മോഡേണ്‍ ടൈംസ്
22/8/2021
മോഡേണ്‍ ടൈംസ്
പി.കെ. സുരേന്ദ്രന്‍
ചാര്‍ളി ചാപ്ലിന്‍ തന്റെ ഇതിഹാസതുല്യനായ ട്രാംപ് (The Tramp) എന്ന കഥാപാത്രത്തെ
അവസാനമായി അവതരിപ്പിച്ച സിനിമയാണ് Modern
Times (1936). ചാപ്ലിന്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ
ശബ്ദം ആദ്യമായി കേള്‍ക്കുന്നതും ഈ സിനിമയിലാണ്.
ട്രാംപ് (ചാപ്ലിന്‍)
ഒരു ഫാക്ടറി തൊഴിലാളിയാണ്. കണ്‍വേയർ ബെൽറ്റിന് മുകളിലൂടെ വരിപിടിച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന നട്ടും ബോൾട്ടും ഇരുകൈകളിലുമുള്ള സ്പാനർ ഉപയോഗിച്ച് ചാപ്ലിന്‍ മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക താള ക്രമത്തിലാണ് ചാപ്ലിന്റെ ചലനങ്ങൾ. പുറത്ത് വന്നതിനു ശേഷവും ഇരു കൈകളിലും സ്പാനറുകൾ ഉണ്ടെന്ന സങ്കൽപ്പത്തിൽ ഓടിനടക്കുന്ന ചാപ്ലിന്റെ ചലനങ്ങൾ നട്ടും ബോൾട്ടും മുറുക്കുന്ന അതേ താള വേഗത്തിൽത്തന്നെയാണ്. തുടര്‍ന്ന് എതിരേ വന്ന സ്ത്രീയുടെ ശരീരത്തില്‍ ചാപ്ലിന്‍ നട്ടും ബോൾട്ടും മുറുക്കുന്ന രീതി പ്രയോഗിക്കുന്നു. ജോലിയുടെ ഏകതാനതയും സമ്മര്‍ദ്ദവും വേഗതയും അയാളെ
ഭ്രാന്തനാക്കുന്നു. അയാള്‍ പരിഭ്രാന്തനായി
ഓടുകയും യന്ത്രത്തിനുള്ളില്‍ കുടുങ്ങുകയും
തുടര്‍ന്ന് ഫാക്ടറി അന്തരീക്ഷം താറുമാറാവുകയും ചെയ്യുന്നു. തുടര്‍ന്ന് അയാളെ ആശുപതിരിയില്‍
പ്രവേശിപ്പിക്കുന്നു. അയാള്‍ സുഖം പ്രാപിക്കുകയും പിന്നീട് ആശുപത്രി വിടുകയും ചെയ്യുന്നു.
ജോലിയില്ലാത്ത അയാള്‍
ഒരു പുതിയ ജീവിതം ആരംഭിക്കാനായി ശ്രമിക്കുന്നു. നടന്നു നീങ്ങുന്ന അയാള്‍ കാണുന്നത് ഫാക്ടറിക്ക് മുന്നില്‍ Closed എന്ന ബോര്‍ഡാണ്. എന്ത് ചെയ്യണം
എന്നറിയാതെ തെരുവിന്റെ ഒരു മൂലയില്‍ നില്‍ക്കുന്ന
അയാളുടെ മുന്നിലൂടെ കടന്നുപോയ ലോറിയുടെ പിന്നി ൽ നിന്ന് താഴെ
വീഴുന്ന കൊടി എടുത്ത് വീശിക്കൊണ്ട് അയാൾ അതിന് പിന്നാലെ ഓടുന്നു. അപ്പോള്‍ പിന്നില്‍ നിന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍
കൂട്ടമായി വരുന്നു. അവര്‍ ചാപ്ലിനെ പിന്തുടരുകയാണെന്ന് തോന്നിയ പോലീസ് അയാളെ കമ്യൂണിസ്റ്റ് നേതാവെന്ന് തെറ്റിദ്ധരിച്ച് പിടികൂടി
സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നു. അവിടെ ചാപ്ലിന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍
മയക്കു മരുന്ന് സംഘത്തെ പിടികൂടാന്‍
സഹായിക്കുന്നു. ഇതില്‍ സന്തുഷ്ടരായ പോലീസ്
അയാളെ വീട്ടിലെ എല്ലാ സുഖസൌകര്യങ്ങലോടും കൂടിയ ഒരു സെല്ലിലാക്കുന്നു. അവിടെ സംതൃപ്തമായ ഒരു ജീവിതം നയിക്കാന്‍ തയ്യാറെടുക്കവെ അയാള്‍ക്ക് മാപ്പ് ലഭിക്കുന്നു. എന്നാല്‍ അയാള്‍ ജയിലില്‍
നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നില്ല. അയാള്‍ക്ക് ജയിലാണ്
പുറം ലോകത്തെക്കാള്‍ സുരക്ഷിതം.
തുടര്‍ന്ന് അയാള്‍ക്ക് ഒരു കപ്പൽ ശാലയിൽ ജോലി ലഭിക്കുന്നു. പക്ഷെ, തെറ്റായ കാര്യങ്ങള്‍ ചെയ്തതിനാല്‍
അവിടെ നിന്ന് പുറത്താക്കുന്നു.
അയാള്‍ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവളെ ജുവനൈല്‍
വെല്‍ഫെയർ ഒഫീസ്സര്‍മാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍
സാധ്യതയുണ്ട്. പക്ഷെ, അവള്‍ രക്ഷപ്പെടുന്നു. ഭക്ഷണം മോഷ്ടിച്ചതിന് പോലീസ്
പിടിക്കും എന്ന അവസ്ഥയില്‍ അയാൾ കുറ്റം ഏറ്റുപറഞ്ഞ് അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ
അയാൾ വിജയിക്കുന്നില്ല. അയാള്‍ ഒരു
ഭക്ഷണശാലയില്‍ അലഞ്ഞുതിരിയുന്നു.
കാണുന്നതെല്ലാം ഓര്‍ഡർ ചെയ്യുന്നു.
തുടര്‍ന്ന് കൊടുക്കാന്‍ കാശില്ലെന്ന് മാനേജരെ അറിയിക്കുന്നു. തുടര്‍ന്ന് അയാളെ
പോലീസ് കൊണ്ടുപോകുമ്പോള്‍ അയാള്‍ വീണ്ടും
പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവള്‍ക്കൊപ്പം
അയാള്‍ രക്ഷപ്പെടുന്നു. പിന്നീട് അവര്‍ വേര്‍പിരിയാത്ത
സൌഹൃദത്തിലാവുന്നു.
അയാള്‍ക്ക് ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ രാത്രി കാവല്‍ക്കാരനായി ജോലി ലഭിക്കുന്നു. ആദ്യ ദിവസത്തെ ജോലി വളരെ
പ്രയാസമുള്ളതായിരുന്നു. ഇതിനിടയില്‍ മോഷ്ടാക്കള്‍ കടയില്‍ അതിക്രമിച്ചു കയറി. അയാള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. ഒരിക്കല്‍ കൂടി
ജയിലിലേക്ക്. ജയിലിൽ നിന്ന് പുറത്തു വന്ന അയാള്‍ ഒരു കാബറെ നര്‍ത്തകിയായി
ജോലിചെയ്യുന്ന ആ പെണ്‍കുട്ടിയെ കണ്ടുമുട്ടി. അതേ റെസ്റ്റോറന്റില്‍ ഒരു സിംഗിഗ് വൈറ്ററായി അവള്‍ അയാള്‍ക്ക് ഒരു
ജോലി തരപ്പെടുത്തുന്നു. അതില്‍ അയാള്‍
വലിയ വിജയമാവുന്നു. പക്ഷെ, ജുവനൈല്‍ വെല്‍ഫെയർ ഓഫീസര്‍മാർ അവളെ പിന്തുടരുന്നു. അവര്‍ അവളെ കസ്റ്റഡിയില്‍ എടുക്കുമെന്നായപ്പോൾ അയാള്‍ ആ ശ്രമത്തെ പരാജയപ്പെടുത്തുന്നു.
എന്നിട്ട് അവളുമായി രക്ഷപ്പെടുന്നു. ഭാവി
എന്തുതന്നെ ആയാലും അതിനെ നേരിടാനായി അവര്‍ ഏകാന്തമായ പാതയിലൂടെ പ്രേക്ഷകര്‍ക്ക്
പിന്തിരിഞ്ഞ് കൈകോര്‍ത്ത് നടന്നുപോവുന്നു.
പ്രശസ്ത ചിന്തകനായ Giorgio Agamben
പറയുന്നത് പത്തൊമ്പതാം
നൂറ്റാണ്ടിന്റെ അവസാനം മുതല്‍
മനുഷ്യന് അവരുടെ ആംഗ്യങ്ങള്‍ നഷ്ടപ്പെട്ടു എന്നാണ്. (Notes
on Gesture, Giorgio
Agamben). മനുഷ്യന് നഷ്ടമായ ആംഗ്യങ്ങൾ നിശബ്ദ സിനിമ
വിജയകരമായി പുനസ്ഥാപിക്കുന്നു. സിനിമയുടെ
അടിസ്ഥാന സാമഗ്രി, അതിന്റെ കാവ്യാത്മക
വസ്തു, ദൃശ്യമായ ആംഗ്യമാണ് എന്നാണ്
പ്രശസ്ത സിനിമാ സൈദ്ധാന്തികനായ ബേലാ ബാലാസിന്റെ (Bela Balazs) അഭിപ്രായം. തിരശ്ശീലയിലെ ശരീരത്തെയും പ്രേക്ഷകരുടെ
ശരീരത്തെയും ആഗ്യങ്ങൾ എങ്ങിനെ
ബന്ധിപ്പിക്കുന്നു എന്ന് “Speech-Gesture Mimicry in Performance” എന്ന പഠനത്തിൽ David
McNeill
പരിശോധിക്കുന്നുണ്ട്.
ചാപ്ലിന്‍ ആദ്യം സിനിമയ്ക്ക് ദുഖകരമായ അവസാനമായിരുന്നു വിഭാവനം
ചെയ്തിരുന്നത്. ട്രാംപ് എന്ന കഥാപാത്രം ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ പെണ്‍കുട്ടി ഒരു കന്യാസ്ത്രീ ആവുകയും തുടര്‍ന്ന് അവര്‍
എന്നന്നേക്കുമായി വേര്‍പിരിയുകയും ചെയ്യുന്നു. ഈ അവസാനം ചാപ്ലിന്‍
ചിത്രീകരിച്ചിരുന്നുവത്രേ. പിന്നീട് ഈ
അസന്തോഷകരമായ അവസാനം ഉപേക്ഷിക്കുകയും ഇപ്പോള്‍ കാണുന്ന സന്തോഷകരമായ, പ്രതീക്ഷകള്‍
നല്‍കുന്ന അവസാനം സ്ഥിരപ്പെടുത്തുകയായിരുന്നു. സിനിമയുടെ അവസാനം ഒരു ടൈറ്റില്‍
കാര്‍ഡ് പറയുന്നു “ഞങ്ങള്‍ ഒത്തുചേരും”. തുടര്‍ന്ന്
അവര്‍ കൈകോര്‍ത്ത് ധൈര്യത്തോടെ ഒരു രാജപാതയിലൂടെ ചക്രവാളത്തിലേക്ക് എന്നപോലെ
നടന്നുപോവുന്നു. ഒപ്പം അത് അദ്ദേഹം നിരവധി സിനിമകളില്‍ അവതരിപ്പിച്ച ട്രാംപ് എന്ന
കഥാപാത്രത്തിനുള്ള യാത്രാമൊഴി കൂടിയാവുന്നു. ട്രാംപിലൂടെയാണല്ലോ ലോകം
ചാപ്ലിനെ തിരിച്ചറിയുന്നത്. ഈ
കഥാപാത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോൾ പെട്ടെന്ന് മനസ്സില്‍ കടന്നു വരുന്നത് പ്രശസ്ത
കാര്‍ട്ടൂണിസ്റ്റ് ആർ.കെ.
ലക്ഷ്മണന്റെ Common Man എന്ന കഥാപാത്രത്തെയാണ്.
ചാപ്ലിന്‍ കഥാപാത്രം ആശുപത്രിയില്‍ എത്തുന്നതിനെ കുറിച്ച്
വ്യത്യസ്തങ്ങളായ കഥകള്‍ ഉണ്ട്. ട്രാംപ്
ജോലിചെയ്യുന്ന ഒരു കഫേയില്‍ പണിമുടക്കില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് അയാള്‍ക്ക് പരിക്ക് പറ്റുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുന്നു. മറ്റൊരു കഥയില്‍, ട്രാംപ് ജയിലില്‍ നിന്ന് പുറത്തുവന്നതിനു ശേഷം
യുദ്ധം ആരംഭിക്കുകയും ഇദ്ദേഹം
പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിതനാവുകയും
ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് നാഡീ
സ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കുന്നു.
കൃഷി സ്ഥലങ്ങളില്‍ നിന്ന്
ആരോഗ്യമുള്ള ചെറുപ്പക്കാരെ പണം കാട്ടി പ്രലോഭിപ്പിച്ച് വലിയ വ്യവസായ ശാലകളിലേക്ക് കൊണ്ടുവരികയും നാലോ അഞ്ചോ
വര്‍ഷം തുടര്‍ച്ചയായി ഫാക്ടറിയുടെ ബെല്‍ട്ട് സിസ്റ്റത്തില്‍ (ക ണ്‍വേയർ ബെല്‍ട്ടിനു മുകളിലൂടെ യാന്ത്രികമായി നീങ്ങുന്ന
വസ്തുക്കളിലുള്ള ജോലി) ജോലി ചെയ്യുമ്പോള്‍ പലരും മാനസികമായി
അസ്വസ്ഥരാവുന്ന ഭീതിജനകമായ അവസ്ഥയെ
കുറിച്ച് ചാപ്ലിന്‍ ഒരു അഭിമുഖ സംഭാഷണത്തില്‍ കേട്ടിരുന്നു. ഇതില്‍
നിന്നാണ് അദ്ദേഹം Modern Times എന്ന സിനിമയുടെ ആശയം വികസിപ്പിക്കുന്നത്. ഉച്ചഭക്ഷണ സമയത്ത് ഉപയോഗിച്ചിരിക്കുന്ന
തീറ്റിപ്പിക്കുന്ന യന്ത്രത്തെ തൊഴിലാളികളുടെ സമയം ലാഭിക്കാനുള്ള വഴിയായാണ്
ഉപയോഗിച്ചത്. അപ്പോള്‍ അവര്‍ക്ക് വളരെ പെട്ടെന്ന് ഭക്ഷണം
കഴിച്ച് ജോലി തുടരാന്‍ കഴിയും. ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് തീറ്റിപ്പിക്കുന്ന
യന്ത്രത്തിന്റെ (Feeding Machine) ഡെമോണ്‍സ്ട്രേഷനായി ചാപ്ലിനെയാണ്
തിരഞ്ഞെടുക്കുന്നത്. വളരെ വിശദമായി ഈ രംഗം സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാപ്ലിന്റെ
സ്വതസിദ്ധമായ ഹാസ്യത്തിലൂടെയാണ് അവതരിപ്പിചിരിക്കുന്നതെങ്കിലും ഒരു റോബോട്ടിക്
യുഗത്തിന്റെ സൂചനകള്‍ ഇതിലുണ്ട്. സിനിമയില്‍ നിന്ന്: ഉച്ചഭക്ഷണത്തിനായി സമയം കളയരുത്, നിങ്ങളുടെ
എതിരാളിയെക്കാൾ മുന്നിലായിരിക്കുക. ബില്ലോസ് ഫീഡിംഗ് മെഷീൻ ഉച്ചഭക്ഷണ സമയം
ഇല്ലാതാക്കുകയും നിങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും നിങ്ങളുടെ സമയത്തിന്റെ
പാഴ്ചെലവ് കുറയ്ക്കുകയും ചെയ്യും...ഓർക്കുക, നിങ്ങളുടെ
എതിരാളിയേക്കാൾ മുന്നിൽ നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബില്ലോസ്
ഫീഡിംഗ് മെഷീന്റെ പ്രാധാന്യം അവഗണിക്കാൻ നിങ്ങൾക്ക് കഴിയില്ല”.
‘ഫാക്ടറി കാരാഗൃഹമാണ് ‘എന്ന് ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനായ എലിയോ പെട്രി സംവിധാനം
ചെയ്ത Working Class Directly
Goes to Heaven എന്ന സിനിമയിലെ ഒരു
കഥാപാത്രം പറയുന്നുണ്ട്. യന്ത്രങ്ങളുടെ വേഗതയും ശബ്ദങ്ങളും ചേരുമ്പോള്‍ തൊഴിലാളികള്‍ എങ്ങിനെയാണ്
തടവിലാക്കപ്പെടുന്നത് എന്നാണ് സിനിമ
പരിശോധിക്കുന്നത്. യന്ത്രമുപയോഗിച്ചുകൊണ്ടുള്ള നിരന്തര ജോലി തൊഴിലാളിയുടെ സ്വഭാവ ഘടനയെ, ജീവിതത്തിന്റെ സകല മേഖലകളെയും -- ഭൗതികമായും ആത്മീയമായും ലൈംഗികമായും -- എവ്വിധമാണ് സ്വാധീനിക്കുന്നത് എന്ന് ഒരു മാർക്സിയൻ കാഴ്ചപ്പാടിലൂടെ അപഗ്രഥിക്കുകയാണ് ഈ സിനിമ.
ഒരു പീസ് വര്‍ക്കറായി ജോലി ചെയ്യുന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രവും
ചാപ്ലിന്റെ കഥാപാത്രത്തെപ്പോലെ ഭ്രാന്തിന്റെ അവസ്ഥയില്‍ എത്തുന്നുണ്ട്.
ചാപ്ലിന്‍
ഫാക്ടറിയില്‍ ചെയ്യുന്ന ജോലിക്ക് പ്രത്യേക കഴിവുകൾ ആവശ്യമില്ല. തീർച്ചയായും, അത്
ചെയ്യുന്നതിന് അയാൾ ചിന്തിക്കേണ്ടതില്ല. ചാപ്ലിന്റെയും മറ്റുള്ളവരുടെയും ചലനങ്ങൾ
ആവർത്തിക്കുകയും റോബോട്ടിക് ആയി മാറുകയും ചെയ്യുന്നു. ബെൽറ്റിന്റെ വേഗത വളരെ
കൂടുതലാണ്. ചാപ്ലിന് മാത്രമല്ല, മറ്റ്
തൊഴിലാളികൾക്കും ഇത് പിന്തുടരുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒന്ന് ചൊറിയാന്‍, അല്ലെങ്കില്‍ മുഖത്തിരിക്കുന്ന
ഈച്ചയെ ആട്ടാന്‍ പോലും സമയമില്ല. അങ്ങിനെ
ചെയ്യുമ്പോള്‍ അയാൾക്ക് ചില ബോർഡുകൾ നഷ്ടപ്പെടും, ഇത്
ഉൽപാദനത്തിലും മറ്റ് തൊഴിലാളികളുടെ ജോലികളിലും സ്വാധീനം ചെലുത്തുന്നു. ഇത് ഫ്ലോറിൽ വലിയ പിരിമുറുക്കമുണ്ടാക്കുന്നു, കൂടാതെ സൂപ്പർവൈസറുടെ
നിർദ്ദേശപ്രകാരം പ്രക്രിയ പലതവണ നിർത്തേണ്ടിവരും. "തൊഴിലാളികൾ യന്ത്രത്തിന്റെ
വെറും വിപുലീകരണങ്ങൾ മാത്രമാണ്". "അവർ ചിന്തിക്കുന്നില്ല, അവരുടെ
ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നില്ല. ജോലിയിൽ അവർ ഒരു മനുഷ്യനല്ല”. “They
do not think, nor do they pace control the motions of their bodies. On the job
they are not a human... “the workers are mere extensions of the
machine”.
ഒരു പത്രവാര്‍ത്തയാണ് സിനിമയുണ്ടാക്കാന്‍ ചാപ്ലിന് പ്രചോദനമായത്
എന്നും ഒരു പക്ഷമുണ്ട്. അതുപോലെ
ഗാന്ധിജിയുമായുള്ള സംഭാഷണങ്ങളും ഇതിനു പിന്നില്‍ ഉണ്ടെന്നും പറയപ്പെടുന്നു.
(ഗാന്ധിയുമായുള്ള ചാപ്ലിന്റെ കൂടിക്കാഴ്ച പ്രസിദ്ധമാണല്ലോ. അവര്‍ തമ്മില്‍ ആധുനിക
സാകേതിക വിദ്യയെ കുറിച്ച് സംസാരിക്കുകയുണ്ടായി). സിനിമയ്ക്ക് ആദ്യം
ഉദ്ദേശിച്ചിരുന്ന ശീര്‍ഷകം The
Masses എന്നായിരുന്നുവത്രേ. മാത്രവുമല്ല, ഒരു
ശബ്ദ സിനിമയാക്കാനാനത്രേ ചാപ്ലിന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്.
യന്ത്രവല്‍ക്കരണത്തെ കുറിച്ചും, യന്ത്രവും മനുഷ്യനും
തമ്മിലുള്ള ബന്ധത്തെ കുറിച്ചും തൊഴില്‍ അന്യവല്‍ക്കരണത്തെ കുറിച്ചും ഉള്ള മാര്‍ക്സിന്റെ
ആശയങ്ങളാണ് ചാപ്ലിന്‍ ഈ സിനിമയില്‍
അവതരിപ്പിക്കുന്നത് എന്ന് പറയാം. ഈ
ആശയങ്ങളെ മാര്‍ക്സ് കട്ടിയുള്ള അക്കാദമിക ഭാഷയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ ചാപ്ലിന്‍
ഹാസ്യാത്മകമായാണ് അവതരിപ്പിക്കുന്നത്.
ചാപ്ലിന് മേല്‍ കുറ്റം ആരോപിച്ച ഒരു കമ്മറ്റിക്ക് മുമ്പിൽ അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി “ഒരു
വിപ്ലവം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സൃഷ്ടിക്കാന്‍
ആഗ്രഹിക്കുന്നത് കുറച്ച് സിനിമകള്‍
മാത്രമാണ്. ഞാന്‍ പ്രേക്ഷകരെ രസിപ്പിച്ചേക്കാം എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്”. (I do
not want to create any revolution. All I want to create is a few more films. I
might amuse people. I hope so). എന്നാല്‍, തന്റെ സിനിമകളിലൂടെ ചാപ്ലിന്‍
രസിപ്പിക്കുക മാത്രമല്ല, ആഴത്തില്‍ ചിന്തിപ്പിക്കുകകൂടി ചെയ്തു. Modern
Times എന്ന സിനിമ സാങ്കേതിക വിദ്യയില്‍
മനുഷ്യന് നേരിട്ടേക്കാവുന്ന ദുരന്തങ്ങളെ
കുറിച്ചുള്ള ഒരു കറുത്ത വെളിപാടാണ്.
അദ്ധ്വാനം ആനന്ദദായകമായിരിക്കണം. അദ്ധ്വാനം ആനന്ദതത്വത്തെ ഭരിക്കുകയല്ല,
ആനന്ദതത്വം അദ്ധ്വാനത്തെ രൂപപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍
തൊഴിലെടുക്കുന്ന ഭൂരിഭാഗം മനുഷ്യരെയും സംബന്ധിച്ച് തൊഴില്‍ ആനന്ദദായകമല്ല. തത്ഫലമായി തൊഴില്‍
ഒരനുഷ്ഠാനം മാത്രമായിത്തീരുന്നു. തൊഴിലാളിയുടെ മനഃശാന്തിയും, സന്തോഷവും, സ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന /എടുത്തുകളയുന്ന ഒരു
പ്രവൃത്തിയായി അദ്ധ്വാനം മാറുന്നു.
പീസ് വർക്കിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി താൻ നിർമ്മിക്കുന്ന ഉൽപ്പന്നത്തിന്റെ അന്തിമ രൂപം ഒരിക്കലും അറിയുന്നില്ല. താന്‍ വ്യയം ചെയ്യുന്ന അധ്വാനത്തിന്റെ അന്തിമ രൂപം മനുഷ്യനെ സംബന്ധിച്ച് നിർവൃതിയുടെ നിമിഷമാകുന്നു. എന്നാൽ End product എന്തെന്ന് അറിയാത്ത പീസ്വർക്കറെ സംബന്ധിച്ച് താൻ നിർമ്മിക്കുന്ന പീസിനോടും തന്റെ അധ്വാനത്തോട് തന്നെയും യാതൊരു ആത്മബന്ധവും ഇല്ലാതായിത്തീരുന്നു. അതായത് തന്റെ അദ്ധ്വാനം മറ്റാർക്കോ വില്‍ക്കുന്ന തൊഴിലാളി ഈ അദ്ധ്വാനം എന്തിനു വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത് എന്ന് ഒരിക്കലും അറിയുന്നില്ല. അതായത് ഒരു ആശാരി കസേര ഉണ്ടാക്കുമ്പോള്‍, അത് വില്‍ക്കാൻ ഉള്ളതാണെങ്കിൽ കൂടി പണിതീര്‍ത്ത കസേര അയാള്‍ക്ക് സൃഷ്ടിയുടെ നിര്‍വൃതി നല്‍കുന്നു. അദ്ധ്വാനത്തിന്റെ അന്യവല്‍ക്കരണ പ്രക്രിയയെക്കുറിച്ച് മാർക്സ് പറയുന്ന കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒന്നാമതായി തൊഴിലാളിയും ഉൽപ്പന്നവും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നു. രണ്ടാമതായി അദ്ധ്വാന പ്രക്രിയക്കകത്തു തന്നെ അദ്ധ്വാനവും ഉൽപ്പാദന കർമ്മവും തമ്മിലുള്ള ബന്ധം ശ്ളഥമാകുന്നു. തൊഴിലാളിയുടെ ശാരീരികവും മാനസീകവുമായ ഊർജവും, എന്തിനധികം അവന്റെ വ്യക്തി ജീവിതം തന്നെയും അവനിൽ നിന്ന് വേറിട്ട് നില്ക്കുന്ന, അവനെതിരായി പ്രവർത്തിക്കുന്ന ഒന്നായി മാറുന്നു. ആദ്യം തൊഴിലാളി വസ്തുക്കളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടുവെങ്കിൽ ഇപ്പോൾ തന്നിൽ നിന്ന്തന്നെ അന്യവല്‍കൃതനാകുന്നു.
സിനിമയില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു വിഷയമാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും. അതുകൊണ്ടാണ് പെണ്‍കുട്ടി റൊട്ടി മോഷ്ടിക്കുന്നത്. ട്രാംപ് ജയിലായിരിക്കുമ്പോള്‍ പെണ്‍കുട്ടി
അവര്‍ക്കായി ഒരു വീട്
കണ്ടെത്തുന്നു. ട്രാംപ് ജയിലില്‍
നിന്ന് പുറത്തു വന്നപ്പോള്‍ അവള്‍
ആവേശത്തോടെ അയാളെ ഈ വീട് കാണിക്കുന്നുണ്ട്. അതിനെ വീട് എന്ന് പറയാന്‍
പറ്റില്ല, നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള
തകര്‍ന്ന ഒരു കുടിലായിരുന്നു അത്. ട്രാംപിനു പരിക്ക് പറ്റുന്ന രീതിയില്‍ അയാള്‍ക്ക് മേല്‍ അത് തകര്‍ന്നു വീഴുന്നു. പിറ്റേന്ന് രാവിലെ അയാള്‍ കുളിക്കാൻ പോവുകയും വെള്ളത്തിലേക്ക് ഊളിയിടുകയും
ചെയ്യുമ്പോള്‍ മനസ്സിലാവുന്നു അത് ഏതാനും
അടി മാത്രം ആഴമുള്ളതാണ്. തകര്‍ന്ന തലയുമായി അയാള്‍ വെള്ളത്തിനു മുകളില്‍ വരുന്നു. ഇതൊക്കെയും
ഉത്പാദനക്ഷമതയുള്ള, കാര്യക്ഷമമായ ഒരു വ്യാവസായിക സമൂഹത്തിന്റെ പുറം തൊലിക്ക്
താഴെയായി നിലനില്‍ക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥ ചിത്രീകരിക്കുന്നു. ഇക്കാര്യത്തെ
കുറിച്ച് ചാപ്ലിന്‍ പറയുകയുണ്ടായി:
“തൊഴിലില്ലായ്മ ഒരു സുപ്രധാന വിഷയമാണ്...യന്ത്രങ്ങള്‍ മനുഷ്യരാശിക്ക് പ്രയോജനം ചെയ്യണം. അത് ദുരന്തം ഉണ്ടാക്കുന്നതും തൊഴിലാളികളെ
ജോലിയില്‍ നിന്ന് പുറത്താക്കുന്നതും ആയിരിക്കരുത്”. “Unemployment is the vital
question...Machinery should benefit
mankind. It should not spell
tragedy and throw it out of work”.
വ്യാപകമായ ദാരിദ്ര്യവും ആവശ്യങ്ങളും പുതിയ കാര്യമല്ല. എന്നാല്‍ തൊഴിലില്ലായ്മ താരതമ്യേന
സമീപകാല പ്രതിഭാസമാണ് എന്നാണ് ചിന്തകര്‍
പറയുന്നത്. ഇത് ഓരോരുത്തര്‍ക്കും ജോലി ലഭിക്കണം എന്ന രീതിയിലുള്ള ആധുനിക തൊഴില്‍ ശക്തിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയുടെ
ഉപോല്‍പ്പന്നമാണ്. (ആധുനിക പൂര്‍വ്വ
സമൂഹത്തില്‍, പൊതുവായി പറഞ്ഞാല്‍,
കഴിവുള്ള ആളുകളെ സംബന്ധിച്ച് ജോലി കണ്ടെത്തുക എന്നതായിരുന്നില്ല
വെല്ലുവിളി, മറിച്ച്, ഒരാള്‍ ചെയ്യുന്ന ജോലിയില്‍
തുടരാന്‍ കഴിയുമോ എന്നതായിരുന്നു. (Now,
obviously there is nothing new about
widespread poverty and want, but
unemployment as we know it today
is a comparatively recent development – a byproduct of the modern workforce economy that requires
every one to get a job. (In
premodern societies, generally
speaking, the challenge for able-bodied
people was often less “finding work” than being able to survive on the work one did). സിനിമയില്‍ ചാപ്ലിന്‍ ജോലി നഷ്ടപ്പെടുകയും
നീണ്ട അന്വേഷണത്തിന് ശേഷം പുതിയ ജോലി കിട്ടുകയും പല കാരണങ്ങളാല്‍ നഷ്ടപ്പെടുകയും
ചെയ്യുന്നു. ഇതിന്റെ ഭാഗമായി വിശപ്പ് അടക്കാനാവാതെ ഭക്ഷണം മോഷ്ടിക്കുകയും (പെണ്‍കുട്ടിയും
ഈ രീതിയില്‍ ഭക്ഷണം മോഷ്ടിക്കുന്നുണ്ട്),
പലപ്പോഴും പല കാരണങ്ങളാല്‍ പോലീസ് പിടിക്കുകയും ചെയ്യുന്നു.
ദരിദ്രരോടും
പാവപ്പെട്ടവരോടുമുള്ള സമ്പന്നരുടെ പുച്ഛ മനോഭാവം ചാപ്ലിന്‍ അവതരിപ്പിക്കുന്നു.
പെണ്‍കുട്ടി റൊട്ടി മോഷ്ടിക്കുന്ന രംഗം ഉദാഹരണം. സമ്പന്നയായ സ്ത്രീ ബേക്കറി
ഉടമയോട് പെണ്‍കുട്ടി റൊട്ടി
മോഷ്ടിച്ചുവെന്ന് പറയുന്നു. തുടര്‍ന്ന്
പോലീസ് വരുന്നു. ചാപ്ലിന്‍ അതിന്റെ
ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സമ്പന്നയായ സ്ത്രീ അവളെ
അറസ്റ്റ് ചെയ്യാൻ പോലീസുകാരനോട് പറയുന്നു.
ഈ രംഗം ഒരു ക്ലാസിക് ധാർമ്മിക ചോദ്യം ഉന്നയിക്കുന്നു: നിങ്ങളുടെയും കുടുംബത്തിന്റെയും വിശപ്പടക്കാന്‍
അപ്പം മോഷ്ടിക്കുന്നത് തെറ്റാണോ? ഇവിടെ
ചാപ്ലിന്‍ മതത്തെയും കൊണ്ടുവരുന്നു. പുരാതന ക്രിസ്തീയ സങ്കല്‍പ്പത്തില്‍ പട്ടിണി
കിടക്കുന്ന തന്റെ കുടുംബത്തെ പോറ്റാൻ അപ്പം എടുക്കുന്നയാൾ മോഷ്ടാവല്ല. “എനിക്ക്
രണ്ട് കോട്ടുകള്‍ ഉണ്ട്, എന്റെ അയല്‍ക്കാരന് ഒരു കൊട്ടുപോലും ഇല്ല. അപ്പോള്‍ ഞാന്‍
കള്ളനാണ്” എന്നാണത്രേ ഒരു കൃസ്തീയ സങ്കല്പം.
വ്യാവസായിക യുഗത്തിലുടനീളം, ഉൽപാദന
പ്രക്രിയ നിരവധി വ്യത്യസ്ത സംഘടനാ ഘട്ടങ്ങളിലൂടെ കടന്നുപോയി. ഇരുപതാം നൂറ്റാണ്ടിലെ
ഏറ്റവും പ്രധാനപ്പെട്ട ഉൽപാദന
സംവിധാനങ്ങളിലൊന്ന് ഫോർഡിസമായിരുന്നു, ഇത്
വ്യവസായത്തിനും അതിന്റെ നിലവിലെ രൂപത്തിനും നിർണ്ണായകമായിരുന്നു. ഫോർഡിസ്റ്റ് ഉത്പാദന
രീതിയും തൊഴില്‍ സംഘാടനവും അതിന്റെ അന്യവൽക്കരിക്കുന്ന, തരംതാഴ്ത്തുന്ന
സ്വഭാവവും തൊഴിലാളിയുടെ കാഴ്ചപ്പാടും "മോഡേൺ ടൈംസ്" അവതരിപ്പിക്കുന്നു. ഫോര്‍ഡിസം വലിയ അഭിവൃദ്ധി കൈവരിച്ച സമയത്താണ് ചാപ്ലിന്‍ ഈ സിനിമ ഉണ്ടാക്കുന്നത്. ഈ സിനിമയില്‍
നായകനായ ട്രാംപ് 1930-കളിലെ പ്രശ്നങ്ങളെയാണ്
അഭിമുഖീകരിക്കുന്നതെങ്കിലും അത് ഇന്നത്തെ പ്രശ്നങ്ങളില്‍ നിന്നും ഉത്കണ്ഠകളിൽ
നിന്നും വളരെ വ്യത്യസ്തമല്ല. ദാരിദ്ര്യം,
തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, തീര്‍ച്ചയായും യന്ത്രത്തിന്റെയും
സാങ്കേതികഥയുടെയും വ്യാപനം എല്ലാം ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സിനിമ
പ്രസക്തമാവുന്നു.
ഫോര്‍ഡിസം
പ്രചോദനം ഉള്‍ക്കൊണ്ടത് മേനേജ്മെന്റ് സിദ്ധാന്തത്തിലെ പ്രധാനപ്പെട്ട ഫ്രെഡറിക്
വിൻസ്ലോ ടെയ്‌ലറിൽ നിന്നാണ്.
നൂറുകണക്കിന് വർഷങ്ങളായി ആളുകൾ തൊഴില്‍
കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ടെയ്‌ലറാണ്
സയന്റിഫിക് മാനേജ്മെന്റ് പ്രസ്ഥാനം ആരംഭിച്ചത്. അദ്ദേഹവും അദ്ദേഹത്തിന്റെ സഹകാരികളുമാണ്
ആദ്യമായി ജോലി പ്രക്രിയയെ ശാസ്ത്രീയമായി
പഠിച്ചത്. ജോലി എങ്ങനെ നിർവഹിക്കുന്നു എന്നും
ഇത് തൊഴിലാളികളുടെ ഉൽപാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നും അവര്‍
പഠിച്ചു. തൊഴിലാളികളെ കഴിയുന്നത്ര കഠിനാധ്വാനം ചെയ്യിക്കുക
എന്നതുപോലെത്തന്നെ പ്രധാനമാണ് ജോലി
ചെയ്യുന്ന രീതിയെ പരമാവധിയിലേക്ക് എത്തിക്കുക – ഇതായിരുന്നു ടെയ്‌ലറുടെ
സിദ്ധാന്തം. (People have been managing work for
hundreds of years. But the most significant developments in management theory
emerged in the 20th century. One of the earliest of these theorists was
Frederick Winslow Taylor. He started the Scientific Management movement, and he
and his associates were the first people to study the work process
scientifically. They studied how work was performed, and they looked at how
this affected worker productivity. Taylor's philosophy focused on the belief
that making people work as hard as they could was not as efficient as
optimizing the way the work was done).
എല്ലാ തൊഴിലാളികളും
പണത്താൽ പ്രചോദിതരാണെന്ന് ടെയ്‌ലർ വിശ്വസിച്ചു, അതിനാൽ "ന്യായമായ ദിവസത്തെ
ജോലിക്ക് ന്യായമായ ദിവസ വേതനം" എന്ന ആശയം അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു
തൊഴിലാളി ഒരു ദിവസം മതിയായ നേട്ടം കൈവരിച്ചില്ലെങ്കിൽ, ഉയർന്ന ഉൽപാദനക്ഷമതയുള്ള മറ്റൊരു
തൊഴിലാളിയെപ്പോലെ അയാൾക്ക് ശമ്പളം ലഭിക്കാൻ അർഹനല്ല. (Taylor believed that all workers were
motivated by money, so he promoted the idea of "a fair day's pay for a
fair day's work." In other words, if a worker didn't achieve enough in a
day, he didn't deserve to be paid as much as another worker who was highly
productive).
ഇരുപതാം നൂറ്റാണ്ടിന്റെ
തുടക്കത്തിൽ, ഹെൻറി ഫോർഡ് തന്റെ കാർ ഫാക്ടറിയുടെ ഉൽപാദനക്ഷമത
മെച്ചപ്പെടുത്തുന്നതിനായി "ശാസ്ത്രീയ മാനേജ്മെന്റ്" അല്ലെങ്കിൽ ‘ടെയ്‌ലറിസം’ എന്നറിയപ്പെടുന്ന മാനേജ്മെന്റ് സിദ്ധാന്തം
പിന്തുടര്‍ന്നു. ഉൽപാദനത്തിന്റെയും
ജോലിയുടെയും യുക്തിവൽക്കരണവും യന്ത്രവൽക്കരണവും സംബന്ധിച്ച തന്റെ സിദ്ധാന്തം ടെയ്‌ലർ
ഇതിനകം പരിഷ്കരിച്ചിരുന്നു. ഫോർഡ് ടെയ്‌ലറിസത്തിന്റെ
ചില അവശ്യ വശങ്ങൾ ഏറ്റെടുത്തു. അതുകൊണ്ടാണ് ഫോർഡിസവും ടെയ്‌ലറിസവും
അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന സംവിധാനങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ
വൻതോതിലുള്ള ഉൽപാദനത്തിൽ എത്തിച്ചേരാനും സേവനം നൽകാനുമുള്ള ലക്ഷ്യത്തോടെ ഈ സിദ്ധാന്തം
പ്രയോഗിച്ചത് ഫോർഡ് ആയിരുന്നു, ഇത് മുമ്പ് കേൾക്കാത്ത ഒന്നായിരുന്നു. ഫോർഡിസത്തിന്റെ വളരെ സമഗ്രമായ നിർവചനം "ബഹുജന ഉപഭോഗത്തിനായുള്ള വൻതോതിലുള്ള
ഉത്പാദനം" എന്നാണ്. (At the beginning
of the 20th century, Henry Ford attempted to step on Taylor’s management
theory, broadly known as “scientific management” or “Taylorism”, in order to
improve his car factory’s productivity. Taylor had already revised his theory
on the rationalization and mechanization of production and work. Ford “took
over some of the essential aspects of Taylorism”. That
is why Fordism and Taylorism are considered as inextricably connected systems.
But it was Ford who applied the theory with an aim to reach and service mass
production, a phrase that was no heard before. A very comprehensive definition
of Fordism is given as a system of “mass production for mass consumption”).
തൊഴില്‍ പ്രക്രിയ,
അച്ചടക്കം, അനുസരണം, നിയന്ത്രണം എന്നിവ
അടിസ്ഥാനമാക്കിയുള്ള ഈ ആശയത്തെ ഫോർഡ് കൂടുതൽ മുന്നോട്ട് പോയി, തൊഴിൽ
നിയന്ത്രണത്തിന്റെ ഒരു പുതിയ രീതി അവതരിപ്പിച്ചു. ഈ രീതിയെ "ഫൈവ് ഡോളര്‍ ഡേ” (Five-Dollar
Day) എന്ന് വിളിക്കുകയും തൊഴിൽ മാനേജ്മെന്റിന്റെ ഒരു പുതിയ യുഗം
അടയാളപ്പെടുത്തുകയും ചെയ്തു. ഇത് ഒരു ദിവസ വേതന പാക്കേജായിരുന്നുവെങ്കിലും അത് എല്ലാവര്‍ക്കും
ലഭ്യമായിരുന്നില്ല. "അഞ്ച് ഡോളർ ദിനത്തിന്" അവകാശമുള്ള തൊഴിലാളികൾ
നിർദ്ദിഷ്ട ആവശ്യകതകൾ പാലിക്കണം: "ആറുമാസത്തെ തുടർച്ചയായ തൊഴിൽ, 21
വയസ്സിനു മുകളിൽ പ്രായമുള്ളവർ, വീട്ടിലും ജോലിയിലും തൃപ്തികരമായ
വ്യക്തിഗത ശീലങ്ങൾ (ശുചിത്വവും വിവേകവും ) മദ്യവും പുകയിലയും ഉപയോഗിക്കരുത്. ഈ മാനദണ്ഡങ്ങളെല്ലാം ഫോര്‍ഡിന്റെ പുതുതായി
സ്ഥാപിതമായ 'സോഷ്യോളജിക്കൽ ഡിപ്പാർട്ട്മെന്റ്' പരിശോധിച്ചു.
(The work process is based on discipline, obedience and constraint. In
addition, Ford went further, introducing a new method of labour control. This
method was called the “Five-Dollar Day”, and
marked a new era of labour management. It was a daily wage package but it was
not available to anyone. The workers entitled to have a right to “Five
Dollar Day” should meet specific requirements: “Six months’ continuous
employment, aged over 21, satisfactorily personal habits at home and work
(cleanliness and prudence) and no consumption of alcohol and tobacco. All these
criteria were checked by Ford’s newly established ‘Sociological Department’”).
സിനിമയുടെ ആദ്യ ഫ്രെയിം ഒരു ക്ലോക്കിന്റെ ചിത്രമാണ്. തുടര്‍ന്ന് “വ്യവസായത്തിന്റെയും വ്യവസായ സംരംഭകരുടേയും, സുഖം തേടിയുള്ള മനുഷ്യവംശത്തിന്റെ കുരിശുയുദ്ധങ്ങളുടെ കഥ” എന്ന ടൈറ്റില്‍ കാര്‍ഡ്.
ഫോർഡ് വ്യവസായത്തിൽ അവതരിപ്പിച്ച
കൺവെയർ ബെൽറ്റ് പോലെ, ക്ലോക്കിന്റെ സൂചി നിര്‍ത്താതെ ചലിക്കുന്നു. സമയവും അതിന്റെ ശരിയായ ഉപയോഗവും, ഫോർഡിസ്റ്റ്
സിസ്റ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. കാരണം ഓരോ ജോലിയുടെയും
ദൈർഘ്യം ഒരേ സമയം ഉൽപാദനം വർദ്ധിപ്പിക്കുന്ന വിധത്തിൽ കുറയ്ക്കുക എന്നതായിരുന്നു
പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. (സിനിമയുടെ
ശീര്‍ഷകം Modern Times ആണെന്ന കാര്യവും ഓര്‍ക്കുക). (The first frame of the film is an
image of a clock. Its seconds-hand runs conspicuously stressing without
stopping, like the conveyor belt that Ford introduced to the industry. Time and
its proper use, was one of the most important factors of the fordist system, as
one of the principal purposes was to reduce the duration of each task in a way
that the production would be increased at the same time).
ശക്തമായ ആക്ഷേപഹാസ്യമാണ് സിനിമയുടെ മുഖമുദ്ര. സിനിമയുടെ
തുടക്കത്തിൽ കൂട്ടമായി നീങ്ങുന്ന ഒരുപറ്റം ആടുകള്‍. ഈ ദൃശ്യം ഫെയ്ഡ് ചെയ്യുന്നത് ഒരു ഫാക്ടറിയിലേക്ക് ബദ്ധപ്പെട്ട്
നടക്കുന്ന ഒരു കൂട്ടം തൊഴിലാളിയിലേക്ക്. എല്ലാവരും ഒരേ ദിശയിലേക്ക് (ജോലി)
നീങ്ങുന്നു. ഈ മൊണ്ടാഷിലൂടെ ചാപ്ലിന്‍ അര്‍ത്ഥമാക്കുന്നത്
അറവുശാലയിലേക്ക് എന്നപോലെ
തെളിക്കപ്പെടുന്ന തൊഴിലാളികളെയാണ്. (രണ്ടു വ്യത്യസ്ത ഷോട്ടുകള്‍
കൂട്ടിമുട്ടുമ്പോള്‍, അല്ലെങ്കില്‍ ഒന്നിനു പിറകെ മറ്റൊന്നായി അടുക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ മൂന്നാമതൊരു അര്‍ത്ഥം
സൃഷ്ടിക്കുന്നതാണ് മൊണ്ടാഷ്). ഒപ്പം, തൊലാളികളും, താഴ്ന്ന വര്‍ഗ്ഗക്കാരും
സാമ്പത്തികമായി ഉയര്‍ന്ന വിഭാഗത്തിന്റെ
സേവകരായിത്തീര്‍ന്നിരിക്കുന്നു എന്നും സിനിമ പറയുന്നു. മാത്രവുമല്ല, ഇവര്‍ ഏതെങ്കിലും തരത്തില്‍ ഇരയാക്കപ്പെടുന്നു എന്ന രീതിയിലും ഇതിനെ മനസ്സിലാക്കാം. കൃഷിയെ പല
രീതിയിലും വ്യവസായ സമ്പദ് വ്യവസ്ഥയെക്കാൾ മെച്ചപ്പെട്ടതായി ചാപ്ലിന്‍ കണ്ടിരുന്നു. അവിടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു പരിധിവരെ അവനവന് നിയന്ത്രണം ഉണ്ടായിരുന്നു. ഈ പുതിയ വ്യാവസായിക ക്രമത്തില്‍ തൊഴിലാളികള്‍
ആടുകളായി മാറി എന്നും ഇതിനെ കാണാം. ആടുകളെപ്പോലെ ആളുകള്‍ തമ്മിലും
വ്യത്യാസമില്ല. ഒരേ ശരീരം പോലെ അവര്‍ ഒരേ
ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. ആടുകളില്‍ ഒന്ന് കറുത്തതാണ്, ബാക്കി എല്ലാം
വെളുത്തതും. എല്ലാ നിയമത്തിലും ഒരു ഇളവ് ഉണ്ട് എന്നാണോ? ഇത് സിനിമയിലെ നായകനായ ട്രാംപിനെയാണോ
പ്രതിനിധീകരിക്കുന്നത്?
1930കളില്‍ അമേരിക്കയില്‍
തുടങ്ങിയ കടുത്ത ആഗോള സാമ്പത്തിക
മാന്ദ്യമായിരുന്നു The Great Depression. മഹാ
മാന്ദ്യത്തിന്റെ സമയം ലോകമെമ്പാടും വ്യത്യസ്തമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ
ഏറ്റവും ദൈര്‍ഘ്യമേറിയതും ആഴമേറിയതും
വ്യാപകവുമായ മാന്ദ്യമായിരുന്നു ഇത്. ഈ
മാന്ദ്യം Modern Times-ന്റെ പശ്ചാത്തലത്തില്‍ ഉണ്ട്. 1929-ല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തകരുകയും ബാങ്കുകള്‍ പരാജയപ്പെടാന്‍ തുടങ്ങുകയും
ചെയ്തതോടെയാണ് മഹാമാന്ദ്യം ആരംഭിച്ചത്.
അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് 25 ശതമാനമായി
ഉയര്‍ന്നു. മറ്റു ചില രാജ്യങ്ങളില്‍ ഇത് 33 ശതമാനമായി.
1941-ല്‍ അമേരിക്ക
രണ്ടാം ലോകയുദ്ധത്തിൽ പ്രവേശിക്കാന്‍ തയ്യാറായതോടെയാണ് മാന്ദ്യം
അവസാനിച്ചത്. യൂറോപ്പ് സന്ദര്‍ശിച്ച ചാപ്ലിന്‍
പരാജയപ്പെട്ട സമ്പദ് വ്യവസ്ഥ
തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കുന്ന വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്
സാക്ഷ്യം വഹിക്കുകയുണ്ടായി. ഇതിന് ശേഷമാണ് അദ്ദേഹം ഈ സിനിമ നിര്‍മ്മിച്ചത്. (Modern
Times was released in 1936, seven years into the U.S.’s most
significant economic downturn. The Great Depression began in 1929 when
the Stock Market crashed and banks began to fail. Unemployment in the U.S. rose
to 25 percent and reached 33 percent in some
countries. The Depression ended in 1941 as the U.S.
geared up to enter World War II. Chaplin made Modern Times after visiting
Europe and witnessing the widespread effects that failing economies had on the
daily life of workers).
ലോറിയില്‍ നിന്ന്
താഴെ വീഴുന്ന കൊടി എടുത്ത് അതിന്
പിന്നാലെ ഓടുന്ന ചാപ്ലിനെ
കമ്യൂണിസ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ച്
പോലീസ് പിടികൂടുന്ന രംഗം അല്പം വിശദീകരണം ആവശ്യപ്പെടുന്നു. പിന്നില്‍ നിന്ന് വരുന്ന തൊഴിലാളി സമരത്തിനു മുന്നില്‍ നേതാവെന്ന പോലെ കോടിയുമായി നടക്കുന്ന
ചാപ്ലിനോട് പോലീസ് ചോദിക്കുന്നതായി “അപ്പോള്‍ നീയാണ് നേതാവ് “
എന്ന ടൈറ്റില്‍ കാര്‍ഡ് കാണിക്കുന്നു. തന്റെ നിരപരാധിത്വം വെളിപ്പെടുത്താനായി
ചാപ്ലിന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പോലീസ് പിടികൂടി വണ്ടിയില്‍ കയറ്റുന്നു. തടി
കയറ്റി പോവുന്ന ലോറിക്ക് പിന്നിൽ കെട്ടിയ തുണിക്കഷണം ഒരു പാര്‍ട്ടിയുടേതും
അല്ല. അപകട സൂചന അറിയിക്കുക മാത്രമാണ്
ഇതിന്റെ ലക്ഷ്യം. കൊടിപോലുള്ള തുണിയുടെ നിറം ചുവപ്പായിരിക്കാം (സിനിമ കറുപ്പിലും
വെളുപ്പിലും ആണല്ലോ). അതുകൊണ്ടായിരിക്കാം പോലീസ് അത് കമ്യൂണിസ്റ്റ് കൊടിയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുക. ചാപ്ലിന്റെ സ്വതസിദ്ധമായ ഹാസ്യത്തിലൂടെയാണ് ഈ
രംഗം അവതരിപ്പിചിരിക്കുന്നതെങ്കിലും ഇതിനു പിന്നില്‍ ചാപ്ലിനെ സംബന്ധിക്കുന്ന ചില
കാര്യങ്ങള്‍ ഉണ്ട്.
ഒരു ബ്രിട്ടീഷുകാരന്‍ ആയിരുന്നുവെങ്കിലും ചാപ്ലിന്‍
നാല്‍പ്പത് വര്‍ഷങ്ങളായി
അമേരിക്കയില്‍ താമസിക്കുകയായിരുന്നു. (ചാപ്ലിന്‍ അമേരിക്കന്‍ പൌരത്വം
സ്വീകരിച്ചിരുന്നില്ല). അമേരിക്കന്‍
ഭരണകൂടത്തിന് ചാപ്ലിന്‍ എന്നും
നോട്ടപ്പുള്ളിയായിരുന്നു. അതിന് കാരണം അവര്‍ സംശയിക്കുന്ന ചാപ്ലിന്റെ
കമ്യൂണിസ്റ്റ് ബന്ധമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയറ്റ്
യൂണിയനുമായുള്ള ശീത യുദ്ധത്തിന്റെ മൂര്‍ധന്യത്തിൽ കമ്യൂണിസ്റ്റ്‌കാര്‍ക്കായുള്ള
തിരച്ചില്‍ അമേരിക്കന്‍ ഭരണകൂടം ആരംഭിച്ചിരുന്നു. ഇതില്‍
മാധ്യമങ്ങളും പൊതുജനങ്ങളും ഉള്‍പ്പെടും. 1947 ഫെബ്രുവരിയില്‍
ചാപ്ലിന്റെ സുഹൃത്തും സംഗീതജ്ഞനുമായ
ഐഡ്‌ലറെ എഫ്ബിഐ അറസ്റ്റ് ചെയ്തു.
കമ്യൂണിസ്റ്റ് ആണെന്നും
രാജ്യതാത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നുന്നു എന്നുമായിരുന്നു
ആരോപണം. അതോടൊപ്പം ചാപ്ലിനെതിരെ നടപടിഎടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നു.
സെനറ്റില്‍ വിഷയം ഉന്നയിക്കപ്പെട്ടു.
“കമ്യൂണിസ്റ്റ് ചായ്‌വ്, നിയമ നിഷേധം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ
ലൈംഗീക ചൂഷണം ചെയ്യല്‍’ എന്നീ
കുറ്റങ്ങളായിരുന്നു ചാപ്ലിന് എതിരെ
ആരോപിച്ചത്.
1922 മുതൽ ചാപ്ലിന് അമേരിക്കൻ
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അധികൃതര്‍
അന്വേഷണം നടത്തിയിരുന്നു. ഒരിക്കല്‍ അവര്‍ ചാപ്ലിനെ തുടര്‍ച്ചയായി നാല് മണിക്കൂര്‍ ചോദ്യം ചെയ്തു. ചാപ്ലിന്‍ ഒരിക്കലും
തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളെ തള്ളിപ്പറഞ്ഞില്ല. അവരുമായുള്ള ബന്ധം
നിഷേധിച്ചുമില്ല. മനുഷ്യനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും തന്റെ ആശയങ്ങളില്‍ ചിലതെങ്കിലും കമ്യൂണിസ്റ്റുകാരുടേതാവുന്നതും
കമ്യൂണിസ്റ്റ്കാരുടെ ചില ആശയങ്ങള്‍
തന്റെതാവാനുമുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല എന്നുമായിരുന്നു
ചാപ്ലിന്റെ നിലപാട്. ഏകദേശം രണ്ടായിരം
പേജ് വരുന്ന ചാപ്ലിന്റെ ഫയലില്‍
അദ്ദേഹത്തിന് ഏതെങ്കിലും
തരത്തിലുള്ള കമ്യൂണിസ്റ്റ് ബന്ധമുള്ളതായി അധികൃതര്‍ക്ക് കണ്ടെത്താനായില്ല. ചാപ്ലിന്റെ സഹപ്രവര്‍ത്തകരോടും, അഭ്യുദയ
കാംക്ഷികളോടും മറ്റു ബന്ധപ്പെട്ടവരോടും
സംസാരിച്ച് തളര്‍ന്നുവെങ്കിലും അധികൃതര്‍ക്ക്
ഒരു സൂചനയും ലഭിച്ചില്ല. 1949 ഡിസംബറില്‍ അധികൃതരുടെ ഒരു എജന്റ്റ്
ഇപ്രകാരം എഴുതി: “ചാപ്ലിൻ ഒരു പാര്‍ട്ടി മെമ്പര്‍ ആണെന്ന് സ്ഥിരീകരിക്കുന്ന എന്തെങ്കിലും
തെളിവോ, അല്ലെങ്കില്‍ അദ്ദേഹം ഇപ്പോള്‍ അംഗമാണ് എന്നതിനുള്ള തെളിവോ, അല്ലെങ്കില്‍ പാര്‍ട്ടി ഫണ്ടിലേക്ക് അദ്ദേഹം
സംഭാവന ചെയ്തിട്ടുണ്ടോ എന്നതിന് ഒരു സാക്ഷിയും ഇല്ല”.
അപ്പോള്‍ എന്തായിരുന്നു ഇതിനൊക്കെ പിന്നില്‍? 1920 മുതൽ
ചാപ്ലിന് ഇടതുപക്ഷത്തോട് ചായ്‌വ് ഉണ്ടായിരുന്നുവത്രേ. നിശബ്ദ സിനിമാകാലത്തെ പ്രശസ്ത നടന്‍ ബസ്റ്റര്‍ കീറ്റ ണ്‍ ഓര്‍ക്കുന്നു: ഒരു സംഭാഷണ മദ്ധ്യേ ചാപ്ലിന്‍ കമ്യൂണിസത്തെ കുറിച്ച്
സംസാരിക്കുകയുണ്ടായി. കമ്യൂണിസം എല്ലാം
മാറ്റാന്‍ പോകുന്നു, ദാരിദ്ര്യം ഇല്ലാതാക്കും. ആവേശത്താല്‍ ചാപ്ലിന്‍ മേശപ്പുറത്ത് അടിച്ചുകൊണ്ട്
പറഞ്ഞുവത്രേ: എനിക്ക് വേണ്ടത് ഓരോ കുട്ടിക്കും വേണ്ടത്ര ഭക്ഷണം കിട്ടണം, കാലില്‍ ചെരിപ്പും തലയ്ക്ക് മുകളില്‍ മേല്‍ക്കൂരയും വേണം. അപ്പോള്‍ കീറ്റന്റെ പ്രതികരണം
ഇപ്രകാരമായിരുന്നുവത്രേ: ചാര്‍ളീ, അത് ആഗ്രഹിക്കാത്ത ആരെയെങ്കിലും നിങ്ങള്‍ക്ക്
അറിയാമോ? (From 1920 onwards,
it was clear that Chaplin had sympathies for the Left. That year, Chaplin sat
with Buster Keaton – the famous silent film actor – to drink a beer in Keaton’s
kitchen in Los Angeles. Chaplin was at the height of his success. With Douglas
Fairbanks, Mary Pickford and D.W. Griffith, Chaplin created United Artists, a
company that broke with the studio system to give these four actors and
directors control over their work. Chaplin was then working on The Kid (1921), one
of his finest films and based almost certainly on his childhood. Keaton
recounted that Chaplin talked “about something called communism which he just
heard about”. “Communism,” Chaplin told him, according to Keaton, “was going to
change everything, abolish poverty.” Chaplin banged on the table and said, “What
I want is that every child should have enough to eat, shoes on his feet and a
roof over his head”. Keaton’s response is casually insincere, “But Charlie, do
you know anyone who doesn’t want that?”).
സെനറ്റര്‍
ജോസഫ് മെക്കാര്‍ത്തിയുടെ കമ്മറ്റി
ചാപ്ലിനെ നോട്ടമിട്ടു. 1948-ല്‍
ചാപ്ലിനെ എഫ്.ബി.ഐ. കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തി. ഇതിന്‍ പ്രകാരം ചാപ്ലിന് ഹോളിവുഡില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി
നിഷേധിച്ചു.
തന്റെ ജീവിതവുമായി അഭേദ്യമായി ബന്ധമുള്ള Lime
Light എന്ന സിനിമയുടെ പ്രീമിയര്‍ ലണ്ടനിലാണ് വേണ്ടത് എന്ന് തീരുമാനിച്ച
ചാപ്ലിന്‍ 1952-ലെ ശരത്കാലത്ത് കുടുംബത്തോടൊപ്പം
ലണ്ടനിലേക്ക് കപ്പലില്‍ യാത്ര തിരിച്ചു. മക്കാര്‍ത്തിയുടെ ആശയങ്ങള്‍ നടപ്പിലുണ്ടായ കാലമായിരുന്നു
അത്. സംശയത്തിന്റെ പേരില്‍ ഒരാള്‍
കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ടാല്‍
അയാള്‍ അനഭിമാതനാവുന്നു. തൊഴില്‍ നഷ്ടപ്പെടാം, തടവിലാക്കപ്പെടാം, നാട്
കടത്തപ്പെടാം. തന്റെ ധാര്‍മ്മീകവും രാഷ്ട്രീയവുമായ സ്വഭാവത്തെ കുറിച്ച് ഒരു അന്വേഷണ കമ്മറ്റിക്ക് മുമ്പില്‍ സ്വയം വെളിപ്പെടുത്തിയാല്‍ മാത്രമേ അമേരിക്കയിലേക്ക്
മടങ്ങാന്‍ സര്‍ക്കാർ അനുവദിക്കൂ
എന്ന് കപ്പലില്‍ വെച്ച് ചാപ്ലിന് സന്ദേശം
ലഭിച്ചു. എന്നാല്‍ കമ്മറ്റിക്ക് മുന്നില്‍ ഹാജരാവാന്‍ പറ്റില്ല എന്നായിരുന്നു
അദ്ദേഹത്തിന്റെ തീരുമാനം. കപ്പലിന്റെ
ഡക്കില്‍ നിന്ന് ചാപ്ലിന്‍ അമേരിക്കയോട് വിടപറഞ്ഞു. "യേശുക്രിസ്തു
പ്രസിഡന്റായാലും ഞാൻ അങ്ങോട്ട് പോകില്ല," എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വളരെ വര്‍ഷങ്ങള്‍ക്ക്
ശേഷം ലൈഫ്ടൈം ഓസ്കാര്‍ അവാര്‍ഡ്
സ്വീകരിക്കാനാണ് പിന്നീട് 1972-ല്‍ ചാപ്ലിന്‍
അമേരിക്ക സന്ദര്‍ശിച്ചത്.
ഇക്കാര്യത്തെ കുറിച്ച് ചാപ്ലിന്‍ ഇപ്രകാരം പറയുകയുണ്ടായി:
“ഞാന്‍ ഒരു രാജ്യത്തേയും പൌരനല്ല. എനിക്ക് പൌരത്വ രേഖകള്‍ ആവശ്യമില്ല. ഒരു
രാജ്യത്തോടും എനിക്ക് ഒരിക്കലും രാജ്യസ്നേഹം ഉണ്ടായിരുന്നില്ല. ഞാന്‍ എന്നെ ഒരു
ലോക പൌരനായി കണക്കാക്കുന്നു. ഞാന്‍ ഒരു അന്താരാഷ്‌ട്ര വാദിയാണ്. എല്ലാ
തടസ്സങ്ങളും, അതിരുകളും ഇല്ലാതായ ഒരു ദിവസം വരും. അപ്പോള്‍ മനുഷ്യര്‍ ലോകത്തില്‍ ഏതു രാജ്യത്തിലും പോവുകയും വരികയും
ചെയ്യും”. “I’m not a citizen, I don’t need citizenship papers, and
I’ve never had patriotism in that sense for any country, but I’m a patriot to
humanity as a whole. I’m a citizen of the world... I
don’t feel I am allied to any one particular country. I feel I am a citizen of
the world. I feel that when the day comes and we have the barriers down and so
forth so the people come and go all around the world and be a part of any
country).
ചാപ്ലിൻ അമേരിക്കയില്‍
വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ദുരിതവും
കണ്ടു. ഇത് വലിയ
വർഗസമരമായിരുന്നു -- ഒരു വശത്ത് കമ്മ്യൂണിസ്റ്റുകൾക്കെതിരെ
സർക്കാർ നടത്തിയ റെയ്ഡുകള്‍, മറ്റൊരു ഭാഗത്ത്
പൊതു പണിമുടക്കും ഖനിത്തൊഴിലാളികളുടെ ബ്ലെയർ മൗണ്ടൻ യുദ്ധവും മറ്റും.
അപ്പോള്‍, അദ്ദേഹത്തിന്റെ സിനിമകളിലെ ഇതിഹാസ കഥാപാത്രമായ ട്രാംപ് ആധുനിക മുതലാളിത്ത വ്യവസ്ഥയിലെ ദരിദ്ര മനുഷ്യന്റെ പ്രതീകമായത്തില്‍ അത്ഭുതമില്ല.
“ഞാന്‍ ദാരിദ്ര്യത്താല്‍, ഇല്ലായ്മയാല്‍
വേട്ടയാടപ്പെട്ട ഒരു മനുഷ്യനെപ്പോലെയാണ് “. താന്‍ സൃഷ്ടിച്ച ട്രാമ്പ് എന്ന കഥാപാത്രത്തെ
കുറിച്ച് ചാപ്ലിന്‍ പറയുന്നു: “എന്തുതന്നെ ആയാലും
അവന്‍ എപ്പോഴും അന്തസ്സുള്ള മനുഷ്യനാണ്”. (“I am like a man who is ever haunted by a
spirit, the spirit of poverty, the spirit of privation”, Chaplin said. “The
whole point of the little fellow”, Chaplin said in 1926 of the Tramp figure,
“is that no matter how down on his ass he is, no matter how well the jackals
succeed in tearing him apart, he’s still a man of dignity”). തൊഴിലാളിവര്‍ഗ്ഗം,
പാവപ്പെട്ട തൊഴിലാളികൾ എന്നിവരോടുള്ള സഹതാപം ചാപ്ലിന്റെ സിനിമകളിൽ കാണാം.
ചാപ്ലിന്റെ ജനപ്രീതിയും അദ്ദേഹത്തിന്റെ സന്ദേശവുമാണ് എഫ്.ബി.ഐയെ
അസ്വസ്ഥമാക്കിയത്. "യേശുക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത
ലോകത്തിന്റെ പല കോണുകളിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ട്; അതേസമയം അവർ ചാർളി ചാപ്ലിനെ അറിയുകയും സ്നേഹിക്കുകയും
ചെയ്യുന്നു” ചാപ്ലിന്റെ ഫയലിൽ ഒരു എഫ്.ബി.ഐ.
ഏജന്റ് ക്ലിപ്പ് ചെയ്ത് ഹൈലൈറ്റ് ചെയ്ത ഒരു കുറിപ്പില്‍ ഇപ്രാകാരം കുറിച്ചു. ചാപ്ലിന്റെ മുതലാളിത്ത വിമര്‍ശനം ലോകജനതയെ ആകർഷിക്കുന്നതിലും എഫ്.ബി.ഐയെ അസ്വസ്ഥമാക്കുന്നതിലും പരാജയപ്പെട്ടില്ല.
ചാപ്ലിനെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭ്രമണപഥത്തിലേക്ക്
ആകർഷിച്ചത് ഫാസിസത്തിന്റെ ഉയർച്ചയാണ്. യൂറോപ്പിലുടനീളമുള്ള നാസിസത്തിന്റെ വളര്‍ച്ച അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. അദ്ദേഹത്തിന്റെ
ദി ഗ്രേറ്റ് ഡിക്റ്റേറ്റർ (1940) എന്ന
സിനിമ ഫാസിസത്തിന്റെ ആക്ഷേപഹാസ്യമായിരുന്നു.
കമ്മ്യൂണിസ്റ്റുകളെ കുറിച്ച് ചാപ്ലിന്‍ ഇപ്രകാരം പറയുകയുണ്ടായി: "അവര്‍ നമ്മളെപ്പോലെ സൗന്ദര്യത്തെ
സ്നേഹിക്കുന്ന, ജീവിതത്തെ സ്നേഹിക്കുന്ന സാധാരണക്കാരാണ്". ഒരു പ്രസ്താവനയില്‍ ചാപ്ലിന്‍ ഇപ്രകാരം കുറിച്ചു: “കമ്മ്യൂണിസം
ലോകമെമ്പാടും വ്യാപിച്ചേക്കാമെന്ന് അവർ പറയുന്നു. ഞാൻ പറയുന്നു – അതുകൊണ്ട് എന്താ?
" മറ്റൊരു സന്ദര്‍ഭത്തിൽ അദ്ദേഹം
പറയുകയുണ്ടായി: "ഞാൻ ഒരു
കമ്മ്യൂണിസ്റ്റല്ല, പക്ഷേ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായി തോന്നുന്നുവെന്ന്
പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു".
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെന്ന് ചിലര്‍ എഴുതി. അതേ സമയം, ലിബറല്‍ നിരൂപകര്‍ എഴുതിയത് സിനിമ കമ്യൂണിസത്തെ അനുകൂലിക്കുന്നതോ എതിര്‍ക്കുന്നതോ അല്ല
എന്നാണ്. ഇതേക്കുറിച്ച് ചാപ്ലിന്‍ പറഞ്ഞത്, “അതിനര്‍ത്ഥം, ആലങ്കാരികമായി ഞാന്‍ വേലിക്ക് മുകളില്‍ ഇരിക്കുകയാണ് എന്നാണ്”. (I was
told] a harrowing story of big industry luring healthy young men off the farms
who, after four or five years at the [factory] belt system, became nervous
wrecks. It was that conversation that gave me the idea for Modern Times. I used
a feeding machine as a time-saving device, so that the workers could continue
working during lunch time. The factory sequence itself revolved around the
Tramp having a nervous breakdown. … The theme is about two nondescripts trying
to get along in modern times. They are involved in the Depression, strikes,
riots, and unemployment. … Before the opening of Modern Times a few columnists
wrote that they had heard rumours that the picture was Communistic. … However,
the liberal reviewers wrote that it was neither for nor against Communism and
that metaphorically I had sat on the fence”.
സിനിമയില്‍ ചാപ്ലിന്‍ ഉപയോഗിക്കുന്ന പല രൂപകങ്ങളും ഇന്നത്തെ
തൊഴില്‍ സ്ഥാപങ്ങളേയും ജോലിയുടെ
സ്വാഭാവത്തേയും അവതരിപ്പിക്കുന്നു. ഫാക്ടറിക്കകത്ത് സ്ഥാപിക്കപ്പെട്ട ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്ന ബോസിനെ നാം കാണുന്നുണ്ട്. ട്രാംപ് മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ സിഗരറ്റ് വലിക്കുന്നതും ബോസ്
കാണുന്നു. അപ്പോഴാണ് നാം മനസ്സിലാക്കുന്നത് അവിടെയും ടിവി ഉണ്ടെന്ന്. തൊഴിലാളികളുടെ സ്വകാര്യതയെ പോലും ബോസിന്
നിരീക്ഷിക്കാന്‍ കഴിയും. ഇതിലൂടെ തൊഴിലാളി വേണ്ട വേഗതയില്‍ എല്ലാം ചെയ്യുന്നുണ്ടോ
എന്ന് മനസ്സിലാക്കാം. സ്ക്രീനില്‍
പ്രത്യക്ഷപ്പെടുന്ന ബോസ് തൊഴിലാളികളെ ആജ്ഞാപിക്കുകയും കഠിനമായി ശാസിക്കുകയും
ചെയ്യുന്നുണ്ട്. ഈ സാങ്കേതിക വിദ്യ
അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്നില്ലെങ്കിലും അസംബ്ലി ലൈനിലെ ഓരോ തൊഴിലാളിയുടേയും മേലുള്ള ബോസിന്റെ
സര്‍വ്വശക്തമായ സാന്നിധ്യം ചാപ്ലിന്‍
അവതരിപ്പിക്കുന്നു. (ഇവിടെ ജോര്‍ജ് ഓര്‍വെല്ലിന്റെ
`1984’ എന്ന നോവലിലെ ബിഗ് ബ്രദർ ഓര്‍മ്മയിൽ വരുന്നു. ചാപ്ലിന്‍ ഈ സിനിമ സംവിധാനം ചെയ്യുന്ന
സമയത്ത് ഓര്‍വെൽ 1984
എന്ന നോവല്‍ എഴുതിയിരുന്നില്ല. Modern Times 1936-ലും 1984 1949-ലുമാണ് പുറത്തുവന്നത്. അല്‍പ്പം
അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ദൃശ്യങ്ങള്‍
ഭാവിയിലേക്കുള്ള സൂചനകളാകുന്നു.
ഫാക്ടറിക്കകത്ത് മാത്രമല്ല, നിരീക്ഷണം ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. നാം
നിരന്തരം നിരീക്ഷണ വിധേയരായിക്കൊണ്ടിരിക്കുന്നു.
ഇമെയിലുകള്‍, ടെക്സ്റ്റുകള്‍, സേര്‍ച്ച് ഹിസ്റ്ററി, നാം എന്ത് വാങ്ങിക്കുന്നു, ആരൊക്കെയാണ് നമ്മുടെ
കൂട്ടുകാര്‍, നാം എവിടെ പോവുന്നു, ഇന്‍റര്‍നെറ്റിലെ
നമ്മുടെ ഓരോ ക്ലിക്കും ടച്ചും നമ്മുടെ ഫോണ്‍ കോളുകളും ആരൊക്കെയോ നിരീക്ഷിക്കുന്നുണ്ട്. ഒരുഭാഗത്ത് രാജ്യരക്ഷയുടെയും അഖണ്ഡതയുടെയും
പ്രതിരോധത്തിന്റെയും ഭീകരവാദത്തിന്റെയും പേരിലുള്ള ഭരണകൂടത്തിന്റെ
നിരീക്ഷണം. ഈ രീതിയില്‍ വന്‍തോതിലുള്ള നിരീക്ഷണം
രാഷ്ട്രത്തെ സര്‍വ്വാധിപത്യത്തിലേക്ക്
നയിക്കാന്‍ സാധ്യതയുണ്ടെന്ന് പലരും
ഭയക്കുന്നു. ഇതിന്റെ പാരമ്യം ഒരു
നിരീക്ഷണ രാഷ്ട്രമോ അല്ലെങ്കില്‍ ഇലക്ട്രോണിക്
പോലീസ് രാഷ്ട്രമോ ആയിരിക്കും.
മറ്റൊരു ഭാഗത്ത് കോര്‍പ്പറേറ്റുകൾ നമ്മെ നിരീക്ഷിക്കുന്നു.
നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു,
മറിച്ച് വില്‍ക്കുന്നു. എന്തിനധികം, കുടുംബത്തിനകത്ത് പോലും അംഗങ്ങള്‍ ഇന്ന്
നിരീക്ഷണത്തിലാണ്. ഭാര്യയും ഭര്‍ത്താവും,
മാതാപിതാക്കളും മക്കളും പരസ്‌പരം നിരീക്ഷിക്കുന്നു.
1920-കളുടെ അവസാനത്തിൽ സിനിമയില്‍ ശബ്ദ യുഗം ആരംഭിച്ചപ്പോൾ, ട്രാംപ്
എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ശബ്ദ സിനിമ നിർമ്മിക്കാൻ ചാപ്ലിൻ
വിസമ്മതിച്ചു. ഒരു കാരണം, ആ കഥാപാത്രം ഒരു
അമേരിക്കക്കാരനാണ്. അതേസമയം, ചാപ്ലിന്റേത് ശക്തവും വ്യക്തവുമായ ഇംഗ്ലീഷ് ഉച്ചാരണമായിരുന്നു.
മാത്രവുമല്ല, നിശബ്ദ സിനിമയുമായി
ബന്ധപ്പെട്ടാണ് ട്രാംപ് എന്ന കഥാപാത്രം
ജനിച്ചതും, വളര്‍ന്നതും. Modern
Times എന്ന സിനിമയില്‍
ഭാഗികമായി മാത്രമാണ് ശബ്ദം ഉണ്ടായിരുന്നത്. സിനിമയുടെ അവസാനം വരെ ട്രാംപ്
നിശബ്ദനായിരുന്നു. അവസാനത്തിലുള്ള ഗാന
രംഗത്തില്‍ മാത്രമാണ് ട്രാംപ് (ചാപ്ലിന്‍) ആദ്യമായി ശബ്ദിക്കുന്നത്. അതാകട്ടെ,
ഒരു ഫ്രഞ്ച്/ഇറ്റാലിയന്‍ ഭാഷയിലുള്ള
അസ്പഷ്ട ഗാനത്തിന്റെ രൂപത്തിലാണ്. (A gibberish language comprised of several
languages and nonsense words). ഇതിലൂടെ ഒടുവില്‍ ട്രാംപിന് ശബ്ദം
കിട്ടിയെങ്കിലും, സിനിമയുടെ നിശബ്ദ യുഗവുമായുള്ള ഈ കഥാപാത്രത്തിന്റെ ബന്ധത്തിന്
കളങ്കം വരുത്തുന്ന രീതിയില്‍ ആയിരിക്കരുത് എന്ന് ചാപ്ലിന്‍ ആഗ്രഹിച്ചിരുന്നുവത്രേ.
ഇതേക്കുറിച്ച് ചാപ്ലിന്‍ ഒരു റിപ്പോര്‍ട്ടറോട് ഇപ്രകാരം പറയുകയുണ്ടായി: “ഞാന്‍
അവനെ കൊന്നത് തെറ്റായിപ്പോയി, അറ്റോമിക് യുഗത്തില്‍
ഈ ചെറിയ മനുഷ്യന് ഇടമുണ്ടായിരുന്നു”.
(ചാപ്ലിന്റെ അവസാന നിശബ്ദ സിനിമയായിരുന്നു Modern Times).
(I was wrong to kill him. There was
room for the Little Man in the atomic age).
മൂകാഭിനയത്തിന്റെ മഹത്തായ
ഉദാഹരണമാണ് ട്രാംപ്. സംസാരം കഥാപാത്രത്തിന്റെ വൈകാരിക ശക്തിയെ
കുറയ്ക്കുമെന്ന് ചാപ്ലിന്‍ വിശ്വസിച്ചു. പ്രേക്ഷകര്‍ കണ്ടു ശീലിച്ച രീതിയില്‍ അവര്‍ക്ക്
ഈ കഥാപാത്രവുമായി അപ്പോള്‍ (സംസാരിക്കുമ്പോള്‍) ബന്ധം സ്ഥാപിക്കാന്‍
കഴിയില്ല എന്നും ചാപ്ലിന്‍ വിശ്വസിച്ചു.
ദൃശ്യ രൂപകങ്ങള്‍ സംവദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി ചാപ്ലിന്‍ മൂകാഭിനയത്തെ കണ്ടു. തന്റെ
മൂകാഭിനയത്തിന്റെ ഭാഷയുടെ അതിരുകള്‍
കടന്നുള്ള ആഗോള ആകര്‍ഷണം സംഭാഷണത്തെ ആശ്രയിക്കുകയാണെങ്കില്‍ ഇല്ലാതാവുമെന്നും
അദ്ദേഹം വിശ്വസിച്ചു. (Chaplin felt a talking picture would diminish the emotional power
of the character and sully his ability to connect with audiences the way they
were used to seeing him. Chaplin was familiar with conveying visual metaphors
through the Tramp, and Modern Times was rich with messages
highlighted by the persona’s skilled pantomime... The new sound technology was dominating
film, and he was anxious about that reality. Chaplin also realized that the
global appeal of his slapstick physical comedy - which crossed language
barriers - would be threatened if his comedy were suddenly to rely on dialogue).
ചാപ്ലിന്‍ പറയുകയുണ്ടായി:
“ലോകത്തിലെ ഏറ്റവും പുരാതന കലയായ മൂകാഭിനയത്തെ ശബ്ദം നശിപ്പിച്ചു, നിശബ്ദതയുടെ
മഹത്തായ സൌന്ദര്യത്തെ റദ്ദാക്കി”. (Sound has spoiled the most ancient of the
world’s arts, the art of pantomime, and has canceled out the great beauty that is
silence”).
“ഹോളിവുഡ് ഒരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത് ...
നിശബ്ദരായ സിനിമാ താരങ്ങളിൽ ഭൂരിഭാഗവും അപ്രത്യക്ഷരായി, ഞങ്ങളിൽ
കുറച്ചുപേർ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോൾ ശബ്ദം പിടിമുറുക്കിയതോടെ ഹോളിവുഡിന്റെ ചാരുതയും ശ്രദ്ധയും
ഇല്ലാതായി. സൗണ്ട് ടെക്നീഷ്യന്മാർ സ്റ്റുഡിയോകൾ നവീകരിക്കുകയും വിപുലമായ ശബ്ദ ഉപകരണങ്ങൾ
നിർമ്മിക്കുകയും ചെയ്തു.… ചൊവ്വയിൽ നിന്നുള്ള
യോദ്ധാക്കളെപ്പോലെ സജ്ജീകരിച്ച മനുഷ്യര്‍ അഭിനേതാക്കൾ പ്രകടനം നടത്തുമ്പോൾ ഇയർഫോണുകളുമായി
കാത്തിരിക്കുന്നു, മൈക്രോഫോണുകൾ മീൻപിടിത്തത്തിനുള്ള ചൂണ്ട പിടിപ്പിച്ച കമ്പികൾ പോലെ അവയ്ക്ക് മുകളില്‍ ചലിക്കുന്നു. ഇതെല്ലാം വളരെ
സങ്കീർണ്ണവും വിഷാദകരവുമായിരുന്നു. ചുറ്റുമുള്ള എല്ലാ മാലിന്യങ്ങള്‍ക്കും ഇടയില്‍ ഒരാള്‍ക്ക് എങ്ങനെ സർഗ്ഗാത്മകതയുണ്ടാകും? ഈ
ആശയത്തെ ഞാൻ വെറുത്തു”. (Hollywood
was going through a change … Most of the silent screen stars had
disappeared—only a few of us were left. Now that the talkies had taken hold,
the charm and insouciance of Hollywood were gone. Sound technicians were
renovating studios and building elaborate sound devices. Cameras the size of a
room lumbered about the stage like juggernauts. … Men, geared like warriors
from Mars, sat with earphones while the actors performed, with microphones
hovering above them like fishing rods. It was all very complicated and depressing.
How could anyone be creative with all that junk around them? I hated the whole
idea of it).
ജർമ്മനിയിലും ഇറ്റലിയിലും
ഫാസിസ്റ്റുകൾ ഈ സിനിമ നിരോധിച്ചു. ചാപ്ലിന്റെ ഹിറ്റ്‌ലറുമായുള്ള സാമ്യമാണ് ഇതിന് കാരണമെന്ന് ചിലർ പറഞ്ഞു. (ഏതാനും വർഷങ്ങൾക്ക്
ശേഷം The Great Dictator
(1940) എന്ന സിനിമയില്‍ ചാപ്ലിന്‍
ഹിറ്റ്ലറായി അഭിനയിക്കുകയുണ്ടായി). നാസികൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടില്ലെന്ന്
ചിലര്‍ അഭിപ്രായപ്പെട്ടു, കാരണം
അദ്ദേഹം ഒരു ജൂതനാണെന്ന് അവര്‍ സംശയിച്ചു. മാത്രവുമല്ല അദ്ദേഹം ഒരു
കമ്യൂണിസ്റ്റ് ആണെന്ന ഊഹാപോഹവും ഇതിനു പിന്നില്‍ ഉണ്ടായിരിക്കാം. സിനിമ നിര്‍മ്മാണത്തിലിരിക്കെ അന്ന് അമേരിക്ക സന്ദര്‍ശിച്ച സോവിയറ്റ് സിനിമാ
കമ്മീഷന്‍ അംഗങ്ങള്‍ക്കായി ചാപ്ലിന്‍ ഈ സിനിമയുടെ റഫ് കട്ട് പ്രദര്‍ശിപ്പിച്ചു
എന്നത് ഈ ഊഹാപോഹത്തിന് ശക്തികൂട്ടി. ‘മോഡേണ്‍ ടൈംസി’ന് സോവിയറ്റ്
യൂണിയയിൽ വലിയ ജനപ്രീതി
ഉണ്ടായിരുന്നു. സോവിയറ്റ് കാഴ്ചപ്പാടില്‍ ചാപ്ലിന്‍ മുതലാളിത്തത്തിന്റെ സാമ്പത്തിക മാന്ദ്യത്തെ ആക്ഷേപ ഹാസ്യത്തിലൂടെ
അവതരിപ്പിക്കുന്നതിലൂടെ തൊഴിലാളി വര്‍ഗ്ഗത്തെ ഉയര്‍ത്തിക്കാട്ടുന്നു എന്ന രീതിയിലാണ് സോവിയറ്റ് നേതാക്കള്‍ സിനിമയെ
കണ്ടത്. സോവിയറ്റ് യൂണിയന്‍ ഉണ്ടാക്കാന്‍
സാധ്യതയുള്ള ഒരു സിനിമയായാണ് അവര്‍
ചാപ്ലിന്റെ സിനിമയെ കണ്ടത്. പല
സോവിയറ്റ് നേതാക്കളും സിനിമയെ പുകഴ്ത്തി. രണ്ടാം
ലോകമഹായുദ്ധസമയത്ത് സോവിയറ്റ് യൂണിയനെ സഹായിക്കുന്നതിനായി ഒരു രണ്ടാം മുന്നണി
തുറക്കാൻ അദ്ദേഹം പ്രചാരണം നടത്തി. വിവിധ സോവിയറ്റ്-അമേരിക്കൻ സൗഹൃദ സംഘങ്ങളെ
അദ്ദേഹം പിന്തുണച്ചു. കമ്യൂണിസ്റ്റുകൾ എന്ന് സംശയിക്കുന്ന പലരുമായി അദ്ദേഹം
സൗഹൃദത്തിലായിരുന്നു. കൂടാതെ ലോസ്
ഏഞ്ചൽസിലെ സോവിയറ്റ് നയതന്ത്രജ്ഞർ നൽകിയ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. World Peace Council ചാപ്ലിന് ലോക സമാധാനത്തിനുള്ള പുരസ്കാരം നല്‍കിയതും,
നികിതാ ക്രൂഷ്‌ചേവുമായുള്ള കൂടിക്കാഴ്ചയും ചാപ്ലിന്റെ കമ്യൂണിസ്റ്റ് ബന്ധത്തെ / സഹാഭാവത്തെ ഉറപ്പിക്കുന്ന
രീതിയില്‍ ഉള്ളതായിരുന്നു.
അമേരിക്കയിലും ചാപ്ലിന്റെ
സിനിമകള്‍ക്ക് സെന്‍സറിംഗ് ഉണ്ടായിരുന്നു. അഞ്ചു കട്ടുകള്‍ക്ക് ശേഷമാണ് Modern
Times റിലീസ് ചെയ്തത്. പശുവിന്റെ മുലകളുടെ ക്ലോസപ്പായിരുന്നു അതിലൊന്ന്. ഇക്കാലത്ത്
അമേരിക്കന്‍ സിനിമയില്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗികതയും അശ്ലീലവും മതത്തിന്റെ തലപ്പത്തിരിക്കുന്നവരെയും സാമൂഹ
രംഗത്തുള്ളവരേയും പ്രകോപിപ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനായി ഒരു സംഘടനയും ഉണ്ടായിരുന്നു. ലൈംഗികത
മാത്രമല്ല, കമ്യൂണിസ്റ്റ്-ഇടതുപക്ഷ ചിന്താഗതികളെയും ഇവര്‍ സെന്‍സർ ചെയ്തിരുന്നു.
ചാപ്ലിന്‍ അവതരിപ്പിച്ച തൊഴിലാളികളുടെ നിരീക്ഷണം ഇന്ന് പല
വിദഗ്ദ്ധരും മാനേജ്മെന്റ് ലെക്ച്ചറിൽ ഉപയോഗിക്കുന്നു. ഈ രീതിയിലുള്ള ഒരു മേനെജ്‌മെന്റ് ഗുരു
പറയുന്നത്, കമ്പനിയുടെ ഉയര്‍ന്ന
ഉദ്യോഗസ്ഥര്‍ക്കായുള്ള ഒരു മീറ്റിംഗില്‍
അദ്ദേഹം ‘മോഡേണ്‍ ടൈംസ് ‘ എന്ന സിനിമയിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള
നിരീക്ഷണത്തെ കുറിച്ചാണത്രേ സംസാരിച്ചത്.
ഈ സിനിമയിലെ ബിഗ് ബോസില്‍
നിന്ന് എന്താണ് പുതിയ കാലത്തെ മാനേജര്‍ക്ക്
പഠിക്കാനുള്ളത്? ഇതിനെ ഏതു രീതിയിലാണ്
കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുക എന്നാണ്
ഇവര്‍ ആലോചിച്ചത്. ചാപ്ലിന്‍ തൊഴിലാളി വിരുദ്ധമായി അവതരിപ്പിച്ച ഈ
സങ്കേതത്തെ പുതിയ കാലം എങ്ങിനെ ഫലപ്രദമാക്കാം എന്ന് ചിന്തിക്കുന്നു. ഈ രീതിയിലുള്ള
പല ചിന്തകള്‍ക്കും സംഭവിക്കുന്ന ദുരന്തമാണിത്.
(P. K Surendran )
-----oooOooo-----
Comments
Post a Comment