അമ്മ അറിയാൻ
01/05/2021
അമ്മ അറിയാന്‍
പി.കെ. സുരേന്ദ്രന്‍
മലയാളത്തില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട ഒരു സിനിമയാണ് ജോ ണ്‍ അബ്രഹാമിന്റെ ‘അമ്മ അറിയാന്‍’. വളരെ പ്രത്യേകതയുള്ള ഒരു സിനിമയാണിത്. ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച പണം കൊണ്ട് നിര്‍മ്മിച്ച ഈ സിനിമ സിനിമയിലെ മൂലധന വ്യവസ്ഥയ്ക്കെതിരെ നില്‍ക്കുന്നു (ഇത് സിനിമയില്‍ ഒരു അപൂര്‍വ്വതയാണ്).
നമ്മുടെ സിനിമകളിലെ മൂലധന സ്രോതസ്സുകളിലേക്ക് നോക്കുമ്പോള്‍ പല രീതിയിലുള്ള പണം ഉപയോഗിച്ച് -- സ്വകാര്യ വ്യക്തികൾ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ടിവി കമ്പനികള്‍, വിദേശ ഏജന്‍സികള്‍, സംയുക്ത സംരംഭങ്ങള്‍ -- സിനിമ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പണത്തിലൂടെ യഥാര്‍ത്ഥ സിനിമ സാധ്യമാണോ എന്നാണ് ജോണും ഒഡേസയും ചിന്തിച്ചത്. അതിനുള്ള മറുപടിയാണ് ഒഡേസയും ‘അമ്മ അറിയാന്‍’ എന്ന സിനിമയും.
ഈ പചാത്തലത്തില്‍, പണം (മൂലധനം) എങ്ങിനെയാണ് സിനിമാ ദൃശ്യങ്ങളെ നിയന്ത്രിക്കുന്നത് എന്ന് പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാന്‍-ലുക് ഗൊദാർദ് നിരീക്ഷിക്കുന്നുണ്ട്. പണത്തിന്റെ ആജ്ഞ എങ്ങിനെ ദൃശ്യങ്ങളുടെ ക്രമീകരണത്തെ സ്വാധീനിക്കുന്നു -- സിനിമയില്‍ പണത്തിന്റെ നിര്‍ണ്ണായക ശക്തി -- എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിനെ മറികടക്കാനായി അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറയുന്നത് “പണം ഒഴുകുന്നതിലും വേഗത്തില്‍ ദൃശ്യങ്ങള്‍ ഒഴുകട്ടെ” എന്നാണ്.
പണത്തെയും സിനിമയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മറ്റു ചില നിരീക്ഷണങ്ങള്‍ ഇപ്രകാരം:
• സിനിമ നിര്‍മ്മിക്കാനുള്ള പണം തേടിയുള്ള ശ്രമത്തിനിടയില്‍ ആദ്യം നിങ്ങള്‍ നിങ്ങളുടെ സമയമെല്ലാം ചെലവഴിക്കുന്നു. പിന്നീട്, സിനിമയിലെ ദൃശ്യങ്ങളിലൂടെ പണം തിരിച്ചുപിടിക്കുന്നു.
• കൈവശം വേണ്ടത്ര പണമില്ലാത്ത മനുഷ്യന്‍ പണം ഒഴുകുന്നതുകാണാനാണ്, ഇഷ്ടം പോലെ പണം ചെലവഴിക്കുന്ന ഒരു ലോകത്തിലേക്ക് സ്വപ്നാടനത്തിനായാണ് സിനിമാശാലയിലേക്ക് പോവുന്നത്.
ഇന്ത്യന്‍ സിനിമയിലേക്ക് വന്നാല്‍, ഹിന്ദി സിനിമയില്‍ അധോലോക പണം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് പ്രശസ്ത സിനിമാ ചരിത്രകാരനും ക്യൂറേറ്ററുമായ അമൃത് ഗാംഗര്‍ എഴുതിയിട്ടുണ്ട്.
പണം ഇല്ലെങ്കില്‍ സിനിമയില്ല. ഇത് സിനിമയെ മറ്റു കലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഇത് സിനിമയുടെ പരിമിതി കൂടിയാണ്. അതുകൊണ്ടാണ്, സിനിമാ നിര്‍മ്മാണത്തിന് ആവശ്യമായ സംസ്കൃത വസ്തുക്കള്‍ കടലാസും പേനയും പോലെ ലഭ്യമാവുന്ന ഒരു സാഹചര്യത്തില്‍ മാത്രമേ യഥാര്‍ത്ഥ സിനിമ സാധ്യമാവൂ എന്ന് ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാന്‍ കോക്ത് അഭിപ്രായപ്പെട്ടത്. സോവിയറ്റ് ചലച്ചിത്രകാരനായ സിഗാ വര്‍തോവ് എവിടെയും കൊണ്ടു നടന്ന് ചിത്രീകരിക്കാന്‍ പാകത്തിലുള്ള ഭാരം കുറഞ്ഞ ക്യാമറയെയും മറ്റ് ഉപകരണങ്ങളെയും കുറിച്ച് നിശ്ശബ്ദ സിനിമയുടെ കാലത്ത് സംസാരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ന് ഇത് സാധ്യമാക്കിയിരിക്കുന്നു.
സാങ്കേതി ക വിദ്യ ആര്‍ക്കും എളുപ്പത്തില്‍ പ്രാപ്യമാവുന്ന അവസ്ഥ ഇന്ന് സംജാതമായി. ഈ സാഹചര്യത്തില്‍ മഹത്തായ സിനിമകള്‍ ഉണ്ടാകുന്നുണ്ടോ എന്നത് ചിന്തനീയമാണ്. അപ്പോള്‍ വിഷയം സര്‍ഗ്ഗാത്മകതയുടേത് കൂടി ആണെന്നു വരുന്നു. സാങ്കേതിക ഒരു ടൂള്‍ മാത്രമാണ്. അത് എന്തിന്, എങ്ങിനെ ഉപയോഗ്ഗിക്കുന്നു എന്നതാണ് വിഷയം.
‘അമ്മ അറിയാന്‍’ എന്ന സിനിമയെ അപൂര്‍ണ്ണ സിനിമ എന്ന് വിശേഷിപ്പിക്കാം. നമ്മുടെ സിനിമകൾ ചെത്തി മിനുക്കിയ, പുറം ചുമരിലും മുറ്റത്തും ടൈല്‍സ് ഇട്ട വീടുകളെ ഓര്‍മ്മിപ്പിക്കുന്നു. അതേ സമയം ചെത്തി മിനുക്കാത്ത, മുറ്റത്ത് കല്ലോ മണ്ണോ വിരിച്ച, പകിട്ടില്ലാത്ത വീടുകള്‍ നമ്മെ ആകര്‍ഷിക്കുന്നില്ല. അവ വലിയ സുഖസൌകര്യങ്ങൾ ഉള്ളതായാലും. ‘പരിപൂര്‍ണ്ണത’ (Perfection) എന്ന ആശയമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ലോക ജനതയുടെ സിനിമാ സങ്കല്പങ്ങള്‍ വാര്‍ത്തെടുക്കുന്ന ഹോളിവുഡ് ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകളാണ് ഇതിന് മാതൃക. ലോകത്തില്‍ വളരെ കുറച്ചുപേര്‍ സംസാരിക്കുന്ന ഒരു ചെറിയ ഭാഷയില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ പോലും ഇതിന്റെ അനുകരണങ്ങളാണ്. അതുപോലെ ആര്‍ട് സിനിമകള്‍ വേറൊരു രീതിയില്‍ യൂറോപ്യന്‍, ഇപ്പോൾ കൊറിയന്‍ സിനിമകളുടെ സമാന ശൈലി പിന്തുടരുന്നു. ഈ സിനിമകൾ കാണുക എന്നത് -- മെയിന്‍സ്ട്രീം ആയാലും ആർട് ആയാലും -- സുഭഗമായ, അലട്ടപ്പെടാത്ത, നയനാനന്ദകരമായ അനുഭവമാണ്.
ഇത്തരം സിനിമകളെ നേരിടാന്‍ ഒരു എതിര്‍ സംസ്കാരമാണ് ജോ ണ്‍ മുന്നോട്ട് വെക്കുന്നത്. വളരെ അസംസ്കൃത സിനിമകളായി ഈ സിനിമ നമുക്ക് അനുഭവപ്പെട്ടേക്കാം. അപ്രതീക്ഷിതമായ കട്ടുകള്‍, എങ്കോണിപ്പ് തോന്നിക്കും വിധത്തിലുള്ള ക്യാമറാ ആംഗിളുകള്‍, നമ്മെ അലട്ടും വിധമുള്ള ക്യാമറാ ചലനങ്ങള്‍, ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും പൊരുത്തമില്ലാത്ത ഉപയോഗം -- നമ്മെ ആലോസരപ്പെടുത്തിക്കൊണ്ട് സിനിമ കാണുക എന്ന സാമ്പ്രദായിക പ്രക്രിയയെ ഈ സിനിമ വെല്ലുവിളിക്കുന്നു. (ഇതിലൂടെ നമ്മെ സിനിമയില്‍ ആമഗ്നരാവാന്‍ അനുവദിക്കുന്നില്ല. നമ്മുടെ മിക്ക ആർട് സിനിമകളും ന്യൂ ജനറേഷന്‍ സിനിമകളും നമ്മെ സിനിമയില്‍ ആമഗ്നരാക്കുകയാണ്. അങ്ങിനെ കസേരത്തണുപ്പിൽ നിരായുധരായ നാം സിനിമയില്‍ ഒഴുകിപ്പോവുന്നു. അമ്മ അറിയാനില്‍ സംവിധായകന്‍ നമ്മെ സാക്ഷികളാക്കി സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നു). സാങ്കേതിക വിദ്യയുടെ കണിശമായ സംസ്കൃതാവസ്ഥയും സങ്കീര്‍ണ്ണതയും എടുത്തു കളഞ്ഞ് സര്‍ഗ്ഗാത്മകതയെ പ്രതിഷ്ഠിക്കുന്നു. പ്രേക്ഷകരെ ഒരു ഉപഭോക്താക്കാതെ സിനിമയില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുന്നു. (നമ്മുടെ മിക്ക സിനിമകളും ഏക ദിശയിലേക്കുള്ള പ്രക്ഷേപണമാണ്. സംവിധായകന്‍ പ്രക്ഷേപിക്കുന്നു, പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുന്നു). യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഐസ്സന്‍സ്റ്റീനിന്റെയും, നീയോ-റിയലിസ്റ്റ് സിനിമകളുടെയും, ആന്ദ്രെ ബാസിന്റെയും സങ്കല്‍പ്പങ്ങളെക്കാൾ സിഗാ വര്‍തോവിന്റെ സങ്കല്‍പ്പങ്ങളുമായാണ് ജോണിന് കൂടുതല്‍ ചാര്‍ച്ച. നിത്യജീവിതവൃത്തികളിൽ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യരെ അവരറിയാതെ ചിത്രീകരിക്കുന്ന രീതിയാണ് വര്‍തോവിന്റെത്.
ഇവിടെ ക്യൂബന്‍ ചലച്ചിത്രകാരനായ Julio Garcia Espinosa-യുടെ For an Imperfect Cinema എന്ന മാനിഫെസ്റ്റോ പരാമര്‍ശിക്കാവുന്നതാണ്. ക്യൂബയിലെ വിപ്ലവ പ്രക്രിയയ്ക്കുള്ളിൽ സാംസ്കാരികമായി അർത്ഥവത്തായ ഗുണനിലവാരമുള്ള സിനിമയാവുകയെന്ന ലക്ഷ്യം കൈവരിക്കുന്ന സാഹചര്യത്തിലാണ് എസ്പിനോസ അപൂര്‍ണ്ണ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.
“ഇക്കാലത്ത്, പൂര്‍ണ്ണ സിനിമ (Perfect cinema) -- സാങ്കേതികമായും കലാപരമായും വിദഗ്ധമായ സിനിമ - - എല്ലായ്പ്പോഴും പിന്തിരിപ്പൻ സിനിമയാണ്...അപൂർണ്ണ സിനിമയ്ക്ക് ഗുണനിലവാരത്തിലോ സാങ്കേതികതയിലോ താൽപ്പര്യമില്ല. ഒരു മിച്ചൽ അല്ലെങ്കിൽ 8 എംഎം ക്യാമറ ഉപയോഗിച്ച്, ഒരു സ്റ്റുഡിയോയിൽ അല്ലെങ്കിൽ കാടിന് നടുവിലുള്ള ഒരു ഗറില്ല ക്യാമ്പിൽ ഇത് സൃഷ്ടിക്കാൻ കഴിയും. അപൂർണ്ണ സിനിമയ്ക്ക് മുൻകൂട്ടി നിശ്ചയിച്ച അഭിരുചികളോട് താൽപ്പര്യമില്ല, മാത്രമല്ല "നല്ല അഭിരുചികളിൽ" തീരെ താത്പര്യമില്ല. "സംസ്ക്കരിച്ച" വരേണ്യ പ്രേക്ഷക ബോധത്തെ മറികടക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം....ഒരു പുതിയ കാവ്യാത്മക സിനിമ, ബോധപൂർവവും ദൃഡനിശ്ചയമുള്ളതുമായ "പ്രതിബദ്ധത" ഉള്ള സിനിമ -- അതാണ് "അപൂർണ്ണ" സിനിമ”.
ഇവിടെ സംഗതമായ മറ്റൊരു മാനിഫെസ്റ്റോയാണ് ലാറ്റിനമേരിക്കയില്‍ രൂപം കൊണ്ട മൂന്നാം സിനിമയുടെ വക്താക്കളായ Fernando Solanas, Octavio Getino എന്നിവരുടെ Towards a Third Cinema. സാമ്രാജത്തിന്റെ കടന്നു കയറ്റത്തിനെതിരെയുള്ള പ്രതിരോധം എന്ന രീതിയില്‍ എങ്ങിനെ സിനിമയുണ്ടാക്കാം എന്നു ചിന്തിച്ച അവര്‍ ഒന്നാം സിനിമയായ ഹോളിവുഡിനോടൊപ്പം രണ്ടാം സിനിമയായ യൂറോപ്യന്‍ ആര്‍ട് സിനിമയെയും – ‘രചയിതാവിന്റെ സിനിമ’, സ്വതന്ത്രപ്രകാശനത്തിന്റെ സിനിമ’, ‘നവതരംഗ സിനിമ’, ‘സിനിമാ നോവോ’ -- നിരാകരിച്ചു. ലാറ്റിനമേരിക്കന്‍ സംസ്കാരത്തില്‍ ഊന്നിനിന്നുകൊണ്ട് അതിന്റെ മിത്തുകളും തനത് ആവിഷ്കാര സങ്കേതങ്ങളും ഉപയോഗിച്ചുകൊണ്ട് യഥാര്‍ത്ഥ ജനകീയ സിനിമയ്ക്കായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. ഇതിന് പുതിയ ശൈലികളുടെയും രൂപങ്ങളുടെയും ഭാഷയുടെതന്നെയും അന്വേഷണം ആവശ്യമാണ്. എന്നാല്‍ നമ്മുടെ സാഹചര്യത്തില്‍ നിരാകരിക്കാനായി ജഡസമാനമായ, യാന്ത്രികമായ വിപ്ലവ സിനിമകള്‍ എന്ന വ്യാജന്മാര്‍ കൂടിയുണ്ട്.
സമാനമായ പല ആശയങ്ങള്‍ പങ്കുവെക്കുന്ന മറ്റു മാനിഫെസ്റ്റോകളും ഉണ്ട്: Manifesto of the New Cinema Group, Cinema and Underdevelopment, Aesthetics of Hunger, Filmmakers and the Popular Government Political Manifesto, Consciousness of a Need, In Search for a People’s Cinema.
ഒരു യുവാവ് ആത്മഹത്യ ചെയ്യുന്നു. അയാളുടെ സുഹൃത്തുക്കള്‍ മരണവാര്‍ത്ത അവന്റെ അമ്മയെ അറിയിക്കാനായി പുറപ്പെടുന്നു. ആ യാത്രയാണ് സിനിമ. ഒരു വ്യക്തിയില്‍ നിന്ന് തുടങ്ങുന്ന ആ യാത്ര ഒടുവില്‍ സംഘയാത്രയായി മാറുന്നു. വയനാട്ടില്‍ നിന്നാരംഭിച്ച് ഫോര്‍ട്ട് കൊച്ചിയിൽ അവസാനിക്കുന്ന യാത്രയക്കിടയില്‍ സിനിമ കേരളത്തിലെ സാമൂകിക രാഷ്ട്രീയ സംഭവങ്ങളെയും മുന്നേറ്റങ്ങളെയും അവതരിപ്പിക്കുന്നു. (ഫിക്ഷനില്‍ നിന്ന് തുടങ്ങുന്ന സിനിമ, അങ്ങിനെ, യാഥാർത്ഥ്യത്തിലൂടെയുള്ള സഞ്ചാരമാവുന്നു). മനസ്സില്‍ അഗ്നിയുമായി ജീവിച്ച എഴുപതുകളിലെ യുവത്വത്തിന്റെ മോഹങ്ങളും പ്രതീക്ഷകളും വിഹ്വലകളും അടിച്ചമര്‍ത്തപ്പെട്ട ജനകീയ മുന്നേറ്റങ്ങളും, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ പാപ്പരത്തവും പോലീസ് ഭീകരതയും ദു:ഖിതരായ അമ്മമാരെയും ഇന്നത്തെ സമൂഹത്തില്‍ മനുഷ്യന് ആരാഷ്ട്രീയനായി ജീവിക്കുക സാധ്യമാണോ എന്നീ വിഷയങ്ങള്‍ സിനിമ അവതരിപ്പിക്കുന്നു. സിനിമ ഒരു തീരുമാനത്തിലും എത്തുന്നില്ല. പ്രേക്ഷകര്‍ക്ക് ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തുറന്നിടുകയാണ്.
ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ എന്ന രീതിയിലല്ല സിനിമ. സുഘടിത ശൈലിയല്ല, ശിഥിലമായ ആവിഷ്കാര ശൈലിയാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്ത യുവാവിന്റെ പശ്ചാത്തലം അനാവൃതമാവുന്നത് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്നവരുടെ ഓര്‍മ്മകള്‍, ആത്മഗതം, നിനവുകള്‍ എന്നിവയിലൂടെയാണ്. ഫിക്ഷന്‍, ഡോക്യുമെന്ററി, പോസ്റ്ററുകള്‍, ഉദ്ധരണികള്‍, ചുമരെഴുത്ത്, കവിത, വിവിധ സംഗീത സമ്പ്രദായങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. (ഇവിടെ, മൂന്നാം സിനിമയുടെ മാനിഫെസ്റ്റോയില്‍ പറയുന്ന “ലഘുലേഖാചിത്രം പ്രബോധനചിത്രം, , സാക്ഷിമൊഴിചിത്രം, പ്രസ്താവനചിത്രം, ഉപന്യാസചിത്രം – ഇങ്ങിനെ ഏതു രൂപവും ആഖ്യാന രീതിയും സ്വീകരിക്കാം” എന്ന പ്രസ്താവന സംഗതമാണ്). കഥ പറയാന്‍ ക്യാമറ ഉപയോഗിച്ച രീതിയും പ്രധാനമാണ്. നെടുകെയും കുറുകെയും ചലിക്കുന്ന ക്യാമറ ചിലപ്പോള്‍ അന്വേഷകനായി മാറുന്നു. ചിലപ്പോള്‍ വെറും നിരീക്ഷകനാണ്. നിശ്ചലമായിരിക്കുന്ന ക്യാമറ ചിലപ്പോൾ പൊടുന്നനെ കുപിതമായ രീതിയില്‍ ചടുല ചലനം കൊള്ളുന്നു. പൂര്‍ണ്ണ വൃത്തത്തില്‍ തിരിഞ്ഞ് സ്ഥല-കാലങ്ങളെയും സ്വപ്നങ്ങളെയും യാഥാർത്ഥ്യത്തെയും കൂട്ടിക്കുഴയ്ക്കുന്നു. (അരി വിതരണം, ടെറസ്സിനു മുകളിൽ യുവാവ് മലര്‍ന്നു കിടക്കുന്ന സീന്‍ എന്നിവ ഉദാഹരണമായി പറയാം).
നമ്മുടെ സിനിമയില്‍ -- മെയിന്‍സ്ട്രീം ആയാലും ആര്‍ട് ആയാലും -- ദൃശ്യത്തിന് ചേര്‍ന്നതായിരിക്കണം ശബ്ദം. സിനിമയെക്കുറിച്ചുള്ള നമ്മുടെ പൊതു സങ്കല്‍പ്പം ഇപ്രകാരമാണ്: ഫീച്ചർ സിനിമയിൽ ശബ്ദം ദൃശ്യങ്ങള്‍ക്കും, ഡോക്യുമെന്ററിയിൽ ദൃശ്യങ്ങൾ ശബ്ദത്തിനും അകമ്പടിയായിരിക്കണം. നമ്മുടെ ഏതാണ്ടെല്ലാ സിനിമകളും ഈ ബന്ധം കൃത്യമായി പിന്തുടരുന്നവയാണ്. ഈ രീതി പിന്തുടരാത്ത സിനിമകൾ വല്ലപ്പോഴും സംഭവിച്ചാൽ ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാൻ കഴിയില്ല. എന്നാല്‍ ‘അമ്മ അറിയാന്‍’ ഈ സങ്കല്‍പ്പത്തെ നിരാകരിക്കുന്നു.
ഇതിന് ഉദാഹരണമായി താഴെ കൊടുത്തിരിക്കുന്ന നീണ്ട സീക്വന്‍സ് പരിശോധിക്കാം: വാസുവേട്ടനോട് മരണ വിവരം പറയാനായി ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വരുന്നു. അപ്പോള്‍ അടുക്കളഭാഗത്ത് ഒരു കൈനോട്ടക്കാരി വീട്ടമ്മയുടെ കൈനോക്കുകയാണ്. കൈനോട്ടക്കാരി ഫലം പറയുന്നതാണ് നാം കേള്‍ക്കുന്നത്. വീട്ടമ്മ വന്ന് ചെറുപ്പക്കാരനോട് കാത്തിരിക്കാന്‍ പറയുന്നു. എന്നിട്ട് അവര്‍ അടുക്കള ഭാഗത്തേക്ക് തിരിച്ചു പോയി കൈനോട്ടം തുടരുന്നു. ഉമ്മറത്തു കയറി കാത്തിരിക്കുന്ന ചെറുപ്പക്കാരന്‍ ഒരു പുസ്തകം മറിച്ചു നോക്കുകയാണ്. അപ്പോള്‍ നാം കാണുന്നത് മറിയുന്ന പുസ്തകത്താളിലെ ചിത്രങ്ങളാണ്. കേള്‍ക്കുന്നത് കൈനോട്ടക്കാരി വീടിന് സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് പറയുന്നതാണ്. ഇനിയും ദുരന്തങ്ങൾ ആവര്‍ത്തിക്കാതിരിക്കാനായി, ശത്രുദോഷം അകറ്റാനായി വഴിപാടുകള്‍ കഴിക്കാന്‍ പറയുന്നു. ദൃശ്യപഥത്തിൽ ഗറില്ലാ സമരം, റീഗന്‍, കുറൊസാവ, ചെഗുവേര, ചാപ്ലിന്റെ പ്രശസ്തമായ ഹിറ്റ്ലര്‍, ഹോചിമിന്‍, ദുരന്തങ്ങളുടെ, വിശപ്പിന്റെ, മര്‍ദ്ദനത്തിന്റെ, പ്രതിഷേധങ്ങളുടെ, മരണത്തിന്റെ ചിത്രങ്ങളും പത്രവാര്‍ത്തകളും. മറ്റൊന്ന്, മരണവാര്‍ത്താ വാഹകര്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന ദൃശ്യത്തിന് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ സംബന്ധിക്കുന്ന വിശകലനങ്ങളും, യാത്രാ മദ്ധ്യേയുള്ള കുളിയുടെ ദൃശ്യങ്ങള്‍ക്ക് മദ്യപാനത്തെയും മാര്‍ക്സിസത്തെയും കുറിചച്ചുള്ള ബാലേട്ടന്റെ സംസാരവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും പ്രളയത്തില്‍ മുങ്ങിത്താണ പ്രേക്ഷകരോട് യഥാര്‍ത്ഥ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും കണ്ടെത്താൻ സിനിമ ആവശ്യപ്പെടുന്നു. ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ധാരാളിത്തമുള്ള ഇക്കാലത്ത് ഒരു ദൃശ്യത്തിലൂടെ യാഥാര്‍ത്തത്തിൽ ആരാണ് സംസാരിക്കുന്നത് എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ വരുന്നു എന്ന് ഗൊദാർദ് പറഞ്ഞിട്ടുണ്ട്. അതായത് ഇവ വ്യാജ യാഥാർത്ഥ്യം സൃഷ്ടിക്കുന്നവയാണ്. ഇതിലൂടെ കാണുന്നതില്‍ നിന്ന് കാഴ്ചക്കാരെ അകറ്റി നിര്‍ത്താനും (ചിലപ്പോള്‍ പങ്കാളികളാക്കിയും) ഒരു വിശകലത്തിനുള്ള സാധ്യതകള്‍ മുന്നോട്ടു വെക്കുന്നു സംവിധായകന്‍.
‘അമ്മ അറിയാന്‍’ എന്ന സിനിമ രാഷ്ട്രീയ സിനിമയെക്കുറിച്ചുള്ള ചില ചിന്തകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മരണവാര്‍ത്തയും വഹിച്ചുകൊണ്ടുള്ള യാത്രയെ ആദിമാധ്യാന്തപ്പൊരുത്തമുള്ള കഥ പറച്ചിലിലൂടെ, കരണ-പ്രതികരണ പ്രക്രിയയിലൂടെ പ്രേക്ഷകരില്‍ ഉദ്വേഗവും ജിജ്ഞാസയും വളര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള സാധ്യത കൊടുക്കുന്നുണ്ട്. എന്നാല്‍ സംവിധായകന്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ വസ്തുനിഷ്ഠതയ്ക്കും വിശകലനത്തിനുമാണ് പ്രാധാന്യം. പ്രേക്ഷകരിൽ ഉദ്വേഗം വളര്‍ത്തുകയല്ല, അവരെ ആലോസരപ്പെടുത്തുകയാണ്. ആവിഷ്കാരവും അത്തരത്തിലാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ഉദ്വേഗം വളര്‍ത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നതു കൊണ്ടാണ് കൊസ്താ ഗാവ്റയുടെ ‘Z’ എന്ന സിനിമയെ ഗൊദാർദ് പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിച്ചത്. ഇതിനൊപ്പം Battle of Algiers (സംവിധാനം: Gillo Pontecorvo) എന്ന സിനിമയെയും പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടയായാണ് അദ്ദേഹം കാണുന്നത്.
സിനിമയുടെ അവസാന ഭാഗത്തില്‍ ഹരിയുടെ മരണ വാര്‍ത്ത കേള്‍ക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ പരിശോധിക്കാം. അമ്മ ഈ വാര്‍ത്ത പ്രതീക്ഷിക്കുന്നത് പോലെ. അവര്‍ പറയുന്നു: ആത്മഹത്യ ആയിരുന്നു അല്ലേ? അമ്മ കരയുന്നില്ല. പകരം അവരുടെ ആത്മഗതംമാണ് നാം കേള്‍ക്കുന്നത്: “അവന്റെ ആശയങ്ങളും ആഗ്രഹങ്ങളും അമ്മയായ എനിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയി. എനിക്കൊന്ന് പൊട്ടിക്കരയാന്‍ പോലും സാധിക്കുന്നില്ല”. തുടര്‍ന്ന് അമ്മ കണ്ണട മാറ്റി കണ്ണുതുടച്ച് കണ്ണട വീണ്ടും വെക്കുന്നു. ഈ ദൃശ്യം കട്ട് ചെയ്ത് ഒരു സിനിമാ സ്ക്രീനിലേക്ക് മാറ്റിയതിനു ശേഷം സിനിമ കണ്ട് എഴുന്നേറ്റു പോവുന്നവരെ കാണിക്കുന്നു. ഈ സീക്വന്‍സിൽ പ്രേക്ഷകര്‍ക്കിടയിലെ പ്രോജക്റ്ററും കാണിക്കുന്നുണ്ട്. ഇതിലൂടെ സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഇടയിലെ നാലാം ചുമര്‍ ഭേദിക്കുകയാണ്. നാം കണ്ടതെല്ലാം ഒരു സിനിമ മാത്രമായിരുന്നു എന്നാണോ? ഇതിലൂടെ ഒഡേസയുടെ സിനിമാ പ്രദര്‍ശനങ്ങളെയും പരാമര്‍ശിക്കുകയാണോ? ഒപ്പം നമ്മുടെ സിനിമകളിലെ അമ്മയുടെ അവതരണത്തെക്കുറിച്ചുള്ള ചിന്തകൂടി ഉണ്ട്. സ്ഥിരം അമ്മ വേഷമണിയുന്ന നടികളും കണ്ണീരൊഴുക്കുന്ന സ്റ്റീരിയോടൈപ്പ് അമ്മ സങ്കല്‍പ്പമാണല്ലോ നമ്മുടേത്. ജോണ്‍ അത്തരം വ്യാജ മാതാക്കളെ തകര്‍ക്കുന്നു. ഇതിലൂടെ സിനിമയിലെ അമ്മയെയും ജീവിതത്തിലെ അമ്മയെയും തിരിച്ചറിയാനും, മകന്റെ ആത്മഹത്യയും അതിനു പിറകിലുള്ള യാഥാര്‍ത്ഥ്യവും മനസ്സിലാക്കാനും അമ്മ അത് ഉള്‍ക്കൊള്ളുന്നത് എങ്ങിനെ എന്നും പ്രേക്ഷകര്‍ അതിന്റേതായ രീതിയില്‍ത്തന്നെ ഇതിനെ സ്വീകരിക്കണമെന്നും സംവിധായകന്‍ പറയുന്നു.
സ്നേഹമയിയും കരുണാനിധിയുമായ സ്ത്രീതന്നെയാണ് കരുത്തിന്റെയും സംഹാരത്തിന്റെയും രൂപം കൈക്കൊള്ളുന്നത് എന്ന ഒരു സ്ത്രീ സങ്കല്‍പം ജോണിന്റെ സിനിമകളില്‍ കാണാം. ‘അഗ്രഹാരത്തില്‍ കഴുത്ത’ എന്ന സിനിമയില്‍ , നിഷ്കളങ്കയും സഹനശീലയുമായ യുവതി (അവള്‍ ഊമയാണ് എന്ന കാര്യം ശ്രദ്ധേയമാണ്) കഴുതയുടെ തലയോട് പ്രോഫസ്സര്‍ക്ക് കൈമാറുന്നു. അദ്ദേഹം അത് ഗ്രാമീണരിലേക്ക് കൈമാറുന്നു. തുടര്‍ന്ന് അഗ്നിയില്‍ അമരുന്ന ഗ്രാമ ദൃശ്യം. അപ്പോള്‍ ഊമപ്പെണ്ണ് ഉഗ്രമൂര്‍ത്തിയായി കാണപ്പെടുന്നു. (ഈ സീക്വന്‍സിലൂടെ സമൂഹത്തിൽ നടക്കേണ്ട മാറ്റത്തെക്കുറിച്ചും അതില്‍ സ്ത്രീയുടെ ഭൂമികയെയും കുറിച്ചുള്ള ജോണിന്റെ സങ്കല്പങ്ങള്‍ കാണാം). ‘അമ്മ അറിയാന്‍’ എന്ന സിനിമയിൽ, പാറു അമ്മ സങ്കല്‍പ്പത്തെക്കുറിച്ച് റിസര്‍ച്ച് ചെയ്യുന്നു. പുരുഷന്‍ എന്ന കഥാപാത്രത്തിന്റെ അമ്മ വായിക്കുന്ന സ്തോത്രത്തിലെ ദേവിയുടെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്. യാത്രയിലെ തന്റെ അനുഭവങ്ങളെ പുരുഷന്‍ അമ്മയെ അറിയിക്കുന്ന രൂപത്തിലാണ് സിനിമ. പ്രധാന കഥാപാത്രത്തിന്റെ പേര് പുരുഷന്‍ എന്നായത് യാദൃച്ഛിശ്ചികതയാവില്ല. (മനുഷ്യ മനസ്സില്‍ അടിഞ്ഞുകിടക്കുന്ന പ്രാക്തന സങ്കല്പങ്ങള്‍, പ്രത്യേകിച്ച് അമ്മ ദൈവ സങ്കല്പങ്ങള്‍ ഋത്വിക് ഘട്ടക്കിന്റെ സിനിമകളിലും കാണാം).
അച്ചടക്കമില്ലായ്മ ‘അമ്മ അറിയാന്‍’ എന്ന സിനിമയെ പലപ്പോഴും ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഘടനതന്നെ ശ്ലഥമായതിനാല്‍ ഈ അച്ചടക്കരാഹിത്യം സിനിമയ്ക്കൊപ്പം ചേര്‍ന്ന് പോവുന്നുണ്ട്. ഒരുപക്ഷെ, അച്ചടക്കമില്ലായ്മയില്‍ നിന്നായിരിക്കാം ഇത്തരമൊരു ഘടന രൂപപ്പെട്ടത്.
-----oooOooo-----
Comments
Post a Comment