കറുത്ത മിശിഹായെ ചതിക്കുന്ന ജൂദാസ്
കറുത്ത മിശിഹായെ ചതിക്കുന്ന ജൂദാസ്
സി വി രമേശൻ
“ People say you fight fire best with fire, but we say you put fire out best with water. We say you don’t fight racism with racism. We’re gonna fight racism with solidarity.”- Fred Hampton
“ എന്തൊരു സ്നേഹമുള്ള മനുഷ്യൻ ! അദ്ദേഹം ജീവിച്ച ഈ ഭൂമിയിൽ കഴിയാനുള്ള അവസരം ലഭിച്ച നാം ഏറെ ഭാഗ്യവാന്മാരാണ് . ഫ്രെഡ്, താങ്കൾ ഞങ്ങൾക്ക് നൽകിയ ഈ പ്രകാശത്തിനു നന്ദി. ഇരുപത്തൊന്നു വർഷം മാത്രമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും അതിനുള്ളിൽ വളരെയേറെ കാര്യങ്ങൾ താങ്കൾ
ചെയ്തു . ചിക്കാഗോയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകി, അവർക്ക് സൗജന്യമായി വിദ്യാഭ്യാസവും വൈദ്യസഹായവും നൽകി. മനുഷ്യരെ സ്നേഹിക്കാൻ എന്നെപഠിപ്പിച്ചത് താങ്കളാണ്.” ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളീൽ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട ഡാനിയൽ
കലൂയ ( Daniel Kaluuya) , അമേരിക്കയിലെ കറുത്തവരുടെ നേതാവായിരുന്ന ഫ്രെഡ് ഹാംപ്റ്റണെ (Fred Hampton) ഇങ്ങിനെയാണ് ഓർമ്മിക്കുന്നത് . 'ജൂദാസ് ഏൻഡ് ദ ബ്ലേക്ക് മിശിഹ (Judas and the Black Messiah)യിലെ, അമേരിക്കയിലെ കറുത്തവരുടെ സംഘടനയായ ബ്ളേക്ക് പാന്തർ പാർട്ടി (Black Panther Party,B.P.P) നേതാവ് ഫ്രെഡ് ഹാംപ്റ്റംണിന്റെ വേഷമാണ് കലൂയയ്ക്ക് അവാർഡ് നേടിക്കൊടുത്തത് . പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ തന്റെ ആരാദ്ധ്യപുരുഷനെ അദ്ദേഹം ഇങ്ങിനെ ഓർമ്മിക്കുകയാണ് .
'ജൂദാസ് ഏൻഡ് ദ ബ്ലേക്ക് മിശിഹ'യിലൂടെ ബൈബിളിലെ ജൂദാസ് അമേരിക്കയിലെ ചിക്കാഗോനഗരത്തിൽ വീണ്ടുമെത്തുന്നു . അമേരിക്കൻ സമൂഹത്തിൽ പീഡിക്കപ്പെടുന്ന കറുത്തവരെ രക്ഷിക്കാനെത്തിയ കറുത്ത മിശിഹായെ ചതിച്ച് കൊല്ലുക എന്ന തന്റെ ദൗത്യം അയാൾ കൃത്യമായി നിർവ്വഹിക്കുന്നു . അമേരിക്കൻ ജീവിതത്തിൽ കറുത്ത വർഗ്ഗക്കാർക്കെതിരെ അവർക്കിടയിൽ നിന്ന് ഇപ്പോഴും ഇത്തരം ജൂദാസുമാർ രംഗത്തുവരുന്നു. ഭരണകർത്താക്കൾക്കും പോലീസിനുമൊപ്പം ചേർന്ന് അവർ കറുത്തവരുടെ അവകാശങ്ങൾ കൈയ്യടക്കുകയും പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുകയും ചെയ്യുന്നു . മാർട്ടിൻ ലുഥർ കിങ്ങ്, മാൽക്കെം എക്സ്, ഫ്രെഡ് ഹാംപ്റ്റൺ അതുപോലെ കറുത്തവർക്കായി ശബ്ദമുയർത്തിയ നിരവധി നേതാക്കളുടെ രക്തമൊഴുകിയ അമേരിക്കൻ തെരുവുകളിൽ ഇപ്പോഴും കറുത്തവന്റെ രക്തച്ചാലുകൾ പടർന്ന് കിടക്കുന്നു .
അമേരിക്കയിൽ കറുത്തവർക്കെതിരെ നടന്നുകൊണ്ടിരിക്കു ന്ന വംശീയമായ കടന്നുകയറ്റങ്ങളും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും പ്രമേയമാക്കിക്കൊണ്ട് നിരവധി ഡോക്യുമെന്ററികളും ഫിക്ഷൻ ഫിലിമുകളും നിർമ്മിക്കപ്പെടുന്നുണ്ട് . അവയിൽ മിക്കവയും ലോകസിനിമയിൽ അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുകയുമാണ് . 2014 ൽ പുറത്തിറങ്ങിയ , അവാ ദുവെർനെ ( Ava DuVernay) യുടെ സെൽമ(Selma ) കറുത്തവർക്ക് സമ്മതിദാനാവകാശം നേടാനായി അമേരിക്കയിൽ നടന്ന പ്രക്ഷോഭങ്ങൾ ആവിഷ്ക്കരിക്കുമ്പോൾ , 2016 ൽ നിർമ്മിച്ച ഹിഡ്ഡൺ ഫിഗ്ഗേഴ്സ് (Hidden igures), അമേരിക്കയിലെ പ്രസിദ്ധമായ നേഷനൽ ആരോനോട്ടിക്സ് ഏൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേ ഷനി (National Aeronautics and Space Administration) നിൽ മനുഷ്യരെ ശൂന്യാകാശത്തിലേക്കലയക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്ന ആഫ്രിക്കൻ -അമേരിക്കൻ ഗണിശാസ്ത്രജ്ഞകളുടെ ജീവിതം ദൃശ്യവൽക്കരിക്കുന്നു . കു ക്ളു ക്ലാൻ (Ku Klux Klan ) എന്ന വെള്ളക്കാരുടെ ഭൂരിപക്ഷമുള്ള സംഘടനയിൽ നുഴഞ്ഞു കയറുന്ന കറുത്ത വംശജന്റെ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന സ്പൈക്ക് ലീ(Spike Lee ) യുടെ 2018 ചിത്രം ബ്ലാക്ക്ക്ളാൻസ്മേനി (BlacKkKlansman) നുശേഷം , തന്റെ രാഷ്ട്രീയം കാരണം അമേരിക്കയിലെ മയക്കുമരുന്ന് ലോബിയുടെ തോക്കിനിരയായ പാട്ടുകാരിയുടെ ജീവിതം പറയുന്ന 2021 ലെ
‘ദ യുനൈറ്റെഡ് സ്റ്റെയിറ്റ്സ് vs ബില്ലീ ഹോളിഡേ’ (The United States vs. Billie Holiday) യിൽ എത്തിനിൽക്കുകയാണ് വർണ്ണവിവേചനവും അതുണ്ടാക്കുന്ന സം ഘർഷങ്ങളും കൊലപാതകങ്ങളും ആവിഷ്ക്കരിക്കുന്ന അമേരിക്കൻ ചിത്രങ്ങളുടെ ചരിത്രം .
ഫ്രെഡ് ഹാംപ്റ്റണീന്റെ വധം നടന്ന് അമ്പത്തൊന്ന് വർഷങ്ങൾ കഴിഞ്ഞു. ഇതിനിടയിൽ സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു . 2020 ൽ പുറത്തിറങ്ങിയ അമേരിക്കൻ സംവിധായകൻ ആരോൺ സോർകിന്റെ (Aaron Sorkin) 1968 യിൽ ചിക്കാഗോവിൽ നടന്ന ഡെമോക്രാറ്റിക്ക് നേഷനൽ കൺവെൻഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമങ്ങൾ ആവിഷക്കരിക്കുന്ന നെറ്റ്ഫ്ളിക്സ് ചിത്രം
The Trial Of The Chicago 7, 1969 ഡിസമ്പർ നാലിനു നടന്ന ഹാംപ്റ്റന്റെ വധവുമായി ബന്ധപ്പെട്ട , 27 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി Death Of A Black Panther: Fred Hampton , ഇരുപതാം നൂറ്റാണ്ടിലെ സംഘർഷഭരിതമായ എട്ട് വർഷങ്ങളിൽ അമേരിക്കയിൽ നടന്ന കറുത്തവർഗ്ഗക്കാരുടെ വിയറ്റ് നാം യുദ്ധപ്രതിഷേധങ്ങൾ മുതൽ ബ്ളേക്ക് പാന്തർ പാർട്ടി സമരങ്ങൾ വരെയുള്ള സ്വീഡിഷ ഫിലിം ഗ്രൂപ്പിന്റെ ചിത്രീകരണം The Black Power Mixtape 1967—1975( 2011) , 2015ൽ സ്റ്റാൻലി നെൽസൺ ജൂനിയർ (Stanley Nelson Jr) സംവിധാനം ചെയ്ത ,അമേരിക്കൻ സമൂഹത്തിൽ പാന്തേഴ്സിന്റെ സ്വാധീനം രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി The Black Panthers: Vanguards Of The Revolution എന്നിവ അവയിലുൾപ്പെടുന്നു. പ്രസിദ്ധ അമേരിക്കൻ ചലച്ചിത്രകാരൻ സ്പൈക് ലീയുടെ മൂന്നര മണിക്കൂറിലുള്ള ചിത്രം Malcolm X, മാൽകം എക്സിന്റെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ 1965 ലെ വധവും ആവിഷക്കരിക്കുന്നു . 1971 ലെ ഹൗവാർഡ് ആക്കി(Howard Alk) ന്റെ ഡോക്യുമെന്ററി The Murder of Fred Hampton ഹാംപ്റ്റന്റെ വധവും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ദൃശ്യവൽക്കരിക്കുന്നു . ഹാംപറ്റ്ന്റേയും അതുപോലുള്ളവരുടേയും പോരാട്ടങ്ങൾക്ക് ശക്തി പകരുക അതോടൊപ്പം അമേരിക്കൻ ഭരണകൂടവും പോലീസും ആ സമരങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ തുറന്നു കാട്ടുക എന്ന ദൗത്യം അമേരിക്കൻ ചലച്ചിത്രസമൂഹം കൃത്യമായി നിർവ്വഹിക്കുന്നു എന്ന് തന്നെയാണ് ഈ ചിത്രങ്ങൾ തെളിയിക്കുന്നത് .
ഫ്രെഡ്ഡ് ഹാംപ്റ്റൺ ചെറുപ്പകാലം മുതൽ തന്റെ ജീവിതം അമേരിക്കയിലെ കറുത്തവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി മാറ്റിവെച്ചിരുന്നു .
1948 ൽ അമേരീക്കയിലെ ഇല്ലിനോയിസിൽ ജനിച്ച ഹാംപ്റ്റൺ , സ്കൂൾ കാലത്ത് തന്നെ കറുത്തവരുടെ അവകാശങ്ങൾക്കായി പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സംഘടപ്പിച്ചു. 1966 ൽ ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം കറുത്തവരുടെ മക്കൾക്കായി നീന്തൽക്കുളം നിർമ്മിച്ചുകൊണ്ട് എഫ്.ബി.ഐ.യുടെ നോട്ടപ്പുള്ളികളുടെ പട്ടികയിലുൾപ്പെട്ടു . 1968 ലാണ് അദ്ദേഹം ബ്ലേക്ക് പാന്തർ പാർടിയിൽ ചേരുന്നത് . കുട്ടിക്കാലം മുതൽ ആവേശമുണ്ടാക്കുന്ന പ്രസംഗങ്ങൾ നടത്തി ഹാംപ്റ്റൺ പ്രശസ്തി നേടി . മാർടിൻ ലൂഥർ കിങ്ങിന്റേയും മാൽകം എക്സിന്റേയും പ്രസംഗങ്ങൾ മ:നപാഠമാക്കിയിരുന്ന അദ്ദേഹം , ബിപി.പി.യുടെ മുൻനിരപ്രവർത്തകനായി മാറി . അമ്മമാരോടും , കുട്ടികളോടും, നിയമവിദ്യാർത്ഥി കളോടും ബുദ്ധിജീവികളോടും കോളേജ് വിദ്യാർത്ഥികളോടൂം ഒരേ പോലെ പ്രസംഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു .
അത്തരം പ്രസംഗങ്ങളിലൂടെ എല്ലാതരം ആളുകളേയും ഒന്നിച്ചു ചേർത്ത് നിർത്താൻ ഹാംപ്റ്റണിനു കഴിഞ്ഞു . കറുത്തവരെ മാത്രമല്ല, സമൂഹത്തിൽ ഒറ്റപ്പെട്ടവരേയും മറ്റ് അവശതകൾ അനുഭവിക്കുന്നവരേയും അദ്ദേഹം ഒന്നിച്ചു നിർത്തി . ജനങ്ങളാണ് ശക്തിയെന്ന് മുദ്രാവാക്യത്തിലുറച്ചു നിന്ന ആ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പലപ്പോഴും ചെഗുവേരയെ തന്റെ പ്രസംഗങ്ങളിൽ ഉദ്ധരിക്കാറുണ്ടായിരുന്നു .
ബി.പി.പിയുടെ ഇല്യനിലിയോസ് സ്റ്റേറ്റിന്റെ ചെയർമാനും അമേരിക്കയുടെ വൈസ് ചെയർമാനുമായ ഹാംപ്റ്റൺ സമൂഹത്തിലെ മറ്റ് അവശരേയും ബി.പി.പി. ക്കൊപ്പം ചേർത്ത് കൊണ്ടാണ് പ്രസിദ്ധമായ 'റെയിൻബോ സഖ്യം ' (Rainbow Coalition) രൂപീകരിക്കുന്നത് . തൊലിയുടെ നിറത്തിനപ്പുറം ജീവിതാനുഭവങ്ങൾക്കായിരുന്നു എന്നും അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത് . അമേരിക്കൻ സ്റ്റേറ്റിന്റെ പീഡനങ്ങൾ നേരിടൂന്ന എല്ലാവരേയും ഒന്നിച്ചു നിർത്തി ശക്തമായ ഒരു പ്രതിരോധനിര ഫ്രെഡ് സൃഷ്ടിച്ചു . അതുകൊണ്ട് തന്നെയാണ് അമേരിക്കൻ ഭരണകൂടം അദ്ദേഹത്തെ വളരെയേറെ ഭയപ്പെട്ടിരുന്നത്. കൃത്യമായ മാർക്സിസ്റ്റ് -ലെനിനിസ്റ്റ് ചിന്താരീതിയിലുറച്ചു നിന്ന് കൊണ്ട് , വ്യക്തികൾക്കപ്പുറം ജനങ്ങൾക്കും അവരുടെ പ്രശ്നങ്ങൾക്കും പ്രാമുഖ്യം നൽകിക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടുപോയിരുന്നത് .അതോടെ , ബി.പി.പി.യുടെ ശക്തിയും സ്വാധീനവും അമേരിക്ക മുഴുവൻ വ്യാപിക്കുമെന്ന ഭീതിയിൽ എങ്ങിനെയെങ്കിലും ഫ്രെഡ്ഡിനെ അവസാനിപ്പി ക്കുക എന്നത് അമേരിക്കൻ രഹസ്യാന്വേഷ ഏജൻസിയായ എഫ്.ബി.ഐ.യുടെ പ്രധാന അജണ്ടയായി മാറി. അതിനായി പണം കൊടുത്ത് സ്വാധീനിച്ച വില്യം ഒനീലെന്ന ബി.പി.പി . പ്രവർത്തകനെ അവർ രഹസ്യങ്ങൾ ചോർത്തുന്നതിനായി നിയോഗിച്ചു. തുടക്കത്തിൽ ഐസ് ക്രീം മോഷ്ടിച്ചെന്ന നിസ്സാര കുറ്റം കെട്ടിച്ചമച്ച് ഫ്രെഡിനെ അവർ അറസ്റ്റ് ചെയ്തു ജയിലിലിട്ടു. അത് കൊണ്ട് ശ്വാശ്വത പരിഹാരമായില്ലെന്ന് തിറിച്ചറിഞ്ഞ് , 1969 ഡിസമ്പർ നാലിന്` അർദ്ധരാത്രി പതിനാലോളം പേരടങ്ങിയ പൊലീസ് സംഘം ഫ്രെഡ്ഡും ഗർഭിണിയായ ഭാര്യയും ഉറങ്ങിക്കിടക്കുന്ന മുറിയിൽക്കയറി അവർക്ക് നേരെ നിറയൊഴിച്ചു. ചിക്കാഗോ ജില്ലാ ഭരണാധികാരി എഡ്വേഡ് ഹൻറാഹന്റെ ( Edward Hanrahan) നേതൃത്വത്തിൽ നടന്ന ആ ആക്രമണത്തിൽ ഫ്രെഡ്ഡും മറ്റൊരു പ്രവർത്തകനും അവിടെത്തന്നെ മരിച്ചുവീണു. ചിക്കാഗോ നഗരം വിറങ്ങലിച്ചു നിന്ന ആ രാത്രി ഇപ്പോഴും നഗരവാ സികളുടേയും അവരുടെ മക്കളുടേയും ഓർമ്മകളീൽ നിറഞ്ഞുനിൽക്കുന്നു .
ഈ ചരിത്ര സംഭവമാണ് അമേരിക്കൻ സംവിധായകൻ ശാഖാ കിങ്
(Shaka King ) നിർമ്മിച്ച ' ജൂദാസ് ഏൻഡ് ദ ബ്ളേക്ക് മിശിഹ ' യിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. കോമഡി സംവിധായകനെന്ന് അറിയപ്പെട്ടിരുന്ന കിങ്ങിന്റെ ആദ്യഫീച്ചർ ഫിലിം 'ന്യൂലിവീഡ്സ് ‘ (Newlyweeds ,2013) ആയിരുന്നു . 2016 മുതൽ ആരംഭിച്ച 'ജൂദാസി' ന്റെ തയ്യാറെടുപ്പുകൾക്കിടയിൽ കോവിഡ് കടന്നു വന്നെങ്കിലും ചിത്രത്തെക്കുറിച്ചുള്ള തന്റെ പഠനങ്ങളും അന്വേഷണങ്ങളൂം കിങ്ങ് തുടരുകതന്നെ ചെയ്തു . ചരിത്രം ഇഷ്ടവിഷയമായ കിങ്ങ് , ഫ്രെഡ്ഡിന്റെ ജീവിതം പഠിച്ചു, അദ്ദേഹത്തിന്റെ കുടുമ്പാംഗങ്ങളെ കണ്ടു, ബി.പി.പി.യുടെ ഒരു വിഭാഗമായ Black Panther Party Cubsന്റെ ചെയർമാനും ഫ്രെഡ്ഡ് ഹാംപ്റ്റണിന്റെ മകനുമായ ഫ്രെഡ് ഹാംപ്റ്റൺ ജൂനിയറു (Fred Hampton Jr.) മായി ചർച്ചകൾ നടത്തി . ജൂദാസ് സിനിമയുടെ സെറ്റിൽ വരാറുണ്ടായിരുന്ന അദ്ദേഹം ചിത്രം കണ്ട ശേഷം ഇങ്ങിനെ അഭിപ്രായപ്പെട്ടു:” ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു, കുറച്ചുകൂടി രാഷ്ട്രീയം ചേർന്ന അന്തരീക്ഷമായിരുന്നെങ്കിൽ കൂടുതൽ മെച്ചമാവുമായിരുന്നു. ഒരു വിപ്ളവകാരി ഒരിക്കലും സംതൃപ്തനാവില്ലല്ലോ. “ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഫ്രെഡ് ഹാംപറ്റണെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ചും അനവധി ഡോക്യുമെന്ററികളും ഫീച്ചറുകളും പുറത്തിറങ്ങിക്കഴിഞ്ഞെന്ന് സൂചിപ്പിച്ചിരുന്നല്ലോ. അന്താരാഷ്ട്രചലച്ചിത്രകാരനായ സ്പൈക് ലീയേപ്പോലുള്ളവർ അദ്ദേഹത്തെക്കുറിച്ച് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 'ജൂദാസ് ഏൻഡ് ബ്ളേക്ക് മിശിഹാ'സംവിധാനം ചെയ്യുമ്പോൾ ശാഖാ കിങ്ങിന്റെ മനസ്സിലെന്തായിരുന്നു എന്ന് അറിയുന്നത് ചിത്രത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കും : "സ്വാതന്ത്ര്യം , അധികാരം എന്നീ രണ്ട് വിഭിന്നആശയങ്ങളെ മുമ്പോട്ട് വെക്കാനുള്ള ഒരു അവസരമായിരുന്നു അത് . ഫ്രെഡ് ഹാംപ്റ്റൺ ആരായിരുന്നു എന്നും അദ്ദേഹത്തിന്റെ വിശ്വാസം എന്തായിരുന്നെന്നും കാണിക്കാനുള്ള എളുപ്പവഴി അദ്ദേഹം എന്തൊക്കെ അല്ലായിരുന്നു എന്ന് പരിശോധിക്കുകയായിരുന്നു. മാനവികതയുടെ രണ്ട് എതിർധ്രൂവങ്ങളിലിരിക്കുന്നവരേയാണ് ചിത്രം അവതരിപ്പിക്കുന്നത്, ഒരാൾ എക്കാലത്തേയും ധീരനും മറ്റേയാൾ ഒരു ഭീരുവും. ഒരാൾ സോഷ്യലിസ്റ്റും
മറ്റേയാൾ ഒരു മുതലാളീയും . അത് വെറുമൊരു ബയോപിക് എന്നതിൽ നിന്ന് ചിത്രത്തെ ഉയർത്തി നിർത്തുന്നുണ്ട്. 'ബ്ളേക്ക് പാന്തേഴ്സ് ' ,ക്രിമിനലുകളുടെ ഒരു ഭീകരസംഘടനയാണെന്ന പ്രചരണത്തേയും വിശ്വാസത്തേയും മാറ്റാൻ ഇനിയും ധാരാളം ചെയ്യാനുണ്ട്. തോൽജാക്കറ്റിനിടയിൽ കത്തിയും തോക്കുമൊളിപ്പിക്കുന്ന ക്രിമിനിലകളായി അവരെ കാരിക്കേച്ചർ ചെയ്ത് സൃഷ്ടിക്കപ്പെട്ട നറേറ്റീവുകളെ പൊളിച്ചെഴുതകയായിരുന്നു എന്റെ ലക്ഷ്യം . അവർ സാമൂഹികസംഘാടകരും , തത്വചിന്തകരും മറ്റുള്ളവരെ സ്നേഹിക്കുന്നവരുമാണ് .ഇത് പ്രേക്ഷകരിലെത്തെ ത്തിക്കുക എന്നതായിരുന്നു ചിത്രം കൊണ്ട് ലക്ഷ്യമിട്ടിരുന്നത് “. ചിത്രം ഈ ലക്ഷ്യങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നത് അതിന്റെ കാഴ്ച വ്യക്തമാക്കുന്നു .
1968 ൽ മാർടിൻ ലൂഥർ കിങ്ങ് (ജൂനിയർ) വധിക്കപ്പെട്ടശേഷമുള്ള കാലത്തെ ചിക്കാഗോ നഗരം പശ്ചാത്തലമാക്കുന്ന ചിത്രത്തിലെ ' ജൂദാസ്' , വില്യം ഒനീൽ (ബിൽ ) (William ONiel) തനിക്കെതിരായ കേസിൽ നിന്ന് രക്ഷപ്പെടാനും പണത്തിനുമായാണ് എഫ്.ബി.ഐ. ഏജന്റായി ബി.പി.പി.യിൽ പ്രവർത്തിക്കു ന്നത് . പാന്തേഴ്സിനേക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ഒടുവിൽ ഫ്രെഡ്ഡിന്റെ മരണത്തിനു കാരണമായ വെടിവെപ്പ് വരെയെത്തിക്കുകയും ചെയ്ത വില്യം ഒനീലിന്റെ യഥാർത്ഥ ജീവിതത്തിലെ അഭിമുഖത്തിൽ ആരംഭിക്കയും അവസാനിക്കയും ചെയ്യുന്നു ചിത്രം . Eyes on Prize 2 എന്ന ഡോക്യുമെന്ററിക്കായി ഒനീലുമായി നടത്തിയ അഭിമുഖത്തിന്റെ ഭാഗമാണ് ഇതിനായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത് . 1960 കളിലും എഴുപതുകളീലും താൻ നടത്തിയ പ്രവർത്തന ങ്ങൾ ഈ അഭിമുഖത്തിൽ ഒനീൽ ന്യായികരിക്കുകയാണ് . തുടർന്ന് മാർടിൻ ലൂഥർകിങ്ങിന്റെ വധം , മാൽകം എക്സിന്റെ ജീവിതം എന്നീ സം ഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഫ്രെഡ്ഡിന്റെ ജീവിതത്തിലും പ്രവർത്തനങ്ങ ളിലുമെത്തുന്നു . കോളേജ് വിദ്യാർത്ഥികളോട് സംസാരിക്കുന്ന ഫ്രെഡ് അവരെ രാഷ്ട്രീയത്തിന്റെ കൃത്യമായ പാഠങ്ങളിലാണെത്തിക്കുന്നത് . അധികാരമെന്നാൽ തോക്കോ ഗ്രനേഡോ അല്ലെന്നും അത് ജനങ്ങളാണെന്നുമുള്ള മാർക്സിയൻ പാഠം തന്റെ പ്രവർത്തനങ്ങളിൽ ആദ്യന്തം അദ്ദേഹം സ്വീകരിക്കുന്നു . മുതലാളിത്തത്തെ സോഷ്യലിസം കൊണ്ട് മറികടക്കാനും , ജാതീയവും വംശീയവുമായ വേർതിരിവുക ളേയും അവയുണ്ടാക്കുന്ന ഭരണകൂട ഭീകരതകളേയും പ്രതിരോധിക്കാൻ ഫ്രെഡ് ആഹ്വാനം ചെയ്തു. അതേ സമയം , ചൈനക്കാർക്കും റഷ്യക്കാർക്കുമപ്പുറത്തുള്ള ശത്രുക്കളായാണ് ബ്ളേക്ക് പാന്തറിനേയും അവരുടെ നേതാവ് ഫ്രെഡ് ഹാംപ്റ്റണേ യുംഅമേരിക്കൻ ഭരണകൂടം വിലയിരുത്തുന്നത് . അമേരിക്കയിലെ ന്യൂ ലെഫ്റ്റ് വിഭാഗം പിന്താങ്ങുന്ന അവരെ എന്ത് വിലകൊടുത്തും നശിപ്പിക്കുക എന്നതായി എഫ്.ബി.ഐ.യുടെ അക്കാലത്തെ ലക്ഷ്യം . ഇതിനായി അന്നത്തെ എഫ്.ബി.ഐ ഡയറക്റ്ററായിരുന്ന എഡ്ഗാർ ഹൂവറി (Edgar Hoover) ന്റെ നേതൃത്വത്തിൽ COINTELPRO എന്ന പേരിൽ ഒരു പ്രത്യേക പരിപാടിക്ക് അവർ രൂപം നൽകി. 1956 മുതൽ 1971 വരെ എഫ്.ബി.ഐ., അമേരിക്കൻ ഭരണകൂടവുമായി ചേർന്ന് നടപ്പിലാക്കിയ COINTELPRO (Counter Intelligence Program) എന്ന നിയമവിരുദ്ധമായ ഈ പരിപാടി വഴി ,അമേരിക്കയിലെ രാഷ്ട്രീയസംഘടനകളിൽ നുഴഞ്ഞു കയറി രഹസ്യങ്ങൾ ചോർത്തുകയും അതുവഴി സം ഘടനപ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയുമായിരുന്നു അവർ . നിയമവിരുദ്ധമായ ആക്രമണങ്ങളിലൂടെ സംഘടനനേതാക്കളെ വധിക്കക അതുവഴി സം ഘടനയെ തകർക്കുക എന്നത് അവരുടെ പരിപാടിയുടെ ഭാഗമായിരുന്നു . അതനുസരിച്ചാണ് ഒനീലിനെ ചാരനായി നിയോഗിച്ച് ബി.പി.പി യുടെ രഹസ്യങ്ങൾ അവർ മനസ്സിലാക്കുന്നത് . ഇതൊക്കെ ചിത്രത്തിന്റെ ആദ്യഭാഗത്ത് കൃത്യമായി ആവിഷ്ക്കരിക്കുന്നുണ്ട് . എഫ്.ബി.ഐ.യുടെ വ്യാജ ഐഡന്റിറ്റി കാർഡുപയോഗിക്കുന്ന ഒനീൽ പോലീസ് പിടിയിലാവുന്നു . ഒരു കത്തിയോ തോക്കോ ഉപയോഗിച്ച് കാർ മോഷ്ടിക്കുന്നതിനു പകരം എന്തിനായിരുന്നു ഐഡൻറ്റിറ്റി കാർഡുപയോഗിച്ചതെന്ന എഫ്.ബിഐ ഏജന്റ് റോയ് ഫ്ളെച്ചറുടെ ചോദ്യത്തിന്` ഒനീലിന്റെ മറുപടി ചിത്രത്തിൽ വളരെ പ്രസക്തമാണ് . " തെരുവിലെ ഒരു കറുത്തവർഗ്ഗക്കാരന് കത്തിയോ തോക്കോ എളുപ്പത്തിൽ കിട്ടും , എന്നാൽ എഫ്.ബി.ഐ.യുടെ ഐഡന്റിറ്റി കാർഡ് അവയേക്കാളൊക്കെ ആളുകളളെ പേടിപ്പെടുത്തുന്നു . അതിനു പിന്നിൽ രാജ്യത്തിലെ മുഴുവൻ ആർമിയുമുള്ളതിനാൽ വലിയ കരുത്താണ് അത് ഒരാൾക്ക് നൽകുന്നത് “ .ഈ കരുത്തിന്റെ ബലത്തിലാണ് കറുത്തവർക്കെതിരെ എഫ്.ബി. ഐ. അതിക്രമങ്ങൾ നടത്തുന്നതും ഫ്രെഡ്ഡിനെ നേരിടുന്നതും . തന്റെ കുറ്റങ്ങൾക്ക് ഇരുപതോളം വർഷങ്ങൾ ജയിൽശിക്ഷ ലഭിക്കാവുന്ന ഒനീലിനെ എഫ്.ബി.ഐ വെറുതെ വിടുന്നത് , അയാൾ അവർക്കായി ചാരപ്പണിയെടുക്കാ മെന്ന കരാറിലാണ് .
ആദ്യസാന്നിദ്ധ്യത്തിൽത്തന്നെ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഫ്രെഡ്ഡിനെയാണ് നാം ചിത്രത്തിൽ കാണുന്നത് . പരിഷ്ക്കാരങ്ങളൂം വിപ്ളവവും തമ്മിലുള്ള വ്യത്യാസങ്ങൾ , ജനജീവിതത്തിനു മേൽ മുതലാളിത്തത്തിന്റെ കടന്നുകയറ്റം എന്നിവ വിശദീകരിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളോട് അദ്ദേഹം സംസാരിക്കുന്നു . അതിനൊടുവിലാണ് , പിന്നീട് ഫ്രെഡ്ഡിന്റെ കാമുകിയായി മാറുന്ന ഡെബോറാ ജോൺസണെ ( Deborah Johnson) അദ്ദേഹം പരിചയപ്പെടുന്നത്. മാവോയുടെയും ചെഗുവേരയുടേയും മാർക്സിന്റേ യുമൊക്കെ ചിന്തകളിലൂടെ മുമ്പോട്ട് പോകുന്നു ഫ്രെഡ്ഡിന്റെ പ്രസംഗങ്ങൾ. "വാക്കുകൾ മനോഹരങ്ങളാണ്, പ്രവർത്തികൾ അതിലേറെ ഭംഗിയുള്ളതും "
എന്ന ചെയുടെ പ്രസിദ്ധ വാചകം , രാഷ്ട്രീയത്തെക്കുറിച്ച് മാവോയുടെ നിർവ്വചനം , 'യുദ്ധം രക്തച്ചൊരിച്ചലോടു കൂടിയ രാഷ്ട്രീയമാണെന്നും രാഷ്ട്രീയം രക്തരൂക്ഷിതമല്ലാത്ത യുദ്ധമാണെന്നും ' ഫ്രെഡ് അനുയായികളെ ഓർമ്മിപ്പിക്കുന്നു. പ്രസംഗങ്ങൾക്കൊപ്പം , ഫ്രെഡ് നേതൃത്വം കൊടുക്കുന്ന ബി.പി.പി.യുടെ മറ്റ് പ്രവർത്തനങ്ങളും ചിത്രം രേഖപ്പെടുത്തുന്നുണ്ട്. കുട്ടികൾക്കുള്ള സൗജന്യഭക്ഷണവിതരണ പദ്ധതി ,സൗജന്യവിദ്യാഭ്യാസം , വൈദ്യസഹായം എന്നിവയുടെ മുൻനിരയിൽ ഫ്രെഡ് സജീവമാണ് .ഈ പരിപാടികളുടെ നോട്ടീസ് വിതരണം ചെയ്തുകൊണ്ട് ചിക്കാഗോ തെരുവുകളിലൂടെ നടക്കുന്ന അദ്ദേഹം നമുക്ക് മുമ്പിലെത്തുന്നു . എല്ലാ പരിപാടികളീലും കൃത്യമായ അച്ചടക്കം ആവശ്യപ്പെടുന്ന ഫ്രെഡ്ഡിനെ നാം
ചിത്രത്തിലൂടെ തിരിച്ചറിയുന്നുണ്ട് .
ചിത്രം മുമ്പോട്ട് പോകുമ്പോൾ , ഒനീലിന്റെ ആവശ്യമനുസരിച്ച് എഫ്.ബി.ഐ. ഏജന്റ് റോയ് മിച്ചെൽ അയാൾക്ക് കാർ നൽകുന്നു . അതോടൊപ്പം മിച്ചെൽ പുതിയ കാര്യങ്ങൾ അയാളിൽ നിന്ന് ആവശ്യപ്പെടുന്നുമുണ്ട് . അതനുസരിച്ച് ഫ്രെഡ്ഡിന്റെ സമീപത്ത് എപ്പോഴും സെക്യൂരിട്ടി ഓഫീസറായ ഒനീലിനെ നാം കാണുന്നു .അതു വഴി ബി.പി.പി.യുടെ എല്ലാ പ്രവർത്തനങ്ങളുടേയും വിശദാംശങ്ങൾ എഫ്.ബി.ഐ.ക്ക് ലഭിക്കുകയാണ് . ഇതിനിടയിൽ ചിക്കാഗോയിലെ മറ്റ് സമാന ഗ്രൂപ്പുകളായ ക്രൗൺസ്, സ്റ്റോൺസ്, ഡിസിപ്പിൾസ് എന്നിവരുമായി യോജിച്ചു കൊണ്ട് മുമ്പോട്ട് പോകാൻ ഫ്രെഡ് മുൻകൈയ്യെടുക്കുന്നു . അയാൾക്കൊന്നിച്ച് ഒനീൽ,ജെയ്ക്ക്, വിന്റേഴ്സ് ,ജൂഡി ഡെബോറ എന്നിവരും മറ്റ് അനവധി പ്രവർത്തകരുമുണ്ട് . ചർച്ചകൾക്കും വിശദീകരണങ്ങൾക്കും ശേഷം, ഫ്രെഡ് ചിക്കാഗോ നഗരത്തിലെ മർദ്ദിതരുടെ സഖ്യം 'റെയിൻബോ ' രൂപീകരിക്കുന്നു . കേവലം കറുത്തവരെ മാത്രമല്ല നാം ഈ സഖ്യത്തിൽ കാണുന്നത്. തൊലിനിറത്തിനപ്പുറം സമൂഹത്തിൽ പാർശ്വവൽ ക്കരിക്കപ്പെട്ടവരുടെ ഒരു സംഘമാണ് ഫ്രെഡ്ഡ് രൂപീകരിക്കുന്നത് .
1970 വരെ എഫ്.ബി.ഐ യ്ക്ക് വേണ്ടി ചാരനായി പ്രവർത്തിച്ച് വൻതുക നേടിയ ഒനീൽ , അഭിമുഖത്തിൽ തന്നെപ്പറ്റി മകനോട് എന്തു പറയുമെന്ന ചോദ്യത്തിന് അത് ചരിത്രം തീരുമാനിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നു . മാർടിൻ ലൂഥർ കിങ്ങ് ദിവസമായ 1990 ജനുവരി 15 നു ആദ്യമായി Eyes on the Prize 2 എന്ന ഡോക്യുമെന്ററി ടെലിവിഷൻ ചാനലിൽ പ്രദർശിപ്പിച്ചപ്പോൾ , അന്ന് വൈകുന്നേരം ഒനീൽ ആത്മഹത്യ ചെയ്തു . ഫ്രെഡ്ഡിന്റെ വധത്തിൽ പൊലീസ് 99 തവണയും ബി.പി.പി. പ്രവർത്തകർ 1 തവണയും വെടിവെച്ചിരുന്നു . എന്നിട്ടും 7 പാന്തർ പ്രവർത്തകർക്കെതിരെ വധശ്രമമുൾപ്പടെയുള്ള കേസുണ്ടായിരുന്നു. മരിക്കുമ്പോൾ ഫ്രെഡ്ഡീന്` 21 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നത് ആ രക്തസാക്ഷിത്വത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു . ഇത്തരം വിവരങ്ങളോടേയും ഫ്രെഡ്ഡിന്റെ മരണത്തിലുള്ള അനുശോചന പരിപാടിയോടേയുമാണ് ചിത്രമവസാനിക്കുന്നത് .
ഫ്രെഡ് ഹാംപ്റ്റണെക്കുറിച്ച് ഒരു ബയോപിക് നിർമ്മിച്ച് ചരിത്രം പുന രാവിഷ്ക്കരിക്കുക എന്നതിനുമപ്പുറം അദ്ദേഹത്തിന്റേയും ബി.പി.പി.യുടേയും പ്രവർത്തനങ്ങൾ സത്യസന്ധമായി ആവിഷ്ക്കരിക്കുക, ഒനീലിന്റെ ഭീരുത്വത്തെ വെളിപ്പെടുത്തുക എന്നിവയായിരുന്നു സംവിധായകൻ ലക്ഷ്യം വെച്ചിരുന്നത് . ആ ദിശയിൽ നോക്കുമ്പോൾ താൻ വർഷങ്ങളോളം ഗവേഷണം നടത്തി നിർമ്മിച്ച ചിത്രം 'ജൂദാസ് ഏൻഡ് ദ ബ്ലേക്ക് മിശിഹ 'യിൽ ശാഖാ കിങ്ങിനു സംതൃപ്തി അവകാശപ്പെടാവുന്നതാണ് . തന്നെ ജീവിതത്തിൽ പ്രകാശം കാണാൻ പഠിപ്പിച്ച , മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ച കറുത്ത മിശിഹ, ഫ്രെഡ് ഹാംപ്റ്റണെ മികച്ച രീതിയിൽ ത്തന്നെ തിരശ്ശീലയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് . മിശിഹയുടെ വ്യക്തിത്വവും ജൂദാസിന്റെ ജീവിതവും പരസ്പരബന്ധിതമാണല്ലോ . വില്യം ഒനീലെന്ന ജൂദാസിനെ ആവിഷ്ക്കരിക്കുമ്പോൾ അത് ഫ്രെഡിന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നുണ്ട് . അമേരിക്കൻ സമൂഹത്തിൽ കറുത്തവർക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേരെ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളും അനീതിയും പ്രതിരോധിക്കുന്ന ആരും നേരിടുന്ന ( നേരിട്ടതും ഭാവിയിൽ നേരിടാൻ പോകുന്നതുമായ ) ഭരണകൂടത്തിന്റേയും എഫ്.ബി.ഐ. പോലുള്ള ഏജൻസികളുടെയും മനുഷ്യാവകാശലംഘനങ്ങൾ ചിത്രം കേന്ദ്രീകരിക്കുന്നു . അതിനുള്ള ശക്തമായ ആയുധങ്ങൾ അവർ അതേ പീഡിതരിൽ നിന്ന് തന്നെ കണ്ടെടുക്കുന്നു . അതിനായി അതിസങ്കീർണ്ണങ്ങളായ വഴികളിലൂടെ സഞ്ചരിക്കുന്നു .പലപ്പോഴും പരസ്പരമറിയാതെ ചാരന്മാർ പ്രവർത്തിക്കുന്നു .ജൂദാസിൽ ഏജന്റ് റോയ് ഫ്ളെച്ചററിയാതെ പല കാര്യങ്ങളും നടക്കുന്നു . ലോകം മുഴുവൻ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളേക്കുറിച്ച് വാചാലമായി സംസാരിക്കയും, തങ്ങളുടെ പട്ടാളബലം ഉപയോഗിച്ച് അവിടങ്ങളിൽ അവകാശം സ്ഥാപിക്കയും ചെയ്യുന്ന ഒരു സ്റ്റേറ്റ് , തങ്ങളുടെ തെരുവുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ ചലച്ചിത്രാഖ്യാനമായി ജൂദാസ് ... മാറുന്നു . മിശിഹകൾ ജന്മമെടുക്കുമ്പോൾത്തന്നെ ജൂദാസുകളും സൃഷ്ടിക്കപ്പെടുമെന്നത് ചരിത്രസത്യമാണ് . ആധുനിക സമൂഹത്തിൽ അത്തരം ജൂദാസുകളെ സൃഷ്ടിക്കുന്നതിൽ എഫ്.ബി.ഐ കാണിക്കുന്ന ബുദ്ധിപരമായ സമീപനങ്ങൾ ചിത്രം പ്രേക്ഷകരിലെത്തിക്കുന്നു .
മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിലും ചെഗുവേരയുടേയും മാവോയുടേയും സിദ്ധാന്തങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ഫ്രെഡ് , തന്നെപ്പോലുള്ള കറുത്തവരുടേയും മറ്റ് അശരണരുടേയും ക്ഷേമത്തിനു വ്യത്യസ്തമായ വഴികളാണ് സ്വീകരിക്കുന്നത് . ഒരു യഥാർത്ഥവിപ്ളവകാരി മനുഷ്യസ്നേഹിയാണെന്ന പാഠം നമ്മെ ഫ്രെഡ് ഓർമ്മിപ്പിക്കുന്നു. ചിക്കാഗോ നഗരത്തിലെ പട്ടിണിക്കാരായ അയ്യായിരം കുട്ടികൾക്ക് പ്രഭാതഭക്ഷണവും വിദ്യാഭ്യാസവും വൈദ്യസഹായവും സൗജന്യമായി നൽകുകയെന്ന പരിപാടി രൂപപ്പെടുത്തിയ അദ്ദേഹം അത് കൃത്യമായി നടപ്പാക്കുന്നു . തനിക്കൊന്നിച്ചുള്ള ഓരോ അംഗത്തിന്റേയും ജീവിതവും സുരക്ഷയും ഫ്രെഡ് തന്റെ കൈകളിൽ ഭദ്രമാക്കി നിർത്തുന്നു.തന്റെ നെഞ്ചിനുനേരെ നീട്ടിപ്പിടിച്ച തോക്കിനു മുമ്പിൽ നടന്നുടക്കുന്ന ഫ്രെഡ്ഡിനെ പലപ്രാവശ്യം നാം കാണുന്നുണ്ട് .ഇവിടങ്ങളിലെല്ലാം അനീതിക്കെതിരായുള്ള പോരാട്ടമെന്ന തന്റെ ലക്ഷ്യം അദ്ദേഹത്തെ മുമ്പോട്ട് നയിക്കുന്നു . ചിത്രത്തിൽ പല ഘട്ടങ്ങളിലും അനാവശ്യവും അല്ലെങ്കിൽ മരണത്തിലേക്കെത്തിക്കുന്നതുമായ ഏറ്റുമുട്ടലുകൾ അദ്ദേഹം ഒഴിവാക്കുന്നു, അവയേക്കുറിച്ച് തന്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകുന്നു .അപ്പീൽ പരാജയപ്പെട്ട് , രണ്ടാമത്തെ തവണ ജയിലിലേക്ക് പോകുമെന്ന അവസ്ഥ വന്നപ്പോൾ , ക്യൂബയിലേക്കോ അൾജീരിയയിലേക്കോ പോകാൻ ആവശ്യപ്പെടുന്ന അനുയായികളോട് , ആ പണമുപയോഗിച്ച് ജനങ്ങൾക്കുള്ള വൈദ്യസഹായ പദ്ധതി മെച്ചപ്പെടുത്താൻ ഫ്രെഡ് ആവശ്യപ്പെടുന്നു . കറുത്തവനെന്നോ വെളുത്തവനെന്നോ ഉള്ള വ്യത്യാസങ്ങൾ മറന്നുകൊണ്ട് , സമൂഹത്തിലെ അവഗണിക്കപ്പെട്ടവരെ ഒന്നിപ്പിക്കുന്ന ഫ്രെഡ് , നിറമല്ല, മുതലാളിത്തവും ഫാസിസവുമാണ് മുഖ്യശത്രുവെന്ന് ആവർത്തിച്ചു പറയുന്നു . ഈ സവിശേഷവ്യക്തിത്വമാണ് ഫ്രെഡ്ഡിനെ ഒരേ സമയം കോളേജ് വിദ്യാർത്ഥികളുടേയും വീട്ടമ്മമാരുടേയും കൊച്ചുകുട്ടികളുടേയും ബുദ്ധിജീവികളുടേയും നേതാവാക്കി മാറ്റുന്നത് , അവരുടെ പ്രിയപ്പെട്ട പ്രാസംഗികനാക്കിത്തീർക്കുന്നത് .
ഫ്രെഡ്ഡെന്ന കറുത്തവരുടെ രക്ഷകന്റെ ജനസ്വാധീനമാണ് ഒനീലെ(ബിൽ )ന്ന നവജൂദാസിനെ സൃഷ്ടിക്കുന്നത്. ഫ്രെഡ് ഹാംപ്റ്റണിന്റെ ജീവിതത്തിലെ ജൂദാസ് , ബിൽ ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാണ് . സംഘടനയുടെ സെക്യൂരിറ്റി കമാൻഡറായ അയാൾ ഫ്ളെച്ചറുടെ എല്ലാ നിർദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കുന്നു. ബി.പി.പി. ആസ്ഥാനത്തുള്ള ആയുധങ്ങളുടെ കൃത്യമായ വിവരം ബിൽ അറിയിച്ചതുകൊണ്ട് അവിടം ആക്രമിക്കാൻ പൊലീസിന്` വളരെ എളുപ്പത്തിൽ കഴിയുന്നു. ആക്രമണസമയത്ത് തന്ത്രപൂർവ്വം അയാൾ അവിടം വിടുന്നു . അവസാനം , ഫ്രെഡ്ഡിയെ വധിക്കാനാണ് എഫ്.ബി.ഐ.യുടെ പരിപാടിയെന്ന് അറിഞ്ഞ ബിൽ , അയാളും കൂട്ടരും താമസിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ കൊടുക്കാൻ ഫ്ളെച്ചർ ആവശ്യപ്പെടുമ്പോൾ അതിനു തയ്യാറാകാതെ മടിച്ച് നിൽക്കുന്നു. അതിനു മുമ്പ് അത്തരം സന്ദർഭങ്ങളിൽ ചെയ്തിരുന്നതുപോലെ ഭീഷണിയുടെ സ്വരത്തിൽ ഫ്ളെച്ചർ ആവശ്യപ്പെടുമ്പോൾ ബിൽ അത് കൊടുക്കുന്നു. അതോടൊപ്പം ഫ്ളെച്ചറുടെ നിർദ്ദേശമനുസരിച്ച് ആക്രമണത്തിനു പരിപാടിയിട്ട രാത്രി ഫ്രെഡ്ഡിന്റെ മദ്യത്തിൽ ഉറക്ക് മരുന്ന് കലർത്തുന്നു ബിൽ . അങ്ങിനെയാണ് ഒരു പ്രതിരോധവുമില്ലാതെ ഫ്രെഡ്ഡിനെ വെടിവെച്ചുകൊല്ലാൻ പൊലീസ് സംഘത്തിനു കഴിയുന്നത് . ആക്രമണസമയത്ത് മദ്യപിക്കാനെന്ന വ്യാജേനെ ബിൽ പുറത്തുപോകുന്നു . എല്ലാം കഴിഞ്ഞ് , പ്രത്യുപകാരമായി ഒരു ഗ്യാസ് സ്റ്റേഷൻ സ്വന്തമാക്കുന്ന ബിൽ അതോടെ തന്റെ ജോലി അവസാനിപ്പിക്കുന്നില്ല. യാതൊരു കുറ്റബോധവുമില്ലാതെ അത് തുടർന്ന ബിൽ വൻസമ്പത്താണ് ഉണ്ടാക്കിയത്. ബിൽ , ചിത്രത്തിന്റെ കേന്ദ്രസ്ഥാന ത്തുള്ള ഫ്രെഡ്ഡിനു വളരെയേറെ കരുത്ത് നൽകുന്നുണ്ട് . സംവിധായകൻ സൂചിപ്പിക്കുന്നതു പോലെ , ബില്ലും ഫ്രെഡ്ഡും ജീവിതത്തിന്റെ വിരുദ്ധധ്രുവങ്ങളിൽ കഴിയുന്നവരാകുന്നുണ് . തന്റെ ചതിയുടെ ഓരോ ഘട്ടത്തിലും അൽപ്പം സങ്കോചത്തോടെയുള്ള ബില്ലിന്റെ മുഖം നമുക്കുള്ളിലെ ഫ്രെഡ്ഡിന്റെ വ്യക്തിത്വത്തിനാണ് ശക്തി പകരുന്നത് . ലാക്കിയെത് സ്റ്റാൻഫീൽഡി( Lakeith Stanfield)ന്റെ മികച്ച അഭിനയമാണ് ബില്ലിനെ ഇത്തരമൊരു കഥാപാത്രമായി മാറ്റുന്നത് . അമേരിക്കൻ രഹസ്യാന്വേഷണ സംഘമായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെന്ന എഫ്. ബി. ഐയുടെ കൃത്യവും ശക്തവുമായ അന്വേഷണം ലോകപ്രസിദ്ധമാണല്ലൊ. പരസ്പരമറിയാതെ ചാരന്മാരുടെ കണ്ണികൾ സൃഷ്ടിച്ചുകൊണ്ട്, ആളുകളുടെ മനശ്ശാസ്ത്രം പഠിച്ച് , അവർ വെക്കുന്ന കെണികളിൽ വീഴുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരുടെ പട്ടികയിൽ ഫ്രെഡ് ഹാം പ്റ്റണെന്ന കറുത്ത മിശിഹയും ഉൾപ്പെടുന്നു. കൊള്ളയും കൊലപാതവും ബലാൽസം ഘവും നടത്തുന്നവരും ,വിദ്വേഷം വിതക്കുന്നവരുമായി ചിത്രീകരിക്കപ്പെടുന്ന ബി.പി.പി. അംഗങ്ങൾ ഭീകരരായി ചിത്രീകരിക്കപ്പെടുന്നു. പരമ്പരാഗത ശത്രുക്കളായ റഷ്യക്കാർക്കും ചൈനക്കാർക്കും മേൽ അപകടകാരികളായി അമേരിക്ക അവരെ കാണുന്നു. എഫ് .ബി.ഐ. ഫ്രെഡ്ഡിനെതിരെ നീങ്ങുമ്പോൾ കൊച്ചുമകൾ സാമന്തയുടെ മുഖം ഓർമ്മിക്കാൻ ഏജന്റ് ഫ്ളെച്ചറോട് പറയുന്ന എഫ്.ബി.ഐ തലവൻ അയാളെ ഒരു കൊടും ക്രിമിനലായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അസത്യങ്ങളുടേയും വ്യാജമായി നിർമ്മിക്കപ്പെട്ട വാർത്തകളുടേയും പിൻബല ത്തിലാണ് ഈ സംഘടന കാലങ്ങളായി അമേരിക്കൻ ഭരണവർഗ്ഗ ത്തിന് സഹായകമായി പ്രവർത്തിച്ചു കൊണ്ടിരുന്നതും ഇപ്പോഴും അത് തുടർന്ന് പോരുന്നതും . അതിന്റെ കൃത്യമായ ഒരു ചിത്രം ജൂദാസ്.... നമുക്ക് നൽകുന്നുണ്ട് .
ചിത്രം നമുക്ക് മുമ്പിലെത്തിക്കുന്ന മറ്റൊരു പ്രധാന കഥാപാത്രമാണ് ഫ്രെഡ്ഡിന്റെ കാമുകി ഡെബോറ. പ്രസംഗം നടത്താനായി കോളേജിലെത്തിയ അയാളുടെ വ്യക്തിത്വത്തിലും പ്രസംഗത്തിലും ആകൃഷ്ടയായി ,ഒടുവിൽ അയാളുടെ കാമുകിയായ ഡെബ് വളരെ കരുത്തുള്ള ഒരു ബി.പി.പി പ്രവർത്തകയായി ചിത്രത്തിൽ ആവിഷ്ക്കരിക്കപ്പെടുന്നു . ഫ്രെഡ് വധിക്കപ്പെടുമ്പോൾ ഗർഭിണിയായിരുന്ന അവർ, തന്റെ മകനെ പാർടി വളർത്തുമെന്ന ദൃഡവിശ്വാസത്തോടെ കഴിയുന്നു . പിറക്കാൻ പോകുന്ന തന്റെ കുട്ടിയെക്കുറിച്ച ആശങ്കപ്പെടാറുള്ള ഫ്രെഡ്ഡിനോട് അത് അവർ തുറന്നു പറയാറുമുണ്ടായിരുന്നു . ഫ്രെഡ്ഡിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തി പകരുന്നു ഡെബോറ.
കത്തിയും തോക്കുകളുമായി തെരുവുകൾ കീഴടക്കിയ ഭീകരരായിരുന്നു ബ്ലേക്ക് പാന്തറുകളെന്ന ധാരണയെ തിരുത്തുകയായിരുന്നു സംവിധായകന്റെ ലക്ഷ്യം . ചിത്രത്തിൽ കാണുന്നതുപോലെ , യാതൊരു പ്രകോപകനങ്ങളുമില്ലാതെ ആയുധമെടുക്കുന്ന പോലീസിൽ നിന്ന് സ്വയം രക്ഷിക്കാനായി മാത്രം ആയുധമെടുത്തവരായിരുന്നു അവർ. അമേരിക്കയിൽ ഇപ്പോൾ നടന്നുകൊണ്ടിരി ക്കുന്ന ഇത്തരം സംഭവങ്ങൾ അവയുടെ തുടർച്ച മാത്രമാണ്. അടുത്ത കാലത്ത് അവിടെ നടന്ന കറുത്ത വർഗ്ഗക്കാരായ ബ്രിയോണ ടെയ് ലറുടേയും ജോർജ് ഫ്ളോയിഡിന്റേയും കൊലപാതകങ്ങൾ ലോകമെമ്പാടും പ്രതിഷേധങ്ങളൂണ്ടാ ക്കിയതാണല്ലോ. ഫ്രെഡ്ഡിന്റെ വധത്തിലവസാനിച്ച ആക്രമണവും എഫ്.ബി.ഐ.യുടേയും അമേരിക്കൻ പോലീസിന്റേയും ഏകപക്ഷീയമായ നടപടിയായാണ് സൂചിപ്പിക്കപ്പെടുന്നത് . ഉറങ്ങിക്കിടക്കുന്ന ഫ്രെഡ്ഡിനും പത്നിക്കും നേർക്ക് യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിച്ച അവർ , ആരാണ് യഥാർത്ഥത്തിൽ ക്രിമിനലുകളെന്ന് വ്യക്തമാക്കുകയാണ് .
സംവിധായകൻ ശാഖാ കിങ്ങ് സൂചിപ്പിക്കുന്ന ലക്ഷ്യങ്ങൾ മികച്ച രീതിയിൽത്തന്നെ ചിത്രം സാക്ഷാൽക്കരിക്കുന്നുണ്ട് എന്ന് അതിന്റെ കാഴ്ചയോടെ ശേഷം നാം തിരിച്ചറിയുന്നുണ്ട്. ഫ്രെഡ് ഹാംപ്റ്റണേക്കുറിച്ചും ബ്ളേക്ക് പാന്തർ പാർടിയേക്കുറിച്ചും നിർമ്മിക്കപ്പെട്ടിട്ടുള്ള മികച്ച ചിത്രങ്ങളിലൊന്നായി നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ നേടിയ ' ജൂദാസ് എൻഡ് ദ ബ്ലേക്ക് മിശിഹാ ' ചലച്ചിത്രചരിത്രത്തിൽ പരിഗണിക്കപ്പെടുമെന്നത് തീർച്ചയാണ് .
-----------------------------------
Comments
Post a Comment