പാതാൽ ലോക്
പാതാൽ ലോക്
ഇംഗ്ലീഷിൽ എഴുതാൻ ആരംഭിച്ചതായിരിന്നു, പാതി വഴിയിൽ വെച്ച് അത് ഉപേക്ഷിച്ചു. അത്രമേൽ ഹൃദയസ്പർശിയായ ഒന്നിനെ കുറിച്ച് ഹൃദയത്തിന്റെ ഭാഷയിൽ തന്നെ എഴുതാം എന്ന് കരുതി. ലോക്‌ഡൗൺ കാലത്തുടനീളം സുഹൃത്തുക്കൾ ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു സീരീസ് കാണാൻ. ഒരു സീരീസ് കാണുന്ന സമയം കൊണ്ട് 5-6 സിനിമ കാണാലോ എന്ന കാര്യം പറഞ്ഞ് ഞാൻ എന്നും ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. പക്ഷെ ഒരു സമയം എത്തിയപ്പോൾ എന്നിലെ സിനിമകളോടുള്ള കൗതുകം പതിയെ മാഞ്ഞു കൊണ്ടിരുന്നു, അങ്ങനെയിരിക്കെയാണ് കുറച്ചു നാൾ മുന്നേ ഒരു ടീച്ചർ കാണാൻ പറഞ്ഞ പാതാൽ ലോക് എന്ന സീരീസിനെ കുറിച്ച് ഓർമ്മ വരുന്നത്, കൂട്ടത്തിലെ ആരും കണ്ടിട്ടില്ല എന്നറിഞ്ഞപ്പോൾ ടീച്ചർ ചോദിച്ച ഒരു ചോദ്യമുണ്ട് " ഇതൊന്നും കാണാതെ പിന്നെ നിങ്ങൾ എന്ത് ചെയ്യുകയാണ് എന്ന് ". ഇതേ ചോദ്യം ഇന്നെനിക്ക് എന്നോടു തന്നെ ചോദിക്കാൻ തോന്നുകയാണ്. "ഇത്രയും നാൾ എന്ത് ചെയ്യുകയായിരുന്നു?".
കണ്ടു തീർത്ത രാത്രി ഉറക്ക് പണി മുടക്കിയിരുന്നു, ഇടയ്ക്കിടെ ശ്വാസവും, കറങ്ങി കൊണ്ടിരുന്ന ഫാനിൽ നിന്ന് അന്ന് കാറ്റ് വീശിയില്ല.പണ്ട് 'നൂറ് സിംഹസനങ്ങൾ' വായിച്ചപ്പോൾ ഞാൻ കടന്നു പോയ ഒരു മാനസിക അവസ്ഥയുണ്ട്, അതെ അവസ്ഥ നൂറ് മടങ്ങ് തീവ്രതയോടെ ഞാൻ വീണ്ടും അനുഭവിച്ചു. നീതി എന്നത് ഒരു യഥാർഥ്യമല്ല മറിച്ച് ഒരു തോന്നൽ മാത്രമായി എനിക്ക് അനുഭവപ്പെട്ടു.
ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന "ഹാതി റാം ചൗധരിയാണ് " കേന്ദ്ര കഥാപാത്രം. ആദ്യ എപ്പിസോഡിൽ തന്നെ പ്രധാന വിഷയത്തിലേക്ക് സീരീസ് കടന്നു ചെല്ലുന്നുണ്ട്. 'വിശാൽ ത്യാഗി ' ഉൾപ്പെടുന്ന നാല് അംഗ സംഗം ' സഞ്ജീവ് മെഹ്‌റ ' എന്ന പത്രപ്രവർത്തകനെ വധിക്കാൻ ശ്രമിക്കുന്നു. ആ ശ്രമത്തിനിടയിൽ അവരെ പോലീസ് പിടിക്കുന്നു, ആരാണ് ആ നാലു പേർ? അവർ എന്തിന് വധിക്കാൻ ശ്രമിച്ചു തുടങ്ങിയ പല സത്യങ്ങളും തേടിയുള്ള ഹാതി റാം ചൗധരിയുടെ യാത്രയാണ് ഒൻപത് എപ്പിസോഡുകൾ ഉള്ള ഈ സീരീസ്.
കേവലം ഒരു പോലീസുകാരന്റെ അന്വേഷണം മാത്രമല്ല 'പാതാൽ ലോക് ', സീരിസിൽ നമുക്ക് ഇന്ത്യയെ കാണാം, പലപ്പോഴായി നമ്മുടെ അവസ്ഥകൾ അതിൽ നിഴലിക്കുന്നതും. സാമൂഹ്യ സാഹചര്യങ്ങൾ അത്രമേൽ ശക്തമായി പരിഗണിക്കുന്നുണ്ട് 'പാതാൽ ലോക് '. ജാതിയുടെ വേർതിരിവുകൾ, മതത്തിന്റെ പുതിയ മതിലുകൾ,ബീഫ് പ്രശ്നം, ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതികൾ, ഇവയെല്ലാം പ്രധാന കഥയോട് ചേർത്തു തന്നെ ഏറെ സൂക്ഷ്‌മമായി സീരീസ് അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ സമൂഹത്തിലെ അധാർമിതകളെ പച്ചയായ തുറന്നു കാട്ടുന്ന സീരീസ്. ആരാണ് പാതാൽ ലോക് എന്നത് കണ്ട്, അനുഭവിച്ച് തന്നെ അറിയുക.
തീർച്ചയായും കണ്ടിരിക്കാവുന്ന ഒന്ന്.
- Rana Fathima
Comments
Post a Comment