക്കുകയും
വിലയാരായുകയും ചെയ്തു.. 
ഹൈഡ്രജൻ നിറച്ച ബലൂണുകൾ
ആകാശത്തേക്ക് ഉയർത്തി 
കുട്ടികളുടെ ശ്രദ്ധ തിരിച്ച ഒരു
കച്ചവടക്കാരനെ ഞാൻ കണ്ടു.. 
അയാൾടെ മുഖം ഹിന്ദിക്കാരുടെതായിരുന്നു
ഓരോ ഭാഷക്കാർക്കും ഉണ്ട് ഓരോ മുഖം
ഓരോ ദേശത്തിനും ഉണ്ട് ഓരോ മുഖം..
അയാൾടെ കണ്ണുകൾ ചെറുതും
തിളക്കമുള്ളതും ആയിരുന്നു..
അയാൾടെ അരികിലേക്ക് 
ഞാൻ ചെന്നു നിന്നു. 
കച്ചവടക്കാരൻ എന്നേ ശ്രദ്ധിച്ചില്ല 
അയാൾ ശ്രദ്ധിച്ചിരുന്നത് 
കുട്ടികളെ മാത്രമായിരുന്നു.. 

'ബലൂൺ വേണം. 
ഞാൻ പറഞ്ഞു.. 

പേഴ്സെടുക്കുന്നതിനിടെ  
വെറുതെ വില ചോദിച്ചു. 

പത്തു രൂപക്ക് ഒരു ബലൂൺ. 
അയാൾ പുഞ്ചിരിയോടെ പറഞ്ഞു. 

ഒരു ബലൂൺ മാത്രമല്ലല്ലോ... 

"ആപ് ഇസ്കേ സാത് 
ഖുശി ബേജ്‌താ ഹേ 
ഔർ ഇസ്ക അലാവ ഫ്രീ ഏക് സ്‌മൈൽ ഭീ !

നിങ്ങൾ ബലൂണിനൊപ്പം 
സന്തോഷവും അതിന് സൗജന്യമായി 
ഒരു പുഞ്ചിരിയും നൽകുന്നുണ്ട്.
ജീവിതത്തിൽ നൽകുന്നതിന് 
അളവ് വച്ചില്ലെങ്കിൽ , 
ലഭിക്കുന്ന സമയത്തു തരുന്നവരുടെ
അളവുപാത്രങ്ങളുടെ അളവ് 
കുറിച്ചു വെക്കേണ്ടി വരും. 
ഒടുവിൽ അതൊരു 
കണക്കല്ലാതെ ആകും
ഞാൻ എഴുതിയ ഒരു കഥ 
പോലെ പരന്ന ഒന്ന്. 

ചുവപ്പ് നിറമുള്ള ഒരു മത്തങ്ങാ ബലൂൺ.
പൈസ കൊടുത്തു. 
വാങ്ങിയ ബലൂണിന്റെ ചരട്
വിരലുകൾക്കുള്ളിൽ കുരുക്കി
ആൾക്കൂട്ടത്തിൽ ഞാൻ തനിച്ചു നിന്നു. 

സന്തോഷം വിൽക്കുന്ന 
പീടികകൾ അവിടെ കണ്ടില്ല. 
ബാല്യത്തിൽ കാണാൻ കൊതിച്ച 
ഒരു ആഘോഷപറമ്പിന്റെ 
ഒരു ഭംഗിയും ഞാനവിടെ കണ്ടില്ല.. 
( താള മേളങ്ങൾ പ്രിയം )
ഞാൻ എന്തിന് വേണ്ടിയാണ് 
ധൃതിയിൽ ഈ തിരക്കിലേക്ക് ഓടി വന്നത് ? 
മതിലിനപുറത്ത് ഉത്സവം പോകുന്ന മേളം
കേട്ട് കാതോർത്തു നിന്ന 
പഴയ പോയ കാലത്തിലെ 
ഒരു കൊച്ച് കുട്ടിയെ 
ഞാൻ ഓർത്തെടുത്തു. 
ആ മേളങ്ങൾ മാത്രമാണ് ഓർമ.. 

അന്ന് മനസിലെ ആനക്ക് 
വിവിധ വർണങ്ങൾ ഉണ്ടായിരുന്നു.
ഉത്സവത്തിന് കൊണ്ട് പോകാൻ ആരുമില്ല.
ആരുടെ വിരലിൽ തൂങ്ങിയാണ് 
ഉത്സവത്തിന് പോവുക ? 
വിരൽ ചൂണ്ടി കാണിച്ചു 
ബലൂൺ ആവശ്യപ്പെടുക ആരോടാണ് ?
ആൾക്കൂട്ടങ്ങൾ ആരുമറിയാതെ 
പൂഴി പരപ്പിലിട്ടു എന്നേ ആരെങ്കിലും 
മുമ്പത്തേതു പോലെ  
കൊന്നു തിന്നെങ്കിലോ ?  
ഓരോ മേളങ്ങളും മതിലിനപ്പുറത്ത് നിന്നും
പോയി കഴിയുമ്പോൾ തിരികെയോടി 
വീടിന്റെ വാതിൽക്കൽ ഇരുന്ന്  
നിറഞ്ഞ ചുമരുകൾ ചാരി വെറുതെ കണ്ണുകൾ ഇറുക്കി തുടച്ചു കരഞ്ഞു.. 
ഞാൻ എന്നിൽ നിന്നും എപ്പോഴേ  
മരിച്ചു പോയിരുന്നു എന്ന് സ്വയം കരുതി. 
ഭയം എക്കാലവും അത്തരത്തിൽ 
ഒരു വൃക്ഷമായിരുന്നു
വെള്ളവും വളവും അല്പം പോലും 
വേണ്ടാതെ പൊടുന്നനെ വളരുന്ന ഒന്ന് !

ഓർമ്മകൾ ഒന്നും തന്നെ 
എഴുതി പെറുക്കി വെക്കേണ്ടതില്ല.
ഓർമവസ്തുക്കൾ വാങ്ങി വീടിന്റെ
അലമാരയിൽ നിറക്കുകയും അരുത്..
ഓർമ്മകൾ ഒരു ഊന്നു ബലവും ഇല്ലാതെ
തലച്ചോറിൽ വളരുന്ന 
ഒരു പൂർണ പരാദ സസ്യമാണ്. 
എന്റെ ബാല്യം പോലെ. 
നിറം മങ്ങിയ പച്ചയില്ലാത്ത  
ഒരു കാട്ടു വൃക്ഷം. 

പിറകിലാരോ തട്ടി... 
തിരിഞ്ഞു നോക്കി 
ഓർമയിൽ ആ മുഖം 
ഞാൻ എവിടെയൊ രേഖപെടുത്തിയിരുന്നു.
പക്ഷെ 
പേരുകൾ ഒന്നും തന്നെ 
ഓർത്തു വക്കാറില്ല. 
ഒരർത്ഥത്തിൽ 
സ്നേഹിക്കാൻ പേരുകളുടെ 
ആവശ്യം എന്താണ് ? 
സ്നേഹം കൈമാറുമ്പോൾ 
എല്ലാം ഞാൻ മരണപെടുമായിരുന്നു.
സ്‌നേഹിക്കുമ്പോൾ 
ഞാൻ ലോകം മറന്നു പോകുമായിരുന്നു..
ലോകം മറന്നു പോകുക 
എന്നത് തന്നെയാണ് മരണം. 
പൂർണ നിസ്വാർത്ഥരാവുമ്പോൾ ആണ്
പൂർണമായി സ്നേഹിക്കാൻ കഴിയുക.
എല്ലാവർക്കും പൂർണ നിസ്വാർത്ഥനാവുള്ള
ഒരേ ഒരു ഉറപ്പുള്ള അവസരം
മരണമായിരുന്നു. 

'എന്നെ ഓർമ്മയുണ്ടോ ? 
ഒരാളുടെ അത്തരം ഒരു ചോദ്യത്തിന്
കൊടുക്കേണ്ട മറുപടി എന്താണ് ?  
ഈ ആൾക്കൂട്ടത്തിൽ നിന്നും 
തന്നോട് സ്‌നേഹ നിർഭരമായ 
ഓർമ ആവശ്യപെടുന്ന മുഖത്തെ 
എങ്ങിനെ നിരാശപെടുത്തും ?? 

ആളുകൾ വർണ്ണ മഴക്ക് 
വേണ്ടിയുള്ള കാത്തിരിപ്പാണ്. 
ആകാശത്തു നിന്നും അഗ്നി 
പെയ്യുന്നത് കാണാൻ 
സന്തോഷത്തോടെ നനഞ്ഞ 
മനസുള്ള ആൾകൂട്ടം. 
അതിനിടയിൽ അഗ്നി പുതച്ച 
ഒരു മനസുമായി ഞാനും 

എനിക്ക് ഓർമയുണ്ട് നിങ്ങളെ , 
പക്ഷെ പേര് ഓർമ വരുന്നില്ല. 
പെട്ടെന്ന് പറഞ്ഞൊപ്പിച്ചു . 

പിന്നിലുള്ള ഒരു കൂട്ടം 
വലിയ ജനക്കൂട്ടത്തെ സുഹൃത്തുക്കളെന്ന്
സ്വയം പരിചയപ്പെടുത്തി. 

നിന്റെ പുതിയ വീടിന്റെ ഒരു ഭാഗം
പണ്ട് കോൺട്രാക്ട് ചെയ്തത്
ഞാനായിരുന്നു. 
നിന്നേ എനിക്ക് പേരോട് 
കൂടെ തന്നെ ഓർമയുണ്ട്..
അന്ന് നീ ചെറുതായിരുന്നു 
നിന്റെ തറവാട്ടു വീട്ടിൽ 
നിന്നുമായിരുന്നു ഞങ്ങൾക്ക്
ഉച്ചഭക്ഷണൊക്കെ എത്തിച്ചു തന്നത്.. 
നിനക്ക്‌ പ്രകടമായി 
സ്നേഹം തരാൻ കഴിവുണ്ടായിരുന്നു...
ആ വീട്ടിൽ നിങ്ങൾ 
സുരക്ഷിതനായിരിക്കാൻ
ഞാൻ അന്ന് ആശംസിച്ചിരുന്നു... ! 

അയാൾ ഓർമയിൽ നിന്നും 
എന്നേ ചികഞ്ഞെടുത്തു. 

"ഓഹ്....  
എനിക്കിപ്പോൾ ഓർമ വന്നു.
ഞാൻ ക്ഷമാർപ്പോണത്തോടെ 
അയാളോട് സംസാരിച്ചു. 
അയാളുടെ സുഹൃത്തുക്കൾ 
ഇരുപതിലതികം ഉണ്ടായിരുന്നു. 
അധികവും വിദേശത്ത് ജോലിയുള്ളവർ എന്ന് പരിചയപ്പെടുത്തി. 
അയാൾക്ക് ആൾക്കൂട്ടത്തിൽ 
പെരുമാറേണ്ട വിധം അറിയില്ലായിരുന്നു..
വാക്കുകൾ മറന്നു പോയ പോലെ 
പലരോടും ഞാൻ പുഞ്ചിരിച്ചു 
ഹസ്തദാനം നൽകി അയാൾ വിയർത്തു.
അവർ പൂണ്ണമായും 
സന്തോഷത്തിൽ ആയിരുന്നു. 
അല്പം മാറി അയാൾടെ ഭാര്യയും അച്ഛനും
അമ്മയും ചെറിയ കുഞ്ഞുമുണ്ടായിരുന്നു..
അയാൾ എനിക്ക് 
അവരെയും പരിചയപെടുത്തി. 
ഞാൻ അവരോടും പുഞ്ചിരിച്ചു. 
ചെറിയ കുഞ്ഞിന്റെ കവിളിൽ സ്പർശിച്ചു.. മുടികൾ തഴുകി.. 
മൂക്കുകൾ തമ്മിൽ ഉരസി.. 
അവരെല്ലാം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു
അത്താഴം കഴിഞ്ഞിട്ട് പോകാം 
എന്ന് നിബന്ധിച്ചു.. 
പൂക്കലശം കഴിഞ്ഞാൽ 
അടുത്ത് തന്നെയുള്ള 
അവരുടെ വീട്ടില് വലിയ വിരുന്നൊരുക്കിയിട്ടുണ്ട്
മദ്യവും മത്സ്യ മാംസാദികളും വിളമ്പും.. അതിലേക്കാണ് ക്ഷണം. 
ഞാൻ അത് സ്നേഹപൂർവ്വം നിരസിച്ചു. 
'' ഇല്ല.. 
കൂടെ അമ്മേം അച്ഛനും ഉണ്ട് 
ഇനി വൈകിയാൽ 
ഞങ്ങൾക്ക് ഇവിടെ നിന്നും ബസ്സ് കിട്ടില്ല.
യാദൃച്ഛികമായ ഈ കാഴ്ച തന്നെ 
എനിക്ക് ഏറെ സന്തോഷമായി എന്ന് 
അവരോട് ആവർത്തിച്ചു പറഞ്ഞു. 

ഞാൻ അവരിൽ നിന്നും പിൻവലിഞ്ഞു.
കൈകൾ വീശി പതുക്കെ
ആൾക്കൂട്ടത്തിലേക്ക് നടന്നു.
ഇടയിലെപ്പോഴോ വിരലിൽ കൊരുത്ത
ബലൂൺ പൊട്ടി പോയിരുന്നു. 
ഓരോ സത്യങ്ങളും 
പിന്നീട് പൊള്ളയാണെന്ന് 
ബോധ്യപ്പെടും പോലെ ബലൂണിന്റെ 
ചരട് മാത്രം വിരലിൽ അവസാനിച്ചു.  
അണിയറയുടെ ഭാഗത്ത് നിന്നും 
കലശം കഴിഞ്ഞ് കിട്ടിയ മദ്യം 
ഓതി വെക്കുന്നതിന്റെ തിരക്കായിരുന്നു ചിലർ നൃത്തം ചെയ്യുകയും 
അതിയായി ആസ്വദിക്കുകയും 
ചെയ്യുന്നത് കണ്ടു. 
ഞാൻ അവരെ നോക്കി നിന്നു. 
അവര് എത്ര സന്തോഷവാന്മാരായിരിക്കും
ഓരോ ചുവടിലും അവരുടെ ശരീരത്തിൽ
നിന്നും സന്തോഷം അനുസ്യൂതം പടർന്നു
പരക്കുന്നത് ഞാൻ മാത്രം കണ്ടു. 

ആരുമില്ലാതാവുമ്പോൾ 
എല്ലാ തരം ശബ്ദത്തിനും ഒരേ ശബ്ദമാണ്.
എന്റെ വീട്ടിലെ ചുമരുകൾക്കുള്ളിൽ 
നിന്നും ഞാൻ എത്രയെത്ര 
ഉത്സവം കണ്ടിരിക്കുന്നു. 
ഒറ്റക്ക് ! 
എങ്കിലും അതിയായ ശബ്ദത്തോടെ
കാർകൂന്തൽ നിറമുള്ള ആനയും 
പീലികാവടികളും ഉണ്ടായിരുന്നു.. അവക്കിടയിൽ നൃത്തം ചെയ്യാനറിയാത്ത
ഞാൻ ഏറ്റവും ഉന്മത്തനായി 
നൃത്തം ചെയ്തിരുന്നു.. 
നീന്താൻ കുറച്ചേ അറിയൂവെങ്കിലും അമ്പലക്കുളത്തിൽ നാല് അരികിലേക്കും
നീന്തി പായലുകൾ കയ്യിൽ എടുത്തിരുന്നു..
മുറിയിലെ പൂരം !
മുറിയിലെ ദേവൻ !
മുറിയിലെ പുഴ , കുളം , ഘോഷം ! ബാല്യത്തിലെ പൂപ്പൽ പിടിച്ച 
മതിലിനു പിറകിൽ നിന്നു കൊണ്ട്
വഴിയിലൂടെയുള്ള 
ഉത്സവത്തിന്റെ താളം കേട്ട ഓർമ. 
എല്ലാം ഞാൻ അടച്ചിട്ട  
ന്റെ മുറികളിൽ ആവർത്തനം ചെയ്തിരുന്നു.
ആ മുറിയിൽ എനിക്ക് ചുറ്റും 
നാല്പതും അൻപതിലുമധികം  
സുഹൃത്തുക്കൾ തോളിൽ 
കൈ ചേർത്ത് നിന്നിരുന്നു.. 
സങ്കൽപങ്ങൾ ഇല്ലായിരുന്നെങ്കിൽ 
ഞാൻ എന്നേ മരിച്ചു പോകുമായിരുന്നു.. 

പിന്നീടെപ്പോഴാണ് 
എന്റെ കണ്ണുകൾ നിറഞ്ഞതെന്നറിയില്ല.
ഉത്സവ പറമ്പിലെ കാഴ്ചക്കാർ 
എന്റെ കണ്ണുകളെ കണ്ടിരുന്നു.. 
പോക്കറ്റിൽ നിന്നും ടവ്വലെടുത്തു 
ഞാൻ മുഖം അമർത്തി തുടച്ചു. 
പോക്കറ്റിൽ നിന്നും ഫോണെടുത്തു
ഇയർ ഫോൺ കുത്തി 

ആരെയാണ് വിളിക്കുക ?? 
സുഹൃത്തുക്കളുടെ ലേബലിൽ 
ഒത്തിരിപേരുടെ പേരുകൾ അടയാളപ്പെടുത്താൻ ഉണ്ടായിരുന്നു
സുഹൃത്ത് ദിൽഷിത്തിന്റെ  
നമ്പറിൽ ഒരു വീഡിയോ കാൾ വിളിച്ചു.
ഫോണിൽ സംസാരിക്കുന്നത് 
പരസ്പരം കേൾക്കാൻ ആകാത്ത വിധം
അവിടെ ബഹളമായിരുന്നു. 
ഞാൻ അത് ഗൗനിച്ചില്ല. 
മറുപടികൾ എനിക്ക് ആവശ്യമില്ലായിരുന്നു.
ഞാൻ ഫോണിൽ ഉറക്കെ ചിരിച്ചു.
ഉത്സവ കാഴ്ച്ചകൾ ഫോണിലേക്ക് നോക്കി
ഉറക്കെ ഉറക്കെ ഉരുവിട്ടു.....  
മറുതലക്കൽ നിന്നും  
ഒന്നും അവൻ കേട്ടില്ല. 
ഞാൻ ആഗ്രഹിച്ച വിധം 
ചിലർ ജീവിച്ചിരിപ്പുണ്ട് 
എന്ന് അപരിചിതരെ 
ഞാൻ ബോധ്യപെടുത്താൻ ശ്രമിച്ചു.
ജനക്കൂട്ടത്തിൽ ആരും തന്നെ 
എന്നേ കണ്ടിരുന്നില്ല.. 
സന്തോഷത്തിന്റെ കയ്യും പിടിച്ച് 
ഞാൻ ഉത്സവ ക്കാഴ്ചകളിൽ 
സ്വയം മറന്നു പോയിരുന്നു. 
ആനന്ദവും അത്തരത്തിൽ ഒന്നായിരുന്നു. സ്വയം ഉത്ഭവിച്ചു ഒഴുകി നിറയേണ്ട ഒന്ന്.. 

ഒടുവിൽ ഞാൻ സന്തോഷപൂർവം 
എന്റെ ശാസ്തപ്പന്റെ മുന്നിലേക്ക് 
പടികൾ നടന്നു നടന്നു കയറി 
ഇടത്തേ ഭാഗത്തുനിന്നും 
അമ്മേം അച്ഛനും കളിചിരികളോടെ
സന്തോഷം പങ്കുവെക്കുന്നുണ്ട്.. 
എന്നേ എന്നെമാത്രം അറിയുന്നവർ !

"ഡാ സുച്യേ... 
എന്ന് നീട്ടി നീട്ടി 
ആരൊക്കെയോ വിളിക്കുന്നുണ്ട്.. 
ഒക്കെ ഞാൻ ഉള്ളോണ്ട് തൊട്ടറിയുന്നുണ്ട് 
നിറ കണ്ണുകളാലെ 
എന്റെ ഭഗവാനെ ഞാൻ കണ്ടിരിക്കുന്നു 
കണ്ണുകൾ പൂർണ്ണമായും അടച്ച് പ്രാർഥനയോടെ തിരുസന്നിധി വണങ്ങി 
രണ്ടുപേരുടെയും പക്കൽ നിന്നു. 

എല്ലാം കഴിഞ്ഞ് തിരികെ 
റോഡിലേക്ക് കയറി. 
വീണ്ടും പരാജിതനെ പോലെ 
വഴിയിൽ ബസ് കാത്തു നിൽക്കുമ്പോഴും 
തുടർന്നും ഫോണിൽ 
സംസാരിച്ചു കൊണ്ടേയിരുന്നു.. 

ഏറ്റവും ഒടുവിൽ  
ഇരുട്ടിലേക്ക് മറഞ്ഞുകൊണ്ട്  
ഞാൻ എന്നിൽ മാത്രമായി. 
എന്റെ നിറഞ്ഞ കണ്ണുകൾ വീണ്ടും തുടച്ചു.
അകലെ നിന്നും ബസ് വരുന്നുണ്ടായിരുന്നു.
ഞാൻ കൈകൾ നീട്ടി 
ഡ്രൈവറുടെ ശ്രദ്ധ നേടി. 
വിജനമായ ബസിന്റെ 
അവസാന സീറ്റുകളിരുന്നു. 
വഴിക്കാറ്റിലേക്ക് 
കണ്ണുകൾ തുറന്നു പിടിച്ചു 
ഞാൻ കരയാതിരിക്കാൻ ശ്രമിച്ചു. 
ഏതോ ഒരു സ്പർശം ഏറ്റപ്പോൾ  
ഞാൻ ഉറങ്ങാൻ തുടങ്ങിരുന്നു. 
അതിന്റെ മടിയിൽ തല ചായ്ച്ചു 
ഞാൻ യാത്രയിലുറങ്ങി !!

ഏറ്റവും ഒടുവിൽ 
ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ 
വിജനമായ വഴിയിലൂടെ 
എനിക്ക് അയാൾ വഴി തുണ നടന്നു.
മൗനത്തിൽ അയാൾ കടലിനും 
ഉറക്കെ കരയുന്നത് കണ്ടപ്പോൾ 
എനിക്ക് ശബ്‌ദിക്കാതിരിക്കാൻ ആയില്ല.. 

വെളിച്ചത്തിൽ മാത്രമല്ല 
ഇരുട്ടിലും എനിക്ക് മുൻപേ അവനുണ്ട്.
എന്നെ സ്പർക്കുന്ന.. 
എന്നിൽ മാത്രമുള്ള.... 
അതിനെ ആളുകൾ 
നിഴലെന്ന് വിളിച്ചു 
ആവോളം എന്നെ കളിയാക്കട്ടെ !
അരൂപിയാണെങ്കിലും 
എന്നോളം നിന്നെ 
അറിഞ്ഞ വേറേ ആരുണ്ട് ? 
വീടിന്റെ മുറികൾ തുറന്ന് 
എന്റെ മേലേക്ക് 
അലച്ചു വീണയാൾ കരയുമ്പോൾ 
ഞാനും കരഞ്ഞു പോയിരുന്നു....
ലോകത്തിലെ ഏറ്റവും വലിയ 
മൂക സാക്ഷിയായി എന്നെ ശപിച്ചതിനും
എനിക്ക് അയാളെ തഴുകാൻ 
കൈകൾ ഇല്ലാത്തതിനും !

"സന്തോഷം എന്നത് 
ചിലർക്കെല്ലാം വലിയ അന്ധവിശ്വാസങ്ങളാണ് ,   
അന്നും എന്നും. "

ആവോളം നിഴൽ പറ്റി നീയിരിക്കുക !
ഒടുവിലൊരുനാൾ 
പൂർണമായ സ്വാതന്ത്ര്യത്തിന്റെ 
പക്ഷിയാകും.. 
വെളുത്ത ചിറകുകൾ 
മുളച്ചു നിനക്ക് 
ചക്രവാളങ്ങളിലേക്കും
പുഴയോരങ്ങളിലേക്കും 
കറുത്തു തിങ്ങിയ കൊടും വനങ്ങളിലേക്കും 
പോകാനാകും !!!
അത് വരെ നീയെന്നിൽ ഭദ്രമാണ് , 
നോവെണ്ണ തടവി 
നിന്റെ നിദ്രക്ക് ഞാൻ കൂട്ടിരിക്കും ,
കാരണം 
മറുപിള്ള കൂടാതെ 
എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ 
ആരും ഗൗനിക്കാത്ത അവനുമുണ്ടായിരുന്നു 
എന്റെ നിഴൽ ,
എന്നെ നിന്നോളം ആർക്കറിയാനാണ്  
ഇത്രയും പ്രിയമോടെ ? !


-Suchin Koomully

Comments

Popular posts from this blog

TROPHIC CASCADE

Shade

ANIME: SURPASSING THE BOUNDARIES