ലോകാവസാനം


ശ്രീ.വി.എസ് അനിൽകുമാറിൻ്റെ
ലോകാവസാനം എന്ന ചെറുകഥാ സമാഹാരത്തെ കുറിച്ചുള്ള ഒരാലോചന.
             ആധുനികാനന്തര മലയാള കഥയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ വി.എസ്.അനിൽകുമാറിൻ്റെ പുതിയ പത്ത് കഥകളുടെ സമാഹാരമാണ് 'ലോകാവസാനം '. ധർമ്മടവും തലശ്ശേരിയും മീത്തലെ പീടികയും ചിറക്കുനിയും കണ്ണപുരവും സാന്നിധ്യമറിയിച്ച മുൻ കാല കഥകളുടെ തുടർച്ചയും പുതിയ പ്രമേയങ്ങളും ഈ പുസ്തകത്തിലെ കഥകളെ ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് ബോധ്യപ്പെടുത്തുന്നു.
       ലക്ഷദ്വീപ്, ലോകാവസാനം, ആനന്ദ തീരത്ത് ,രണ്ടായിരത്തി മുപ്പത്തിയൊന്ന് തുടങ്ങിയവയാണ് പ്രധാന കഥകൾ. ഓർമ്മകളും മുദ്രകളും കൊണ്ട് അനുഭവത്തിൻ്റെ തീവ്രത പകർത്തുന്ന ലക്ഷദ്വീപ് സമകാലിക ദ്വീപ് ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉറച്ച മണ്ണിൽ ചവിട്ടി നിന്ന് ഒരു ജനത നടത്തുന്ന പോരാട്ടങ്ങളും അധികാരത്തിൻ്റെ ആക്രമണ സ്വഭാവവും ഈ കഥയെ മികച്ച രാഷ്ട്രീയകഥ കൂടിയാക്കി മാറ്റുന്നുണ്ട്. കേരളവും ലക്ഷദ്വീപുമായുള്ള അടുപ്പം വാസ്തവത്തിൽ ചരിത്രപരമാണ്. കൊച്ചിയും കോഴിക്കോടുമായാണ് അവരുടെ സമ്പർക്കങ്ങൾ.സമീപകാലത്ത് അവിടെ നിന്ന് വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. മീത്തലെ പീടിക എന്ന പ്രദേശവും ദ്വീപുമായുള്ള ബന്ധം രമേശൻ സന്തോഷ്, അമാനുള്ള എന്നിവരെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥാകൃത്ത് പുതിയ കാല ചിത്രം വരക്കുന്നത്.
        കുന്നുകൾ ഇടിച്ച് കുളങ്ങൾ നികത്തി ഭൂമിയെയും ആവാസവ്യവസ്ഥയേയും തകർക്കുന്നതിനെ കുറിച്ചുള്ള പക്ഷികളുടെയും മീനുകളുടെയും തവളകളുടെയും പ്രതിഷേധത്തിൻ്റെ നിലവിളി ലോകാവസാനം എന്ന കഥയെ ശ്രദ്ധേയമാക്കുന്നു. വികസനം എന്നത് കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുകയാണെന്ന തെറ്റായ ധാരണ സത്യത്തിൽ ഭൂമിയുടെ അവകാശികളായ മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് പ്രാണികളുടെയും ജീവനേയും വംശത്തെയും ഇല്ലാതാക്കുന്നു. മികച്ച ഒരു പരിസ്ഥിതി കഥയാണിത്.
         ഭൗതികമായ ഹൈടെക് സമൃദ്ധിക്കിടയിലും മനുഷ്യൻ്റെ ആന്തരിക ലോകം ലോ ടെക് ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന 2031, ആമിന, വിമല, ജാനകി, ലീല എന്നിവരിലൂടെ സ്ത്രീജീവിതം ചിത്രീകരിക്കുന്ന 'പെണ്ണുങ്ങളുടെ ജാതി ,എന്നിവ മികച്ച കഥകൾ തന്നെയാണ്. സമയം, ചക്കുവും മങ്കുവും തുടങ്ങിയ കഥകളും ഭാഷയിലും ഭാവത്തിലും പുതുമ നൽകുന്ന രചനകളാണ്.
      ഭാഷയുടെ ലാളിത്യവും കഥപറച്ചിലിൻ്റെ സൗന്ദര്യവും കൊണ്ട് ലോകാവസാനം വ്യത്യസ്തമായ ഒരു കഥാപുസ്തകമാണ്.
                           ദയ.പി.എസ്

Comments

Popular posts from this blog

BANARAS

"THE BELL TOLLS FOR THEE"

CHILDREN OF HEAVEN