മരുഭൂമിയിലെ മേള കണ്ടിട്ടുണ്ടോ?
*മരുഭൂമിയിലെ മേള കണ്ടിട്ടുണ്ടോ?*
നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മണൽപ്പരപ്പിൽ പൊട്ടുകുത്തിവെച്ചപോലൊരു ഒറ്റയാൻ ഒട്ടകം... രാജസ്ഥാൻ സ്വപ്നം കാണുമ്പോഴെല്ലാം മനസ്സിൽ ആദ്യം വരുന്ന ഫ്രെയിം അതായിരുന്നു. എന്നാൽ ആരവല്ലി പർവത നിരകൾക്കിപ്പുറം, പുഷ്കറെന്ന മധ്യ കിഴക്കൻ പട്ടണത്തിലേക്ക് കാർത്തിക മാസം പോയാൽ മറ്റൊരു കാഴ്ച കാണാം. എണ്ണിയാലൊടുങ്ങാത്തത്രയും ഒട്ടകങ്ങളും കുതിരകളും കന്നുകാലികളും നടവഴി മുതൽ മണൽപ്പരപ്പ് വരെ നീണ്ടു കിടക്കുന്നൊരു കാഴ്ച. ഇന്ത്യൻ സഞ്ചാര ഭൂപടത്തിൽ അതിപ്രധാനമായൊരു ഏടാണത്. കാർത്തികയിലെ പൂർണ്ണിമ വരെ നീണ്ടു നിൽക്കുന്ന പുഷ്ക്കർ മേള.
ഒക്ടോബർ അവസാനമോ നവംബർ ആദ്യ വാരമോ നടക്കുന്ന പുഷ്കർ മേളയ്ക്ക് സഞ്ചാരികളായും കച്ചവടക്കാരായും കാഴ്ചക്കാരായും വിശ്വാസികളായും വർഷാവർഷം വന്നെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ് . നാനാ ദേശത്തുനിന്നുമുള്ള കച്ചവടക്കാർ പുഷ്കറിലെത്തി അവരുടെ കാലികളെ വിൽപ്പനയ്ക്ക് വെക്കും. കൂടുതൽ മികച്ചതെന്ന് തോന്നിച്ച് വിപണി മൂല്യം കൂട്ടാൻ, ആടയാഭരങ്ങളും മിന്നുന്ന തുണിത്തരങ്ങളും കൊണ്ട് കാലികളെ അണിയിച്ചൊരുക്കും. കിലുങ്ങുന്നതും തിളങ്ങുന്നതുമായ പലജാതി ആഭരണങ്ങൾ മേളയുടെ ചന്തകളിൽ നിറങ്ങൾ പടർത്തും. വഴിവക്കിൽ കെട്ടിയുയർത്തിയ കടകളിലെല്ലാം കര കൗശല വസ്തുക്കളും തുണിത്തരങ്ങളും വീട്ടുസാധനങ്ങളും നിറഞ്ഞു നിൽക്കും.
ചുറ്റി നടന്നാൽ ഒരു ദിവസം കൊണ്ട് തീരാത്തത്രയും വലിയ ഭൂഭാഗമാണത്. അതുകൊണ്ട് വഴി തുടങ്ങുമ്പോൾ മുതൽ ഒട്ടക സവാരിക്ക് ആളെവിളിച്ച് തുടങ്ങും. പട്ടുതുണികളിൽ കൂടാരമൊരുക്കിയ ഒട്ടകവണ്ടിയിൽ കാഴ്ചകണ്ട് കറങ്ങാം. ആൾത്തിരക്ക് കുറഞ്ഞു തുടങ്ങുന്ന വഴികൾ മുതൽ അപ്രതീക്ഷിതമായ വളവുകളിൽ നിന്ന് ഭിക്ഷ യാചിച്ച് കുഞ്ഞുങ്ങൾ പിന്നാലെ കൂടും. കിട്ടാനുള്ള വകുപ്പില്ലെന്ന് തിരിച്ചറിഞ്ഞാൽ, അല്ലെങ്കിൽ കിട്ടേണ്ടത് കിട്ടിയെന്ന് തോന്നിയാൽ അവർ ഞൊടിയിടയിൽ വഴിമാറിപ്പോകും. മറ്റൊരു വണ്ടിയ്ക്ക് പിന്നിലേക്ക്. രാജസ്ഥാനിന്റെ താളം അപ്പാടെ ആസ്വദിക്കാൻ പറ്റുന്നൊരിടം കൂടിയാണ് മേള. ഒട്ടക സവാരിക്കാരുടെ പിന്നാലെ തനത് വാദ്യോപകരണങ്ങളും വായിച്ച് ചിലർ ഓടിക്കൊണ്ടിരിക്കും.നമ്മൾ അമർന്നിരുന്ന് കാഴ്ച കണ്ട് യാത്ര പോകുമ്പോൾ, നമ്മുടെ വഴി പിന്തുടർന്ന് ആ മണൽച്ചൂടിലങ്ങനെ പിന്നാലെ ഓടുന്ന ജീവിതങ്ങൾ പക്ഷേ അത്ര സുഖമുള്ള കാഴ്ചയല്ല.
ഏഴ് ദിവസത്തെ മേളയിൽ നിന്ന് മാത്രം ഒരു വർഷത്തേക്കുള്ള വരുമാനമാകെ കണ്ടെത്തുന്ന നിരവധി മനുഷ്യരുണ്ട് പുഷ്കറിൽ. അത്രയും വലിയൊരു സാമ്പത്തിക സ്രോതസ് കൂടെയാക്കി മേളയെ മാറ്റിയത് നിറക്കാഴ്ചകളുടെ സാധ്യത തിരിച്ചറിഞ്ഞ് മേള നടത്തിപ്പ് ഏറ്റെടുത്ത സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പാണ്. ഹൈന്ദവ വിശ്വാസ പ്രകാരം വിശേഷ ദിവസമായി കരുതിപ്പോന്ന കാർത്തികയിലെ പൂർണ്ണിമയിൽ പുഷ്കർ തടാകം കാണാനും അവിടെ കുളിക്കാനുമായി വിശ്വാസികൾ എത്തിച്ചേരുന്ന ഒരു പഴയ ആചാരത്തോട് ചേർന്നാണ് ഒട്ടക മേളക്ക് തുടക്കമാവുന്നത്. എന്നാൽ ഇന്നത് വിദേശികളെ പോലും ആകർഷിക്കുന്ന വലിയൊരു ഉത്സവക്കാഴ്ചയാണ്. കേവലമായ കാലിക്കച്ചവടത്തിൽ നിന്ന് ചന്തകളിലേക്കും സാംസ്കാരിക പരിപാടികളിലേക്കും അനുബന്ധ വിനോദങ്ങളിലേക്കുമെല്ലാം മേളയുടെ ഒരാഴ്ചക്കാലം വഴിമാറിയിരിക്കുന്നു. ജയ്പൂരിലേക്കോ അജ്മീറിലേക്കോ വന്നുപോകുന്ന സഞ്ചാരികൾ ഒരു പകൽ മാത്രം മാറ്റിവെച്ച് മടിച്ച് മടിച്ച് വന്നുപോകുന്നൊരു കുഞ്ഞൻ പട്ടണം അപ്പോൾ മാത്രം രാജസ്ഥാനിലേക്ക് വണ്ടി കയറാനുള്ള പ്രധാന കാരണമായി രൂപാന്തരപ്പെടുന്നു.
എഴുത്ത് --തേജസ്വിനി ജെ സി
ചിത്രങ്ങൾ --രജീഷ് കുമാർ.ടി.വി, ആസിഫ് അലി
Comments
Post a Comment