ഗ്ലാസ്‌

15/8/2021
                             ഗ്ലാസ്
                                             പി.കെ. സുരേന്ദ്രന്‍

                  ( ബർട്ട് ഹാൻസ്ട്രാ )

പ്രശസ്ത ഡച്ച് ചലച്ചിത്ര സംവിധായകന്‍ ബര്‍ട്ട് ഹാന്‍സ്ട്ര ചെറുപ്പത്തിൽ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. വരകളിലൂടെ അദ്ദേഹം കഥകള്‍ പറയുമായിരുന്നു. (അദ്ദേഹത്തിന്റെ പിതാവ് ഒരു ചിത്രകാരനായിരുന്നു). ഒപ്പം ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു. ചലന ചിത്രങ്ങളില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം വര്‍ദ്ധിച്ച രീതിയില്‍ ജനപ്രീതി നേടിക്കൊണ്ടിരുന്ന സിനിമ എന്ന മാധ്യമത്തിൽ ആകൃഷ്ടനായി. ഹാന്‍സ്ട്രയുടെ ഉത്സാഹത്തിൽ ആകൃഷ്ടനായ ഒരു പ്രാദേശിക സിനിമാ തിയറ്റർ ഉടമ അദ്ദേഹത്തെ പ്രൊജക്ഷന്‍ റൂമിൽ നിന്ന് സൌജന്യമായി സിനിമകള്‍ കാണാന്‍ അനുവദിച്ചു. ഇതിലൂടെ സിനിമയില്‍ ആമഗ്നനാവാനുള്ള ഹാന്‍സ്ട്രയുടെ ആഗ്രഹം വര്‍ദ്ധിച്ചു. വലിച്ചെറിയപ്പെട്ട ഉപകരണങ്ങള്‍ ശേഖരിച്ച് ഒരു അധ്യാപകന്റെ സഹായത്തോടെ അദ്ദേഹം ഒരു പ്രൊജക്റ്റര്‍ ഉണ്ടാക്കി. തന്റെ ഗ്രാമത്തില്‍ പല ജോലികളും ചെയ്ത് സ്വരൂപിച്ച പണം കൊണ്ട് സിനിമകൾ വാങ്ങി അദ്ദേഹം തന്റെ പ്രോജക്ടറിലൂടെ പ്രദര്‍ശിപ്പിച്ചു.
പിന്നീട് അദ്ദേഹത്തിന് Royal Netherlands Academy of Arts-ല്‍ പഠിക്കാന്‍ അവസരം കിട്ടിയെങ്കിലും പഠനം നീണ്ടതായതിനാല്‍ സിനിമയിൽ പ്രവര്‍ത്തിക്കാനുള്ള താത്പര്യം കാരണം പഠനം തുടരാന്‍ തയ്യാറായില്ല. പിന്നീട് അദ്ദേഹം ഒരു പ്രസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. ഇതിലൂടെ സിനിമാക്കാരുമായി പരിചയത്തിലാവാം എന്നതായിരുന്നു ലക്ഷ്യം. ഈ ജോലി ചെയ്യവെ അദ്ദേഹം ഫോട്ടോഗ്രാഫിയിൽ പരീക്ഷണങ്ങള്‍ നടത്തി.
ചെറു സിനിമകള്‍ സംവിധാനം ചെയ്തായിരുന്നു തുടക്കം. ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണ ശേഷം പ്രശസ്തമായ Oeuvre Award Bert Haanstra Oeuvre Award എന്നാക്കി പുനര്‍ നാമകരണം ചെയ്തു. (ഹാന്‍സ്ട്രക്കും ഈ പുരസ്കാരം ലഭിക്കുകയുണ്ടായി).
അദ്ദേഹത്തിന്റെ പതിനൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്ലാസ് (1958) മികച്ച നല്ല ഡോക്യുമെന്ററിക്കുള്ള അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി.
ഗ്ലാസ് നിര്‍മ്മാതാക്കളായ Royal Leerdam Glass Works എന്ന കമ്പനിക്കുവേണ്ടി ഒരു പരസ്യ സിനിമ ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ ഹാന്‍സ്ട്രയെ സമീപിക്കുന്നു. ഇവിടെ ഗ്ലാസ് കൊണ്ടുള്ള വസ്തുക്കൾ രണ്ടു രീതിയിലാണ് ഉത്പാദിപ്പിക്കുന്നത്, കൈകള്‍ കൊണ്ടും യന്ത്രത്തിലൂടെയും. തൊഴിലാളികൾ പരമ്പരാഗത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് -- അവരുടെ കരകൌശലത്താല്‍ ഗ്ലാസ് വസ്തുക്കളെ വിദഗ്ധമായി രൂപപ്പെടുത്തുന്നു. മെക്കാനിക്കല്‍ ഗ്ലാസ് നിര്‍മ്മാണത്തിൽ യന്ത്രങ്ങൾ ഈ ജോലി അതി വേഗം ചെയ്യുന്നു. പരസ്യ സിനിമയ്ക്കായി ഫാക്ടറി സന്ദര്‍ശിച്ച ഹാന്‍സ്ട്രയിൽ ഒരു പുതിയ ആശയം ഉദിച്ചു. അസംസ്കൃത വസ്തുക്കള്‍ മുതല്‍ അന്തിമ ഉത്പന്നം വരെയുള്ള വ്യാവസായിക പ്രക്രിയ കാണിക്കുന്ന വെറും ഒരു പ്രോമോഷണല്‍ ഫിലിം എന്നതിനുപരി, കാണുന്നതിന് അപ്പുറം ചെന്ന് ഇതേ കുറിച്ച് എന്തുകൊണ്ട് ഒരു കലാപരമായ സിനിമ ഉണ്ടാക്കിക്കൂടാ? അങ്ങിനെയാണ് സ്വന്തം മുന്‍കൈയ്യിൽ പരസ്യ സിനിമയ്ക്കൊപ്പം ‘ഗ്ലാസ് ‘ എന്ന സിനിമ ജനിക്കുന്നത്. ഏതിലും, എന്തിലും കല കണ്ടെത്താനുള്ള ഒരു കലാകാരന്റെ മനസ്സാണ് ഈ സിനിമയുടെ ജനനത്തിന് പിന്നില്‍. ഒരു കലാകാരന് ഒന്നും നിഷിദ്ധമല്ല. കണ്ണുതുറന്ന് എല്ലാം കാണണം എന്ന് മാത്രം.
രണ്ടു തരത്തിലുള്ള ഗ്ലാസ് നിര്‍മ്മാണ രീതിയാണ് പത്തു മിനിട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ അവതരിപ്പിക്കുന്നത്‌. പരമ്പരാഗത ഗ്ലാസ് നിര്‍മ്മാണ രീതിയിൽ -- ഊതി ഗ്ലാസ് വസ്തുക്കള്‍ക്ക് ആകൃതി കൊടുക്കുന്ന രീതി -- അന്തര്‍ലീനമായ സൌന്ദര്യവും കരകൌശലവും അവതരിപ്പിക്കുന്നു. ഒപ്പം, യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഗ്ലാസ് വസ്തുക്കളുടെ നിര്‍മ്മാണവും അവതരിപ്പിക്കുന്നു.
സിനിമ നാല് ഭാഗങ്ങളായി തിരിച്ചതായി നമുക്ക് അനുഭവപ്പെടുന്നു. ആദ്യ ഭാഗം ഗ്ലാസ് വസ്തുക്കൾ നിര്‍മ്മിക്കുന്ന തൊഴിലാളികളെയാണ് കാണിക്കുന്നത്. ടൈറ്റിലുകള്‍ കഴിഞ്ഞ ഉടനെ ഇരുണ്ട ഫ്രെയിമില്‍ നാം കാണുന്നത് പ്രകാശ ഗോളങ്ങള്‍ ചലിക്കുന്നതാണ്. പല ആരോഹണ അവരോഹണത്തിലുള്ള സംഗീതം അകമ്പടിയായുണ്ട്. പതിയെ നാം മനസ്സിലാക്കുന്നു, ഈ തീ ഗോളങ്ങള്‍ ഫര്‍ണസിൽ നിന്ന് ഗ്ലാസുണ്ടാക്കാനുള്ള ലായിനി തൊഴിലാളികള്‍ ഒരു റോഡു കൊണ്ട് കോരിയെടുത്ത് ഗ്ലാസ് ഉണ്ടാക്കുന്നതാണ്. പിന്നീട് നാം കാണുന്നത് ഒരറ്റത്ത് ജ്വലിക്കുന്ന ലായിനിയുള്ള ഈ നീണ്ട കുഴലിനുള്ളിലേക്ക് ഓരോ തൊഴിലാളിയും ഊതുകയാണ്. അപ്പോള്‍ ലായിനി മനോഹര രൂപങ്ങളായി പരിണമിക്കുന്നു. ഇവരുടെ പ്രവര്‍ത്തിക്ക് അനുസൃതമായ രീതിയിലുള്ള സംഗീതം കൂടിയാകുമ്പോള്‍ പ്രവര്‍ത്തിയും സംഗീതവും ചേര്‍ന്ന് ഒഴുകുന്നതായി അനുഭവപ്പെടുന്നു. ഇവരുടെ പ്രവര്‍ത്തിയിലെ അനായാസത, പൂര്‍ണ്ണത എന്നിവയൊക്കെ പ്രകടമാണ്.
 തൊഴിലാളികളുടെ അഭാവത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് കുപ്പികള്‍ നിര്‍മ്മിക്കുന്ന കാഴ്ചയാണ് രണ്ടാം ഭാഗത്തില്‍. ഊതി ഗ്ലാസില്‍ നിന്ന് വസ്തുക്കള്‍ സൃഷ്ടിക്കുന്ന തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും സംയോജനമാണ് മൂന്നാം ഭാഗം. ഗ്ലാസ് നിര്‍മ്മാണ പ്രക്രിയയുടെ ദൃശ്യങ്ങൾ സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്നു. നാലാം ഭാഗത്തിൽ മണലിനും തീയ്ക്കും പുകയ്ക്കും പകരം ഊതുന്ന തൊഴിലാളികകളുടെ കവിളുകളും വിരലുകളും ചലനങ്ങളും സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്നു. അവരുടെ ജോലിയിലെ കൃത്യതയും കാര്യക്ഷമതയും അവതരിപ്പിക്കുന്നു. യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള യാന്ത്രികമായ കുപ്പി നിര്‍മ്മാണത്തിന് വിപരീതമായി സിനിമ മനുഷ്യാധ്വാനത്തിന്റെയും അവരുടെ കരകൌശലത്തിന്റെയും ആഘോഷമാവുന്നു.
ജ്വലിക്കുന്ന ലായിനിയില്‍ നിന്ന് നിപുണതയാൽ ഗ്ലാസ്സിന്റെ വസ്തുക്കള്‍ രൂപാന്തരപ്പെടുത്തുന്ന അത്ഭുതക്കാഴ്ച. നീണ്ട പൈപ്പ് കൈകള്‍ കൊണ്ട് ഉരുട്ടുന്നത്, വായകൊണ്ടുള്ള ഫൂല്‍ക്കാരത്തിലൂടെ ഗ്ലാസിന് വിസ്താരവും കട്ടിയും ഉണ്ടാക്കുന്ന കാഴ്ച, കൈകളുടെ ലോല സ്പര്‍ശത്താല്‍ രൂപപ്പെടുന്ന വ്യത്യസ്ത ആകൃതികള്‍, വിരലുകളില്‍ നിന്ന് രൂപപ്പെടുന്ന അതിലോലമായ വളവുകള്‍ -- ക്ലോസപ്പിലുള്ള ഇന്ദ്രിയ വേദ്യമായ ഈ ദൃശ്യങ്ങള്‍ മനുഷ്യ സൃഷ്ടിയുടെ സൌന്ദര്യം അവതരിപ്പിക്കുന്നു. അടിസ്ഥാന വസ്തുവിനെ -- ഒരു കല്ല്‌, രാസ പദാര്‍ത്ഥം, ഒരു വാക്ക് -- സൌന്ദര്യമായി പരിവര്‍ത്തിപ്പിക്കുക, ശില്പവേലയിലൂടെ, ഇടകലര്‍ത്തിയും, കൂട്ടിച്ചേര്‍ത്തും, ഒഴിവാക്കിയും, വിന്യസിച്ചും അതിനെ ഒരു കലാ സൃഷ്ടിയായി മാറ്റുന്ന മാസ്മരികത.
ഈ സന്ദര്‍ഭത്തിൽ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രശസ്തമായ ‘മനുഷ്യന്റെ കൈകള്‍’ എന്ന കവിത ഓര്‍മ്മ വരുന്നു: “മനുഷ്യന്റെ കൈകള്‍ മനുഷ്യന്റെ കൈകള്‍ / കടുംപാറ പൊട്ടിച്ചുടയ്ക്കുന്ന കൈകള്‍ / ഇരുമ്പൊത്തു തല്ലിത്തഴമ്പിച്ച കൈകള്‍ / ഉളയ്ക്കുള്ളലൂതിപ്പഴുപ്പിച്ച കൈകള്‍ / കലപ്പക്കഴുത്തില്‍ തുടിക്കുന്ന കൈകൾ / കൊഴുക്കുന്ന ചേറില്‍ പുളയ്ക്കുന്ന കൈകള്‍ / വിഴുപ്പായ ലോകം വിയര്‍പ്പിൽ കുതിര്‍ത്തി / വെളുക്കുംവരെ തച്ചലക്കുന്ന കൈകള്‍ / മലയ്ക്കൊത്ത ഭാരം ചുമക്കുന്ന കൈകള്‍ / മഹാസൌധമെല്ലാം പടുക്കുന്ന കൈകള്‍ / ചരിത്രങ്ങളെല്ലാം പഠിക്കുന്ന കൈകള്‍ / പെരും കാലചക്രം തിരിക്കുന്ന കൈകള്‍ / ഇരുട്ടത്ത് പന്തം തിരിക്കുന്ന കൈകള്‍ / പ്രഭാതങ്ങള്‍തൻ പേറെടുക്കുന്ന കൈകള്‍ / മനുഷ്യന്റെ കൈകള്‍ മനുഷ്യന്റെ കൈകള്‍”. കവിതയില്‍ എന്ന പോലെ സിനിമയും മനുഷ്യന്റെ കൈകളുടെ മഹത്വം വിളിച്ചോതുന്നു.
ബോധപൂര്‍വമുള്ള പ്രവര്‍ത്തനം മനുഷ്യ വര്‍ഗ്ഗത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയുമായുള്ള പ്രവര്‍ത്തനങ്ങളിൽ മനുഷ്യന്‍ എപ്പോഴും സ്വയംബോധമുള്ള ജീവിയാണെന്ന് തെളിയിക്കുന്നു. ചിലന്തി വല നെയ്യുന്നതും തേനീച്ച തേന്‍ കൂട് ഉണ്ടാക്കുന്നതും ഉദാഹരിച്ചുകൊണ്ട് മാര്‍ക്സ് പറയുന്നത് ഇതൊക്കെ ഒരു ആര്‍ക്കിടെക്റ്റിനെ ലജ്ജിപ്പിക്കുമെങ്കിലും താന്‍ സൃഷ്ടിക്കുന്നതിനെ ആര്‍ക്കിടെക്റ്റ് മനസ്സിൽ രൂപകല്‍പ്പന ചെയ്യുന്നു എന്നാണ്. ( Free conscious activity is man’s species character...In his work upon inorganic nature, man proves himself a conscious species being...A spider conducts operations which resemble those of the weaver, and a bee would put many a human architect to shame by the construction of its honeycomb cells. But what distinguishes the worst architect from the best of bees is that the architect builds the cell in his mind before he constructs it in wax.... Man not only effects a change of form in the materials of nature; he also realizes his own purpose in those materials. (Karl Marx, Economic and Philosophic Manuscripts of 1844). യന്ത്രങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ക്ക് അവരുടെ ഉപകരണങ്ങള്‍ക്ക് മേൽ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ യന്ത്രങ്ങളുടെ വരവോടെ ഇത് യന്ത്രങ്ങള്‍ ഏറ്റെടുത്തു. (For prior to the machine, the worker still commanded the tool – and used this command as a source of countervailing power. It is now taken over by machines).
യാന്ത്രികമായ പുനരുത്പാദനം ഒരു വസ്തുവിന്റെ അദ്വിതീയത / അനന്യത കുറയ്ക്കമെന്ന് വാള്‍ട്ടർ ബെഞ്ചമിന്‍ പറയുന്നുണ്ട്. (Walter Benjamin in his essay of cultural criticism ‘The Work of Art in the Age of Mechanical Reproduction’ proposes and explains that mechanical reproduction devalues the aura (uniqueness) of an object d’art...Our fine arts were developed, their types and uses were established, in times very different from the present, by men whose power of action upon things was insignificant in comparison with ours...The aura of work of art derives from authenticity (uniqueness) and locale (physical and cultural); Benjamin explains that “even the most perfect reproduction of a work of art is lacking in one element: Its presence in time and space, its unique existence at the place where it happens to be” located. That the sphere of (artistic) authenticity is outside the technical (sphere) of mechanised reproduction. Therefore, the original work of art is an object d’art independent of the mechanically accurate reproduction...the unique aesthetic authority of a work of art is absent from the mechanically reproduced copy).
മനുഷ്യ കുലത്തിന്റെ പരിണാമത്തിലെ ഒരു പ്രധാന അവയവമാണ് കൈകള്‍. ആദിമ മനുഷ്യന്‍ ഒരു കയ്യിൽ ചുറ്റിക എടുത്ത് മറ്റേ കയ്യിലെ കല്ലിൽ അടിച്ച് കല്ലു കൊണ്ടുള്ള മൂര്‍ച്ചയുള്ള ഉപകരണം ഉണ്ടാക്കി. ഭക്ഷണത്തിനാവശ്യമായ മാസം ഇതുകൊണ്ട് എളുപ്പത്തില്‍ മുറിച്ചെടുക്കാന്‍ കഴിഞ്ഞു. നിര്‍മ്മാണത്തിനും വേട്ടയ്ക്കും ഭക്ഷണം കഴിക്കാനും സംവദിക്കാനും അവര്‍ കൈകള്‍ ഉപയോഗിച്ചു. തൊഴില്‍ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടാനും ജീവിതത്തിനാവശ്യമായ അവശ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനുമുള്ള മനുഷ്യന്റെ ശേഷിയെ കുറിച്ച് എംഗല്‍സ് പറയുന്നുണ്ട്. അദ്ധ്വാനം മനുഷ്യന്റെ കൈകളെ എങ്ങിനെ രൂപപ്പെടുത്തുകയും മികച്ചതാക്കുകയും ചെയ്തു എന്ന് വിശദമാക്കുന്നുണ്ട്. (It is the capacity of humans to engage in labour activities and produce the necessities of life....How labour had shaped and fine-tuned human hand – The Part Played by Labour in the Transformation from Ape to Man, Friedrich Engels).
ദ്വന്ദ്വാത്മകത സിനിമയുടെ ഒരു പ്രത്യേകതയാണ്. മനുഷ്യ പ്രയത്നത്തിലൂടെ അതി സൂക്ഷ്മതയോടെ നിര്‍മ്മിക്കുന്ന ഗ്ലാസ്സും യന്ത്രങ്ങളിലൂടെ ഒരേ വ്യവസ്ഥയിൽ ഉണ്ടാവുന്ന ഗ്ലാസ്സും -- മനുഷ്യന്‍ / യന്ത്രം എന്ന ദ്വന്ദം. ചലനങ്ങള്‍ രണ്ടു രീതിയിലാണ്. മനുഷ്യരുടെ ചലനവും യന്ത്രങ്ങളുടെ ചലനവും. സംഗീതവും അതുപോലെത്തന്നെ. തൊഴിലാളികൾ പ്രവര്‍ത്തിക്കുന്ന രംഗങ്ങളില്‍ ആര്‍ദ്രതയും ഉന്മേഷവും പ്രകടമാക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ ജൈവികമായ, ഇലക്ട്രോണിക് അല്ലാത്ത -- ജാസ്, പിയാനോ -- സംഗീതമാണ് ഉയോഗിച്ചിരിക്കുന്നത്. യന്ത്രങ്ങള്‍ അസ്സംബ്ലി ലൈനില്‍ ഉണ്ടാക്കുന്നത്‌ ഒരേ പോലുള്ള കുപ്പികളാണ്. ഇവിടെ വ്യാവസായിക ശബ്ദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഓരോ തൊഴിലാളിയും ഉണ്ടാക്കുന്നത്‌ വ്യത്യസ്തങ്ങളായ വസ്തുക്കളാണ്. പ്രപഞ്ചം തന്നെ ദ്വന്ദ്വാത്മകതയിലാണല്ലോ നിലനില്‍ക്കുന്നത്. എന്നാല്‍ ദ്വന്ദ്വങ്ങളുടെ സാകല്യവും ഉണ്ട്. ഈ സിനിമയിലും ദൃശ്യങ്ങളും, ചലനങ്ങളും, ശബ്ദവും ഒരു സാകല്യാവസ്ഥ സൃഷ്ടിക്കുന്നു.
കണ്‍വെയര്‍ ബെല്‍റ്റിനു മുകളിലൂടെ കുപ്പികള്‍ നീങ്ങിക്കൊണ്ടേയിരിക്കുന്നു. ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോള്‍ മുകളിൽ നിന്ന് താഴേക്ക് വരുന്ന യന്ത്രക്കൊടില്‍ ഓരോ കുപ്പിയായി പൊക്കിയെടുക്കുന്നു, ഒന്നു കഴിഞ്ഞാല്‍ അടുത്തത്. ഒരു കുപ്പിയുടെ മുകള്‍ ഭാഗം മാത്രം കൊടിലില്‍ പെടുന്നു. ശേഷിക്കുന്ന കീഴ് ഭാഗം അവിടെത്തന്നെ സ്ഥിതിചെയ്യുന്നു. അപ്പോള്‍ ഒരു കുപ്പി നീങ്ങി വന്ന് ഈ കുപ്പിയില്‍ തട്ടി നില്‍ക്കുന്നു. പിറകേ വരുന്ന ഓരോ കുപ്പിയും ഇതുപോലെ. തുടര്‍ന്ന് ഈ കുപ്പിയിൽ തട്ടി പിറകിൽ നിന്ന് വരുന്ന ഓരോ കുപ്പിയായി വീഴുന്നു. ഇത് തൊഴിലാളികളുടെ ജോലിയുടെ കൃത്യതയും കാര്യക്ഷമതയും കാണിക്കുന്നു. മനുഷ്യരെ പോലെ യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാൻ കഴിയില്ല എന്ന വസ്തുത അവതരിപ്പിക്കുന്നു.
ഈ ഭാഗം സ്വിസ്സ് കലാകാരന്മാരായ പീറ്റർ ഫിഷിൽ, ഡേവിഡ്‌ വൈസ് ജോഡികളുടെ ‘ദി വേ തിംഗ്സ് ഗോ’ (The Way Things Go) എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുന്നു. ഈ സിനിമയില്‍ മനുഷ്യരില്ല, മനുഷ്യ നിര്‍മ്മിതമായ ആഖ്യാനവുമില്ല. സിനിമ എന്ന മാധ്യമത്തെ മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ വസ്തുലോകത്തിന്റെ കരണ—പ്രതികരണ ശൃംഖലയായി ഇവർ അവതരിപ്പിക്കുന്നു. ഇവര്‍ ഒരു പണ്ടകശാലയിൽ ഏകദേശം നൂറു മീറ്റർ വരുന്ന ഒരു പ്രതിഷ്ഠാപനം നിര്‍മ്മിച്ചു. ടയറുകള്‍, ചവറു ബാഗുകള്‍, ഏണികള്‍, സോപ്പ്‌, ബലൂണ്‍, എണ്ണ വീപ്പകള്‍, പഴയ ഷൂസുകള്‍, വെള്ളം, പെട്രോള്‍ എന്നിവയാണ് പ്രതിഷ്ഠാപനത്തിൽ ഉപയോഗിച്ച സാമഗ്രികൾ. കരിമരുന്നും തീയും ജ്വലിപ്പിക്കാനുള്ള ഉത്തേജകമായി ഉപയോഗിച്ചു.
വസ്തുക്കള്‍ പല രീതിയിൽ ചലിക്കുന്നു. ഒരു വസ്തു മറ്റൊരു വസ്തുവിനെ ചലിപ്പിക്കുന്നു. വസ്തുക്കള്‍ പറക്കുന്നു. കൂട്ടിമുട്ടുന്നു. ചീറ്റുന്നു. പൊട്ടിത്തെറിക്കുന്നു. നിരങ്ങുന്നു. കാറ്റ് ഒഴിയുമ്പോൾ ചുരുങ്ങുന്ന ബലൂണ്‍. ഉരുളുന്ന ടയറുകള്‍. ഒഴുകിപ്പരക്കുകയും വറ്റിപ്പോവുകയും ചെയ്യുന്ന ദ്രാവകം. ഉരുളുന്ന മെഴുകുതിരികള്‍. വീഴുന്ന പന്തുകള്‍. ഭ്രമണം ചെയ്യുന്ന ചക്രങ്ങള്‍. ചിലത് കത്തുന്നു. മറ്റു ചിലത് കത്താന്‍ കാത്തുനില്‍ക്കുന്നു. ചിലത് അലിഞ്ഞുപോകുന്നു. ചിലത് വേഗത്തിലും പതുക്കെയും തെന്നിനീങ്ങുന്നു. ചലനങ്ങളുടെ മുപ്പതു മിനിറ്റ് നീളുന്ന വിസ്മയം.
അതുപോലെ ഈ രംഗം ചാര്‍ളി ചാപ്ലിന്റെ Modern Times എന്ന സിനിമയെയും ഓര്‍മ്മിപ്പിക്കുന്നു. ഈ സിനിമയില്‍ ചാപ്ലിന്‍ അവതരിപ്പിക്കുന്ന ഐതിഹാസികമായ Little Tramp ആധുനികവും വ്യാവസായികവുമായ ലോകത്ത് നടത്തുന്ന അതിജീവനത്തിന്റെ ശ്രമങ്ങളാണ്. സാങ്കേതിക വിദ്യയുടെ, യന്ത്രവല്‍ക്കരനത്തിന്റെ മനുഷ്യത്വരഹിതമായ ആഘാതമാണ് ചാപ്ലിന്‍ അവതരിപ്പിക്കുന്നത്‌. എന്നാല്‍ ഹാന്‍സ്ട്ര ഒരു പക്ഷം പിടിക്കുന്നില്ല. രണ്ട് അവസ്ഥകളിലെ ഉത്പാദന പ്രക്രിയ അവതരിപ്പിക്കുകയാണ്. അതില്‍ മനുഷ്യ സ്പര്‍ശത്തിന്റെ സൌന്ദര്യവും യന്ത്രങ്ങളുടെ ഏകതാനതയും അവതരിപ്പിക്കുന്നു.
ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിൽ കാള്‍ മാര്‍ക്സിന്റെ ഈ ഉദ്ധരണി പ്രസക്തമാണ്. "യന്ത്രങ്ങളുടെ വ്യാപകമായ ഉപയോഗവും തൊഴിൽ വിഭജനവും കാരണം, തൊഴിലാളികളുടെ പ്രവർത്തനത്തിന് എല്ലാ വ്യക്തിഗത സ്വഭാവവും നഷ്ടപ്പെട്ടു, തൽഫലമായി തൊഴിലാളിയുടെ എല്ലാ ആകര്‍ഷണീയതയും നഷ്ടപ്പെട്ടു”. (Owing to the extensive use of machinery and to division of labour, the work of the proletarians have lost all individual character, and consequently all charm for the workman).
സംവിധായകന്റെ മനുഷ്യനോടുള്ള കൂറിന്റെ ഉദാഹരണമാണ് ഈ സിനിമ. തൊഴിലാളികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോൾ ആവശ്യമുള്ളപ്പോൾ അവര്‍ പരസ്‌പരം സഹായിക്കുന്നു. ഈ സഹായം ആവശ്യപ്പെടാതെയാണ് ചെയ്യുന്നത് എന്നതാണ് പ്രത്യേകത. മറ്റുള്ളവര്‍ക്ക് അവരുടെ സഹായം എപ്പോള്‍ ആവശ്യമാണെന്ന് ഓരോരുത്തര്‍ക്കും കൃത്യമായി അറിയാം. യന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ക്ക് സഹാഭാവവും ഐക്യവും ഉണ്ട്. ജോലി ചെയ്യമ്പോള്‍ തൊഴിലാളികള്‍ സിഗരറ്റ് വലിക്കുകയോ, പൈപ്പ് വലിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങളും സംവിധായകന്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ ആസ്വദിച്ചുകൊണ്ടാണ് ജോലിചെയ്യുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ജോലി സൃഷ്ടിപരമാവുന്നു, അത് നല്‍കുന്ന നിര്‍വൃതി പ്രധാനമാണ്.
ആദ്യ ഭാഗം ഗ്ലാസ് ഉണ്ടാക്കാനായി ഊതുകയാണ്. ഇതിലൂടെ ലായിനി പല രൂപങ്ങള്‍ കൈക്കൊള്ളുന്നു. ഇവിടെ മനുഷരുടെ മുഖത്തിനും ഊതുമ്പോള്‍ വീര്‍ത്തുവരുന്ന കവിളുകല്‍ക്കുമാണ് പ്രാധാന്യം. മൂന്നാം ഭാഗത്തില്‍ ഗ്ലാസിന്റെ നീണ്ട റോഡുകള്‍ കൈകൊണ്ട് രൂപപ്പെടുത്തുകയാണ്. ഇവിടെ കൈകളുടെ വിവിധ രീതിയിലുള്ള ചലനങ്ങളാണ്. ഈ മനുഷ്യരുടെ മുഖം കാണിക്കുന്നില്ല. കൈകള്‍ ഉപയോഗിച്ച് പല രൂപങ്ങള്‍ സൃഷ്ടിക്കുന്നു.
സിനിമയില്‍ ആംഗ്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഭാഷ ഉണ്ടാവുന്നതിന് മുമ്പ് മനുഷ്യന്‍ ആശയവിനിമയത്തിനുള്ള ഉപാധിയായി വിവിധ രീതിയിലുള്ള ആംഗ്യങ്ങളാണല്ലോ ഉപയോഗിച്ചിരുന്നത്. ആംഗ്യങ്ങള്‍ ഉപയോഗിച്ചുള്ള സംവേദനം മറ്റ് ആശയവിനിമയോപാധികളേക്കാള്‍ ഏറ്റവും പുതിയതായിരിക്കാം. അതിനും മുമ്പ് ശബ്ദങ്ങളിലൂടെയും മുഖത്തിലൂടെയും ഉള്ള സംവേദനം ആയിരിക്കാം.
കാലം പോകുന്നതോടെ മനുഷ്യന് ഈ ആംഗ്യങ്ങള്‍ ഭൂരിഭാഗവും നഷ്ടമായി.
 “പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പാശ്ചാത്യ ബൂര്‍ഷ്വാസിക്ക് അവരുടെ ആംഗ്യങ്ങള്‍ നഷ്ടപ്പെട്ടു. എല്ലാവര്‍ക്കും അവരുടെ ആംഗ്യങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും എല്ലാവരും ഭ്രാന്തമായി നടക്കുകയും ആംഗ്യം കാണിക്കുകയും ചെയ്യുന്നു” എന്ന് അഗംബന്‍ പറയുന്നു. (Since the end of the nineteenth century, the Western bourgeoisie have lost their gestures. Everybody had lost control of their gestures and was walking and gesticulating frantically, Notes on Gesturem Giorgio Agamben).
മനുഷ്യന് നഷ്ടമായ ആംഗ്യങ്ങൾ നിശബ്ദ സിനിമ വിജയകരമായി പുനസ്ഥാപിച്ചു. ഈ രീതിയില്‍ ആംഗ്യങ്ങളിലൂടെയുള്ള വിനിമയം ഈ സിനിമ അവതരിപ്പിക്കുന്നു. നമുക്ക് നഷ്ടമായ അംഗങ്ങളെ ഈ സിനിമ വീണ്ടെടുക്കുന്നു. സിനിമയുടെ അടിസ്ഥാന സാമഗ്രി, അതിന്റെ കാവ്യാത്മക വസ്തു, ദൃശ്യമായ ആംഗ്യമാണ് എന്നാണ് പ്രശസ്ത സിനിമാ സൈദ്ധാന്തികനായ ബേലാ ബാലാസിന്റെ അഭിപ്രായം. (Bela Balazs proclaimed that “in film the basic material, its poetic substance, is the visible gesture...The whole of mankind is now busy relearning the long-forgotten language of gestures and facial expressions. With the advent of motion pictures, our academics will perhaps realize that we should turn to the cinema so as to compile a lexicon of gestures and facial expressions on par with our dictionaries of words).
സ്ക്രീനിലെ ശരീരത്തെയും പ്രേക്ഷകരുടെ ശരീരത്തെയും ആഗ്യം എങ്ങിനെ ബന്ധിപ്പിക്കുന്നു എന്ന് “Speech-Gesture Mimicry in Performance” എന്ന പഠനത്തിൽ David McNeill പരിശോധിക്കുന്നുണ്ട്. കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളും ചിന്താ പ്രക്രിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിനിമയുടെയും നാടകത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്. (Examines how gesture links bodies on screen with the bodies of spectators. Building on his earlier groundbreaking work on gesture, McNeill develops his ideas on the relationship of hand gestures and thought processes addressing their usefulness in a film and theatre context).
ആഗ്യം ഒരു പ്രവര്‍ത്തനമാണ്, ഊര്‍ജ്ജത്തിന്റെയും ചലനത്തിന്റെയും ഉത്പ്പന്നം... ആംഗ്യങ്ങളെ ഭാവനാത്മകവും ഭാവനയില്ലാത്തതുമായ ആംഗ്യങ്ങളായി വേര്‍തിരിക്കുന്നുണ്ട്. ഭാവനാത്മകമായ ആംഗ്യങ്ങള്‍ ചലനങ്ങള്‍ നിര്‍മ്മിക്കുന്നവയാണ്. ഒരു വസ്തുവിന്റെ ആകൃതി ചിത്രീകരിക്കുന്നതോ, ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം അവതരിപ്പിക്കുന്നതോ, അല്ലെങ്കില്‍ ചില പ്രവര്‍ത്തന രീതിയെ പ്രതിനിധാനം ചെയ്യുന്നതോ ആണ്. ഇത്തരം ആംഗ്യങ്ങള്‍ ചലന ചിത്രങ്ങള്‍ക്ക് സമാനമാണ്. ആംഗ്യങ്ങള്‍ ഭാവനാത്മകമാനെങ്കിൽ ആംഗ്യത്തെയും സിനിമയെയും ബന്ധിപ്പിക്കാന്‍ എളുപ്പമാണ്. (Gesture is an activity, a product of energy and motion. Human gestures occur as a result of particular movements of the body, of the face (such as rolling the eyes, winking), the neck (nodding, shaking the head), the hands (the V sign, waving), the shoulders (shrugging), the knees (genuflecting), the torso (bowing, turning your back on someone), the buttocks (mooning, twerking) or combinations thereof. Many gestures form pictures through specific motions: outlining an absent object’s dimensions or mimicking exploits. David McNeill distinguishes between imagistic and non-imagistic gestures. For him, as Adam Kendon summarises, “imagistic gestures are those in which movements are made that are interpreted as depicting the shape of an object, displaying an action of some kind, or representing some pattern of movement”. These kinds of gestures are moving representations of acts or artefacts: motion pictures of a kind. If gestures are often imagistic then connecting gesture and film, as this special issue proposes to do, is an evident, if not unproblematic, move to make).
ഹാരൂണ്‍ ഫറോക്കി കൈകളുടെ ക്ലോസപ്പിന്റെയും മുഖത്തിന്റെ ക്ലോസപ്പിന്റെയും വ്യത്യാസങ്ങള്‍ പറയുന്നു: കൈകളും മുഖവും വ്യത്യസ്ത ഭാഷ സംസാരിക്കുന്നു എന്ന് പറയുന്നു. ഇവ പരസ്പര വിരുദ്ധമാണ്, ഒന്ന് മറ്റൊന്നിനെ ദുര്‍ബലപ്പെടുത്തുന്നു. മുഖം ഉപമപോലെ പ്രവര്‍ത്തിക്കുമ്പോൾ (മുഖം മനസ്സിന്റെ കണ്ണാടി) അസ്വാരസ്യമുള്ള സ്വയംഭരണാധികാരവും പരിവര്‍ത്തന സ്വഭാവവും നിലനിര്‍ത്തുന്നു. കൂടുതല്‍ സമയം കൈകളെ നോക്കുമ്പോള്‍ കൈകള്‍ വസ്തുക്കളെ പോലെയോ അല്ലെങ്കില്‍ ചെറിയ ജീവികളെ പോലെയോ അനുഭവപ്പെടുന്നു. മുഖം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനെ കൈകള്‍ വെളിപ്പെടുത്തുന്നു”. (Harun Farocki makes a distinction between close-ups of hands and close-ups of faces, insisting that the hand and the face speak different languages that often, as his compilation film demonstrates, contradict or undermine each other. While the face functions metonymically, representing the unified subject, the rounded character, the whole self, hands retain a disquieting autonomy and alterity. As Farocki notes, “the longer one looks at them, the more hands look like objects, or perhaps like small creatures. Hands often seem to reveal something that the face seeks to hide”
ആദ്യകാലത്ത് സിനിമയില്‍ ക്ലോസപ്പുകള്‍ ഉണ്ടായിരുന്നില്ല. 1901-ല്‍ James Williamson തന്റെ Big Swallow എന്ന സിനിമയിലാണ് ആദ്യമായി ക്ലോസപ്പ് ഉപയോഗിച്ചത് എന്നൊരു വാദമുണ്ട്. സിനിമയിൽ പല സങ്കേതങ്ങളും വികസിപ്പിച്ച D.W. Griffith ആണ് ക്ലോസപ്പിന്റെ പ്രചാരകന്‍. അദ്ദേഹത്തിന്റെ The Londale Operator (1911) എന്ന സിനിമയില്‍ ധാരാളമായി ക്ലോസപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ സിനിമയിലെ ക്ലോസപ്പ് ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകര്‍ അസ്വസ്ഥരായത്രേ. ക്ഷുഭിതരായ അവര്‍ പരാതിപ്പെട്ടു: ഞങ്ങള്‍ പണം തരുന്നത് അഭിനേതാവിന്റെ തലയോ, കൈകളോ, തോളുകളോ കാണാനല്ല. ഞങ്ങള്‍ക്ക് ശരീരം മുഴുവന്‍ കാണണം”. മറുപടിയായി ഗ്രിഫിത്ത് പറഞ്ഞത് ഇപ്രകാരം: “നിങ്ങള്‍ക്ക് എന്റെ പാദങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടോ? അവര്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തുടര്‍ന്നു: അതാണ്‌ ഞാന്‍ ചെയ്യുന്നത്. കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഞാന്‍ കാണിക്കുന്നത്.
വൈഡ് ഷോട്ടിലോ, ലോംഗ് ഷോട്ടിലോ കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍ പ്രേക്ഷകര്‍ക്ക് ക്ലോസപ്പില്‍ സമീപത്ത് കാണാന്‍ കഴിയുന്നു. ക്ലോസപ്പ് ഷോട്ടിലൂടെ പ്രേക്ഷകരുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നു. ക്ലോസപ്പ് ഷോട്ടിന് പ്രേക്ഷകരില്‍ വലിയ പ്രഭാവം ഉണ്ടാക്കാൻ കഴിയും. സിനിമയില്‍ പല സംവിധായകരും ക്ലോസപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും Carl Dreyer-ന്റെ ‘The Passion of Joan of Arc’ (1928) എന്ന സിനിമയിലെ ക്ലോസപ്പുകളുടെ ഉപയോഗം ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. അഭിനേതാക്കളുടെ മുഖഭാവങ്ങള്‍ക്ക് അസാമ്പ്രദായികമായ രീതിയില്‍ ഈ സിനിമ പ്രാധാന്യം നല്‍കുന്നു. ക്ലോസപ്പുകള്‍ ധാരാളമായി ഉപയോഗിക്കാനുള്ള കാരണം സംവിധായകന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: "There were questions, there were answers -- very short, very crisp... Each question, each answer, quite naturally called for a close-up... In addition, the result of the close-ups was that the spectator was as shocked as Joan was, receiving the questions, tortured by them." മാത്രവുമല്ല, ഡ്രയര്‍ തന്റെ അഭിനേതാക്കള്‍ക്ക്‌ മേക്കപ്പ് ചെയ്തിരുന്നില്ല. മുഖഭാവങ്ങളിലൂടെ കഥ പറയാനാണ് അദ്ദേഹം ആഗ്രഹിച്ചത്‌.
‘ഗ്ലാസ് ‘ എന്ന സിനിമയിൽ സംഭാഷണങ്ങള്‍ ഇല്ല, പകരം ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയുമാണ് സിനിമ സംവദിക്കുന്നത്. ഇത് നമ്മെ നിശബ്ദ സിനിമകളിലേക്ക് കൊണ്ടുപോവുന്നു. നിശബ്ദ സിനിമകള്‍ ആഖ്യാനവും വികാരങ്ങളും ദൃശ്യപരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമെങ്കിൽ, സംഭാഷണത്തിന്റെ, അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളെ വ്യക്തമാകാന്‍ ടൈറ്റിൽ കാര്‍ഡുകൾ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ സിനിമയിൽ ഈ രീതിയിൽ ടൈറ്റിൽ കാര്‍ഡ് ഉപയോഗിക്കുന്നില്ല.
“നമുക്ക് സംഭാഷണങ്ങള്‍ ആവശ്യമില്ലായിരുന്നു, മുഖങ്ങളായിരുന്നു ആവശ്യം” -- Sunset Boulevard (Billy Wilder, USA, 1950) എന്ന സിനിമയിലെ പ്രശസ്തമായ ഈ സംഭാഷണം ഈ സിനിമ മനസ്സില്‍ കൊണ്ടുവരുന്നു “We didn’t need dialogue, we need faces”.
പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനായ റോബര്‍ട്ട് ബ്രസ്സോയെ Pascal Bonitzer വിശേഷിപ്പിക്കുന്നത് കൈകളുടെ ഒരു പ്രത്യേക ഭാഷയുടെ ഉപജ്ഞാതാവായിട്ടാണ്. “വായ പ്രഖ്യാപിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൈ പറയുന്നു” എന്നാണ് അദ്ദേഹം ബ്രസോയെ കുറിച്ച് പറയുന്നത്. Pascal Bonitzer described Bresson as the inventor of a special language of the hands. “The great cineastes gave tried to show that a hand says something different from what the mouth declares.
“ഒരാള്‍ക്ക് കൈകള്‍ കൊണ്ടും, തല കൊണ്ടും, തോളുകള്‍ കൊണ്ടും പലതും പറയാന്‍ പറ്റുമെങ്കില്‍ ഉപയോഗശൂന്യവും ശല്യപ്പെടുത്തുന്നതുമായ എത്ര മാത്രം വാക്കുകള്‍ അപോരത്യക്ഷമാകും “ എന്നാണ് ഇക്കാര്യത്തെ കുറിച്ച് ബ്രാസ്സോ പറയുന്നത്. (The things one can express with the hands, with the head, with the shoulders…How many useless and encumbering words then disappear).
ശബ്ദംപോലെത്തന്നെയാണ് സിനിമയുടെ എഡിറ്റിംഗും. കരകൌശല തൊഴിലാളികളുടെ കൈകള്‍ കൊണ്ടുള്ള പ്രവര്‍ത്തിയെ മെലഡിയുടെ പാറ്റേണും സൌണ്ട് ട്രാക്കിന്റെ താളവുമായി തികച്ചും പൊരുത്തപ്പെടുന്ന രീതിയിലാണ് എഡിറ്റിംഗ്. ശബ്ദങ്ങള്‍ക്ക് വൈകാരിക ഭാവം സൃഷ്ടിക്കാന്‍ കഴിയും. ഈ സിനിമയില്‍ ഇത് പൂര്‍ണ്ണമായും സാക്ഷാത്ക്കരിക്കുന്നു. ഊതിക്കൊണ്ട് ഗ്ലാസ്സിൽ നിന്ന് കലാപരമായ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികൾ സംഗീതം സൃഷ്ടിക്കുന്നു എന്ന തോന്നലാണ് നമുക്ക് ഉണ്ടാവുന്നത്. നമുക്ക് രക്ഷപ്പെടാനാവാത്ത വിധം ശബ്ദവുമായി സിനിമയെ സംവിധായകന്‍ സമന്വയിപ്പിച്ചിരിക്കുന്നു. അവരുടെ പ്രവര്‍ത്തനം അത്രമാത്രം കലാപരമാണ്. ഇത് യന്ത്രങ്ങളിലേതു പോലെ യാന്ത്രികമായ പുനരുല്‍പ്പാദാനമല്ല.
സിനിമയുടെ ഒരു ഭാഗത്തില്‍ ഈ രീതിയിലുള്ള സമന്വയത്തിന്റെ വ്യാപകമായ ഉപയോഗം കാണാം. ഇത് സംഗീത സമന്വയത്തിന്റെ (Musical synchresis) മഹത്തായ ഉദാഹരണമാണ്. മിഷേല്‍ ചിയോണ്‍ ഈ സംജ്ഞ ഉപയോഗിക്കുന്നത് synchronisation + synthesis എന്ന അര്‍ത്ഥത്തിലാണ്. ഇത് ദൃശ്യവും ശബ്ദവും തമ്മിലുള്ള ബന്ധമാണ്. ഇവ രണ്ടും ഒന്നിച്ച് സംഭവിക്കുമ്പോള്‍ ദൃശ്യമാണ് ശബ്ദത്തിന് കാരണമാവുന്നത് എന്ന് നമുക്ക് തോന്നാം. അല്ലെങ്കില്‍ സ്ക്രീനിൽ സംഭവിക്കുന്നതിന്റെ ഫലമാണ് ശബ്ദം എന്നും തോന്നാം. ഈ സീക്വന്‍സ് പുരോഗമിക്കുമ്പോള്‍ വേഗതയുള്ള എഡിറ്റിംഗിനെ പിന്തുടരാനെന്നോണം സംഗീതത്തിനും വേഗത കൂടുന്നു. അപ്പോള്‍ സംഗീതത്തിന്റെയും ദൃശ്യങ്ങളുടെയും ഭാവനാത്മകമായ സംയോജനം സംഭവിക്കുന്നു. (This is a relation between image and sound, when they occur together as if the image is causing the sound, or the sound is outcome of whatever is happening on screen. As the sequence progresses the music also becomes faster in order to accompany the faster editing pattern where we see a perfect amalgamation of mechanical production of glass and human beings).
ഒരാള്‍ കാണുന്നതിനും കേള്‍ക്കുന്നതിനും തമ്മിലുള്ള ബന്ധമാണ് Synchresis. ഒരേ സമയം സംഭവിക്കുമ്പോള്‍ ഇത് കേള്‍ക്കുന്നതും കാണുന്നതും തമ്മിലുള്ള മാനസിക സംജോയനമാണ്. ഇവിടെ പ്രശസ്ത ചലച്ചിത്രകാരന്‍ സ്റ്റാന്‍ലി കുബ്രിക്കിന്റെ വാക്കുകള്‍ പ്രസക്തമാണ്: “A film is – or should be – more like music than like fiction. It should be a progression of mkoods and feelings. The theme, what’s behind the emotion, the meaning, all that come s later”- Stanley Kubrick.
ശബ്ദം പലപ്പോഴും നമ്മെ സ്പര്‍ശിക്കുന്നതായി അനുഭവപ്പെടുകയും തുടര്‍ന്ന് ധാരാളം അനുരണനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കാണുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ കേള്‍വി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് മനസ്സിലാക്കുന്നതിനെക്കാള്‍ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശബ്ദം അല്ലെങ്കില്‍ സംഗീതം ഏതെങ്കിലും രംഗവുമായോ പ്രവര്‍ത്തികളുമായോ സംഭാവങ്ങളുമായോ അവതരിപ്പിക്കുമ്പോൾ...സംഗീതം അതിന്റെ ഏറ്റവും നിഗൂഡമായ അര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തുന്നതായി നമുക്ക് അനുഭവപ്പെടുന്നു. കൂടാതെ, ഏറ്റവും കൃത്യവും വ്യതിരിക്തവുമായ വ്യാഖ്യാനമായി അനുഭവപ്പെടുന്നു. അതേസമയം, ചില രീതികളില്‍ ഒരുക്കിയിരിക്കുന്ന സംഗീതേതര ശബ്ദങ്ങള്‍ക്ക് സംഗീതത്തിന്റെ സ്വഭാവം കൈവരിക്കാനും കഴിയും. (Sound seems almost ‘touch’ us and then explode a multitude of responses. Compared to seeing, hearing is thus associated more with sensual feeling than understanding. Music or sound, when played to any scene, action, event or environment...music seems to disclose to us its most secret meanings, and appears to be the most accurate and distinct commentary on it. At the same time, non-musical sounds organized in certain ways, can also take on the guise of music).
സിനിമയില്‍ ചലനം പ്രധാനമാണ്. പല രീതിയിലുള്ള ചലനങ്ങള്‍. ദൃശ്യങ്ങളുടെ ചലനം മാത്രമല്ല, ശബ്ദങ്ങളുടെയും ചലനം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സിനിമയുടെ അടിസ്ഥാനം തന്നെ ചലനമാണല്ലോ. നാം സിനിമയെ ചലച്ചിത്രം (ചലിക്കുന്ന ചിത്രങ്ങൾ) എന്നാണല്ലോ പറയുന്നത്. ചലനങ്ങള്‍ താളം സൃഷ്ടിക്കുന്നു. താളം സിനിമയെ സംബന്ധിച്ച് പരമപ്രധാനമാണ്. താളാത്മകത സിനിമയുടെ സൌന്ദര്യമാകുന്നു. നമുക്ക് സിനിമയിലെ താളം പരിശോധിക്കാം:
സിനിമയില്‍ ചലിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഷോട്ടിനുള്ളില്‍ ദൃശ്യമാകുന്നതോ സംഭവിക്കുന്നതോ ആയ കാര്യങ്ങള്‍ ആന്തരിക താളം സൃഷ്ടിക്കുന്നു. ഒരു സീനിനകത്തും ഓരോ സീനിലും ഇത് മാറാം. (In filmmaking, internal rhythm is created by whatever appears or occurs within the shot of a moving picture. It can change within a scene and from scene to scene.
വസ്തുക്കളുടെയും ആളുകളുടെയും ചലനം: (എ) ചലനത്തിന്റെ വേഗത (ബി) സ്ക്രീനിലെ ചലനത്തിന്റെ ദിശ (സി) ചലനത്തിന്റെ പാറ്റേൺ (സന്തുലിതമായ, സ്തംഭിച്ച, ഒഴുകുന്ന, സമന്വയിപ്പിച്ച മുതലായവ) ( Movement of objects and people (a) the tempo of the movement (b) the direction of the movement on the screen (c) the pattern of the movement (balanced, staggered, flowing, chaotic, syncopated, etc.)
ക്യാമറയുടെ ചലനങ്ങള്‍: ക്യാമറാ ചലനത്തിന്റെ താളവും പാറ്റേണും (ചലനം മന്ദഗതിയിലുള്ളതും, കുലുങ്ങുന്നതും, വേഗതയുള്ളതും, നിശ്ചലവും, ചുറ്റിക്കറങ്ങുന്നതും ആയിരിക്കാം) Camera movement: The rhythm and pattern of camera movement. The movement can be slow, jerky, fast, restless, static, prowling, etc.
ശബ്ദം: ആന്തരികമോ ബാഹ്യമോ ആയ ശബ്ദത്തിന്റെ താളം. Sound: (Rhythm of Internal or external sound).
പ്രശസ്ത റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രി താര്‍കോവസ്കി പറയുന്നത് സിനിമയുടെ ഒരു പ്രധാന ഘടകം താളം ആണ് എന്നാണ്. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് കാലത്തെ കുറിച്ചുള്ള ഒരു പ്രത്യേക തരത്തിലുള്ള താളാത്മക ബോധമാണ് എന്നാണ്. (The main formative element of cinema is rhythm. Films contain, within them, a particular sense of “rhythmic timing”).
സിനിമയില്‍ ദൃശ്യവും ശബ്ദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നാം പൊതുവെ ദൃശ്യത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഗ്ലാസ്സില്‍ ശബ്ദം വളരെ പ്രധാനമാണ്. ശബ്ദങ്ങളും സംഗീതവും ദൃശ്യങ്ങളെ പിന്തുണയ്ക്കുക എന്ന രീതിയിലാണ് നാം ചിന്തിക്കുന്നത്. എന്നാല്‍, റോബര്‍ട്ട് ബ്രസ്സോയെ പോലുള്ള ചലച്ചിത്ര സംവിധായകരുടെ അഭിപ്രായം ഒരു ശബ്ദം ഒരു ദൃശ്യത്തെക്കാള്‍ ഭാവനാത്മകമാണ് എന്നാണ്. സാധാരണ രീതിയിലുള്ള കഥയോ, കഥാപാത്രങ്ങളോ, സംഭാഷനങ്ങളോ ഇല്ലാത്ത ഈ സിനിമയില്‍ ഉള്ളിൽ കയറുന്ന രീതിയില്‍ നമ്മെ പൊതിയുന്ന ശബ്ദത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും. (When it comes to the relationship between sound and image in film, we give importance to the visual. But in Glass, sound is very important. There is still the sense that sound and music is essentially there to support the image, filmmaker such as Robert Bresson are willing to assert that sound is ‘more evocative than an image’. In Glass, we can feel the ‘penetrating enveloping presence’ of sound).
സംഭാഷണങ്ങള്‍ ഇല്ലാത്ത സിനിമകളുടെ സാധ്യതകളെ ഉപയോഗിക്കുന്നതിലൂടെ ഈ സിനിമ മാസ്മരികമായ അനുഭവം ആകുന്നു. ആഖ്യാനമോ, നാടകീയതോ അല്ല, മറിച്ച് ഈ സിനിമ പ്രക്രിയയെ കുറിച്ചും ഗ്ലാസ് നിര്‍മ്മാനത്തിന്റെ യന്ത്ര പ്രവര്‍ത്തനത്തെ കുറിച്ചും സംവിധാനങ്ങളെ കുറിച്ചുമാണ്. (Glass, a hypnotic feat of editing that illustrated the precocious potential of non-verbal sound-film. This is a film of process whose focus is not strict narrative or dramatis personae, but the systems and mechanics of glass making -- the rhythmic music of manufacture).
താഴെ വിശദമാക്കുന്ന ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. നീണ്ട പൈപ്പിന്റെ ഒരറ്റത്ത് ഫര്‍ണസിൽ നിന്ന് ലായിനി ശേഖരിക്കുന്നു. പിന്നെ മറ്റേ അറ്റത്ത്‌ ഊതുന്നതിലൂടെ ഗ്ലാസിന്റെ പല വസ്തുകള്‍ സൃഷ്ടിക്കപ്പെടുന്നു. അപ്പോള്‍ അവരുടെ കവിളുകള്‍ ബലൂണ്‍ പോലെ വികസിക്കുന്നു, കൈകള്‍ കൊണ്ട് പൈപ്പ് തിരിക്കുന്നു. അപ്പോള്‍ വസ്തുക്കള്‍ ജന്മമെടുക്കുന്ന വിസ്മയ കാഴ്ച. ജീവനെ / പ്രാണനെ ഊതി നിറയ്ക്കുന്നത് പോലെ. ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍ വാദനത്ത കുറിച്ച് ചലച്ചിത്ര സംവിധായകന്‍ അരവിന്ദന്‍ പറഞ്ഞത് ഇപ്രകാരം: “അദ്ദേഹം പുല്ലാങ്കുഴലിലേക്ക് ജീവന്‍ നിറയ്ക്കുകയാണ് “. (പോക്കുവെയില്‍ എന്ന സിനിമയില്‍ ചൌരസ്യയുടെ പുള്ളങ്കുഴലും രാജിവ് താരാനാഥിന്റെ സരോദും ചേര്‍ന്നുള്ള ഓഡിയോ കോമ്പോസിഷന്‍ അരവിന്ദന്‍ മുന്‍കൂട്ടി റെക്കോര്‍വഡ് ചെയ്തു. ഈ സംഗീതത്തിന്റെ നോട്ടേഷന്‍ അനുസരിച്ച് ദൃശ്യങ്ങള്‍ രചിക്കുകയായിരുന്നു).
                  (പി. കെ സുരേന്ദ്രൻ )

 ---oooOooo---

Comments

Popular posts from this blog

BANARAS

"THE BELL TOLLS FOR THEE"

CHILDREN OF HEAVEN