മരിച്ച മനുഷ്യർ
അത്രയേറെ പ്രിയപ്പെട്ട ഒരാൾ ഇല്ലാതാവുമ്പോൾ എങ്ങനെയാണ് പൊട്ടിക്കരയാൻ ആവുന്നത് ?ഇന്ന് ഞെട്ടലിന്റെ ഇടയിലും എന്നെ ഉലച്ച കാര്യം അതായിരുന്നു .ഒരു തുള്ളി കണ്ണുനീർ വീഴാതെ, പോയ ആൾ എത്ര പ്രിയപ്പെട്ടതാണെന്ന് അലറിവിളിച്ചു പറയാൻ ആവാതെ ,ഒരുപാട് കൂട്ടകരച്ചിലുകൾക് നടുവിൽ എങ്ങനെയാണ് മരവിച്ചു നിൽക്കാൻ പറ്റുന്നത് ?.ചിന്ത ശൂന്യമായ അവസ്ഥ എന്താണെന്ന് ഇന്നെനിക്കു മനസിലാവുന്നുണ്ട് .ഒരു പക്ഷെ ഇന്നലെ വരെ ഒന്നും ചിന്തിക്കാതെ ഒരാൾക്കു നിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതിനെ ചോദ്യം ചെയത് എതിർക്കുന്നവരുടെ മുൻപന്തിയിൽ ഞാൻ ഉണ്ടായിരുന്നേനെ….
മരിച്ചിരിക്കുന്നു...
ഇന്നലെ വരെ ഉപയോഗിച്ച മരുന്നുകൾ, വസ്ത്രങ്ങൾ, മഷിനിറച്ചു വച്ച പേനകൾ ,പറഞ്ഞ തമാശകൾ,വായിച്ചു തീർത്ത പുസ്തകങ്ങൾ,, ഓർമ്മകൾ ,ഒക്കെയും അനാഥപെട്ടിരിക്കുന്നു.അപ്രതീക്ഷിതം എന്ന വാക്ക് നിങ്ങൾ ഉണ്ടാക്കിയതാണ് .നിങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ശരി, ഞാൻ മരിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെ പറ്റി പറഞ്ഞ, എന്റെ ശരീരം പഠിക്കാൻ നൽകാൻ താൽപര്യമുണ്ടെന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ച ,കൂടെ എടുക്കുന്ന അവസാന ചിത്രമാണെന്ന ബോധ്യത്തോടെ കൂടുതൽ ചേർത്തു പിടിച്ച ആ മനുഷ്യൻ ഇതു പ്രതീക്ഷിച്ചിരുന്നില്ല എന്നു നിങ്ങൾക്ക് പറയാൻ പറ്റുമോ? .ഇല്ല.ചുറ്റും ഉള്ളവർക്കേ അത് അപ്രതീഷിതം ആവുന്നുള്ളൂ ,മരിക്കാൻ പോവുന്ന മനുഷ്യർക്ക് ഒക്കെയും അത് നേരത്തെ അറിയാമായിരുന്നു.
ഒരുപാട് ദൂരെ നിന്നും ഓടിക്കിതച്ച് എത്തിയ പ്രിയപ്പെട്ടവരെ ഓർത്തിട്ടുണ്ടോ?
ഓടിയ വഴികളൊക്കെയും അവർ പ്രാര്ഥിച്ചിരുന്നത് വിഫലമായിരുന്നു എന്ന് ഉറയ്ക്കെ വിളിച്ചുപറയുന്ന മുറ്റത്തെ ആൾക്കൂട്ടം .തിരക്കു കാരണം മുഴുമിപ്പിക്കാതെ നിർത്തിയ വിശേഷങ്ങൾ ,മാറ്റി മഷിപുരട്ടിയ ടിക്കറ്റുകൾ, ധൃതിയിൽ കട്ടു ചെയ്ത ഫോൺക്കോളുകൾ ,അങ്ങനെ ഇന്നലെ വരെ ഉണ്ടായിരുന്നെന് കരുതിയ സമയമൊക്കെയും അവസാന നാഴികയിൽ മിടിപ്പറ്റ് കിടക്കുന്നു .
മരിക്കുന്നവർ അവരുടെ വേദന പ്രിയപ്പെട്ടവർക്ക് പശ്ചാത്താപത്തിന്റെ രൂപത്തിൽ കൈമാറിയിട്ടാണ് പോവുന്നത്. അവസാനമായി കണ്ട നിമിഷത്തെ അവരുടെ ഉള്ളിലെ തീയിൽ വേവിക്കുന്നു .നന്നായി സംസാരിച്ചിരുന്നെങ്കിൽ ,ഒന്നു കെട്ടിപിടിച്ചിരുന്നെങ്കിൽ , ,അത്ര ദേഷ്യപെടാതെ ഇരുന്നെങ്കിൽ, ഇങ്ങനെ പലതും അവർക്കുള്ളിൽ കിടന്നു ഉമിപോലെ നീറുന്നു .
ജീവിച്ചിരിക്കുന്നവരോട് നിങ്ങൾ കാട്ടുന്ന ഓരോ ഇറ്റു സ്നേഹവും ചിലപ്പോൾ വിലമതിക്കാൻ ആവാത്തതാവാം. കയ്യിലെ മിട്ടായി പകുത്തു നൽകുമ്പോൾ , കാരണമില്ലാതെ ഇറുകെ പുണരുമ്പോൾ , മൗനത്തെ പറ്റി വാതോരാതെ സംസാരിക്കുമ്പോൾ , എതിർദിശയിൽ നടക്കുന്നതിന് മുൻപ് തിരിഞ്ഞു നിന്ന് ഒരു ചെറുചിരി സമ്മാനികുമ്പോൾ , അങ്ങനെ ചെറുതെന്ന് കരുതുന്നതൊക്കെയും ആ മനുഷ്യന്റെ ഓർമയിൽ കുരുങ്ങുന്ന നിങ്ങളുടെ അവസാന നിമിഷങ്ങളാവാം. ..
- അനഘനന്ദ .ഇ. കെ
Comments
Post a Comment