പീള
*പീള*
മൂന്നോ നാലോ ദിവസങ്ങൾക്കു മുൻപ്
അയച്ച സന്ദേശത്തിന്റെ ശരികളിൽ
നീല ചായം നിറയുന്നതു കാത്തിരുന്നാണ്
ഇന്നലെയും ഉറക്കു മുട്ടുന്നത്.
ഒരു കനത്ത ചില്ലു പാളിക്കപ്പുറം
പൊട്ടിയൊഴുകുമുറവയിൽ
നിറമില്ലാത്ത ശരികളുടെ ആകൃതിയിൽ
ഒടിഞ്ഞ മീനുകൾ തെള്ളുന്നത്
ചില രാത്രികളിലെങ്കിലും
അയാൾ കാണാറുണ്ട് .
നീല എല്ലാ ആകാശത്തിന്റെയും നിറമല്ല.
ഇന്നു പകൽ
ഒരു മറുപടിച്ചിത്രം കിട്ടിയിരിക്കുന്നു.
റേഞ്ചില്ലാത്ത മുറികളിൽ
സമാധാനമായി ഉറങ്ങുന്നവർ
പരിഗണനകളിൽ നിന്ന്
പിരിച്ചു വിട്ടവരാണെന്ന്
പച്ച വട്ടം കറങ്ങിത്തെളിഞ്ഞു വരുന്നു.
അടിക്കുറിപ്പായി മൂന്നു കുത്തുകൾ
ചുണ്ടുരുണ്ട കുഴൽ വെള്ളം പോലെ
പള്ള താഴ്ത്തി കിടക്കുന്നു.
അവയിൽ കാതു വച്ചപ്പോൾ
തുള വീണ വെണ്ണക്കല്ലുകൾ കുരച്ചു.
പഴകിയ ചായങ്ങളിൽ
നരച്ച ബ്രഷുകൾ
വീഞ്ഞിലപ്പം പോലെ മുങ്ങി.
വയസ്സ് 10 - മഞ്ഞ
ഇളം തേക്കിലയുരച്ച ചോരയിൽ
ഒരു കുട്ടി കണ്ണീരിറ്റിക്കുന്നു.
അവൻ ഊറി ചിരിക്കുന്നു.
അന്നുച്ചയ്ക്ക്
നാലിലൊന്നുപ്പുമാങ്ങ പാതി കടിച്ച്
മുറി കൂടി മുതിരുന്നു , പിണക്കം.
വിത്തിന് പൊട്ടലുണ്ടാകും പോലെ
ഇഷ്ടം, ഇളം മഞ്ഞയിൽ പൊതിരുന്നു
വിരലുകളുടെ ഫ്രെയിമിൽ
അവളത് ഇറുക്കിയെടുക്കുന്നു.
വയസ്സ് 16 - വയലറ്റ്
ചോന്ന പൊട്ടിൽ നിന്നും
കീഴേക്കൊരു ടവർ ഒളിക്കും പോലെ
കടൽകാതിൽ വെട്ടമൊഴിച്ച്
കപ്പൽ കഥ പറയും പോലെ
അവർക്കു പിന്നിൽ
അവരൊളിച്ചു പുലരുന്നു.
മുതിരുമിലകളുടെ ഞട്ടിൽ നിന്ന്
പാൽ നുണഞ്ഞ്
അയാൾ വയലറ്റിന്റെ
ഡപ്പ തുറക്കുമ്പോൾ
പുത്തൻ ഞെക്കു ഫോണിലവളുടെ
മൂന്നാംകണ്ണ് മീയുന്നു.
വയസ്സ് 22 - പർപ്പിൾ
അടിയുടുപ്പിൽ നനഞ്ഞ തീ പോലെ
ഉടലുരയുമൊച്ചയുടെ മഞ്ഞ് വീഴുന്നു.
രോഗാതുരമായ ഗൃഹാതുരത്വത്തിന്റെ അണുക്കൾ,
പാതിരാച്ചാറ്റുകൾ പോലെ പെരുകുന്നു.
എലുമ്പൻ ബ്രഷുകൾ കൂമ്പുകയും
അവളുടെ കണ്ണിമകൾ
മതിവരാതെ
ക്ലിക്ക് ചെയ്യുകയുമാവുന്നു.
മറുപടിച്ചിത്രം
ഒരു ആഫ്രിക്കൻ ഒച്ചായി കറങ്ങി നിന്നു.
നിറങ്ങൾ ഉരുണ്ടു മിന്നുന്ന
പുറന്തോടോടിണക്കത്തിൽ
ഏതോ മങ്ങിയ പുതിയ ലിപിയിൽ
ഒരു പേരടയാളം തടയുന്നു.
അല്പമടുത്തായൊരു ചീവീടു തൊണ്ടുണങ്ങി
കിടപ്പുണ്ടായിരുന്നു.
വരകളുടെ നിറമിളകിയൊലിച്ച തറയിൽ
ഉപ്പൂറ്റി തെന്നുമ്പോൾ
അയാളിൽ, ഉടലിന്റെ സുഷിരങ്ങൾ
ഒച്ചിനു പാകത്തിൽ പൊളിഞ്ഞു.
-Athul Poothady
Comments
Post a Comment