സായ് മിങ് ലിയാങ്ങും അന്യവത്കരണത്തിന്റെ തണ്ണീർമത്തൻ ദിനങ്ങളും
സായ് മിങ്ങ് ലിയാങ്ങും അന്യവത്കരണത്തിന്റെ തണ്ണീര്‍മത്തന്‍ ദിനങ്ങളും
- Afeef Ahmed
അബ്ബാസ് കിയറോസ്താമിക്ക് കാറുകളെങ്ങനെയാണോ,അങ്ങനെയാണ് സായ് മിങ്ങ് ലിയാങ്ങിന് തണ്ണീര്‍മത്തനുകള്‍. സായ് ഒരു തായിവാനുകാരനാണ്. സിനിമകള്‍ സംവിധാനം ചെയ്യാറുണ്ട്. സായുടെ സിനിമകള്‍ പ്രശസ്തമാണ്. സായുടെ സിനിമകള്‍ വളരുന്നതോടൊപ്പം ലീ കാങ്ങ് ഷെങ്ങും വളരുന്നുണ്ട്. ലീ ഒരു നടനാണ്. 1992ല്‍ പുറത്തിറങ്ങിയ ദി റെബല്‍സ് ഓഫ് നിയോണ്‍ ഗോഡ് എന്ന ചിത്രം മുതല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഡെയ്സ് എന്ന ചിത്രം വരെ ലീയും സായ്ക്കൊപ്പമുണ്ട്. ലീ സ്വാഭാവികമായ അക്കാദമിക പരീശീലനങ്ങള്‍ ലഭിച്ച നടനല്ല. എന്നാല്‍ ലീയില്ലാതെ, ലീയുടെ മുഖമില്ലാതെ സിനിമകളെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് സായ് പറയുന്നുണ്ട്. ലീ കഴിഞ്ഞാല്‍ സായുടെ സിനിമകളില്‍ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവുക തണ്ണീര്‍മത്തനുകളാണ്. ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഫലമായി മനുഷ്യമനസ്സുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ദൂരത്തിന്റെയും അകല്‍ച്ചയുടെയും രൂപകങ്ങളാണ് പലപ്പോഴും തണ്ണീര്‍മത്തനുകള്‍. നീണ്ട ടെയ്ക്കുകളാണ് സ്ലോ സിനിമ എന്ന വിശേഷിപ്പിക്കപ്പെടുന്ന സായ് സിനിമകളെ മാറ്റിനിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.
ഷോട്ടുകളുടെ ദൈര്‍ഘ്യവും വേഗതക്കുറവും സിനിമയെ ആസ്വദിക്കുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നു എന്നതാണ് സ്ലോ സിനിമകള്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ സായ് മിങ്ങ് ലിയാങ്ങിന്റെ ഭൂരാഷ്ട്രീയ അതിര്‍ത്തികള്‍ക്കിടയില്‍ നിന്ന് ആലോചിക്കുമ്പോള്‍, സ്ലോ സിനിമകളെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കേവലം യാദൃശ്ചികമല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. മാത്രവുമല്ല, അന്യവത്കരണത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന നഗരജീവിതങ്ങളില്‍ സായുടെ വേഗതകുറഞ്ഞ സിനിമകള്‍ ഒരു നൈതികമാനം കൂടെ കൈവരിക്കുന്നുമുണ്ട്. എന്താണ് (സ്ലോ) സായ് സിനിമകളുടെ നൈതികത? സമയത്തെ കുുറിച്ചുള്ള ആലോചനകളാണ് നൈതികതയെ കുറിച്ചുള്ള ചിന്തകളില്‍ ആദ്യമെത്തുന്നത്. ഹൈന്‍റി ബൈര്‍ഗ്സണിന്റെ ദൈര്‍ഘ്യം ( ഡ്യൂറീ ) എന്ന സങ്കല്‍പമാണ് സിനിമാറ്റിക്ക് സമയത്തെ കുറിച്ചുള്ള ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ നമ്മളെ ഏറെ സഹായിക്കുന്ന സങ്കേതങ്ങളിലൊന്ന്.
ഇമേജുകളെ ഗ്രഹിക്കുന്നതിലുള്ള വ്യത്യാസങ്ങളെ ബെര്‍ഗ്സണ്‍ ആത്മനിഷ്ഠമായ ആശയവാദമെന്നും (subjective idealism) ഭൗതികമായ യഥാതഥവാദമെന്നും (material realism) വേര്‍തിരിക്കുന്നുണ്ട്. ഇതിലൂടെ വിഷയവും വസ്തുവും തമ്മിലുള്ള ബന്ധം എന്നത് സ്ഥലസംബന്ധിയായത് (spatial) എന്നതിലുപരിയായി കാലസൂചകമായതാണ് (temporal) എന്ന അനുമാനത്തിലേക്ക് ബെര്‍ഗ്സണ്‍ എത്തുന്നുണ്ട്. പിന്നീട് ദെല്യൂസിനെയൊക്കെ മുവ്മെന്റ് ഇമേജ് എന്ന സങ്കല്‍പം രൂപപ്പെടുത്താന്‍ ബെര്‍ഗ്സന്റെ ആശയങ്ങള്‍ സഹായിച്ചിട്ടുണ്ട്. അതേസമയം, ആധുനികതയുടെയുള്ളില്‍ തന്നെ പരസ്പരം പോരടിക്കുന്ന രണ്ട് മനോഭാവങ്ങളായി യുക്തിവത്കരണത്തെയും (rationalization) മറുവശത്ത് ആകസ്മികതക്കുള്ള ഊന്നലിനെയും അതുപോലെ തന്നെ നൈമിഷികതയെയും (ephemeral) പ്രശസ്ത സിനിമാ നിരൂപകയായ ആന്‍ മേരി ഡോണ്‍ നിരീക്ഷിക്കുന്നുണ്ട്. സമൂഹം കൂടുതല്‍ വ്യവസായവത്കരിക്കപ്പെടുന്നതിനോടൊപ്പമാണ് സമയത്തെ യുക്തിപരമായ,അളക്കാന്‍ പറ്റുന്ന യൂണിറ്റുകളാക്കി തിരിക്കേണ്ട ആവശ്യകതയുമുണ്ടായി വരുന്നത്. എന്നാല്‍ വര്‍ധിച്ച് വരുന്ന യുക്തിപരതയില്‍ നിന്നും ഘടനാവത്കരണത്തില്‍ നിന്നുമെല്ലാം മനുഷ്യര്‍ക്ക് സ്വാതന്ത്യത്തിന്റെ അനുഭവം കൂടെ പ്രദാനം ചെയ്യേണ്ടതുണ്ട്. ഇതിന്റെ പരിധിയില്ലായ്മ അപകടകരമാണെങ്കിലും ഈ സ്വാതന്ത്യം എന്ന ആശയവും ആകസ്മികമായ സമയം എന്ന സങ്കല്‍പവും സര്‍ഗാത്മക സിനിമകളുടെ വളര്‍ച്ചയില്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തായ്വാന്റെ സവിശേഷമായ ഭൂരാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന്കൊണ്ട് വേണം സായ് സിനിമകളെ മനസ്സിലാക്കാന്‍. ആഗോളവത്കരണത്തിന്റെയും കോളോണിയല്‍ ആധുനികതയുടേയും വേഗത്തിനോടൊപ്പം ഓടുന്ന ജനങ്ങളോട് "നിങ്ങളൊന്ന് വിശ്രമിക്കൂ, പതിയെ കാര്യങ്ങളെ മനസ്സിലാക്കൂ" എന്നാണ് സായ് സിനിമകള്‍ പറയുന്നത്. സായുടെ ഏകദേശം എല്ലാ ചിത്രങ്ങളും ആധുനികതയുടെ സമയസങ്കല്‍പങ്ങളില്‍ നിന്നുള്ള വിച്ഛേദങ്ങളായി നിലനില്‍ക്കുന്നവയാണ്. അന്യവത്കരണത്തിന്റെയും ( Alienation ) ജഡവത്കരണത്തിന്റെയും (Reification) ഇടയില്‍ നിന്ന് അസ്ഥിത്വം തേടിഴുലയുന്ന മനുഷ്യജീവിതങ്ങളുടെയും പരസ്പരബന്ധങ്ങളുടെയും ചിതറിത്തെറിച്ച ഇതിഹാസങ്ങളാണ് സായ് സിനിമകള്‍. പരസ്പര ബന്ധങ്ങള്‍ വസ്തുവത്കരിക്കപ്പെടുകയും ചുമരുകള്‍ നിറയുകയും ചെയ്യുന്ന നഗരയിടങ്ങളില്‍ സ്വാഭാവികവും സമ്പൂര്‍ണ്ണവുമായ മനുഷ്യാവിഷ്കാരങ്ങളും വികാരവിചാരങ്ങളും അന്യമാവുന്നുണ്ട്. ആവിഷ്കാരങ്ങള്‍ നഷ്ടമാവുന്ന ഇടങ്ങളില്‍ സംഭാഷണങ്ങളുടെ പ്രസക്തി കുറഞ്ഞുവരികയോ അല്ലെങ്കില്‍ കേവലമായ സംസാരങ്ങളോ ആയി മാറുകയും ചെയ്യുന്നുണ്ട് എന്ന് നമുക്ക് കാണാന്‍ സാധിക്കും. ഏറ്റവുമൊടുവില്‍ പുറത്ത് വന്ന സായ് ചിത്രമായ ഡെയ്സ് (days) സബ്ടൈറ്റിലുകളില്ലാതെയാണിറങ്ങിയത്. കാണികളുടെ ശ്രദ്ധ പൂര്‍ണ്ണമായും ദൃശ്യങ്ങളില്‍ മാത്രമാവാനും സംഭാഷണങ്ങള്‍ മനസ്സിലായിട്ടില്ലെങ്കിലും അവര്‍ക്കൊന്നും നഷ്ടപ്പെടുന്നില്ല എന്നവരെ ബോധ്യപ്പെടുത്താനുമൊക്കെയാണ് അവ മനപ്പൂര്‍വ്വം ഒഴിവാക്കിയത് എന്ന് സായ് പറയുന്നു. ദൈനംദിനപ്രവര്‍ത്തികളും അവയുടെ ആവര്‍ത്തനങ്ങളുമാണ് സായ് സിനിമകളിലെ മറ്റൊരു പ്രധാന ദൃശ്യം. ഇതിലും ആധുനികത രൂപപ്പെടുത്തിയ, അല്ലെങ്കില്‍ ആധുനികതയുടെ വളര്‍ച്ചയിലൂടെ രൂപപ്പെട്ടുവന്ന ഒരു ചിട്ടപ്പെടുത്തലിന്റെ വ്യക്തമായ സ്വാധീനം നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.
2012 ല്‍ പുറത്തിറങ്ങിയ സായുടെ 'വാക്കര്‍' എന്ന ചിത്രമെടുക്കാം. ബുദ്ധ സന്യാസികളുടെ വസ്ത്രങ്ങളോട് രൂപസാദൃശ്യമുള്ള വസ്ത്രം ധരിച്ച ലീ കാങ്ങ് ഷെങ്ങാണ് ചിത്രത്തിലെ ഏക കഥാപാത്രം. തായ്പേയ് എന്ന വലിയ നഗരത്തിന്റെ തിരക്കേറിയ പകലിലും രാവിലും നഗരത്തിന്റെയോ നഗരവാസികളുടെയോ വേഗത്തിനൊപ്പമെത്താന്‍ കഴിയാത്ത ഒരു വ്യക്തിയെയാണ് നമുക്ക് കാണാനാവുക. ആ ബുദ്ധസന്യാസിയുടെ മന്ദത നമ്മുടെ മനസ്സിന്റെ വേഗതയെ നിയന്ത്രിക്കാന്‍ നമ്മോടുമാവശ്യപ്പെടുന്നുണ്ട്. നഗരത്തിന്റെ അടയാളങ്ങളായ തെരുവുകളുടെയും ഷോപ്പിങ്ങ് മാളുകളുടെയും ഭക്ഷണശാലകളുടെയും ഓവര്‍ബ്രിഡ്ജുകളുടെയും പൊതുഗതാഗതങ്ങളുടെയും കോലാഹലങ്ങളില്‍ നിന്നും വേഗതയില്‍ നിന്നും തിരക്കില്‍ നിന്നുമെല്ലാം മാറിക്കൊണ്ട് നടന്നുനീങ്ങുന്ന കഥാപാത്രത്തിന്റെ വേഗതിയില്ലായ്മ നഗരവാസികളില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നുണ്ട്. സമയത്തെ കുറിച്ചുള്ള സാമാന്യബോധങ്ങളെയും ആധുനികബോദ്ധ്യങ്ങളെയും ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ 'വാക്കര്‍' അസ്ഥിരപ്പെടുത്തുന്നുണ്ട്. അസ്ബോണ്‍ ഗോണ്‍സ്റ്റാഡ് തന്റെ ഫിലിം ആന്‍ഡ് എത്തിക്കല്‍ ഇമാജിനേഷന്‍ എന്ന പഠനത്തില്‍ താല്‍ക്കാലികത്വവും (temporality) നൈതികതയും തമ്മിലുള്ള ബന്ധങ്ങളുടെ സാധ്യതകളെ കുറിച്ച് ആലോചിക്കുന്നുണ്ട്. എങ്ങനെയാണ് സ്ഥലസൂചകമായ രൂപങ്ങളും രീതികളും നൈതികമായ അനുഭവം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. സാമൂഹ്യ ചിന്തകനായ സുഖ്ദേവ് സന്തു സ്ലോ സിനിമകളെ ഒരു തരത്തിലുള്ള സാംസ്കാരിക പ്രതിരോധമായിട്ട് നിരീക്ഷിക്കുന്നുണ്ട്. സര്‍വവ്യാപിയായ പത്രമാധ്യമങ്ങളുടെയും, പരിധികളില്ലാത്ത ദൃശ്യങ്ങളുടെയും കാലത്ത് ഒരു തരത്തിലുള്ള സാംസ്കാരിക നിഷേധമായിട്ടാണ് സ്ലോ സിനിമ വര്‍ത്തിക്കുന്നത് എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സായുടെ വാക്കറിനെ ഈ നിരീക്ഷണത്തോട് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ സിനിമ നിര്‍വഹിക്കുന്ന ദൗത്യത്തെ കുറിച്ചുള്ള പുതിയ ആലോചനകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നവലിബറല്‍ നഗര ഇടങ്ങളിലെ വിപണിയുടേയും പ്രതിദിനം രൂപാന്തരങ്ങള്‍ സംഭവിക്കുന്ന ഉപഭോക്തശൈലിയുടെയുമെല്ലാം കണ്ണികളില്‍ നിന്നും വേഗമേറിയ ദൃശ്യങ്ങളില്‍ നിന്നുമെല്ലാം സ്വയം വിച്ഛേദിച്ചുക്കൊണ്ട് സാംസ്കാരികവിമര്‍ശത്തിന്റെ പുതിയ ഭൂമിക വാക്കറിലൂടെ രൂപപ്പെട്ട് വരുന്നത് നമുക്ക് ദര്‍ശിക്കാനാവും.
സിനിമയുടെ ദുര്‍ഗ്രഹതയാണ് ഇതുപോലെ തന്നെ സായ് സിനിമകള്‍ക്കുമേല്‍ പലപ്പോഴും ആരോപിക്കപ്പെടുന്ന മറ്റൊന്ന്. എന്നാല്‍ ഈ 'പ്രഖ്യാപിത' സങ്കീര്‍ണ്ണതയെയും ഭൂരാഷ്ട്രീയപരമായ പുനരാലോചനകള്‍ക്ക് വിധേയമാക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ് സത്യം. ഉദാഹരണത്തിന്, അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനും സമകാലിക സൈദ്ധാന്തിക വിമര്‍ശകരില്‍ പ്രധാനിയുമായ ഫ്രെഡറിക്ക് ജെയിംസണ് മേല്‍ പലപ്പോഴും ആരോപിക്കപ്പെടുന്ന ഒന്നാണ് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷയുടെ സങ്കീര്‍ണ്ണത. പല വിമര്‍ശകരും ഇതിനെ ഒരു അധികബാധ്യതയായും ബുദ്ധിമുട്ടായും മനസ്സിലാക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മറുപടി രണ്ട് പ്രധാന ആശയങ്ങളിലൂന്നിക്കൊണ്ടാണ്; പ്രതിരോധം (Resistance) ആനന്ദം (Pleasure) എന്നിവയാണത്. ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍ ചിന്തകനും ആധുനിക സാംസ്കാരിക ചിന്തകരില്‍ പ്രധാനിയുമായിരുന്ന തിയഡോര്‍ അഡോര്‍ണോയുടെ ദുര്‍ഗ്രഹമായ എഴുത്തുശൈലിയെ പ്രതിരോധിച്ചുകൊണ്ടാണ് ജെയിംസണ്‍ തന്റെ ഈ ആശയങ്ങളിലേക്കെത്തുന്നത്. പലപ്പോഴും വ്യക്തത (clarity) യും വഴക്കവും (fluidity) ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളായേക്കാമെന്ന് ജെയിംസണ്‍ പറയുന്നുണ്ട്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള മനുഷ്യാവിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പോലും അക്ഷമരാവുന്നത്ര അന്യവത്കരിക്കപ്പെട്ടുപോയവരാവില്ല നമ്മള്‍ എന്ന പ്രതീക്ഷയാണ് ജെയിംസണ്‍ ഒരു സംഭാഷണത്തില്‍ പങ്കുവെക്കുന്നത്. നവലിബറല്‍ ലോകത്ത് തീവ്രമായ വേഗത്തില്‍ നടക്കുന്ന അന്യവത്കരണം മനുഷ്യാവബോധത്തെ പല തരത്തില്‍ തന്റെ അധ്വാനത്തില്‍ നിന്നും അതിന്റെ മൂല്യത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും അതിനെ പ്രതിരോധിച്ചുനിര്‍ത്താനും മനുഷ്യാധ്വാനത്തെയും ആവിഷ്കാരത്തെയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുമുള്ള ശ്രമങ്ങളാണ് പലപ്പോഴും ദുര്‍ഗ്രഹമെന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്നത് എന്ന രീതിയിലും ആലോചിക്കാവുന്നതാണ്. ഇത്തരമൊരു ആലോചനയെ തായ്വാന്റെ ആഗോളവത്കരണ ചരിത്രസവിശേഷതയില്‍ നിര്‍ത്തിമനസ്സിലാക്കുമ്പോളാണ് സായ് സിനിമകളെ പുതിയൊരര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നത്. ഒരേ സമയം ഈ സാമ്പത്തിക-സാമൂഹിക ക്രമം മനുഷ്യാവസ്ഥയെ ശിഥിലമാക്കുന്ന വിധങ്ങളെയും വഴികളെയും തുറന്ന് കാണിക്കുകയും അതേസമയം തന്നെ ഈ ക്രമത്തെ അസ്ഥിരപ്പെടുത്തുന്ന രൂപങ്ങളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തുകയും ചെയ്യുക വഴി വളരെ പ്രധാനപ്പെട്ട രാഷ്ട്രീയധര്‍മം കൂടെ നിര്‍വ്വഹിക്കുന്നുണ്ട് സായ് സിനിമകള്‍.
സായുടെ ഏറ്റവും പുതിയ സിനിമ പുറത്ത് വരുമ്പോള്‍ ലീ അമ്പത്തൊന്ന് വയസ്സിലേക്ക് കടക്കുകയാണ്. ലീയുടെ മുഖമില്ലാതെ സിനിമയെടുക്കാന്‍ താല്‍പര്യമില്ല എന്ന് സായ് പറയുമ്പോഴെല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്, മനസ്സില്‍, ലീ ഇനിയും കാലങ്ങളോളം ജീവിച്ചിരിക്കണേയെന്ന്! ലീയുടെ ആയുസ്സിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സായുടെ സിനിമകള്‍ കാണാനുള്ള പ്രാര്‍ത്ഥനകള്‍ കൂടെയാവുന്നു. ജീവനെ നിലനിര്‍ത്തണേയെന്നും ജീവനുള്ള സിനിമയെ നിലനിര്‍ത്തണേയെന്നുമുള്ള പ്രാര്‍ത്ഥനകള്‍.
Comments
Post a Comment