സ്വന്തം
| സ്വന്തം |
വിവാഹത്തിന് ശേഷവും
സുജിത് ആതിയെ മറന്നില്ല,
പലപ്പോഴും തന്റെ ഇൻസ്റ്റഗ്രാം
വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെ
അവനത് കൂടുതൽ വ്യക്തതയോടെ വെളിപ്പെടുത്തിയിരുന്നു
ആതിയെ തന്നോള്ളം മറ്റൊരാൾക്ക്
ഒരിക്കലും സ്നേഹിക്കാനാവില്ലെന്ന്
അവനത്രക്ക് ഉറപ്പായിരുന്നു ,
അവന്റെ സ്റ്റാറ്റസ് കാണാറുള്ള
കൂട്ടുകാർ പലരും അവനോടു ചോദിക്കും,
" ഒന്നും മറന്നില്ലല്ലെയെന്ന് ? "
അവരുടെ ആ വാക്കുകൾ അവനു
നൽകുന്ന ആനന്ദം വളരെ വലുതായിരുന്നു,
മറക്കാൻ വേണ്ടിയല്ല അവനവളെ സ്നേഹിച്ചതെന്നും, ഒരാളെ സ്നേഹിച്ചാൽ അത്ര പെട്ടന്നവളെ
അങ്ങിനെ മറക്കുന്നവനല്ല സുജിത് എന്നതും കൂട്ടുകാർക്കിടയിൽ പോലും
ആഴത്തിൽ പതിഞ്ഞിരുന്നു,
അതു കൊണ്ടു തന്നെ ആതിയുടെ പിറന്നാൾ ദിവസം ഒാർത്തു വെച്ച് അവളോടുള്ള ഇഷ്ടത്തിന്റെ ആഴം വെളിവാക്കും വിധം അന്നവനൊരു സ്റ്റാറ്റസിട്ടു,
കാലം നിങ്ങളെ കാണിക്കും,
ആരാണ് നിങ്ങളുടെ ഹൃദയം
അർഹിക്കുന്നവൻ "എന്നർത്ഥം വരുന്ന :
Time will show you,
who deserves your heart" എന്ന് !
അവൻ പ്രതീക്ഷിച്ചതിലും
അപ്പുറത്തായിരുന്നു
സുഹൃത്തുക്കൾക്കിടയിൽ നിന്നും
ആ സ്റ്റാറ്റസിന് അവനു കിട്ടിയ
പ്രോത്സാഹനങ്ങൾ !
അതോടെ തന്റെ ഉള്ളിലെ അവളോടുള്ള
സ്നേഹത്തിന്റെ ആഴത്തിൽ
അവൻ ശരിക്കും അഭിരമിച്ചു പോയി,
അതിനോടൊപ്പം അവളും അതു സീൻ
ചെയ്തതോടെ അവന്റെ ആ വാക്കുകൾ
അവളിലെക്കും കടന്നു ചെന്നിരിക്കുന്നു
എന്ന തിരിച്ചറിവിൽ ലക്ഷ്യം അതിന്റെ
പ്രാപ്തി നേടിയിരിക്കുന്നു എന്നത്
അവനെ വല്ലാതെ സന്തോഷവാനാക്കി,
ആതി അതിനു മറുപടിയൊന്നും
നൽകിയില്ലെങ്കിലും എത്രയൊക്കെ
വേദനകൾ നൽകി പോയിട്ടും ഇപ്പോഴും
അവളെ പഴയതിനു തുല്യമായി തന്നെ
സ്നേഹിക്കുന്നു എന്നത് അവളുടെ
ഹൃദയത്തിൽ നഷ്ടബോധം
സൃഷ്ടിക്കുന്നതും, അവൾക്കാണു
തെറ്റു സംഭവിച്ചതെന്ന തിരിച്ചറിവുണ്ടാകുന്നതും,
അവൾ പിന്നെയും അവനെ
ആഗ്രഹിക്കുന്നതുമെല്ലാം
അവനപ്പോൾ വ്യക്തമായി
തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു,
ആതിയെ അവനിപ്പോഴും സ്നേഹിച്ചു
കൊണ്ടിരിക്കുന്നുണ്ടെന്നത് പലപ്പോഴും
സ്റ്റാറ്റസിലൂടെ അവളെ അറിയിച്ചു
കൊണ്ടിരിക്കുക എന്നതു തന്നെയാണ്
തന്റെ ഉള്ളിൽ അവളോടുള്ള
ഇഷ്ടത്തിനു മരണമല്ലാതെ
മറ്റൊരവസാനമില്ലെന്ന് കാണിക്കാനുള്ള
വഴിയെന്നവനറിയാമായിരുന്നു,
അന്നവൻ ആ സന്തോഷം പേറിയാണ്
വീട്ടിലെത്തിയത്, എങ്കിലും വീട്ടിലെത്തിയതും
അവൻ ആ സന്തോഷമൊന്നും
അവിടെ പ്രകടമാക്കിയില്ല,
അവിടെ അവൻ മറ്റൊരു മനുഷ്യനായിരുന്നു
ഭാര്യ അനുവിനോട് ഒരു ഭാര്യയെന്ന
നിലയിലുള്ള ചില ഇഷ്ടങ്ങൾ
മാത്രമായിരുന്നു അവളോടുണ്ടായിരുന്നത്,
ആതിയുടെ അവസരം ഉപയോഗപ്പെടുത്തിയ
ഒരാൾ എന്ന നലയിൽ മാത്രമേ
അവനവളെ കണ്ടിരുന്നുള്ളൂ,
എന്നാൽ മകൾ അധ്വിതയോട് അവന്
അതീവമായ വാത്സല്യമുണ്ടായിരുന്നു,
അവളവന്റെ ജീവനായിരുന്നു..
വീട്ടിൽ വന്നു കയറിയ അവന് അനു
സ്ഥിരം കാപ്പി കൊണ്ടു കൊടുത്തു കൊണ്ട്
അവനോടു പറഞ്ഞു,
ചേട്ടാ.., സ്റ്റാറ്റസ് അടിപൊളിയായിരുന്നുട്ടോയെന്ന് !
അനുവിന്റെ ആ അഭിപ്രായത്തിന്
അവനത്ര പരിഗണനയൊന്നും അപ്പോൾ
നൽകിയില്ല, അതിന്റെ കാരണം ആ
വാക്കുകളുടെ ഭംഗിയല്ലാതെ അതിന്റെ
ശരിക്കുള്ള അർത്ഥം അവൾക്കു
മനസിലായിട്ടില്ലെന്ന്
അവനറിയാമായിരുന്നതു കൊണ്ടാണ് !
അവളതും പറഞ്ഞവസാനിപ്പിച്ച്
അടുക്കളയിലേക്കു പോയതും
അവൻ വീണ്ടും ഫോണെടുത്ത്
ആ സ്റ്റാറ്റസിലേക്കു തന്നെ കണ്ണോടിച്ചു,
ആ സമയം വീണ്ടും ആതിയോടൊത്തുള്ള പഴയ
പ്രണയാദ്രമായ ഒാർമ്മകൾ പിന്നെയും
അവനെ വലം വെച്ചു, ആ ഒാർമ്മകളുടെ
അനുഭൂതി നുകർന്ന് അവന്റെ മനസ്സപ്പോൾ ഒരുപാട് പുഞ്ചിരിച്ചു.
ആ സമയം അമ്മ അങ്ങോട്ടു കടന്നു
വന്നു കൊണ്ട് അവനോടു ചോദിച്ചു,
നീ അത്താഴം കഴിക്കുന്നില്ലെന്ന്..?
അതിനവൻ തലയാട്ടിയതും,
വേഗം കഴിക്കെന്നു പറഞ്ഞവർ
TV കാണാനിരുന്നു,
മുറിയിൽ മകൾ അധ്വിത
നല്ല ഉറക്കത്തിലായതു കൊണ്ട്
അവളെ ഉണർത്താതെ ഉമ്മ വെച്ചു
കൊണ്ടവൻ കുളിക്കാൻ കയറി,
കുളിച്ചു വന്നതും മൗനിക അവനുള്ള
അത്താഴം ഒരുക്കി കൊടുത്തു
അവനതു കഴിച്ചു തീരാറായതും
അമ്മ വന്ന് അവനോടു പറഞ്ഞു,
കഴിച്ചു കഴിയുമ്പോൾ
ഒന്നു മുകളിലേക്കു വാ
ഒന്നു സംസാരിക്കാനുണ്ട് !!
അതും പറഞ്ഞ് TV ഒാഫാക്കി
അവർ മുകളിലേക്കു പോയി,
അമ്മയുടെ വാക്കുകൾ കേട്ട്
അവൻ അനുവിനെ നോക്കിയതും
ഒന്നും അറിയില്ലാത്തവിധം
അവളും അവനു നേരെ തലയാട്ടി,
കഴിച്ചു കൈകഴുകിയ അവൻ
നേരേ അമ്മ ആവശ്യപ്പെട്ട പോലെ
മുകളിലേക്കു ചെന്നു, അമ്മ മുകളിലെ
ബാൽക്കണിയിൽ അവനു വേണ്ടി
കാത്തിരിക്കുന്നുണ്ടായിരുന്നു,
അവനെ കണ്ടതും
അമ്മ അവനോടു പറഞ്ഞു,
ഇതുവരെ ഞാൻ ആരോടും പറയാത്ത
ഒരു കാര്യം പറയാനാണ്
നിന്നെ ഇപ്പോൾ ഇങ്ങോട്ടു വിളിച്ചത് !
അമ്മയുടെ ആ വാക്കുകൾ അവനിൽ
വല്ലാത്ത ആശ്ചര്യമാണ് ഉണ്ടാക്കിയത്,
അതേ തുടർന്ന് അമ്മക്കു പറയാനുള്ള
വാക്കുകൾക്കായി അവനും കാത്തിരുന്നു..
അമ്മ പറഞ്ഞു തുടങ്ങി
പഠിച്ചു കൊണ്ടിരുന്ന കാലത്ത്
എന്നെ ഒരുപാട് ഇഷ്ടമുള്ള
ഒരാളുണ്ടായിരുന്നു,
എനിക്കും അയാളെ
ഒരുപാട് ഇഷ്ടമായിരുന്നു,
ജീവിക്കുകയാണെങ്കിൽ
അയാളോത്തു മാത്രമേ ജീവിക്കുകയുള്ളൂ
എന്ന് ഞാനും ശപഥമെടുത്ത കാലം !
ഒരു ദിവസം എന്റച്ഛൻ എന്നോടു പറഞ്ഞു
നിന്നെ കാണാൻ നാളെ ഒരു കൂട്ടരു വരും
അവർക്കു നിന്നെ ഇഷ്ടമായാൽ
നിന്റെ വിവാഹം ഞാൻ നടത്തും എന്ന് !
എനിക്കെന്തെങ്കിലും പറയാനുണ്ടോ
എന്നു പോലും അച്ഛൻ ചോദിച്ചില്ല,
എന്തു ചെയ്യണമെന്ന് എ
നിക്കൊരു പിടിയുമില്ലായിരുന്നു,
എന്നെ ഇഷ്ടപ്പെടുന്ന ആളോടൊപ്പം
ഇറങ്ങി പോയാലോ എന്നു വരെ ചിന്തിച്ചു,
പ്രാരാബ്ദങ്ങൾ അയാൾക്കും ഉണ്ടായിരുന്നു
പെട്ടന്നൊരു വിവാഹം
അയാൾക്കും അപ്രാഭ്യമായിരുന്നു,
വന്നു കണ്ടവർക്കു ഇഷ്ടമായതോടെ
അച്ഛൻ എന്റെ വിവാഹവും ഉറപ്പിച്ചു,
അങ്ങിനെ എനിക്കെന്തെങ്കിലും ചെയ്യാൻ
കഴിയും മുന്നേ നിന്റെ അച്ഛന്റെ ഭാര്യയായി
അങ്ങിനെ ഞാൻ ഈ വീട്ടിലെത്തി,
കുറച്ചു നാൾ അയാളെ കുറിച്ചുള്ള
ഒാർമ്മകൾ എന്നെ വല്ലാതെ തളർത്തി
പക്ഷേ ആരോടും ഒന്നും ഞാൻ പറഞ്ഞില്ല
എല്ലാം ഉള്ളിലൊതുക്കി
നിന്റെ അച്ഛനോടൊപ്പം ജീവിക്കാൻ തുടങ്ങി..
തന്റെ അമ്മയൊരു
പഴയൊരു കാമുകിയായിരുന്നു എന്നത്
അവനെ അന്നേരം ഒന്നു പൊള്ളിച്ചു !
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ
അമ്മ പിന്നെയും അവനോട് പറഞ്ഞു,
വിവാഹശേഷം ഞാനും പതിയേ
അയാളെ മറന്നു,
നിന്റെ ജനനം പൂർണ്ണമായും
അതിനൊരവസാനമായി,
ചിന്തയിൽ വല്ലപ്പോഴും ഒക്കെ
അയാൾ പ്രത്യക്ഷപ്പെട്ടെങ്കിലും
അതിനേക്കാൾ വലുതായിരുന്നു
എനിക്കു നീയും നിന്റെ അച്ഛനും,
എന്റെ ചുറ്റുമുള്ള നിങ്ങൾക്കു വേണ്ടി
എന്റെ സ്വകാര്യ സന്തോഷങ്ങളെ
ഞാൻ പൂർണ്ണമായും മറന്നു !
പെണ്ണങ്ങനെയാണ് അവൾ കാരണം
ചുറ്റുമുള്ളവർ വിഷമിക്കരുതെന്ന്
അവൾ എപ്പോഴും ആഗ്രഹിക്കും !
ഉള്ളിൽ എത്ര ആഗ്രഹമുണ്ടായാലും
പഴയതിനെ തിരഞ്ഞു പോകാനൊന്നും
മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കില്ല !
ഇതൊന്നും നിന്നോടു പോലും
ഞാൻ പറയില്ലായിരുന്നു
പക്ഷേ പറയണമെന്നു തോന്നി !
നിന്റെ സ്റ്റാറ്റസ് കുറച്ചായി
ഞാനും കാണുന്നുണ്ട്,
നീ കരുതുന്ന പോലെ
നിന്റെ പഴയവൾ അതു കണ്ട് വീണ്ടും
നിന്നെ പഴയപ്പോലെ സ്നേഹിക്കുമെന്നോ,
നഷ്ടബോധം പേറി ഉള്ളു പിടയുന്നവളായി
മാറുമെന്നോ നീ കരുതുന്നുണ്ടോ ?
എങ്കിൽ ആ അവസ്ഥാന്തരങ്ങളെയെല്ലാം
എന്നെ പോലെ അവളും
എന്നോ അതിജീവിച്ചു കഴിഞ്ഞു കാണും,
ഇനിയവൾ ഒരിക്കൽ നിന്നെ ഇഷ്ടപ്പെട്ടിരുന്ന
ഒരാളു മാത്രമാണ് അതിനപ്പുറത്തേക്ക്
അതിൽ പുതിയതായി നീ കരുതും പോലെ
ഒന്നും സംഭവിക്കുകയില്ല,
നീ കരുതുന്നതെല്ലാം
വെറും പാഴ്ക്കിനാക്കൾ മാത്രമാണ്,
ബോധശ്യൂന്യമായ നിന്റെ ചിന്തകൾ
മെനഞ്ഞെടുക്കുന്ന പാഴ്ക്കിനാക്കൾ !
നിന്നെ പോലെ കുറെയെണ്ണം
വേറെയുമുണ്ട് പണ്ട് പ്രേമിച്ചവളെ അവരു സ്നേഹിച്ച പോലെ മറ്റാരും
സ്നേഹിക്കില്ലെന്നു വിചാരിച്ചു കൊണ്ട്
ഇപ്പോഴും അവരുടെ ഒാർമ്മകളും പേറി ഫോണിൽ അവർക്കായി
നിത്യവും സ്റ്റാറ്റസും ഇട്ടു നടക്കുന്നവർ !
പിന്നെ നീ ഇടുന്ന ഒരോ സ്റ്റാറ്റസു
കാണുമ്പോഴും അത് നിന്റെ ഭാര്യ അനുവിന് മനസിലാവുന്നില്ലെന്ന്
നീ കരുതുന്നുണ്ടോ ?
എല്ലാം അറിഞ്ഞു കൊണ്ടും അവൾ
അവളുടെ പേരു പോലെ തന്നെ
അനുരാഗമായി മൗനിയായി
അറിയാഭാവം നടിക്കുകയാണ് !
അതു മറ്റൊന്നും കൊണ്ടല്ല
അവളുടെ കുടുംബം തകരരുതെന്ന
ചിന്ത ഒന്നു കൊണ്ടു മാത്രം !
അതിനപ്പുറം എന്നെങ്കിലും
ഒരിക്കൽ നീയിതെല്ലാം മനസിലാക്കി
അവളിലെക്കു തന്നെ തിരിച്ചു
വരുമെന്നവൾ വിചാരിക്കുന്നതു
കൊണ്ടും കൂടിയാണ് !
അവളുടെ സ്ഥാനത്ത് മറ്റെതെങ്കിലും
പെണ്ണായിരുന്നെങ്കിൽ നിന്നെ കളഞ്ഞിട്ട്
എന്നോ അവൾ പോകുമായിരുന്നു,
അവൾക്കറിയാം കുടുംബബന്ധങ്ങളെ
വേർപ്പെടുത്തുന്ന വേഗത്തിൽ
കൂട്ടിയിണക്കാൻ ആവില്ലെന്ന് അതല്ലാതെ നിന്നോടുള്ള
ഭയംകൊണ്ടൊന്നുമല്ല
അവളതിനു മുതിരാത്തത് !
നിന്റെ ഒരോ പ്രവർത്തിയേയും
ക്ഷമയോടെ കണ്ട് ശരിക്കും
അവളാണ് നിന്നെ സ്നേഹിക്കുന്നത് !!
ആത്മസമർപ്പണം എന്നൊരു വാക്കുണ്ട്
മലയാളത്തിൽ അതു കേട്ടിട്ടുണ്ടോ നീ... ?
ആ വാക്കിനു ഉത്തമ ഉദാഹരണമാണവൾ !
അവളുടെ ആത്മാവിനെ
നിന്നോടൊത്തുള്ള കുടുംബജീവിതത്തിനായി
സമർപ്പിച്ചിരിക്കുന്നവളാണവൾ !
എന്നിട്ടും നിന്റെ ഈ സ്റ്റാറ്റസും കോപ്പും കണ്ട്
അവൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും
എന്നു നിനക്ക് ഊഹിക്കാൻ കഴിയുമോ ?
നിന്നെ പോലുള്ളവർ കാമുകിമാർക്കു
വേണ്ടി ഒരോ സ്റ്റാറ്റസ് ഇടുമ്പോഴും
നിങ്ങൾക്കതിൽ എന്തെങ്കിലുമൊക്കെ
സന്തോഷം ഉണ്ടാവുന്നതു പോലെ
അതു കണ്ട് ഉള്ളാലെ വേദനിക്കുന്ന
അനുവിനെ പോലെ വേറെയും ചിലരുണ്ട്!
സ്വന്തം ഭർത്താവിനാണ് ഒരു സ്ത്രീ
ഏറ്റവും വലിയ പരിഗണന നൽകുക
അവരിൽ നിന്നു തിരിച്ചും
അതെ പരിഗണനകൾ ലഭിക്കാതെ
വരുമ്പോഴും നിങ്ങളിൽ നിന്നു ഇത്തരം
പ്രവർത്തികൾ ഉണ്ടാകുമ്പോഴുമാണ്
അവർ മറ്റു പലതിനും
ഊന്നൽ നൽകാൻ തയ്യാറാവുക !
നിങ്ങൾക്കുണ്ടാകുന്നതു പോലെ
ദു:ഖവും വേദനയും മനോവിഷമങ്ങളും
അതെ അളവിലും ആഴത്തിലും
അവരിലും ഉണ്ടാവുന്നുണ്ട്,
എന്നാൽ
നിങ്ങളെ പോലെ സ്റ്റാറ്റസും
തേങ്ങാകുലയും ഇട്ടു കൊണ്ട്
അവരത് പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം !
നിന്നെ പോലെ ഒരച്ഛൻ ഏതെങ്കിലും
ഒരു കടയിൽ നല്ലൊരു കുഞ്ഞുടുപ്പ്
തൂങ്ങി കിടക്കുന്നതു കണ്ടു
ഇഷ്ടപ്പെട്ടാൽ അവരുടെ മനസിലേക്ക്
ആദ്യം ഒാടി വരുക അവരുടെ മകൾ
അതിട്ടു നിൽക്കുന്ന ചിത്രമായിരിക്കും !
എന്നാൽ അതിനു പകരം
ഒരു സാരിയോ ചുരിദാറോ ആണ്
അവരു കണ്ടിഷ്ടപ്പെടുന്നതെങ്കിൽ
അവിടെ ഒരിക്കലും അവരുടെ
ഭാര്യയുടെ ചിത്രമായിരിക്കില്ല
പകരം അതണിഞ്ഞ കാമുകിയുടെ ചിത്രമായിരിക്കും മിക്ക അവരിലും
ആദ്യം കടന്നു വരിക,
അതു മാത്രമല്ല
ആ സാരിക്കോ.. ചുരിദാറിനോ..
അവർ വിചാരിക്കുന്നതിലും അധികമാണു വിലയെങ്കിൽ അവിടെ ഭാര്യയേ പരിഗണിക്കുന്ന കാര്യം തന്നെ മിക്ക ഭർത്താക്കന്മാരും മറന്നു പോകും
എന്നാൽ അതു കാമുകിക്കാവുമ്പോൾ
അവർക്ക് വില ഒരു പ്രശ്നമേ
ആകുന്നില്ല,
ശരിക്കും അതിനർഹതപ്പെട്ടവൾ
അവരുടെ ജീവിതത്തിൽ ഭാര്യയാണെങ്കിലും
മിക്ക ഭർത്താക്കന്മാരും
അത് മനസിലാക്കാറില്ല
എന്നതാണ് സത്യം !
അമ്മ എല്ലാം അറിയുകയും
മനസിലാക്കുകയും ചെയ്യുന്നുണ്ടായിരുന്നു
എന്നത് അപ്പോൾ അവന്റെ
നെഞ്ചിടിപ്പിന്റെ വേഗത ദ്രുതഗതിയിലാക്കി..
അമ്മ പിന്നേയും തുടർന്നു,
ഒരു മനുഷ്യനു പ്രധാനമായും
മൂന്നു അവസ്ഥയാണുള്ളത്
ഒന്ന് കഴിഞ്ഞക്കാലം
അതു തിരിച്ചു വരില്ല..,
രണ്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന
കാലം അതു നന്നാവണമെങ്കിൽ
നമ്മൾ തന്നെ വിചാരിക്കണം..,
മൂന്ന് വരാനിരിക്കുന്ന കാലം
അതു പ്രവചനാതീതമാണ്
അതു ശരിയാവണമെങ്കിൽ
നമ്മളിലെ തെറ്റും ശരിയും
തിരിച്ചറിഞ്ഞ് വിവേകത്തോടെ
ജീവിക്കാൻ നമ്മൾക്കാവണം.. !
ഇവിടെ കാമുകിയെന്നത്
കഴിഞ്ഞ കാലമാണ് !
ഭാര്യയെന്നത് നടന്നു കൊണ്ടിരിക്കുന്നതും
വരാനിരിക്കുന്ന കാലവും കൂടിയാണ് !
നാളെ നിന്റെ മകൾ അധ്വിത
വളർന്നു വലുതായി അവൾക്കൊരാളെ
ഇഷ്ടമാണെന്നു പറഞ്ഞാൽ
അവളുടെ അച്ഛനായ നീ നീയും
പണ്ടൊരു കാമുകനായിരുന്നു
എന്നോർത്തു കൊണ്ട് തനിക്ക്
നഷ്ടമായത് തന്റെ മകൾക്കു
ലഭിക്കണമെന്ന അതിയായ
ആഗ്രഹത്തോടെ അവനെ
വിളിച്ചു വരുത്തി ഇലയിട്ട് ചോറു വിളമ്പി
കൊടുത്ത് സൽക്കരിക്കാനൊന്നും
നീ നിൽക്കില്ല പകരം നിന്റെ അപ്പോഴത്തെ സ്റ്റാറ്റസിനും ജീവിതനിലവാരത്തിനും
അനുസരിച്ച ഒരാളെ കണ്ടെത്തി
കൊടുക്കാനാവും നീയും ശ്രമിക്കുക !
പ്രേമിക്കുന്ന കാലത്ത് കാമുകനായും
അച്ഛനാവുന്ന കാലത്ത് അച്ഛൻ മാത്രമായും മാറാൻ ഒട്ടുമിക്ക മനുഷ്യർക്കും ഒരു പ്രത്യേക കഴിവുണ്ട് !
നിനക്ക് മനസിലാക്കാൻ
സാധിച്ചാലും ഇല്ലെങ്കിലും
നിന്റെ ഭാര്യ നെഞ്ചു പൊട്ടുന്ന
വേദനയോടെയാവും നീ നിന്റെ
പഴയ കാമുകിയോടുള്ള ഇഷ്ടം
കാണിക്കാൻ ശ്രമിക്കുന്ന
നിന്റെ ഒരോ പ്രവർത്തികളെയും നോക്കി
കാണുന്നുണ്ടാവുക !
നിനക്കൊപ്പം നിന്ന് നിനക്കു
വേണ്ടതൊക്കെ ചെയ്തു തന്ന്
നിന്നെ പരിചരിച്ചു ജീവിക്കുന്നവളോട്
നിനക്കു പുച്ഛവും നിന്നെ ഉപേക്ഷിച്ചും
വേണ്ടന്നും പറഞ്ഞു പോയവളോട്
നിനക്ക് സഹതാപവും സ്നേഹവും അല്ലെ ?
നാണമുണ്ടോടാ നിനക്കൊക്കെ..?
നാളെ തന്റെ അമ്മയേക്കാൾ
അച്ഛനിഷ്ടം മറ്റൊരു സ്ത്രീയെ
ആണെന്നറിഞ്ഞാൽ
നിന്റെ മകൾ അധ്വിതയുടെ മനസിന്റെ
വേദന എന്തായിരിക്കുമെന്ന്
നീ ചിന്തിച്ചിട്ടുണ്ടോ ?
നിന്റെ അച്ഛനേക്കാൾ എനിക്ക്
മറ്റൊരാളോട് ഇഷ്ടമുണ്ടായിരുന്നു
കേട്ടപ്പോൾ നിന്റെ ഉള്ളൊന്നു
പൊള്ളിയില്ലെ ? അതു തന്നെയായിരിക്കും ഇതറിയുമ്പോൾ
അവളുടെയും അവസ്ഥ !
എന്റെയുള്ളിൽ
വേറൊരാളുണ്ടെന്നറിഞ്ഞാൽ
നിന്റെ അച്ഛന്റെയുള്ളിൽ ഉണ്ടാവുന്ന
അതെ വേദനയാണ് നിന്റെ കാര്യങ്ങൾ
അറിയുന്ന അനുവിന്റെ ഉള്ളിലും ഉണ്ടാവുക
സ്വന്തം അമ്മയേക്കാൾ പവിത്രമായി
അധ്വിതയ്ക്ക് മറ്റൊന്നുണ്ടാവില്ല
നീ പോലും അതിനു ശേഷമേ വരു..
അവളുടെ ആ അമ്മയേ
നീ സ്നേഹിക്കുന്നില്ല
എന്നറിയുമ്പോൾ അവൾക്കുണ്ടാകുന്ന
വേദന നിനക്കൂഹിക്കാനാവുമോ ??
എല്ലാം തിരിച്ചറിയാൻ കഴിയുന്ന
പ്രായത്തിൽ തന്റെ അച്ഛന്റെ
സ്നേഹത്തിൽ നിന്നല്ല
ആവശ്യത്തിൽ നിന്നാണ്
താൻ ജനിച്ചതെന്ന് ഒരു മകൾ
എന്ന നിലയിൽ അവളറിയുമ്പോൾ
നിന്നോടുള്ള എന്തു സ്നേഹമാണ്
അവളിൽ അവശേഷിക്കുക ?
മകളോടു നിനക്ക് അത്രക്ക്
ഇഷ്ടമുണ്ടെങ്കിൽ അവളുടെ അമ്മയേ
സ്നേഹിച്ചു കൊണ്ടാണ്
നീയത് പ്രകടിപ്പിക്കേണ്ടത് !
നിന്നോടുള്ള ഇഷ്ടം
ഞാൻ നിന്റെ അച്ഛനോടു കാണിച്ച പോലെ !
എല്ലാം കേട്ട് വിറങ്ങലിച്ചു
നിന്നതിനപ്പുറം ഒരക്ഷരം പോലും
അവന്റെ വായിൽ നിന്നു വീണില്ല !
അമ്മ പിന്നേയും പറഞ്ഞു,
ചില കാര്യങ്ങൾ എവിടെ
അവസാനിക്കുന്നുവോ
അവിടെ അവസാനിപ്പിക്കാൻ
നമ്മൾക്കും കഴിയണം അതല്ലാത്ത
പക്ഷം ശേഷിക്കുന്ന നമ്മുടെ ജീവിതം കൂടി അതില്ലാതെയാക്കും !
ഭാര്യ ഒരിക്കലും ഒരു ഭാരമല്ല,
അതൊരു ഭാഗ്യമാണ് !
എവിടെ നീയൊരു തോൽവിയെ
നേരിടേണ്ടി വരുമ്പോഴും സാരമില്ലെന്നു
പറഞ്ഞു കൂടെ നിൽക്കുന്ന ഭാഗ്യം !
അർഹതയില്ലാത്ത സ്നേഹത്തെ
വിളിക്കുന്ന പേരാണ് പൂർവ്വ കാമുകി,
അർഹതയുള്ള സ്നേഹത്തിന്റെ
പേരാണ് ഭാര്യ !
നിന്റെ കാര്യത്തിൽ ഇനിയും
ഇതൊന്നും ഞാൻ ഈ വീട്ടിൽ
ഞാൻ വെച്ചു പൊറുപ്പിക്കില്ല
ഇനിയും മാറാൻ നീ ശ്രമിച്ചില്ലെങ്കിൽ
എന്റെ ശരിക്കുള്ള സ്വഭാവം
നീ കാണേണ്ടി വരും !
ഭാര്യ എന്നതു മാത്രമാണ് നിന്റെ സ്വന്തം !
മക്കളെ പോലും അവരുടെ ഇണ വരുമ്പോൾ
നമ്മൾക്കു പിരിയേണ്ടിവരും !
ഒരു നബി വാക്യമുണ്ട് :
"ഈ ഭൂമിയിൽ നിനക്കു സമ്പാദിച്ചു വെക്കാൻ കഴിയുന്നതിൽ എറ്റവും വലിയ
സമ്പത്ത് നിന്റെ ഭാര്യയാണെന്ന് ! "
എപ്പോഴും അതോർക്കുക !
കാമുകി എന്നതൊരു മോശം
വികാരമൊന്നുമല്ല
എന്നാൽ കാമുകി എന്നത്
ഭാര്യയാവാതെ കാമുകി മാത്രമായി
അവശേഷിച്ചാൽ ഭാര്യയായി വരുന്നവളെ സ്നേഹിക്കാൻ നമ്മളും ബാധ്യസ്ഥരാണ്
അതിനു പറയുന്ന പേരാണ്
കുടുംബസ്നേഹം....!!!!
അത്രയും പറഞ്ഞവസാനിപ്പിച്ച്
അവന്റെമ്മ അവനെ നോക്കി
അവനോടു പറഞ്ഞു,
ചെല്ല് !
അവളിപ്പോഴും
നീ വരുന്നതും കാത്തിരിക്കുന്നുണ്ടാവും !
പക്ഷേ ഒരു കാര്യം കൂടി..
ഇനി നിങ്ങളുടെ ബെഡ്റൂമിലേക്ക്
കാലെടുത്തു വെക്കും മുന്നേ
മനസിലുള്ളതെല്ലാം ഒഴിവാക്കി വേണം
അവിടെക്കു കടന്നു ചെല്ലാൻ
അതിനകത്തുള്ളത് നിനക്കു വേണ്ടി
സ്വന്തം ജീവൻ പോലും തൃണവൽക്കരിക്കാൻ തയ്യാറുള്ളവരാണ് അവരിലാണ് നിന്റെ ജീവൻ
അടങ്ങിയിട്ടുള്ളതെന്ന ഒാർമ്മ എപ്പോഴും
നിനക്ക് ഉണ്ടായിരിക്കണം മനസിലായോ?
അവനതിന് തലയാട്ടിയതും
പൊയ്ക്കൊള്ളാൻ
അമ്മയും അവനോടു തലയാട്ടി കാണിച്ചു,
ബെഡ്റൂമിനു മുന്നിലെത്തിയതും
അവൻ ആദ്യം തന്നെ
ഫോണിലെ സ്റ്റാറ്റസ് ഡിലീറ്റാക്കി !
എന്നിട്ടും ആ മുറിയിലേക്ക് പഴയ പോലെ സ്വതന്ത്രപ്പൂർവ്വം കയറി ചെല്ലാൻ
അവൻ ഭയപ്പെട്ടു,
അമ്മയുടെ വാക്കുകളുടെ
കാഠിന്യം അത്രമാത്രം അവനെ
അന്നേരം ഉലച്ചിരുന്നു
അതു കൊണ്ടു തന്നെ
അവന്റെ ഹൃദയത്തിന്റെ
പിടച്ചൽ അപ്പോഴും മാറിയിരുന്നില്ല..
കാര്യങ്ങളെ വളരെ ആഴത്തിൽ
മനസിലാക്കിയ അവനു പക്ഷേ
അനുവിനെ എങ്ങിനെ വീണ്ടും
സ്നേഹിച്ചു തുടങ്ങണമെന്നു മാത്രം
അറിയില്ലായിരുന്നു..
തുടർന്ന് അകത്തു കടന്ന്
ബെഡിൽ വന്നിരുന്നു കൊണ്ട്
അധ്വിതയുടെ തലയിൽ തലോടിയ
അവനെ കണ്ട അനു അവന്റെ തൊട്ടടുത്തു
വന്നിരുന്നു കൊണ്ട് അവനോടു പറഞ്ഞു,
അമ്മ വിഷമിപ്പിക്കുന്നതെന്തെങ്കിലും
ആണു പറഞ്ഞതെങ്കിൽ
സാരമില്ലാട്ടോ അമ്മയല്ലെ ?
എന്നു പറഞ്ഞു കൊണ്ട്
അവനെ സ്വാന്ത്വനിപ്പിക്കാനായി
അവന്റെ മുഖത്തേക്കവൾ
വലതുകൈ നീട്ടിയതും
അവൻ അവളെ ചേർത്തു പിടിച്ചു
തുടർന്നവളുടെ നെറ്റിയിലവൻ
ചുംബിച്ചു ഒന്നല്ല പല തവണ...!!!
അവന്റെ ആ പിടിത്തത്തിന്റെ
മുറുക്കത്തിൽ അവളും
അറിയുന്നുണ്ടായിരുന്നു അവന്റെ
ഉള്ളിലേ സ്നേഹത്തിന്റെ ആഴം!
തുടർന്നവൻ അവളെയും കൊണ്ട്
പതിയെ കട്ടിലിലെക്ക് ചാഞ്ഞു,
ഉറക്കം കണ്ണിലെത്തി നിദ്രപൂകും വരെ
അവളിലെ ആ പിടുത്തം
പിന്നെയവൻ വിട്ടതുമില്ല..!
- സുചിൻ കൂമുള്ളി
Comments
Post a Comment