MAN WITH A MOVIE CAMERA
1/5/2021
മാന്‍ വിത്ത് എ മൂവി ക്യാമറ/
Man with a movie camera
പി.കെ. സുരേന്ദ്രന്‍
സിഗാ വർതോവ് എന്ന പേര് സ്വീകരിച്ച ഡെന്നിസ് കോഫ്മാൻ (Denis Abramovich Kaufman) റഷ്യയില്‍ നിന്നുള്ള പ്രശസ്തനായ ചലച്ചിത്രകാരനും സൈദ്ധാന്തികനുമാണ്. സിനിമയുടെ ഭാഷയെ വികസിപ്പിക്കുന്നതില്‍ റഷ്യയിൽ നിന്ന് വലിയ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. ഇതില്‍ കുലഷോവ്, ഐസന്‍സ്റ്റീൻ എന്നിവർ നമുക്ക് വളരെ പരിചിതരാണെങ്കിലും ഈ രംഗത്ത് അവര്‍ക്കൊപ്പംതന്നെ സ്ഥാനമുള്ള വർതോവിനെ കുറിച്ച് മലയാളത്തിൽ അധികമൊന്നും എഴുതപ്പെട്ടിട്ടില്ല.
കുട്ടിയായിരിക്കവെ വർതോവ് വയലിനും പിയാനോയും പഠിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം കവിതയും, ഹാസ്യ കഥകളും, സയന്‍സ് ഫിക്ഷനും എഴുതിയിരുന്നു. പിന്നീട് സൈക്കോന്യൂറോളോജി പഠനത്തിന്റെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം പ്രകൃതിദത്തമായ ശബ്ദങ്ങളെ റെക്കോര്‍ഡ് ചെയ്യുകയും തന്റെ ‘Laboratory of Hearing’—ല്‍ വച്ച് എഡിറ്റ് ചെയ്ത് ശബ്ദങ്ങളുടെ പുതിയ രൂപങ്ങളെ സൃഷ്ടിക്കാനും (ശബ്ദങ്ങളുടെ കൊളാഷ്) അങ്ങിനെ ശബ്ദത്തിന്റെ സാധ്യതകള്‍ ആരായാനും ശ്രമിച്ചു. സ്കൂള്‍ പഠന കാലം തൊട്ടുതന്നെ അദ്ദേഹം ഉപന്യാസങ്ങള്‍ എഴുതുമായിരുന്നു.
വ്യക്തിയുടെയും ക്യാമറാ ലെന്‍സിന്റെയും പരിപ്രേക്ഷ്യത്തെക്കുറിച്ചുള്ള പഠനം അത്തരത്തിലുള്ളതാണ്. ഇതിനെ അദ്ദേഹം തന്റെ ‘രണ്ടാം കണ്ണ്’ എന്നു വിളിച്ചു. ഫോട്ടോഗ്രാഫിയുമായി / ക്യാമറയുമായി ബന്ധപ്പെടുത്തിയുള്ള ‘കണ്ണ് / നേത്രം’ എന്ന ആശയം അദ്ദേഹത്തിന്റെ പില്‍ക്കാല സിനിമാ ചിന്തകളിലും കടന്നുവരുന്നുണ്ട്.
മോസ്കോ ഫിലിം കമ്മറ്റിയുടെ ന്യൂസ് റീല്‍ വിഭാഗത്തിന്റെ തലവനായിരുന്ന Mikhail Koltstov 2018—ല്‍ വർതോവിനെ തന്റെ അസിസ്റ്റന്റായി നിയമിച്ചു. ഡോക്യുമെന്ററി ഫൂട്ടേജുകള്‍ എഡിറ്റു ചെയ്തു തുടങ്ങിയ വർതോവിനെ പെട്ടെന്നു തന്നെ സോവിയറ്റ് റഷ്യയിലെ ആദ്യത്തെ ന്യൂസ്‌റീൽ പരമ്പരയായ Kino Nedelya—യുടെ ചുമതലക്കാരനായി നിയമിച്ചു. തുടക്കം തൊട്ടുതന്നെ എഡിറ്റിങ്ങിന്റെ സാധ്യതകള്‍ ആരായുകയായിരുന്നു അദ്ദേഹം.
1919—ല്‍ വർതോവും അദ്ദേഹത്തിന്റെ ഭാവി ഭാര്യയും എഡിറ്ററുമായ Elisaveta Svilova—യും ഏതാനും യുവ ചലച്ചിത്രകാരന്മാരുമായി ചേര്‍ന്ന് Kinoks എന്ന ഒരു ഗ്രൂപ്പിന് ജന്മം കൊടുത്തു. Kinoks എന്നാൽ സിനിമാ നേത്രം എന്നര്‍ത്ഥം. 1922—ല്‍ വർതോവിന്റെ സഹോദരൻ Mikhail Kaufman ഈ സംഘത്തില്‍ ചേര്‍ന്നു. അന്ന് വർതോവിനെയും Elizaveta Svilova-യെയും Mikhail Kaufman—യും മൂവര്‍ സംഘം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് സോവിയറ്റ് യൂണിയനിലെ അവാങ് ഗാർദ്, കന്‍സ്ട്രക്റ്റിവിസ്റ്റ് കലാകാരന്മാരുടെ കൂട്ടായ്മയായ LEF എന്ന പ്രസിദ്ധീകരണത്തിൽ തങ്ങളുടെ സിനിമാ സങ്കല്‍പ്പങ്ങളെ വിശദീകരിക്കുന്ന നിരവധി മാനിഫെസ്റ്റോകൾ ഇവർ പ്രസിദ്ധീകരിച്ചു.
വിപ്ലവാനന്തരം സിനിമയുടെ വലിയ സാധ്യതകൾ മനസ്സിലാക്കിയ ബോള്‍ഷെവിക്കുകൾ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിൽ സിനിമയെ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിച്ചു. കാരണം സിനിമ പ്രത്യയശാസ്ത്ര പ്രചാരണത്തിന് ഏറ്റവും ഉതകുന്ന തരത്തിലുള്ളതായിരുന്നു. ഭാഷയുടെ ആവശ്യം ഇല്ലാത്തതിനാല്‍ നിരക്ഷരര്‍ക്ക് പോലും സിനിമ ആസ്വദിക്കാൻ കഴിയും. അച്ചടി മാധ്യമാവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിനിമാ കാഴ്ച പ്രേക്ഷകനിൽ ഉണ്ടാക്കുന്ന അനുരണനങ്ങൾ എത്രയോ വ്യത്യസ്തമാണ്, ഫലപ്രദമാണ്. ഒന്ന് ബുദ്ധിയുടെ തലത്തിലാണെങ്കില്‍ മറ്റേത് വൈകാരികമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതൊക്കെകൊണ്ടായിരിക്കണം കലകളിൽ ഏറ്റവും പ്രധാനം സിനിമയാണെന്ന് ലെനിന്‍ പ്രഖ്യാപിച്ചത്.
തുടക്കത്തില്‍ സിനിമയെ വിദ്യാഭ്യാസപരമായ (ബോധനത്തിന്റെ) പ്രവര്‍ത്തിയായാണ് അധികൃതർ കൈകാര്യം ചെയ്തിരുന്നത്. തങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്ന പ്രക്രിയയിലാണെന്നും സിനിമയിലൂടെ ആ ചരിത്രത്തെ അടയാളപ്പെടുത്തുകയും അങ്ങിനെ തങ്ങളുടെ നേട്ടങ്ങളെ വരുംകാലത്തിനായി സൂക്ഷിക്കുക എന്ന ദൌത്യവും ഇതിനു പിന്നില്‍ കാണാം.
തന്റെ ഇരുപത്തി രണ്ടാം വയസ്സില്‍ മോസ്കോ സിനിമാ കമ്മിറ്റിയുടെ ന്യൂസ്റീലുകൾ എഡിറ്റ് ചെയ്തു തുടങ്ങിയ വർതോവ് ഈ രംഗത്ത് ഏകദേശം മൂന്നു വര്‍ഷം ജോലി ചെയ്യുകയുണ്ടായി. അപ്പോള്‍ അദ്ദേഹം സിനിമാ കാറുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്‍നിരയിൽ ഉണ്ടായിരുന്നു.
പ്രചരണോപാധി എന്ന നിലയിലാണ് വർതോവ് സിനിമകൾ ഉണ്ടാക്കിയതെങ്കിലും മാധ്യമത്തോട് തീര്‍ത്തും വ്യത്യസ്തമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. സിനിമയുടെ ആശയം മുതൽ സാക്ഷാത്ക്കാരം വരെ, സാങ്കേതികത അടക്കം അദ്ദേഹത്തിന്റെ സിനിമകൾ വ്യത്യസ്തമാണ്. അക്കാലത്ത് കലാരംഗത്ത് ആധിപത്യമുണ്ടായിരുന്ന പല പ്രവണതകളും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി. അക്കാലത്തെ സോവിയറ്റ് സിനിമയില്‍ നിന്ന് വളരെ വ്യത്യസ്തമായ ഈ സിനികളിലെ രൂപപരമായ പരീക്ഷണങ്ങള്‍ കാരണം വര്‍തോവിന് അധികൃതരില്‍ നിന്നും നിരൂപകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങൾ നേരിടേണ്ടി വന്നു. ചിലര്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഭ്രാന്തായിപ്പോലും കണ്ടു. ഇതിന് മറുപടിയായി തന്റെ ഒരു ഉപന്യാസം അദ്ദേഹം അവസാനിപ്പിക്കുന്നത് "കലയുടെ ബാബേൽ ഗോപുരം പൊട്ടിത്തെറിക്കാം" എന്ന വാഗ്ദാനത്തോടെയാണ്.
താന്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള സിനിമയെക്കുറിച്ച് വർതോവ് ധാരാളം എഴുതുകയുണ്ടായി. അത്തരത്തിലുള്ള ഒരു മാനിഫെസ്റ്റോയില്‍ അദ്ദേഹം ഇപ്രകാരം എഴുതിയിട്ടുണ്ട്: നഗ്ന നേത്രങ്ങൾക്ക് അഗോചരമായവയെ ഗോചരമാക്കാനുള്ള മനുഷ്യന്റെ തൃഷ്ണയാണ് മൈക്രോസ്കോപ്പിന്റെയും ടെലസ്കോപ്പിന്റെയും കണ്ടുപിടുത്തത്തിന് പിന്നിൽ ഉള്ളത്. ദർശനീയമായ ലോകത്തിലേക്ക് കൂടുതൽ ആഴത്തിൽ കടന്നു ചെല്ലാനും, സൂക്ഷമായി ആരായാനും അവയെ രേഖപ്പെടുത്താനും അങ്ങിനെ വർത്തമാനത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ ഭാവിയിലേക്ക് രേഖപ്പെടുത്തിവെക്കാനുമുള്ള വ്യഗ്രതയാണ് മനുഷ്യനെ സിനി ക്യാമറയിൽ എത്തിച്ചത്. എന്നാൽ ബൂർഷ്വാ വർഗത്തിന്റെ കൈകളിൽ എത്തിപ്പെടുക എന്ന ദുര്യോഗമാണ് സിനി ക്യാമറയ്ക്ക് ഉണ്ടായത്. യജമാനന്മാർക്കെതിരെയുള്ള സമരം എന്ന അടിസ്ഥാന വർഗത്തിന്റെ മൗലിക ലക്ഷ്യങ്ങളെ വ്യതിചലിപ്പിക്കാനാണ് സിനി ക്യാമറ എന്ന പുതിയ കളിക്കോപ്പിനെ ബൂർഷ്വാ വർഗം ഉപയോഗിച്ചത്. വിശപ്പിലും ദാരിദ്ര്യത്തിലും പെട്ടുഴലുന്ന ജനത സിനിമയുടെ മായിക വലയത്തിൽ കുടുങ്ങി മെല്ലെ തങ്ങളുടെ യജമാനന്മാരുടെ സിനിമയുടെ സ്വാധീനത്തിന് വിധേയരായി. നാടകീയമായ പ്രകടനങ്ങളിലൂടെ യജമാനന്മാർ ബൂർഷ്വയുടെ ജീവത രീതി പകർത്താനും, ജനതയെ അവരുടെ സമരബോധത്തിൽ നിന്ന് പിന്തിരിപ്പിക്കാനും തങ്ങളുടെ താത്പര്യങ്ങൾ അവരിൽ വളർത്തിയെടുക്കാനുമാണ് സിനി ക്യാമറ ഉപയോഗിച്ചത്.
എന്നാല്‍ വർതോവിനെയും സംഘത്തെയും സംബന്ധിച്ച് സിനിമയുടെ ലക്ഷ്യം തൊഴിലാളികളെ വിനോദിപ്പിക്കുകയല്ല. പുതിയ കളിക്കോപ്പുകൾ നല്‍കി അവരുടെ ബോധത്തെ തണുപ്പിക്കുകയല്ല. യഥാര്‍ത്ഥ ലോകത്തെ തുറന്നുകാണിക്കുന്നതിലൂടെ അതിന്റെ ബൂര്‍ഷ്വാ ഘടന തൊഴിലാളികള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുകയാണ് വേണ്ടത്. തൊഴിലാളികളെ അവര്‍ക്ക് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചും അവരെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചും സിനിമ അവരുടെ അവബോധത്തിൽ വ്യക്തമായ ധാരണ ഉണ്ടാക്കണം. ഓരോ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് തങ്ങളെപ്പോലെ ലോകത്തിന്റെ വിവിധ കോണുകളിൽ പല തൊഴിലുകളിൽ ഏര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ സഹോദരീ സഹോദരന്മാരെ കാണാനും അങ്ങിനെ തങ്ങളുടെ ശത്രുക്കളെയും ചൂഴകരെയും കാണാനും അവസരം ഒരുക്കണം.
ദർശനീയമായ ലോകത്തെ ചിത്രീകരിക്കുന്നതിലൂടെയുള്ള വിദ്യാഭ്യാസപരമായ ബാധ്യത ഏറ്റെടുക്കാൻ പര്യാപ്തമായ സിനിമയെ Fiction, Narrative, അഭിനേതാക്കൾ, സംവിധായകാൻ തുടങ്ങിയ സങ്കല്പങ്ങൾ തടസ്സപ്പെടുത്തുന്നു എന്ന് വർതോവ് വിശ്വസിച്ചു. Film Drama, Literary scenario തുടങ്ങിയ കാര്യങ്ങള്‍ ബൂർഷ്വാ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ ആണെന്നും ഇവയെ നശിപ്പിക്കുന്നതിലൂടെ മാത്രമേ സിനിമയ്ക്ക് അതിന്റെ യഥാർത്ഥ പങ്ക് നിറവേറ്റാൻ കഴിയൂ എന്നുകൂടി അദ്ദേഹം വിശ്വസിച്ചിരുന്നു.
Provisional Instructions to Kino Eye Group-ന്റെ ആമുഖത്തില്‍ വർതോവ് ഇപ്രകാരം എഴുതുകയുണ്ടായി: “ഒക്ടോബർ വിപ്ളവത്തിന് ശേഷം പുതിയ ജീവിത രീതിയുമായി ഒത്തു ചേരുക എന്ന പ്രതിസന്ധി ഘട്ടത്തിലായിരുന്നു സോവിയറ്റ് സിനിമ. മുൻപ് സാറിസ്റ്റ് ഉദ്യോഗസ്ഥനായി അഭിനയിച്ചിരുന്ന അഭിനേതാവ് ഇപ്പോൾ തൊഴിലാളിയായും, കൊട്ടാരം നർത്തകിയായി അഭിനയിച്ചിരുന്ന അഭിനേത്രി ഇപ്പോൾ തൊഴിലാളി സ്ത്രീയായും അഭിനയിക്കുന്നു. ഈ കാപട്യം ബൂർഷ്വാ സങ്കേതങ്ങളുടെയും നാടകീയ പ്രകൃതത്തിന്റെയും അവശിഷ്ടങ്ങൾ തന്നെയാണെന്ന് അധികമാരും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല".
നാടകത്തെയും സിനിമയെയും താരതമ്യം ചെയ്തുകൊണ്ട്, അക്കാലത്തുണ്ടായ മിക്ക സിനിമകളും നാടകീയ പ്രകടനങ്ങൾ ആയിരുന്നു എന്ന് വർതോവ് സ്ഥാപിക്കുകയും, നാടകീയതയിൽ നിന്ന് മുക്തമായ സിനിമാ സംസ്കാരം വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും, അത് എപ്രകാം ആയിരിക്കണമെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. നാടകത്തിന്റെ അടിസ്ഥാനം തന്നെ അഭിനയമാകുന്നു. അതുകൊണ്ട് സ്ക്രിപ്റ്റിനേയും അഭിനയത്തേയും ആധാരമാക്കിയുള്ള സിനിമകളും നാടകീയ പ്രകടനങ്ങൾ മാത്രമാകുന്നു. ഇവയൊക്കെയും ജീവത്തായ (Live) സംഭവങ്ങളെ സൂക്ഷമായി നിരീക്ഷിക്കുക എന്ന സിനി ക്യാമറയുടെ ധർമ്മത്തിന് പുറത്താണ് എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സംവിധായകന്‍ എന്ന വ്യക്തിയെ മാത്രം സിനിമയുടെ സൃഷ്ടാവായി കാണുന്ന രീതിയെ വർതോവും സംഘവും അംഗീകരിക്കുന്നില്ല. ഒരു ചെറു സംഘത്തില്‍ സിനിമാ നിര്‍മ്മാണത്തെ ഒതുക്കി നിര്‍ത്താനും അവർ തയ്യാറല്ല. തലതൊട്ടപ്പനായി കരുതിയിരുന്ന സംവിധായകന്‍ എന്ന സങ്കല്‍പ്പത്തിൽ നിന്നും, അഭിനേതാക്കളില്‍ നിന്നും, തിരക്കഥയിൽ നിന്നും, സെറ്റുകളില്‍ നിന്നും സിനിമയെ മോചിപ്പിച്ച് ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം, കൂട്ടായ സൃഷ്ടി എന്ന നിലയില്‍ സിനിമയെ മാറ്റുന്നതിലൂടെ ബൂര്‍ഷ്വാ കലാ സിനിമയ്ക്ക് അവസാനം കുറിക്കാം എന്നും അവര്‍ വിശ്വസിച്ചു. അപ്രകാരം ഒരു ചുവന്ന സോവിയറ്റ് സിനിമ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കിനോ പ്രാവ്ദയുടെ ശ്രമങ്ങളെ മുന്നോട്ടു നയിക്കുന്ന കിനോ-ഐക്ക് (സിനിമാ നേത്രം) അവര്‍ ജന്മമേകിയത്. (പ്രാവ്‌ദ എന്ന റഷ്യൻ വാക്കിന് സത്യം എന്നര്‍ത്ഥം. അപ്പോള്‍ കിനോ പ്രാവ്ദ എന്നാൽ സിനിമാ സത്യം. പാര്‍ട്ടിയുടെ ഔദ്യോഗിക പത്രത്തിന്റെ പേരും പ്രാവ്‌ദ എന്നാണല്ലോ). ഈ ബാനറിന്‍ കീഴില്‍ വര്‍തോവും സംഘവും ധാരാളം ന്യൂസ് റീലുകള്‍ സംവിധാനം ചെയ്തു.
Kino-Eye-യുടെ ചില പ്രഖ്യാപനങ്ങള്‍ ഇപ്രകാരമാകുന്നു: നാടകീയ സിനിമ ജനങ്ങള്‍ക്ക് നല്‍കുന്ന മയക്കുമരുന്നാകുന്നു. തിരശ്ശീലയിലെ അനശ്വരരായ രാജാക്കന്മാരും രാജ്ഞി മാരും തുലയട്ടെ. നശ്വരരായ, ജീവിതത്തിന്റെ നിത്യവൃത്തികളിൽ വ്യാപൃതരായ സാധാരണ മനുഷ്യര്‍ നീണാൾ വാഴട്ടെ. തിരക്കഥ എന്ന ബൂര്‍ഷ്വാ മുത്തശ്ശിക്കഥകൾ തുലയട്ടെ. സമകാലിക കലാ നാടകം പഴയ കാലത്തിന്റെ അവശിഷ്ടങ്ങളാണ്. ഇത് വിപ്ലവ യാഥാർത്ഥ്യങ്ങളെ ബൂര്‍ഷ്വാ രീതികലാക്കി വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളാണ്. ജീവിതത്തെ സ്ക്രിപ്റ്റ് ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിച്ച് ഞങ്ങളറിയാതെ ഞങ്ങളെ, ഞങ്ങള്‍ എപ്രകാരമാണോ അപ്രകാരം ചിത്രീകരിക്കുക. അക്ഷരങ്ങളിലൂടെ മെനഞ്ഞെടുക്കപ്പെടുന്ന സ്വപ്നതുല്യമായ പഴങ്കഥ കളാണ് തിരക്കഥകൾ. ഞങ്ങളുടെ ജീവിതം മറ്റൊരാളുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കേണ്ടതില്ല. മറ്റുള്ളവരുടെ പ്രവൃത്തികളിൽ ഇടപെടാതെ ഞങ്ങൾ ഞങ്ങളുടെ ദൈനം ദിന വൃത്തികളിൽ ഏര്‍പ്പെടുന്നു. ഞങ്ങളുടെ പ്രവര്‍ത്തികളെ ബാധിക്കാത്ത വിധത്തിൽ ഞങ്ങളെ ചിത്രീകരിക്കുക എന്നതാണ് സിനിമാ പ്രവര്‍ത്തകരുടെ കടമ. അടിസ്ഥാനവര്‍ഗ്ഗ വിപ്ലവത്തിന്റെ Kino-Eye നീണാൾ വാഴട്ടെ. Life caught unaware എന്ന വർതോവിന്റെ ആശയമാണിത്. ഇതിനായി ഒളിപ്പിച്ചു വച്ച ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നു.
Kino-Eye Manifesto—യില്‍ വർതോവ് ഇപ്രകാരം എഴുതുകയുണ്ടായി: “ഞാന്‍ നേത്രമാകുന്നു. യാന്ത്രിക നേത്രം. ഒരു യന്ത്രത്തിനു മാത്രം ദര്‍ശനീയമാകുന്ന ലോകത്തെ ഞാൻ എന്ന യന്ത്രം നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുന്നു. മനുഷ്യന്റെ നിശ്ചലാവസ്ഥയില്‍ നിന്ന് ഞാനിപ്പോള്‍ സ്വതന്ത്രമാണ്. ഞാന്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ വസ്തുക്കളിലേക്ക് അടുക്കുന്നു. വസ്തുക്കളില്‍ നിന്ന് അകലുന്നു. ഞാൻ അവയ്ക്കടിയിലും അവയിലേക്കും ഇഴയുന്നു. ഓടിക്കൊണ്ടിരിക്കുന്ന കുതിരയ്ക്കൊപ്പം ഞാന്‍ നീങ്ങുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാൻ അതിവേഗം ചലിക്കുന്നു. ആക്രമിക്കാനെന്നവണ്ണം പട്ടാളക്കാര്‍ക്ക് മുമ്പേ ഞാന്‍ മുന്നേറുന്നു. സ്ഥല കാലങ്ങളില്‍ നിന്ന് മോചിതമായതിനാൽ പ്രപഞ്ചത്തിലെ ഓരോ സന്ദര്‍ഭങ്ങളെയും ഞാൻ എന്റെ ഇച്ഛയ്ക്കനുസരിച്ച് ക്രമീകരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള പുതിയ സങ്കല്പനമാണ് എന്റെ മാര്‍ഗം. അതുവരെ നിലനിന്നിരുന്നതായി നിങ്ങള്‍ക്ക് അറിയാതിരുന്ന ലോകത്തെ നിങ്ങള്‍ക്കായി പ്രകടമാക്കാൻ എനിക്കാകും”.
വർതോവിന്റെ സിനിമാ സങ്കല്‍പ്പങ്ങളുടെ മഹത്തായ ഉദാഹരണമായി മാന്‍ വിത്ത് എ മൂവി ക്യാമറ (1929) എന്ന സിനിമയെ കാണാം. സോവിയറ്റ് യൂണിയനിലെ കീവ്, ഖാര്‍കോവ്, മോസ്കോ, ഒഡേസ്സ എന്നീ നഗരങ്ങളിലെ ജനജീവിതമാണ് സിനിമ അവതരിപ്പിക്കുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ തൊഴിലെടുക്കുകയും ഉല്ലസിക്കുകയും യന്ത്രങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന ജനങ്ങള്‍. വർതോവിന്റെ സഹോദരൻ സിനിമ ചിത്രീകരിക്കുന്നതും, ഭാര്യ എഡിറ്റ് ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ സിനി ക്യാമറയാണ് നായകന്‍. Multiple exposure, Superimposition, Fast motion, Slow motion, Freeze frames, Match cuts, Jump cuts, Split screens, Extreme close-ups, Tracking shots, Reversed footage, Stop motion animation എന്നിങ്ങനെ വിവിധ സങ്കേതങ്ങള്‍ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സിനിമ സാങ്കേതികമായി തീരെ വളര്‍ന്നിട്ടില്ലാത്ത ഘട്ടത്തിലാണ് അദ്ദേഹം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യകൾ ഭാവനാത്മകമായി ഉപയോഗിച്ചത് എന്നതാണ് ശ്രദ്ധേയം.
ബോൾഷെവിക് വിപ്ലവാനന്തര മഹാനഗരത്തിന്റെ ആധുനികതയും ഊർജ്ജവും ഈ സിനിമ ആഘോഷിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ യന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രചാരണമായാണ് സിനിമ വിഭാവനം ചെയ്തിരിക്കുന്നത്. നാടകത്തില്‍ നിന്നും സാഹിത്യത്തിൽ നിന്നും മോചിതമായി സിനിമയുടെ സാര്‍വ്വദേശീയമായ ഭാഷ സൃഷ്ടിക്കാനുള്ള പരീക്ഷണം.
സിനിമ ആരംഭിക്കുന്നത് ഒരു സിനിമാ ഹാളിനുള്ളിലെ ഷോട്ടുകളിലാണ്, അവിടെ ഒരു സിനിമ പ്രദർശിപ്പിക്കാൻ പോകുന്നു. കാഴ്ചക്കാർ ഇരിക്കുന്നു. ഒരു ലൈവ് സിംഫണി ഓർക്കസ്ട്ര പ്രകടനത്തിന് തയ്യാറായി നില്‍ക്കുന്നു. പ്രൊജക്ടറും സ്ക്രീനും തയ്യാറായിക്കഴിഞ്ഞു. റീൽ പ്രവര്‍ത്തിക്കാൻ പോകുന്നു. ഒരു ചലച്ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ -- ചിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ -- ഷൂട്ടിംഗ്, ഷോട്ടുകളുടെ അവലോകനം, എഡിറ്റിംഗ്, സ്ക്രീനിംഗ് -- ഈ ചിത്രം പകർത്തുന്നു. പലപ്പോഴും രേഖീയമല്ലാത്തതും അപ്രതീക്ഷിതവുമായ രീതിയിൽ. ഇതിലൂടെ സിനിമ സാധാരണ രീതിയുള്ള പ്രതിനിധാനത്തിന് എതിരെ നില്‍ക്കുന്നു. പ്രേക്ഷകര്‍ കാണുന്നത് ഒരു സിനിമ മാത്രമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
സിനിമയുടെ അസാമ്പ്രദായികത കാരണം റിലീസ് സമയത്ത് വര്‍തോവ് വളരെയധികം ഭയന്നിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് ദിനപത്രമായ പ്രാവ്ദയിൽ ഒരു മുന്നറിയിപ്പ് അച്ചടിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു, അത് സിനിമയുടെ പരീക്ഷണാത്മകവും വിവാദപരവുമായ സ്വഭാവത്തെക്കുറിച്ച് നേരിട്ട് സംസാരിച്ചു. സിനിമ നശിപ്പിക്കപ്പെടുകയോ പൊതുജനങ്ങൾ അവഗണിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. സിനിമ ഔദ്യോഗികമായി റിലീസ് ചെയ്തപ്പോള്‍ സിനിമയുടെ തുടക്കത്തിൽ സിനിമാറ്റിക് വിനിമയത്തില്‍ ഒരു പരീക്ഷണം, ഇന്റര്‍-ടൈറ്റില്‍സ് ഇല്ലാത്ത സിനിമ, തിരക്കഥ ഇല്ലാത്ത സിനിമ, അഭിനേതാക്കളും സെറ്റുകളും ഇല്ലാത്ത സിനിമ -- ഇപ്രകാരമുള്ള പ്രസ്താവന വര്‍തോവ് കൂട്ടിച്ചേര്‍ത്തു.
പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രാൻസിൽ നിലനിന്നിരുന്ന ഒരു സാഹിത്യ രൂപമാണ് ഫ്ലൂനിയർ (Flaneur). പാരീസിലെ തെരുവുകളുടെ ചിത്രീകരണവുമായി, തെരുവുകളിലെ മനുഷ്യരുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് നിലവില്‍ വന്നത്. ഇത് മറ്റു കലകളിലേക്കും കടന്നുചെന്നിട്ടുണ്ട്. വാൾട്ടർ ബെഞ്ചമിൻ, ചാൾസ് ബോദലെയറിന്റെ കവിതകളുടെ പശ്ചാത്തലത്തില്‍ ഇതിന് പണ്ഡിതോചിതമായ പ്രാധാന്യം കൊടുത്തു. അങ്ങിനെ ഈ വാക്ക് നഗരത്തിന്റെയും ആധുനികതയുടെയും (ആധുനികത്വത്തിന്റെ പോലും) അനുഭവത്തിന്റെ പ്രതീകാത്മക രൂപമായി. സിനിമയിലെ സിറ്റി സിംഫണി എന്ന വിഭാഗം ഒരുപക്ഷേ ബോദലെയറിന്റെ ഫ്ലൂനിയറിനെക്കുറിച്ചുള്ള ആശയത്തിന്റെ ഏറ്റവും അടുത്തുള്ള സിനിമാറ്റിക് ആവിഷ്കാരമായി പലരും കാണുന്നുണ്ട്. മാൻ വിത്ത് എ മൂവി ക്യാമറയെ പലപ്പോഴും സിറ്റി സിംഫണിയുടെ ഗണത്തില്‍ ചേര്‍ത്തു കാണുന്നു. വര്‍തോവ് ഒരിക്കലും ഈ പദം ഉപയോഗിക്കുന്നില്ലെങ്കിലും.
തുടക്കം തൊട്ടുതന്നെ സോവിയറ്റ് യൂണിയനിലെ അവാങ് ഗാർദ്, കന്‍സ്ട്രക്റ്റിവിസ്റ്റ് പ്രസ്ഥാനങ്ങളുമായി വര്‍തോവിന് ബന്ധമുണ്ടായിരിന്നു എന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. ഇതിന്റെ പ്രതിഫലനം ഈ സിനിമയിൽ കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയില്‍ ഉടലെടുത്ത കൺസ്ട്രക്റ്റിവിസ്റ്റ് കലാ പ്രസ്ഥാനത്തിൽ നിന്നാണ് ഈ ചിത്രം ഉയർന്നുവന്നത്. കല ആധുനികവും വ്യാവസായികവുമായ ലോകത്തെ പ്രതിഫലിപ്പിക്കണമെന്നും മികച്ചതും കൂട്ടായതുമായ നന്മയെ സേവിക്കണമെന്നും ഈ പ്രസ്ഥാനം വിശ്വസിച്ചു. ഇവര്‍ കലയെ പ്രചാരണത്തിനുള്ള ഒരു മാർഗമായി കണക്കാക്കുകയും ബോൾഷെവിക്കുകളും അവാങ് ഗാർദുകളുമായും ബന്ധപ്പെടുകയും ചെയ്തു. ഇവർ ഏതെങ്കിലും തരത്തിലുള്ള അലങ്കാരത്തിലും ആര്‍ഭാടങ്ങളിലും വിശ്വസിച്ചില്ല. അതിനാൽ ജ്യാമിതീയ രൂപങ്ങൾ സൃഷ്ടിക്കാൻ കലാകാരന്മാർ മിതമായ വ്യാവസായിക വസ്തുക്കൾ ഉപയോഗിച്ചു. ക്യൂബിസം, ഫ്യൂച്ചറിസം മുതലായ പ്രസ്ഥാനങ്ങള്‍ കൺസ്ട്രക്റ്റിവിസത്തിൽ വലിയ സ്വാധീനം ചെലുത്തി. വാസ്തുവിദ്യ, ശിൽപം, ഫാഷൻ, സിനിമ മുതലായവയിലും ഇതിന്റെ സ്വാധീനം ഉണ്ടായി. വിപ്ലവത്തിന്റെ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ ബോൾഷെവിക്കുകൾക്ക് സിനിമയില്‍ വലിയ താല്പര്യമുണ്ടായിരുന്നു. അതിനാൽ, കൺസ്ട്രക്റ്റിവിസവും സോവിയറ്റ് സിനിമയും കൈകോർത്ത് വളരെ രസകരമായ സിനിമകൾ നിർമ്മിച്ചു.
അക്കാലത്ത് അത്ര പരിചിതമല്ലാത്ത സാങ്കേതികതതയുടെ ഉപയോഗവും രൂപത്തിനുള്ള പ്രാധാന്യവും കാരണം സിനിമയ്ക്കെതിരെ അന്ന് വലിയ വിമര്‍ശനങ്ങൾ ഉയര്‍ന്നു വരികയുണ്ടായി. ഉള്ളടക്കത്തിനു മുകളില്‍ രൂപത്തിനുള്ള പ്രാധാന്യം എന്ന രീതിയിലാണ് ഒരു വിമര്‍ശനം. സെര്‍ഗി ഐസൻസ്റ്റൈൻ ഈ സിനിമയെ "അർത്ഥമില്ലാത്ത ക്യാമറ ഗുണ്ടായിസം" എന്ന് പരിഹസിച്ചു. പാശ്ചാത്യരാജ്യങ്ങളിലും ഈ സിനിമ നിരസിക്കപ്പെട്ടു. സിനിമയിലെ എഡിറ്റിംഗിന്റെ വേഗത -- 1929-ലെ സാധാരണ ഫീച്ചര്‍ സിനിമയെക്കാള്‍ നാലിരട്ടി വേഗത്തിൽ -- ചിലരെ അസ്വസ്ഥരാക്കി. എന്നാല്‍ ഇന്ന് ഈ സിനിമ ലോകത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിൽ ഉണ്ട്.
പ്രത്യേകം പ്രത്യേകമായി ചിത്രീകരിക്കപ്പെട്ട സ്വതന്ത്ര ഷോട്ടുകളെ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥയുടെ അടിസ്ഥാനത്തില്‍ എഡിറ്റു ചെയ്ത് കൂട്ടിച്ചേർന്നക്കുതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഐസൻസ്റ്റീനിന്റെ മൊണ്ടാഷ് സങ്കല്‍പ്പത്തോട് വർതോവും സംഘവും യോജിക്കുന്നില്ല. അവര്‍ മൊണ്ടാഷിനെ വളരെ വ്യത്യസ്തമായാണ് കാണുന്നത്. അവരെ സംബന്ധിച്ച് ദൃഷ്ടിഗോചരമായ ലോകത്തിന്റെ വ്യവസ്ഥയുണ്ടാക്കലാണ് മൊണ്ടാഷ്. ആരംഭത്തിലുള്ള നിരീക്ഷണം മുതല്‍ സിനിമ പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ പല ഘട്ടങ്ങളിലായി സംഭവിക്കുന്ന തടസ്സമില്ലാത്ത, തുടര്‍ച്ചയായ പ്രവര്‍ത്തിയാണ് അവര്‍ക്ക് മൊണ്ടാഷ്. എഡിറ്റിംഗ് സമയത്ത് മാത്രമല്ല, സിനിമ ചിത്രീകരിക്കവെ എടുക്കുന്ന തീരുമാനങ്ങളും ദൈനംദിന ജീവിതത്തിന്റെ നിരീക്ഷണങ്ങളും ഇതില്‍പ്പെടുന്നു. അക്കാലത്തെ പലരെയും പോലെ വർതോവ് വൈകാരികതയിൽ ഊന്നുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഐസൻസ്റ്റീനിന്റെ പ്രശസ്തമായ ‘ബാറ്റില്‍ഷിപ്പ് പോടെംകിന്‍’ (1925) എന്ന സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ നാടകീയമായ അവതരണമാണ്. ഒരുപക്ഷെ, ഈ സിനിമയോടും അദ്ദേഹം യോജിച്ചിരിക്കില്ല.
തുടര്‍ന്ന് മാനിഫെസ്റ്റോയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: ഞങ്ങള്‍ സിനിമയിലേക്ക് ആദ്യ ചുവടു വെക്കുകയാണ്. അതുകൊണ്ടാണ് ‘കിനോക്കുകള്‍’ എന്ന് ഞങ്ങള്‍ സ്വയം വിളിക്കുന്നത്. ഒരു കലാ മേഖല, ഒരു കച്ചവട രീതി -- നിലനില്‍ക്കുന്ന ഇത്തരം രീതികള്‍ക്കും ഞങ്ങളുടെ സിനിമയ്ക്കും പൊതുവായി ഒന്നുമില്ല. നിലവിലുള്ള വ്യവസായ സിനിമകളുമായി സാങ്കേതികമായി പോലും ഞങ്ങള്‍ തെറ്റിപ്പിരിയുന്നു. ആര്‍ട് സിനിമകളുടെ സങ്കേതങ്ങളുമായി ഞങ്ങൾ ഭാഗികമായി ചേര്‍ന്ന് നില്‍ക്കുന്നുവെങ്കിലും ഞങ്ങളുടെ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി വ്യത്യസ്തമായ സാങ്കേതിക സമീപനം ആവശ്യമാണ്.
കൂറ്റന്‍ സ്റ്റുഡിയോകളും, പ്രശസ്തരായ സംവിധായകരും, സൂപ്പര്‍ താരങ്ങളും ആവശ്യമില്ലെങ്കിലും വിപുലമായ യാത്രാ സൗകര്യം, അതീവ സെന്‍സിറ്റീവായ ഫിലിം, കൈയിലെന്താവുന്നത്രയും ഭാരം കുറഞ്ഞ ക്യാമറകള്‍, അതുപോലെ തന്നെ ഭാരം കുറഞ്ഞ വെളിച്ചത്തിനായുള്ള ഉപകരണങ്ങള്‍, സിനിമാ റിപ്പോര്‍ട്ടര്‍മാരുടെയും കിനോക് നിരീക്ഷകരുടെയും ഒരു സംഘം -- ഇതൊക്കെയാണ് വർതോവിനും സംഘത്തിനും സിനിമാ നിര്‍മ്മാണത്തിന് ആവശ്യമായ ഘടകങ്ങള്‍.
വർതോവിന്റെ സിനിമാ സങ്കല്‍പ്പങ്ങളിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട പുതിയ തലമുറ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉയർന്നു വരികയുണ്ടായി. ഫ്രാന്‍സിൽ രൂപം കൊണ്ട Cinema Verite (Film Truth), അമേരിക്കയില്‍ രൂപം കൊണ്ട Direct Cinema, ബ്രിട്ടനില്‍ രൂപം കൊണ്ട Free Cinema മുതലായ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന സിനിമാ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നവയായിരുന്നു. സാങ്കേതിക വളര്‍ച്ച ഭാരം കുറഞ്ഞ 16mm ക്യാമറകളും ശബ്ദം രേഖപ്പെടുത്താനുള്ള ഉപകരണങ്ങളും ഉണ്ടാക്കിയതോടെ സംവിധായകര്‍ക്ക് വലിയ തോതിലുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഇതിലൂടെ ലോകത്തെ പുതിയ രീതിയില്‍ വ്യാഖ്യാനിക്കാൻ അവർ ശ്രമിച്ചു.
മാര്‍ക്സിസം—ലെനിനിസത്താല്‍ പ്രചോദിതരായ ഗൊദാര്‍ദും ഗോറിനും 1968—ലെ ഫ്രാന്‍സിലെ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രൂപം കൊടുത്ത സംഘടനയാണ് സിഗാ വര്‍തോവ് ഗ്രൂപ്പ്. ഈ ഗ്രൂപ്പിനെ സംബന്ധിച്ച് പ്രശ്നം, ഹോളിവുഡ് ശൈലിയുടെ നിരാകരണത്തോടൊപ്പം ഐസന്‍സ്റ്റീനിലൂടെ തിരിച്ചറിയപ്പെടുന്ന സോവിയറ്റ് സിനിമാ സമ്പ്രദായത്തിന്റെ നിരാകരണം കൂടിയായിരുന്നു. വര്‍ഗ്ഗ സമരത്തിന്റെ സമകാലികാവസ്ഥ അപഗ്രഥിക്കുകയാണ് ചലച്ചിത്രകാരന്റെ മുഖ്യ കടമ എന്ന വർതോവിന്റെ പ്രഖ്യാപനത്തിലാണ് അവര്‍ വിശ്വസിച്ചത്. വര്‍ഗ്ഗ സമരത്തിന്റെ സമകാലികാവസ്ഥ അപഗ്രഥി ക്കാതെ 1924—ല്‍ ഐസന്‍സ്റ്റീൻ ‘പോംടെംകിന്‍’ പടക്കപ്പലിനെ കുറിച്ച് ഒരു ചരിത്ര സിനിമ ഉണ്ടാക്കാന്‍ തീരുമാനിച്ചത് റഷ്യൻ സിനിമയിലെ ഒരു വമ്പന്‍ പരാജയമായി അവര്‍ കാണുന്നു. വർതോവിനെപ്പോലെ ഇവരും സിനിമയിൽ വ്യക്തിഗത കര്‍തൃത്വത്തിൽ വിശ്വസിക്കുന്നില്ല. Lars von Trier—ന്റെ നേതൃത്വത്തിൽ രൂപം കൊണ്ട Dogme Film Group വർതോവിന് പുതു തലമുറയിൽ നിന്നുള്ള ഉപഹാരമാണ്.
നവ മാധ്യമ ചിന്തകനായ Lev Manovich വർതോവിനെ ആദ്യകാല Database ചലച്ചിത്രകാരനായിട്ടാണ് കാണുന്നത്. സാമ്പ്രദായിക സിനിമയുടെ അടിസ്ഥാനം സ്ഥിരീകൃതമായതും രീഖീയവുമായ ആഖ്യാന ഘടനയാണ്. എന്നാല്‍ Database സിനിമയിൽ കഥ വികസിക്കുന്നത് ലഭ്യമായ ഒരു ശേഖരത്തിൽ നിന്ന് ആവശ്യമുള്ള ദൃശ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയാണ്. വർതോവിന്റെ മാന്‍ വിത്ത് എ മൂവി ക്യാമറ എന്ന സിനിമയെ ആധുനിക മാധ്യമ കലയിലെ Database ഭാവനയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായി Manovich ചൂണ്ടിക്കാട്ടുന്നു. സിനിമ എന്ന മാധ്യമം പില്‍ക്കാലത്ത് കൈവരിച്ച പല സാങ്കേതിക നേട്ടങ്ങളുടെയും ബീജം വർതോവിന്റെ സിനിമകളിൽ നിന്ന് മറ്റു പലരും കണ്ടെടുക്കുന്നു.
Harun Farocki തന്റെ Counter Music എന്ന പ്രതിഷ്ഠാപനത്തിൽ Man With a Movie Camera—യില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. Siegfried Zielinski എന്ന മാധ്യമ ചിന്തകനും Jean-Paul Fargier എന്ന മാധ്യമ നിരൂപകനും വർതോവിനെ ഒരു ദാര്‍ശനികനായും കാലത്തിന് മുമ്പേ നടന്ന ചിന്തകനായും കാണുന്നു. വിയന്നയിലെ ഫിലിം മ്യൂസിയം പ്രസിദ്ധീകരിച്ച കാറ്റലോഗില്‍ Barbara Wurm വർതോവിനെ ഒരു മീഡിയ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വർതോവ് അന്ന് കണ്ട പല സ്വപ്‌നങ്ങളും -- ഭാരം കുറഞ്ഞ, എവിടെയും കൊണ്ടുനടന്നും ഒളിപ്പിച്ചു വച്ചും ചിത്രീകരിക്കാവുന്ന ക്യാമറയും ശബ്ദത്തിനായുള്ള ഉപകരണങ്ങളും ഡിജിറ്റല്‍ സാധ്യമാക്കിയിരിക്കുന്നു. അക്കാലത്തെ സാങ്കേതിക വിദ്യയെ പരമാവധി ക്രിയാത്മകമായി ഉപയോഗിച്ച അദ്ദേഹത്തിന്റെ സിനിമകൾ പുതുതലമുറ വീണ്ടും വീണ്ടും ചര്‍ച്ചചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.
“മനുഷ്യ നേത്രങ്ങള്‍ക്ക് പരിമിതിയുണ്ട്. അവ എല്ലാ കാഴ്ചകളും കാണുന്നില്ല. അതേസയം സിനിമാ ക്യാമറയ്ക്ക് പരിമിതിയില്ല. നമ്മുടെ നേത്രങ്ങളെ നമുക്ക് കൂടുതൽ മെച്ചപ്പെടുത്താന്‍ കഴിയില്ല, എന്നാല്‍ ക്യാമറയെ നമുക്ക് അറ്റമില്ലാതെ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കാം” – വര്‍തോവിന്റെ ഈ വാക്കുകള്‍ ഭാവി സിനിമയിലേക്കുള്ള ചൂണ്ടുപലകയാണ്.
-----oooOooo-----
Comments
Post a Comment