ചില ഖബറടക്കലുകൾ
ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല സ്നേഹം, അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണതയാണ്.
- ഖബർ ( കെ. ആർ. മീര )
വായിച്ചു കഴിഞ്ഞപ്പോൾ അതിനെ കുറിച്ച് എഴുതാതെ വയ്യ എന്ന തോന്നൽ എന്നിൽ ഉണർത്തിയ ചുരുക്കം ചില പുസ്തകങ്ങളിലൂടെ മാത്രമേ ഞാനിതുവരെ കടന്ന് പോയിട്ടുള്ളൂ, അത്തരമൊരു പുസ്തകമാണ്, കെ. ആർ. മീരയുടെ ' ഖബർ '.
പ്രിയ സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് ഞാൻ ആദ്യമായി ഈ പുസ്തകത്തെ കുറിച്ച് അറിയുന്നത്. പിന്നീടെപ്പോഴും പുസ്തകശാലയിലൂടെ കടന്ന് പോകുമ്പോൾ എന്റെ കണ്ണുകൾ തേടികൊണ്ടിരുന്നത് ' ഖബർ ' നെയാണ്.
ആരാച്ചാർ എന്ന പുസ്തകം വായിച്ചപ്പോൾ കെ. ആർ. മീര എന്ന എഴുത്തുകാരിയോട് എനിക്കുണ്ടായ കാന്തിക ശക്തിയാണോ എന്നറിയില്ല പാതി വായിച്ച മൂന്ന് പുസ്തകങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിട്ട് പോലും അവയെ അവഗണിച്ച് ഞാൻ 'ഖബർ ' വായിക്കാൻ ആരംഭിച്ചു.
കേവലം എഴുപതിയഞ്ചു പേജുകൾ മാത്രമുള്ള, ചരിത്രവും, പ്രണയവും ഫാന്റസിയും കലർന്ന പദങ്ങളുടെ നൃത്തമാണ് വാസ്തവത്തിൽ ഈ കൃതി.
ജില്ലാ ജഡ്ജിയായ 'ഭാവന സച്ചിതനന്ദൻ ' എന്ന സ്ത്രീയുടെ ജീവിതവും പ്രണയവും, വ്യക്തി ജീവിതത്തിൽ അവർ അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളുമാണ് നോവലിൽ പ്രതിപാതിക്കുന്നത്. ഭാവനയുടെ കോടതിയിലേക്ക് വന്ന ഖബർ സംബന്ധമായ ഒരു കേസിലൂടെയും അതിലെ വാദിയായ ഖയാലുദ്ധീൻ തങ്ങളിലുയുടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്.
ഖായലുദ്ധീൻ തങ്ങളുടെ കൺകെട്ട് വിദ്യയിലൂടെ ഭാവനയുടെ മുന്നിലേക്ക് ഒരു മായിക ലോകം ഖയാലുദ്ധീൻ തുറക്കുന്നുണ്ട്, ആ മായിക ലോകം പതിയെ വായനക്കാരെയും മൂടുന്നു.
തന്റെ സഹോദരങ്ങൾ വാങ്ങിയ സ്ഥലത്ത് തന്റെ പൂർവ്വികന്റെ ' ഖബർ ' ഉണ്ടെന്നും, ഖബർ സ്ഥിതി ചെയ്യുന്ന ഇടം തനിക്ക് തിരിച്ചു നൽകണമെന്നുമുള്ള ഖായലുദ്ധീന്റെ ആവശ്യം 'തെളിവുകൾ ഇല്ല ' എന്ന കാരണത്താൽ തള്ളപ്പെടുന്നു. അങ്ങനെ നീതിയെ ഖബറിലാക്കുന്നു. നീതിയുടെ കൂടിനുള്ളിൽ നടക്കുന്ന അനീതിയുടെ മായാജാലം എഴുത്തുകാരി വരച്ചു കാട്ടുന്നു.
ഭാവനയും ഖായലുദ്ധീനുമാണ് കേന്ദ്ര കഥാപാത്രങ്ങളെങ്കിലും, എന്നെ ഏറെ ആകർഷിച്ചതും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതും ഭാവനയുടെ അമ്മയുടെ കഥപാത്രമാണ്, ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ അവർ അവരുടെ ശക്തി കാട്ടുന്നു, ആ ശക്തി ഒരു തരി പോലും ചോരാതെ തന്നെ തന്റെ മകളിലേക്കും പകർന്നു നൽകുകയും ചെയ്യുന്നു.
ഖയാലുദ്ധീന്റെയും അദ്ദേഹത്തിന്റെ പൂർവികന്റെ ഖബറിനെയും കുറിച്ച് മാത്രമേ നോവലിൽ പറയുന്നുള്ളുവെങ്കിലും, വിശാലമായ സാമൂഹിക വ്യവഹാര മണ്ഡലത്തിലൂടെ നോക്കുമ്പോൾ ' ഖബർ ' പറയുന്നത് ഇന്ത്യയുടെ രാഷ്ട്രീയ - സാംസ്കാരിക ചരിത്രത്തിലെ ഒരു സുപ്രധാന ഏടിനെ പറ്റിയാണ്.
Mother, I am so tired, tired of introducing myself to you.
എന്ന റെഹ്‌ന സുൽത്താനയുടെ വരികൾ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ അറിയാതെ ഓർത്തു പോവുകയാണ്.
സ്വന്തം ആത്മാഭിമാനം അടിത്തറ വെക്കേണ്ടി വരുന്നവന്റെ ദുർവിധിയും, സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അതി ഭീകരമായ അവസ്ഥയും നോവൽ ഏറെ മുർച്ചയോടെ അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ അനീതിയുടെയും വെറുപ്പിന്റെയും, മത ഭ്രാന്തിന്റെയും രാഷ്ട്രീയത്തിന്റെ മേൽ പടരുന്നുണ്ട് കെ. ആർ. മീരയുടെ ' ഖബർ '.
- Rana Fathima
Comments
Post a Comment