ചില ഖബറടക്കലുകൾ
ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽകുന്ന പ്രതിഫലമല്ല സ്നേഹം, അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണതയാണ്. - ഖബർ ( കെ. ആർ. മീര ) വായിച്ചു കഴിഞ്ഞപ്പോൾ അതിനെ കുറിച്ച് എഴുതാതെ വയ്യ എന്ന തോന്നൽ എന്നിൽ ഉണർത്തിയ ചുരുക്കം ചില പുസ്തകങ്ങളിലൂടെ മാത്രമേ ഞാനിതുവരെ കടന്ന് പോയിട്ടുള്ളൂ, അത്തരമൊരു പുസ്തകമാണ്, കെ. ആർ. മീരയുടെ ' ഖബർ '. പ്രിയ സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് ഞാൻ ആദ്യമായി ഈ പുസ്തകത്തെ കുറിച്ച് അറിയുന്നത്. പിന്നീടെപ്പോഴും പുസ്തകശാലയിലൂടെ കടന്ന് പോകുമ്പോൾ എന്റെ കണ്ണുകൾ തേടികൊണ്ടിരുന്നത് ' ഖബർ ' നെയാണ്. ആരാച്ചാർ എന്ന പുസ്തകം വായിച്ചപ്പോൾ കെ. ആർ. മീര എന്ന എഴുത്തുകാരിയോട് എനിക്കുണ്ടായ കാന്തിക ശക്തിയാണോ എന്നറിയില്ല പാതി വായിച്ച മൂന്ന് പുസ്തകങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിട്ട് പോലും അവയെ അവഗണിച്ച് ഞാൻ 'ഖബർ ' വായിക്കാൻ ആരംഭിച്ചു. കേവലം എഴുപതിയഞ്ചു പേജുകൾ മാത്രമുള്ള, ചരിത്രവും, പ്രണയവും ഫാന്റസിയും കലർന്ന പദങ്ങളുടെ നൃത്തമാണ് വാസ്തവത്തിൽ ഈ കൃതി. ജില്ലാ ജഡ്ജിയായ 'ഭാവന സച്ചിതനന്ദൻ ' എന്ന സ്ത്രീയുടെ ജീവിത...