ചരിത്രത്തിൽ ഊർജ്ജം കണ്ടെത്തുന്ന ചലച്ചിത്രകാരൻ

              ചരിത്രത്തിൽ ഊർജ്ജം             കണ്ടെത്തുന്ന ചലച്ചിത്രകാരൻ
                                                                                                                                 - സി.വി.രമേശൻ

                    (വിപിൻ വിജയ് )

      കേരളത്തിൽ ജീവിക്കുന്ന അന്താരാഷ്ട്രചലച്ചിത്രകാരൻ വിപിൻ വിജയ് തന്റെ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത് ' ആർക്കിയോളജിക്കൽ ഇമേജിനേഷൻസ് '(archeological imaginations) എന്നാണ് . കേവലം തീയ്യതികളും സംഭവങ്ങളും ക്രോഡീകരിക്കപ്പെട്ട ഒരു ഡാറ്റാ ബേങ്കായി മാത്രം ചരിത്രത്തെ സമീപിക്കാതെ, ജീവിതത്തിന്റെ ജൈവപരകമായ സഞ്ചാരങ്ങളുടെ രേഖപ്പെടുത്തലുകളായി അതിനെ കാണുന്ന വിപിൻ വിജയ് , ഈയടുത്ത് പ്രഖ്യാപിക്കപ്പെട്ട , 2019ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളിൽ നേടിയ നോൺഫീച്ചർ വിഭാഗത്തിലെ പ്രത്യേകജൂറി പുരസ്കാരം കേരളത്തിനു ലഭിച്ച ഒരു അംഗീകാരം കൂടിയാണ് . മുപ്പത് മിനുട്ട് ദൈർഘ്യമുള്ള പുരസ്കാര ചിത്രം 'സ്മോൾ സ്കെയിൽ സൊസൈറ്റീസി'നെ (small scale societies) , audio visual assemblage എന്നാണ് സംവിധായകൻ വിശേഷിപ്പിക്കുന്നത്.
വർത്തമാനത്തെ ശരിയായ രീതിയിൽ തിരിച്ചറിയാനും ഭൂതകാലത്തിന്റെ സമ്പന്നതകളിലേക്ക് ആഴ്ന്നിറങ്ങാനും ആർക്കിയോളജി ക്കലായ രേഖപ്പെടുത്തലുകളാണ് അദ്ദേഹത്തിനു സഹായകരമാവുന്നത് . ഇവ മനുഷ്യസംസ്കാരത്തിന്റെ കരുത്തുറ്റ ചിഹ്നങ്ങളായി മാറുന്നു. ചിത്രം മുമ്പോട്ട് പോകുമ്പോൾ , ചരിത്രം നമുക്കായി ബാക്കിവെച്ച ജൈവികമായ സാന്നിദ്ധ്യങ്ങളായി ഇവ മാറുകയാണ്.
                                  ചിത്രത്തിലേക്ക് കടക്കുന്നതിനുമുമ്പ് വിപിൻ വിജയ് യുടെ ചലച്ചിത്രസമീപനങ്ങൾ പരിശോധിക്കുകയാണ് . ചരിത്രത്തെ , സംഭവപരമ്പരകൾക്കപ്പുറത്തുള്ള ഒരു ജൈവികതയായാണ് വിപിൻ സമീപിക്കുന്നത് . അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഗുഹാലിഖിതങ്ങളും ഗുഹാചിത്രങ്ങളും തികച്ചും വ്യത്യസ്തമായ അർത്ഥങ്ങൾ സ്വീകരിക്കുന്നു . ഇവിടെ ലോകസിനിമയിലെ പ്രസിദ്ധറഷ്യൻ ചലച്ചിത്രകാരനായ ആന്ദ്രേ താർക്കോവ്സ്കി (Andrey Tarkovsky,1932-’86 )യുടേയും ഫ്രഞ്ച് സംവിധായകൻ റോബർട്ട് ബ്രസ്സന്റേയും(Robert Bresson,1933-’83) വഴികളിലൂടേയാണ് വിപിൻ സഞ്ചരിക്കുന്നത് . അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു: " റഷ്യ വികസനത്തിന്റെ വഴികളിലൂടെ പോയ്ക്കൊണ്ടിരുന്ന കാലത്ത് , താർക്കോവ്സ്കി ചിത്രീകരിച്ചത് പതിനാലാം നൂറ്റാണ്ടിൽ അവിടെ ജീവിച്ചിരുന്ന പ്രസിദ്ധ ഐക്കൺ ചിത്രകാരനായിരുന്ന ആന്ദ്രേ റുബ്ലേവി(Andrey Rublev)ന്റെ ജീവിതമായിരുന്നു.” മാനവികതയുടെ പാഠപുസ്തകമായി ലോകം തിരിച്ചറിഞ്ഞ ആന്ദ്രേ റുബ്ലേവിന്റെ ജീവിതം അന്ന് റഷ്യയ്ക്ക് ആവശ്യമായിരുന്നതായി താർക്കോവ്സ്കി തിരിച്ചറിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം . ശാസ്ത്രസാങ്കേതികമേഖലയിൽ കുതിച്ചുചാട്ടമായി , റഷ്യൻ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ, താർക്കോവ്സ്കി ശാസ്ത്രജ്ഞന്റേയും എഴുത്തുകാരന്റേയും മറ്റും അധാർമ്മികതയും സ്വാർത്ഥതയും വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസ് , സ്റ്റാക്കർ (Stalker) സം വിധാനം ചെയ്യുകയായിരുന്നു. ഇതേ പോലെ മാനവികതയും ധാർമ്മികതയും കൈകാര്യം ചെയ്ത മറ്റൊരു ചലച്ചിത്രകാരനായിരുന്നു റോബർട്ട് ബ്രസ്സൻ . ഇമേജുകളെ കൈകാര്യം ചെയ്യുന്ന വിപിന്റെ രീതിയെ ഈ രണ്ട് പ്രതിഭാശാലികളും സ്വാധീനിച്ചിരുന്നതായി കാണാം . ഒരു ഇലയും ഒരാളും തനിക്ക് ഒരേപോലെയാണെന്ന് അഭിപ്രായപ്പെട്ട താർക്കോവ് സ്കിയുടെ ശിഷ്യനാണ് താനെന്ന് അഭിമാനത്തോടെ ആവർത്തിക്കാറുള്ള പ്രസിദ്ധ തുർക്കി ചലച്ചിത്രകാരൻ സെമി കപ്ളാനോഗ്ളോ (Semih Kaplanoglu)വിനെ നാമിവിടെ ഓർമ്മിക്കുന്നു. അത്തരമൊരു സമീപനമാണ് വിപിനും സ്വീകരിക്കുന്നത് . താർക്കോവ്സ്കിയുടെ സിനിമകളിൽ ഇമേജുകൾ ചിഹ്നങ്ങളായും സൂചകങ്ങളായും വ്യാഖ്യാനിക്കപ്പെടാതെ , സങ്കുചിതമായ അർത്ഥങ്ങളിലേക്ക് ഒതുങ്ങാതെ , സമഗ്രമായ അർത്ഥതലങ്ങൾ സ്വീകരിക്കുകയാണ് . അതേപോലെ , ഓപ്പൺ ഇമേജുകൾ വിപിന്റെ ചിത്രങ്ങളിലും നമുക്ക് കാണാൻ കഴിയുന്നു.ഈ സം വിധായകരെല്ലാം പ്രേക്ഷകരുടെ സ്വാതന്ത്ര്യത്തിന്` വളരെയേറെ പ്രാധാന്യം നൽകുകുകയാണ് . അത്തരത്തിലുള്ള നിരവധി സന്ദർഭങ്ങൾകൊണ്ട് സമ്പന്നമാണ് പുരസ്കാരചിത്രം 'സ്മോൾസ്കെയിൽ സൊസൈറ്റീസ് '..
            പരമ്പരാഗതരീതിയിലുള്ള തുടക്കം ,ഒടുക്കം എന്നിവയൊന്നുമില്ലാതെ, 'ആർക്കിയോളജിക്കൽ ഭാവന കൊണ്ട് പ്രകാശീതമായ ഖനനങ്ങളുടെ ഒരു പരമ്പര ‘യെന്ന ആമുഖത്തോടെ , സമൃദ്ധമായ പുഴയുടെ കാഴ്ചയാലും പക്ഷികളുടെ ശബ്ദങ്ങളാലും സമ്പന്നമായ പശ്ചാത്തലത്തിൽ ആരംഭിക്കുന്നു ചിത്രം . പ്രശസ്തമായ ഒരു മോഹൻജദാരോ-ഹാരപ്പ ഐക്കണിൽ നിന്നാരംഭിച്ച് , ഖനനം ചെയ്തെടുത്ത പാത്രങ്ങളുടേയും ശിൽപ്പങ്ങളുടേയും ഇമേജുകളിലൂടെ , കൈവിരലുകളുടേയും മണ്ണിന്റേയും ഇടകലർന്ന ദൃശ്യങ്ങളിലൂടെ അത് മുമ്പോട്ട് പോകുന്നു . മനുഷ്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി മാറുന്ന ശിലായുഗത്തിലെ ശവസംസ്‌കാരകേന്ദ്രങ്ങൾ , പുരാവസ്തുഖനനപ്രദേശങ്ങൾ , പ്രാചീനഗുഹകൾ , അഗ്‌നിപർവ്വതപ്രദേശങ്ങൾ . കടൽക്കരയിലെ കപ്പലിന്റെ അവശിഷടങ്ങളിലൂടെ സഞ്ചരിക്കുന്ന കൈവിരലുകൾ കടലിന്റെ സ്പന്ദനങ്ങൾ സ്വീകരിക്കുന്നു, അതുവഴി ജീവിതത്തിന്റെ നിമ്നോന്നതകൾ അറിയുന്നു. വിവിധങ്ങളായ ഗുഹാചിത്രങ്ങളുടെ വർണ്ണ-ചിത്ര കാഴ്ചകളിലുടെ നാം, ഈ
ഭൂമിയിൽ വിവിധകാലഘട്ടങ്ങളിൽ കഴിഞ്ഞിരുന്നവരുടെ ജീവിതങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് . പാത്രങ്ങളും ആയുധങ്ങളും ഉപയോഗിച്ച് തുടങ്ങിയ കാലത്തിലൂടെ , മനുഷ്യജിവിതത്തിലെ കിഴടക്കലുകളുടേയും കിഴടങ്ങലുകളുടേയും ചരിത്രഘട്ടങ്ങളിലൂടെ , അത് സമകാലീനതയിലെത്തിച്ചേരുന്നു . ഇരുണ്ട പച്ചപ്പുകളിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ ഇലക്ട്രീക്ക് കമ്പികളുടെ കാഴ്ചയിലാണ് അതവസാനിക്കുന്നത് .
     Mind in the cave, cave in the mind, mind in the sky ,cave in the sky എന്നീ വാചകങ്ങളിലൂടെ മനുഷ്യസംസ്കാരത്തിന്റെ മുമ്പോട്ടുള്ള യാത്രയിൽ നിർണ്ണായകമായി മാറിയ ആയുധങ്ങൾ . കുതിർമണ്ണിൽ വീണ ചോരപ്പാടുകൾ, സൂര്യന്റെ ചൂടിൽ വേവിക്കപ്പെടുന്നു. ജീവിതത്തിന്റെ തീ അതിനെ അഗ്നിക്കിരയാക്കുന്നു .അതാണ് നമ്മുടെ ടെറാകോട്ട അസ്തിത്വം . ജീവിതത്തിന്റെ വ്യത്യസ്തമായ ഘട്ടങ്ങൾ, വാസസ്ഥലങ്ങൾ, പാറകളിൽ അവശേഷിക്കുന്ന ജീവന്റെ ആദ്യചിഹ്നങ്ങൾ, ഖനനം , സ്വന്തം ബുദ്ധിയുപയോഗിച്ചുള്ള മനുഷ്യന്റെ പ്രകൃതിചൂഷണം . ശവക്കല്ലറകൾ, .... കാഴ്ചകൾ തുടരുകയാണ് .
'മരണത്തിന്റെ പ്രഭാതത്തിൽ , ജീവിതത്തിന്റെ നീളം കൂടിയ ടേക്കുകളിൽ മിന്നൽവേഗതയിൽ ഒരു മൊണ്ടാഷ് ' എന്ന് പറഞ്ഞവസാനിപ്പിക്കുന്നു വിപിൻ വിജയ് തന്റെ 2019 ചിത്രം 'സ്മോൾസ്കെയിൽ സൊസൈറ്റീസ് ‘. മനുഷ്യചരിത്രത്തി ന്റെയും സംസ്‌കാരത്തിന്റെയും ദൃശ്യ ആഖ്യാനമാവുന്ന ചിത്രം , വിശദീകരണങ്ങൾ ക്കപ്പുറത്തുള്ള കാഴ്ചകളുടെ അനുഭവമായി മാറുന്നു . ജീവിതത്തിന്റെയും മരണത്തിന്റെയും ഖനനങ്ങളിലൂടെ , വെറും അര മണിക്കൂറിൽ നൂറ്റാണ്ടുകളായി ഇവിടെ കഴിയുന്ന മനുഷ്യകുലത്തിന്റെ ദൃശ്യചരിത്രം രചിക്കയാണ് 'സ്മോൾ സ്കെയിൽ സൊസൈറ്റിസി'ൽ വിപിൻ വിജയ് .

    മാദ്ധ്യമങ്ങളീൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന വിപിൻ വിജയ് നിർമ്മിച്ച മിക്ക ചിത്രങ്ങളും അന്താരാഷ്ട്രമേളകളീൽ പ്രദർശിപ്പിക്കപ്പെടൂകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തുവരുന്നു . റോട്ടർഡാം , കാർലോവ് വാരി , സാവോപോളൊ , ഒബർഹൗസൻ , നാന്റ്സ് , മോൺട്രിയാൽ തുടങ്ങി പ്രശസ്തമായ അന്താരാഷ്ട്രമേളകളീൽ പ്രദർശിപ്പിക്കപ്പെട്ട വിപിൻ വിജയ് ചിത്രങ്ങൾ ലോകസിനിമാരംഗത്ത് മലയാളത്തിന്റെ ഈ ചലച്ചിത്രകാരനെ ശ്രദ്ധേയ മാക്കുന്നു . കൂടാതെ , ലണ്ടൻ , പാരീസ് , ബീജിങ്ങ് എന്നിവിടങ്ങളീലെ ആർട്ട് ഗാലറികളും വിപിൻ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു . വിപിൻ വിജയ് യുടെ ചിത്രങ്ങൾ നേടിയ അംഗീകാരങ്ങളീൽ ബ്രിട്ടീഷ് കൗൺസിൽ ചാൾസ് വാലസ് അവാർഡ് , ടൈഗർ അവാർഡ് ഫോർ ഷോർട്ട് ഫിലിംസ് റോട്ടർഡാം , ഫെസ്റ്റിവൽ സൈൻസ് ദെ ന്യൂയി മെയിൻ അവാർഡ് പാരീസ് , ഗോൾഡൻ പേൾ പുരസ്കാരം HIFF , ഗ്രാൻഡ് ജൂറി പുരസ്കാരം MIFF , കൊഡാക്ക് അവാർഡ് എന്നിവ ഉൾപ്പെടുന്നു . 2015 ൽ ജർമ്മനിയിലെ Oberhausen International Film Festival അദ്ദേഹത്തെ ആദരിക്കയും ,ചിത്രങ്ങൾ പ്രദർശിപ്പിക്കയും ചെയ്തിരുന്നു . ഇവയ്ക് പുറമേ , രണ്ട് തവണ ദേശീയ ചലച്ചിത്രപുരസ്കാരം , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , പത്മരാജൻ പുരസ്കാരം , ജോൺ അബ്രഹാം പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോൾ ഏറ്റവുമൊടുവിൽ , 2019 ലെ ദേശീയചലച്ചിത്രാവാർഡുകളിൽ മികച്ച നോൺ-ഫീച്ചർ വിഭാഗത്തിൽ പ്രത്യേകപുരസ്കാരവും അദ്ദേഹം നേടിക്കഴിഞ്ഞു.
         കോഴിക്കോട് ജനിച്ച് , കൊൽക്കത്തയിലെ പ്രസിദ്ധമായ 'സത്യജിത് റായ് ഫിലിം ഏൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടി' ൽ നിന്നും ചലച്ചിത്രപഠനത്തിൽ ബിരുദം നേടിയ വിപിൻ 2000 ൽ പൂർത്തിയാക്കിയ ഡിപ്ളോമ ചിത്രം The Egotic World (ഉൻമദ്ഭൂതം ജഗത് ) ലോകശ്രദ്ധനേടിയിരുന്നു . തുടർന്ന് , ഇരുപത് വർഷക്കാലത്തെ ചലച്ചിത്രപ്രവർത്തനിടയിൽ രണ്ട് ഫീച്ചർഫിലിമുകൾ , ഒരു ഡോക്യുമെന്ററി , പത്തിലേറെ ഷോർട്ട് ഫിലിമുകൾ / ഡോക്യുമെന്ററികൾ എന്നിവ വിപിന്റെ ഫിലിമോഗ്രാഫി സമ്പന്നമാക്കുന്നു . അതോടൊപ്പം ഇന്ത്യയിലും വിദേശത്തുമുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളീൽ ചലച്ചിത്രപഠനക്ളാസ്സുകളും വിപിൻ കൈകാര്യം ചെയ്യുന്നുണ്ട് . ഈ വർഷം നടന്ന കേരളാന്താരാഷ്ട്ര ചലച്ചിത്രമേളയിൽ , ലോകസിനിമാസെലക്ഷൻ കമിറ്റിയിൽ പ്രവർത്തിച്ചിരുന്നു അദ്ദേഹം .
 ഏറെ ലോക ശ്രദ്ധനേടിയെങ്കിലും മലയാളീ പ്രേക്ഷകർക്ക്
 മുമ്പിൽ വിപിൻ ചിത്രങ്ങൾ വേണ്ട രീതിയിൽ എത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് . ചിത്രസൂത്രം (2010) ,പ്രതിഭാസം (2017) എന്നീ രണ്ട് ഫീച്ചർഫിലിമുകളും വളരെ വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം മലയാളസിനിമ പരിചയിച്ചിട്ടില്ലാത്ത ആഖ്യാനരീതി പിന്തുടരുകയും ചെയ്യുന്നു . സാങ്കേതികതയുടെ രണ്ട് വേറിട്ട കാഴ്ച്കളായി , കമ്പ്യൂട്ടറിന്റേയും ടെട്രാഹെഡ്രന്റേയും പ്രമേയങ്ങളെ ജീവിതവുമായി ഇവ ബന്ധപ്പെടുത്തുന്നു. വീഡിയോ എസ്സേ, വീഡിയോ ആർട്ട് എന്നൊക്കെ അദ്ദേഹം പേരിട്ട് വിളിക്കുന്ന ഡോക്യുമെന്ററി/ഷോർട്ട് ഫിലിമുകളിൽ ,അചേതനവസ്തുക്കൾക്ക് ജീവിതം നൽകുന്ന വീഡിയോ ഗെയിം (Video Game,2006) ,പ്രശസ്ത ചിന്തക ജൂഡി ഗ്രഹാമിന്റെ 'മേറ്റമോർഫിക് സിദ്ധാന്തത്തിനുള്ള (Metamorphic Theory) ആദരമായ പൂമരം (Poomaram,2007)ആർത്തവത്തോടൊപ്പം സ്ത്രീജിവിതം സമഗ്രമായ ചർച്ച്യ്ക്ക് വിധേയമാക്കുന്ന എന്നിവയുൾപ്പെടുന്നുണ്ട്. ആന്ത്രൊപ്പൊസീൻ റീലുക്ക്ഡ് (Anthropocene relooked) ഇൽ പരിസ്ഥിതിയും സംസ്കാരവും ചർച്ച്യ്ക്ക് വിധേയമാക്കുമ്പോൾ ക്ഷുരസ്യാധര (kshurasyadhara) വിശ്വാസങ്ങളും ആചാരങ്ങളും പ്രമേയമാക്കുന്നു . മലയാളത്തിന്റെ മറ്റൊരു അന്താരാഷ്ട്രചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളെക്കുറിച്ച് വിപിൻ 2014 ൽ സം വിധാനം ചെയ്ത ,'ഭൂമിയിൽ ചുവടുറച്ച് 'എന്ന മൂന്നുമണീക്കൂർ വീഡിയോ എസ്സേയിൽ അടൂരിന്റെ ജീവിതവും ചിത്രങ്ങളും തന്റേതായ കാഴ്ചയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു വിപിൻ . 2012 ൽ വിപിൻ സംവിധാനം ചെയ്ത 'വിഷപർവ്വം' , അഷ്ടാംഗഹൃദയത്തിൽ നിന്നാരംഭിച്ച് ജീവിതത്തിന്റെ സമഗ്രതയിലെത്തുകയാണ് . 2004 ലെ ഡോക്യമെന്ററി 'ഹവാമഹൽ ' (Hawa mahal), റേഡിയോയുടെ ചരിത്രവഴികളിലൂടെ സഞ്ചരിച്ച് അപൂർവ്വജീവിത ക്കാഴ്ചകളിലാണ് വന്നെത്തുന്നത് . റോട്ടർഡാം ചലച്ചിത്രമേളയിൽ 'ഹവാമഹൽ ' പ്രദർശിപ്പിക്കപ്പെട്ട ശേഷം , ജൂറി നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. സത്യജിത് റേയിൽ നിന്നും ബോളിവുഡിൽ നിന്നും വിഭിന്നമായ പുതിയ ഇന്ത്യൻ ഡിനിമയുടെ തുടക്കമാണ് വിഡിയോഗെയിം എന്നും അത് പോസ്റ്റ് മോഡേൺ ഇന്റലിജൻസ്(Post modern Intelligence) ആണ് കൈകാര്യം ചെയ്യുന്നതെന്നും ആയിരുന്നു ജൂറി പരാമർശം. ഈ ചിത്രങ്ങൾക്ക്പുറമെ , 2007 IFFK സിഗ്നേച്ചർ ഫിലിം , ബ്രോക്കൺ ഗ്ളാസ്സ് (Broken Glass , Torn Film) , ലോകത്തിൽ ഇരുപത്തിരണ്ട് ഇടങ്ങളിൽ പ്രദർശിപ്പിച്ച 'എ പെർഫ്യൂമ്ഡ് ഗാർഡൻ (A Perfumed Garden,2008) എന്നിവയും വിപിൻ വിജയ് യുടെ ഫിലിമോഗ്രാഫിയിൽ ഉൾപ്പെടുന്നുണ്ട് .
     കോട്ടയത്തെ കെ.ആർ നാരായണൻ നേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ഏൻഡ് ആർട്സി (K.R.Narayanan Institute of Visual Science and Arts)ൽ പ്രൊഫസറായ വിപിൻ വിജയ് , അവിടെ 'ഫിലിം ഡയറക്ഷൻ ഏൻഡ് സ്ക്രീൻ റൈറ്റിങ്ങ് ' വിഭാഗം തലവനായി ജോലി നോക്കുകയാണ്` . ചലച്ചിത്രരംഗത്ത് എത്തുന്ന പുതുതലമുറയ്ക്ക് , വിപിനെപ്പോലുള്ളവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ കരുത്തു പകരുമെന്നത് തീർച്ചയാണ്`.
         ജീവിതം ആഴത്തിൽ പരിശോധിച്ച്, അതിന്റെ വ്യത്യസ്തങ്ങളായ അർത്ഥതലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് , തന്റെ ചിന്തകൾക്ക് ചരിത്രത്തിൽ നിന്നും സംസ്കാരികശേഷിപ്പുകളിൽ നിന്നും ഊർജ്ജം സ്വികരിച്ചുകൊണ്ട് വിപിൻ വിജയ് തന്റെ ചലച്ചിത്രസഞ്ചാരം തുടരുകയാണ്. അന്താരാഷ്ട്ര അംഗീകാരം നേടിത്തരുന്ന പുതിയ ചിത്രങ്ങളുമായി ചലച്ചിത്രരംഗത്ത് വീണ്ടും സജീവമാവുന്ന അദ്ദേഹം ഇപ്പോൾ തന്റെ മൂന്നാമത്തെ ഫീച്ചർ ഫിലിമിന്റെ ജോലി ആരം ഭിച്ചിരിക്കയാണ് .
                                    +++++++++++++++++
                                      (കടപ്പാട്: TrueCopy Webzine)

Comments

Popular posts from this blog

BANARAS

"THE BELL TOLLS FOR THEE"

CHILDREN OF HEAVEN