അച്ഛൻ


ഏറിയ സന്തോഷത്തോടെ ആയിരുന്നു അയാൾ വൈകിയ സായാഹ്നത്തിൽ 
മകന്റെ ഭാര്യവീട്ടിൽ പോയത്,  
നിമിഷ നേരം കൊണ്ടായിരുന്നു
ആ വീട്ടുകാരുടെ മുന്നിൽ  
അയാൾ വിറളി നിന്നു പോയ 
നിമിഷം വന്നു ചേർന്നത്.. 

എന്തെന്നാൽ, 
അറിയാതെ വായിൽ കഫം 
നിറഞ്ഞപ്പോൾ ആണ് 
അച്ഛൻ ഒന്ന് നീട്ടി ഒന്ന് തുപ്പാൻ ഇടയായത്..

ഭംഗിയുള്ള ചുമരിന്മേൽ 
അത്‌ പതിഞ്ഞു താഴേക്ക് ഒലിച്ചപ്പോ, 
അത്‌ കണ്ടിട്ടാണ് മരുമകൾ ദേഷ്യപ്പെട്ട് 
അടുത്ത് കണ്ട ഒരു കാലി ഗ്ലാസ്സ് 
എടുത്തു താഴേക്ക് എറിഞ്ഞുടച്ചത്.. 

വിറച്ച കൈ കൊണ്ട് അച്ഛൻ 
പെട്ടന്നു തന്നെ അത്‌ 
തുടയ്ക്കാൻ തുനിഞ്ഞത്..
അത്‌ കണ്ടിട്ട് ഓക്കാനം വന്ന 
പോലെ അവൾ ഇരുന്നിടത് 
നിന്നു അകത്തേക്ക് പോയത്..

അച്ഛൻ വാക്കുകൾ കിട്ടാതെ വിറയ്ക്കുന്നുണ്ടായിരുന്നു..

ചെയ്‌തു പോയ അബദ്ധത്തെ 
കൈകൾ കൂപ്പി അദ്ദേഹം ക്ഷമിക്കണം 
എന്ന് പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു..

പക്ഷെ,  
വാക്കുകൾ വരുന്നതിനു മുന്നേ തന്നെ 
ഇരു കണ്ണുകളും നിറഞ്ഞിരുന്നു..

വെറുതെ ഏവരും കാൺകെ 
ചുളിവുകൾ വീണതും, 
കരിമ്പിൻ വീണ ഷിർട്ടിന്റെ 
കോളറിൽ ചിറി തുടച്ചു അയാൾ ചിരിച്ചു.. 

അടുത്ത് നിന്ന മകന്റെ 
തല കുനിഞ്ഞിരിക്കുന്നത് കണ്ടപ്പോ 
ആ അച്ഛന്റെ ഹൃദയത്തിൽ 
അതി വേദനയോടെ 
ഒരു മിന്നൽ പാഞ്ഞു പോയി.. 

ഏവരോടും യാത്ര പറഞ്ഞ് 
തന്റെ വീട്ടിലേക്ക് യാത്ര പറഞ്ഞിറങ്ങി. 

( മണിക്കൂറുകൾ കഴിഞ്ഞതും 
അവരും വീട്ടിലേക്ക് )

അച്ഛൻ മെല്ലെ പതിയെ 
വെച്ചു വെച്ചു മുറിയിലേക്ക് 
നടക്കുമ്പോൾ വെറുതെ ഭിത്തിയിൽ 
മാല ചാർത്തി ഇട്ടിരിക്കുന്ന 
അവളുടെ മുഖത്തേക്ക് നോക്കി..

"തന്നെ അത്രമേൽ സ്നേഹിക്കുന്ന 
ഒരു ഭാര്യ തന്റെ ഭർത്താവിരിക്കെ 
മരിക്കുമ്പോൾ അവിടെ 
ആ പുരുഷനും പകുതി മരിക്കുകയാണ്" 
എന്ന് ഹൃദയം നീറി അയാൾ ഓർത്തു.. 

അച്ഛന് എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാരുന്നു.... 
ആ അച്ഛൻ ഒറ്റയ്ക്കായിരുന്നു..... 

ആ അച്ഛന് വേണ്ടി 
ഒരു അഞ്ചു മിനിറ്റ് മാറ്റി വെക്കാൻ
ആരുമുണ്ടായിരുന്നില്ല... 

അയാൾ കഴിക്കുമ്പോ 
വിളമ്പി കൊടുക്കുവാനോ 
കൂടെ ഇരിക്കുവാനോ 
ആരും ഉണ്ടായിരുന്നില്ല...

അയാളുടെ തൊണ്ട വരളുമ്പോൾ 
അടുക്കള വശത്ത് 
അയാൾ തന്നെ പോയി വെള്ളം എടുക്കും..

അയാൾക്ക് വേണ്ടി 
പാത്രങ്ങളും വസ്ത്രങ്ങളും 
വേർതിരിച്ചു തന്നെ ഇരുന്നു..

ഇടയ്ക്കൊക്കെ അയാളുടെ 
മകൻ അവൾ കാണാതെ 
ആരുമാരും കാണാതെ 
ആ അച്ഛന്റെ അടുത്ത് വന്നൊന്നിരിക്കും..

ചുളിവ് വീണ കയ്യിൽ മെല്ലെ ഒന്ന് പിടിക്കും...

അവന്റെ ഹൃദയമിടിപ്പ് കൂടുകയും 
കണ്ണുകൾ നിറയുന്നുണ്ടെന്നും 
അച്ഛന് അറിയാമായിരുന്നു..

അച്ഛൻ മെല്ലെ പറയും
"സാരമില്ലടാ ഒക്കെ ശീലായി "
അവൾ കാണേണ്ട പൊക്കൊളു " ന്ന് 

അവൻ ഒരിക്കൽ 
അച്ഛന്റെ മടിമേൽ 
തല കുമ്പിട്ടിരുന്നുകൊണ്ട് ചോദിച്ചു
അച്ഛാ ഈ ഞാൻ ഒരു കഴിവുകെട്ടവൻ ആണെന്ന് തോന്നണുണ്ടോ??  

ഒരൊറ്റ ചോദ്യത്തിൽ 
ആ അച്ഛന്റെ മനസ്സ് ഹൃദ്യമാകുകയും, കണ്ണുകൾ ഈറനണിയുകയും 
തഴമ്പ് വീണ വിറയ്ക്കുന്ന 
കൈകൾ കൊണ്ട് 
ആ മകന്റെ മുഖം കൈകളിൽ എടുക്കയും.. 
നെറ്റിയിൽ ചോര വറ്റി വരണ്ട 
ചുണ്ട് കൊണ്ട് നേരിയ 
ഒരു ചുംബനം നൽകുകയും ചെയ്തു.... 

അച്ഛന് പരാതിയും 
പരിഭവങ്ങളും ഇല്ലായിരുന്നു..

മുൻപൊരിക്കൽ കിടക്കയിൽ 
ഒന്ന് മൂത്രമൊഴിച്ചപ്പോ ആണ് 
അവൾ വലിയ വായിൽ 
അയാളുടെ മുന്നിൽ 
വിരൽ ചൂണ്ടി സംസാരിച്ചത്..

ഒരു വാക്ക് പോലും 
തിരിച്ചു പറയാൻ ആവാതെ 
ആ അച്ഛൻ നിന്നു ഉരുകിയപ്പോ 
ആണ് ആ മകൻ കൈ ഓങ്ങി കൊണ്ട് 
അവളുടെ അടുത്തേക്ക് പാഞ്ഞടുത്തത്..

ഇടയിൽ കയറി വന്ന 
അവരുടെ കുഞ്ഞു പെൺ പൈതലിനെ 
ഓർത്തുകൊണ്ട് ആ മകൻ 
തിരിഞ്ഞു നടന്നപ്പോൾ ആ അച്ഛന്റെ 
മുന്നിൽ നിന്നുകൊണ്ട് അവൾ പറഞ്ഞു.. 

"സമാധാനമായല്ലോ 
ന്റെ കുടുംബത്തിന്റെ സമാധാനം 
നിങ്ങൾ ഒരാൾ കാരണം ഇല്ലാതായി "..

ഒരായിരം അമ്പുകൾ 
ചെവിയിൽ കൊണ്ട് 
കേറുന്നപോലെ അയാൾക്ക്‌ തോന്നി..

ആ വീട്ടിൽ അയാളോട് 
അല്പം സ്നേഹം കാണിച്ചിരുന്ന 
ഒരേ ഒരു വ്യക്തി 
തന്റെ മകന്റെ കുഞ്ഞോമന ആയിരുന്നു..

കുഞ്ഞൂട്ടിയേ എന്ന് അയാൾ 
വിളിക്കുമ്പോൾ അവൾ ഓടിയെത്തും..

ആ കുസൃതി കുടുക്ക 
അയാളോട് കലപില മിണ്ടുകയും..
അയാളെ കളിപ്പിക്കുവാനായി 
ഒളിച്ചു നിൽക്കുകയും, 
അവൾക്കു കിട്ടുന്നതിന്റെ 
പാതി ചോന്നു തുടുത്ത
കൈകളിൽ ഒളിപ്പിച്ച്  
ആ അച്ഛന് കൊണ്ട് 
കൊടുക്കുകയും ചെയ്തിരുന്നു..

അപ്പൂപ്പാ എന്നുള്ള അവളുടെ 
നീട്ടിയ വിളിയിൽ അയാൾക്ക് 
എന്തെന്നില്ലാത്ത സന്തോഷം 
ഉണ്ടാവുകയും അയാളുടെ 
മനസ്സിൽ ഒരു ഹൃദ്യത 
ഉണ്ടാവുകയും ചെയ്തിരുന്നു.. 

'അന്നൊരു നശിച്ച ദിവസം ആയിരുന്നു, 


അയാൾ നട്ട പച്ചക്കറികളുടെ 
വിള എങ്ങനൊക്കെയായി എന്നും, 
അവിടെ മിനുക്കു പണികൾക്കുമായി 
അച്ഛൻ പോയപ്പോ അയാളുടെ 
പിറകെ കുഞ്ഞൂട്ടിയും ഇറങ്ങി.

അച്ഛന്റെ കണ്ണ് തെറ്റിയ 
ഏതോ ഒരു നിമിഷത്തിൽ കുഞ്ഞൂട്ടി 
പുറത്തേക്ക് ഓടുകയും 
വേഗത്തിൽ വന്ന വാഹനത്തിന്റെ 
ഇടയിൽ അവളുടെ ഉയർന്നു 
പൊങ്ങിയ ശ്വാസം നിലക്കുകയും ചെയ്തു..

കൂട്ട നിലവിളിയോടെ 
എല്ലാവരും അവളെ വാരി 
എടുക്കുമ്പോഴും അച്ഛൻ 
ഒന്നും മനസ്സിലാവാതെ 
ചുറ്റും നോക്കുന്നുണ്ടായിരുന്നു..

കുഞ്ഞൂട്ടിയുടെ ജീവനില്ലാത്ത 
ശരീരം കോലായയിൽ 
കൊണ്ടു വെക്കുമ്പോൾ അച്ഛൻ 
വിറയലോടെ ചെന്ന് അടുത്ത് നിന്നു..

ഉരുണ്ടു പൊന്തിയ കുഞ്ഞൂട്ടിയുടെ 
കവിളിൽ അച്ഛൻ തൊട്ടപ്പോ ആണ്
കുഞ്ഞൂട്ടിയുടെ അമ്മ 
അലറി വിളിച്ചു എണീറ്റത്..

"കൊന്നില്ലേ.. കൊന്നില്ലേ നിങ്ങൾ"
കൊലയ്ക്കു കൊടുത്തില്ലേ നിങ്ങൾ??

അവൾ പറഞ്ഞുകൊണ്ട് 
നെഞ്ചത്തടിച്ചുകൊണ്ടേ ഇരുന്നു..
നൂറു നൂറു കണ്ണുകൾ 
തന്നെ നോക്കുന്ന പോലെ 
ആ അച്ഛന് തോന്നി..

എല്ലാവരുടെയും ചോദ്യങ്ങൾക്കു 
അയാൾ ഉത്തരം പറയേണ്ടി വരും..
എല്ലാവരുടെയും വിരലുകൾ 
അയാൾക്ക് നേരെ ഉയരുന്ന 
പോലെ ആ അച്ഛന് തോന്നി.. 

അയാളുടെ ഹൃദയത്തിന്റെ 
താളം മെല്ലെ തെറ്റി... 

മനസ്സിന്റെം... 

അയാൾ പതുക്കെ ഒന്ന് ചിരിച്ചു...

ചിരിച്ചു കൊണ്ടയാൾ കമിഴ്ന്നു വീണു...

ഊരി പോയ മുണ്ടിനെ വാരി 
ചുറ്റി അയാൾ പൊട്ടി പൊട്ടിച്ചിരിച്ചു..
പൊടുന്നനെ അയാൾ 
ഭീതിയോടെ ചുറ്റും നോക്കി.. 
ഒരു അലർച്ചയോടെ കണ്ണ് പൊത്തി..... 

മകൾ നഷ്ടപെട്ട വേദന
കടിച്ചമർത്തി ആ മകൻ 
ആ അച്ഛന്റെ എല്ലു പൊന്തിയ 
കൈകളിൽ പിടിച്ചു,  
നിസ്സഹായതയോടെ നോക്കി…

( ചിത്രം ; Pinterest )


Suchin.

Comments

Popular posts from this blog

BANARAS

"THE BELL TOLLS FOR THEE"

CHILDREN OF HEAVEN